Friday, June 21, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 10.24 AM

എനിക്കിഷ്ടം ആ തണലാണ്...

''മമ്മൂട്ടിയുടെ സഹോദരനും പ്രശസ്ത സീരിയല്‍, സിനിമാനടനുമായ ഇബ്രാഹിം കുട്ടിയുടെ വിശേഷങ്ങളിലേക്ക്...'''
uploads/news/2019/02/286382/IbrahimKuttyINW070219.jpg

നടനായത് ദൈവ നിയോഗമായി കാണാനാണ് ഇബ്രാഹിം കുട്ടിക്ക് ഇഷ്ടം. കാരണം ബിസിനസും വിദേശവാസവുമായി നടന്ന താന്‍ നാട്ടിലെത്തിയതും അപ്രതീക്ഷിതമായി അഭിനയ രംഗത്ത് എത്തിയതും അത്ഭുതമാണെന്ന് അദ്ദേഹം പറയുന്നു.

സ്വന്തം അഭിനയജീവിതം പക്ഷേ ഇബ്രാഹിം കുട്ടിക്ക് ആവേശം നിറയ്ക്കുന്ന അനുഭവവുമല്ല.

എന്തിനേക്കുറിച്ച് പറയാന്‍ തുടങ്ങിയാലും ഒടുവിലെത്തിനില്‍ക്കുന്നത് ജ്യേഷ്ഠനായ മമ്മൂട്ടിയില്‍ത്തന്നെയാണ്. ജ്യേഷ്ഠന്റെ സ്‌നേഹവും കരുതലും തന്നെയാണ് തങ്ങളുടെ കുടുംബത്തിലുള്ളവരുടെ ഭാഗ്യമെന്നും ഇബ്രാഹിം കുട്ടി പറയുന്നു.

അഭിനയ രംഗത്തേക്ക്...


ഏട്ടനായിരുന്നു കലാരംഗത്തോട് താല്‍പര്യമുണ്ടായിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴേ മൂപ്പര്‍ക്ക് അതൊക്കെ ആവേശമായിരുന്നു.
ഏട്ടന്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയംമുതലേ സിനിമയിലെത്താനും സിനിമയുമായി ബന്ധപ്പെട്ട ആളുകളെ കാണാനും ഒക്കെ ശ്രമിച്ചിരുന്നു. ഞാന്‍ ബിസിനസ്, ജോലി ഇതിലൊക്കെയാണ് ശ്രദ്ധിച്ചിരുന്നത്.

ആറ് വര്‍ഷം ഗള്‍ഫില്‍ ജോലിചെയ്തു. 1999 കാലഘട്ടത്തില്‍ ഗള്‍ഫിലെ ബിസിനസൊക്കെ അവസാനിപ്പിച്ച് തിരിച്ചു നാട്ടിലെത്തി, പിന്നെയും അങ്ങോട്ടേക്കുതന്നെ പോകാമെന്ന് കരുതിയിരിക്കുമ്പോഴാണ് ശ്യാമപ്രസാദ് സീരിയലില്‍ അഭിനയിക്കാന്‍ അവസരം തരുന്നത്.

ശ്യാമാണ് ഇബ്രാഹിം കുട്ടിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യമായി പറഞ്ഞത്. മിനിസ്‌ക്രീനിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്, കുറച്ച് സിനിമകളിലും അവസരം കിട്ടി.

ജ്വാലയായ്, സ്ത്രീ, പെയ്‌തൊഴിയാതെ... അങ്ങനെ ഒരേ സമയം മൂന്നും നാലും സീരിയലുകള്‍ ചെയ്തിരുന്നു. ഏതാണ്ട് ആ കാലയളവില്‍ത്തന്നെയാണ് ശരത് സാറിന്റെ സായാഹ്‌നം എന്ന സിനിമയില്‍ ഒ. മാധവന്‍ സാറിനൊപ്പം അഭിനയിക്കുന്നത്.

അന്നതിന് എട്ട് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടി. ഡയറക്ടര്‍ നന്നായിരുന്നാല്‍ കഥാപാത്രത്തെ നടനിലൂടെയും നടിയിലൂടെയും മോള്‍ഡ് ചെയ്തുകൊണ്ടുവരാന്‍ സാധിക്കും എന്ന് അന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ബിസിനസ് രംഗത്ത് പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും വലിയ രീതിയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരുപക്ഷേ ഇതായിരിക്കും എന്റെ മേഖല.

കുട്ടിക്കാലത്തെ ഓര്‍മകള്‍?


മതപരമായ രീതികള്‍ പിന്തുടരുന്ന തികച്ചും ഓര്‍ത്തഡോക്‌സായുള്ള കുടുംബത്തില്‍ നിന്നാണ് ഞങ്ങള്‍ വന്നത്. വൈക്കത്തെ ചെമ്പ് ഗ്രാമത്തില്‍ അറിയപ്പെടുന്ന നാലോ അഞ്ചോ കുടുംബത്തില്‍ ഒന്നായിരുന്നു എന്റേത്.

കൃഷിയും കച്ചവടവുമൊക്കെയായിരുന്നു അച്ഛനപ്പൂപ്പന്‍മാരായി ചെയ്തുപോന്നത്. ബാപ്പയും മറ്റ് ബന്ധുക്കളുമൊക്കെ വൈക്കത്തെ അറിയപ്പെടുന്ന ബിസിനസുകാരായിരുന്നു.

uploads/news/2019/02/286382/IbrahimKuttyINW070219b.jpg

യാഥാസ്ഥിതികരെങ്കിലും അവനവന് ഇഷ്ടമുള്ള മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കെല്ലാമുണ്ടായിരുന്നു. ജോലി വേണമെങ്കില്‍ അങ്ങനെ, ബിസിനസ് തെരഞ്ഞെടുക്കണമെങ്കില്‍ അങ്ങനെയാവാം.

സിനിമയോടുള്ള ഇഷ്ടം ബാപ്പയാണ് ഞങ്ങള്‍ക്കും പകര്‍ന്നു നല്‍കിയത്. മാസത്തിലൊരിക്കല്‍ ബാപ്പ ഞങ്ങളെ സിനിമ കാണിക്കാന്‍ കൊണ്ടുപോയിരുന്നു. അന്നൊക്കെ സിനിമകള്‍ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന സമയമാണ്. ആ സമയത്തേ സിനിമ കണ്ടുതുടങ്ങിയവരാണ് ഞങ്ങള്‍. ഉദയ, ലീല പ്രൊഡക്ഷന്‍സ് ഇവരുടെയൊക്കെ സിനിമകള്‍ ആവേശത്തോടെ കണ്ടിട്ടുണ്ട്.

ഏട്ടനോടൊപ്പം അഭിനയിക്കാനിറങ്ങണമെന്ന് തോന്നിയില്ലേ?


ഏട്ടന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴേ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുതുടങ്ങിയതാണ്. അന്നൊന്നും എനിക്കങ്ങ നൊരു ആഗ്രഹം തോന്നിയിട്ടില്ല.

അതു മാത്രമല്ല ഓരോ വ്യക്തിക്കും ഓരോ ഇഷ്ടങ്ങളല്ലേ? പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഏട്ടന്‍ സത്യന്‍ സാറിന്റെ അനുഭവങ്ങള്‍ പാളിച്ചകളില്‍ അഭിനയിച്ചു. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കാലചക്രം, അതിന് ശേഷം എം.ടിയുടെ ദേവലോകം, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. കഠിനാധ്വാനമാണ് ഒരു മനുഷ്യനെ ഉയര്‍ച്ചയിലേക്കെത്തിക്കുന്നതെന്നതിന് തെളിവാണ് ഏട്ടന്റെ ജീവിതം.

ആരാധന തോന്നിയ താരങ്ങളില്ലേ?


ഞങ്ങളുടെയൊക്കെ സിനിമയെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയ 50 വര്‍ഷത്തിനുമുന്‍പുള്ള കാര്യങ്ങളാണ്. അന്നൊക്കെ സിനിമാനടന്‍, നടി എന്നൊക്കെ പറഞ്ഞാല്‍ അത്ഭുതത്തോടെയാണ് ആളുകള്‍ നോക്കി കണ്ടിരുന്നത്.

ഷീല, ജയഭാരതി, ഉമ്മര്‍, പി. ജെ ആന്റണി, രാഘവന്‍ ഇവരൊക്കെ ഞങ്ങളുടെ നാട്ടിന്‍പുറത്ത് ഷൂട്ടിംഗിന് വന്നിട്ടുണ്ട്. അന്നത്തെ ആര്‍ട്ടിസ്റ്റുകളെ കാണുമ്പോള്‍ ഇന്നും അതേ എക്‌സൈറ്റ്‌മെന്റ് എനിക്കുണ്ട്. ഷീലാമ്മയോടൊക്കെ ഈ ആരാധനയുടെ കാര്യം ഞാന്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്.

അതുപോലെ ഏട്ടനും ലാലുമൊക്കെ വന്ന സമയത്ത് അവരുടെ ഒരു ഫോട്ടോയൊക്കെ മാധ്യമങ്ങളില്‍ അടിച്ചുവരാന്‍ വേണ്ടി എത്രകാലം കാത്തിരുന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു ചിത്രത്തിലഭിനയിച്ചാല്‍ തന്നെ മീഡിയ ഏറ്റെടുത്തു പ്രശസ്തരാക്കുകയല്ലേ.

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെ ഏറെപ്പേരുണ്ടാവില്ല. അവരെപ്പോലെ ആര്‍ക്കും പിടിച്ചുനില്‍ക്കാനുമാവില്ല. ഇപ്പോള്‍ വരുന്നവരൊക്കെ കൂടിപോയാന്‍ അഞ്ചോ ആറോ വര്‍ഷം നില്‍ക്കും അപ്പോഴേക്കും പുതിയ ആളുകള്‍ വരും.

മക്കള്‍ക്ക് നല്‍കുന്ന ഉപദേശങ്ങള്‍?


എനിക്കും ദുല്‍ഖറിനും മക്ബൂലിനും ഒക്കെ ഉപദേശം തന്നിട്ടുള്ളത് ഏട്ടനാണ്. ഇന്‍ഡസ്ട്രിയെ അറിഞ്ഞ് നില്‍ക്കുക, മറ്റുള്ളവരുടെ മുന്നില്‍ ആവശ്യമില്ലാതെ താഴ്ന്നുകൊടുക്കരുത്, സീനിയര്‍ ആര്‍ട്ടിസ്റ്റുകളെ ബഹുമാനിക്കുക, തൊഴിലിനോട് ഡെഡിക്കേഷനുണ്ടാവണം എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ എപ്പോഴും പറയാറുണ്ട്.

ഷൂട്ട് നിര്‍ത്തിവയ്ക്കണം, എനിക്ക് ഈ സമയത്ത് വരാന്‍ പറ്റില്ല, ഡബ്ബിംഗിന് സമയമില്ല ഇത്തരം എക്‌സ്‌ക്യൂസുകള്‍ പറയാതിരിക്കണമെന്ന് എപ്പോഴും പറയാറുണ്ട്. ഏട്ടന്‍ എപ്പോഴും പറയും, എന്നെ സിനിമയ്ക്കാവശ്യമില്ല പക്ഷേ എനിക്ക് സിനിമയെ ആവശ്യമുണ്ട്.. എന്ന്. അതുതന്നെയാണ് ഞങ്ങളും വിശ്വസിക്കുന്നത്.

ഞാനും ഏട്ടനും മക്കളുടെ പ്രൊഫഷണല്‍ കാര്യത്തിലൊന്നും ഇടപെടാറില്ല. ഓരോരുത്തരും അവര്‍ക്കിഷ്ടപ്പെട്ട സിനിമകള്‍ തെരഞ്ഞെടുക്കും. മക്കളോടു കഥപറയാന്‍ ആളുകള്‍ വരുമ്പോള്‍ ഞങ്ങള്‍ ആ കൂടെ ഇരിക്കാറില്ല. നിങ്ങള്‍ക്ക് കംഫ ര്‍ട്ടബിളാണെങ്കില്‍ ചെയ്യുക അങ്ങനെയേ പറയാറുള്ളൂ.

uploads/news/2019/02/286382/IbrahimKuttyINW070219a.jpg

സിനിമയിലേക്ക് തിരിയണമെന്ന് തോന്നിയിട്ടില്ലേ?


അഭിനയത്തോടുള്ള അഭിനിവേശം കൊണ്ട് നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്.
സീരിയലുകളെല്ലാം സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ്. എങ്കിലും പ്രശസ്തമായ പല സീരിയലുകളിലും അടയാളപ്പെടുത്തുന്ന രീതിയിലുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

ഒരു കാലത്തെ ഹിറ്റ് സീരിയലുകളായ സ്ത്രീ, പെയ്‌തൊഴിയാതെ, ജ്വാലയായ്, ശമനതാളം, സമദൂരം, സ്ത്രീജന്മം, മരുഭൂമിയില്‍ പൂക്കാലം അതിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന അല്ലിയാമ്പലിലും നല്ല കഥാപാത്രമാണ്. ഇടയ്ക്ക് സിനിമയിലും ഒരുകൈ നോക്കാതിരുന്നില്ല. നല്ല ഡയറക്ടറുണ്ടെങ്കില്‍ നല്ല സിനിമയും സീരിയലും ഉണ്ടാവും.

മമ്മൂട്ടി തന്നെയാണോ റോള്‍ മോഡല്‍?


പ്രൊഫഷണല്‍ ലൈഫിലാണെങ്കിലും പേഴ്‌സണല്‍ ലൈഫിലാണെങ്കിലും ഏട്ടന്‍ കാണിക്കുന്ന ആത്മാര്‍ഥത വളരെ വലുതാണ്. സഹോദരങ്ങളോടും ഞങ്ങളുടെ മക്കള്‍, അവരുടെ മക്കള്‍ ഇവരോടൊക്കെ കാണിക്കുന്ന അറ്റാച്ച്‌മെന്റ്, കെയറിംഗ് ഇതൊക്കെ ഏതൊരാളും കൊതിക്കുന്നതാണ്.

അങ്ങനെയൊക്കെ ആവാന്‍ ഒരിക്കലും എനിക്കാവില്ല. അങ്ങനെയുള്ള ഒരു തണലില്‍ നില്‍ക്കാന്‍ കഴിയുന്നത് ദൈവാനുഗ്രഹം.

കുടുംബത്തിലെ 4 പേര്‍ അഭിനേതാക്കള്‍


ഏട്ടന്‍, ഞാന്‍, ഞങ്ങളുടെ മക്കള്‍ ഇത്രയും പേര്‍ സിനിമാ മേഖലയിലുള്ളവരാണ്. ഏട്ടന്‍ സിനിമാനടനായതുകൊണ്ട് അനിയന്‍ നടനാവണമെന്നില്ല. ദുല്‍ഖറായാലും മക്ബൂല്‍ ആയാലും സ്വന്തം ശ്രമത്തില്‍ നിന്ന് ഉയര്‍ന്നു വന്നവരാണ്.

അവരെ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചതുമല്ല. അവര്‍ക്കുവേണ്ടി സിനിമ പ്രൊഡ്യൂസ് ചെയ്തിട്ടുമില്ല. ഒരാളുടെ പേരിലൂടെ മറ്റൊരാള്‍ കയറിവരിക എന്നത് സാധ്യമായ കാര്യമല്ല. അവരവര്‍ക്ക് കഴിവുണ്ടെങ്കിലേ കാര്യമുള്ളൂ.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Thursday 07 Feb 2019 10.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW