വാഷിങ്ടണ്‍: രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ രണ്ട് അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയ്ക്കു നല്കാന് യു.എസ്. തീരുമാനം. 190 മില്യന്‍ ഡോളര്‍ മൂല്യമുള്ള പ്രതിരോധ സംവിധാനങ്ങള്‍ എയര്‍ ഇന്ത്യ വണ്ണിനായാണു വാങ്ങുന്നത്. യു.എസ്. പ്രസിഡന്റിന്റെ എയര്‍ ഫോഴ്സ് വണ്ണിനു ലഭിക്കുന്നതിനു സമാനമായ സുരക്ഷയാണ് ഇനി എയര്‍ ഇന്ത്യ വണ്ണിനും ലഭ്യമാകുകയെന്ന് പെന്റഗണ്‍ അറിയിച്ചു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്ന നീക്കമാണ് ഇതെന്നും പെന്റഗണ്‍ പ്രതികരിച്ചു. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ്, സെല്‍ഫ് പ്ര?ട്ടക്ഷന്‍ സ്യൂട്ട് എന്നിവ വില്‍ക്കാനാണ് ട്രംപ് ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. യു.എസ്. പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി (ഡി.എസ്.സി.എ.) യാണ് യു.എസ്. കോണ്‍ഗ്രസില്‍ ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്കു നേരെയുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ അഭ്യര്‍ഥന കൂടി കണക്കിലെടുത്താണു നിര്‍ണായക തീരുമാനം.
പുതിയ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ എയര്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ബോയിങ് 777 വിമാനങ്ങള്‍ വാങ്ങുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളിയാണ് യു.എസ്. ഇന്ത്യയെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായും യു.എസ്. പ്രഖ്യാപിച്ചിരുന്നു. 2018 ല്‍ ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍-1 (എസ്.ടി.എ-1) പദവി യു.എസ്. നല്‍കിയിരുന്നു. ഈ പദവി ലഭിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യമാണ് ഇന്ത്യ.