Thursday, July 18, 2019 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 01.33 AM

മറക്കരുത്‌; വഴിക്കണ്ണുമായി കാത്തിരിക്കുന്നവരെ

uploads/news/2019/02/286359/bft1.jpg

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിനു മുന്നില്‍ റോഡ്‌ സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി സ്‌ഥാപിച്ചിരുന്ന ബോര്‍ഡില്‍ കണ്ണുപതിഞ്ഞപ്പോള്‍ മനസിലേക്കോടിയെത്തിയവര്‍ നിരവധി. കഥകളി സംഗീതലോകത്തെ അപൂര്‍വപ്രതിഭ കലാമണ്ഡലം െഹെദരാലി-, അഭിനയരംഗത്തെ അപൂര്‍വചാരുത മോനിഷ, അടുത്തിടെ വിട്ടുപിരിഞ്ഞ സംഗീതജ്‌ഞന്‍ ബാലഭാസ്‌കര്‍... നിരത്തില്‍ പൊലിഞ്ഞ പ്രശസ്‌തരുടെ കണ്ണി നീളുന്നു. ഇവര്‍ക്കൊപ്പം അധികമൊന്നും അറിയപ്പെടാത്ത അനവധി ജീവനുകള്‍ വേറെ.
ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേന്ദ്ര റോഡ്‌ ട്രാന്‍പോര്‍ട്ട്‌ മന്ത്രാലയത്തിന്റെയും സംസ്‌ഥാന സര്‍ക്കാരുകളുടെയും ആഭിമുഖ്യത്തില്‍ ഫെബ്രുവരി നാലു മുതല്‍ 10 വരെയാണ്‌ ഈവര്‍ഷം റോഡ്‌ സുരക്ഷാവാരാചരണം. ഇത്തരം ബോധവത്‌കരണ പരിപാടികളിലൂടെ ഒരുപരിധിവരെ റോഡപകടങ്ങളുടെ തോത്‌ കുറയ്‌ക്കാന്‍ സാധിച്ചിട്ടുണ്ട്‌. വാഹനങ്ങളുടെ വര്‍ധന, അശ്രദ്ധവും അനിയന്ത്രിതവുമായ ഡ്രൈവിങ്‌, റോഡുകളുടെ ദയനീയസ്‌ഥിതി, ഗതാഗത നിയമപാലനത്തിലെ ജാഗ്രതക്കുറവ്‌ എന്നിവ റോഡപകടങ്ങളുടെ കാരണങ്ങളില്‍ ചിലതു മാത്രം.
2018 വരെ കേരളത്തില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം 120.42 ലക്ഷമാണ്‌. 2018 മാര്‍ച്ചിലെ കണക്കനുസരിച്ച്‌ സംസ്‌ഥാനത്ത്‌ 1000 ആളുകള്‍ക്ക്‌ 361 വാഹനങ്ങളുണ്ട്‌. ഇതിലേറെയും സ്വകാര്യവാഹനങ്ങളാണ്‌.
1980-81 മുതലുള്ള കണക്കു പരിശോധിച്ചാല്‍ വാഹനാപകടങ്ങളില്‍ ക്രമാതീതമായ വര്‍ധന കാണാം. 2015-16ല്‍ 39,137 ആയിരുന്നത്‌ 2017-18ല്‍ 38,734 ആയി കുറഞ്ഞു എന്നതുമാത്രമാണ്‌ ചെറിയ ആശ്വാസം. പ്രതിദിനം 106 വാഹനാപകടങ്ങളാണ്‌ 2017-18ല്‍ ഉണ്ടായത്‌. ആകെ റോഡപകടങ്ങളില്‍ 55 ശതമാനവും ഇരുചക്രവാഹനങ്ങള്‍ മൂലമാകുന്നത്‌ ആ മേഖലയിലെ സുരക്ഷാവബോധത്തിന്റെ ആവശ്യകതയിലേക്കാണു വിരല്‍ചൂണ്ടുന്നത്‌. 2017-ല്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളുടെ എണ്ണം പ്രതിദിനം 41 ആയിരുന്നെങ്കില്‍ ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ 94 ആയി പെരുകി. ശേഷികൂടിയ ഇരുചക്ര വാഹനങ്ങളുടെ ഉപയോഗവും പുതുതലമുറ വാഹനങ്ങളുടെ കടന്നുവരവുമാണ്‌ വിഷയം സങ്കീര്‍ണമാക്കുന്നത്‌.
കുഴികള്‍ നിറഞ്ഞവപോലെതന്നെ അപകടമുണ്ടാക്കുന്നതാണ്‌ നവീകരിച്ച റോഡുകളും. എന്റെ നിയോജകമണ്ഡലത്തിലെ പാലാ -പൊന്‍കുന്നം റോഡ്‌ ആധുനികരീതിയില്‍ പണി പൂര്‍ത്തീകരിച്ചിട്ട്‌ രണ്ട്‌ വര്‍ഷമാകുന്നു. റോഡ്‌ നന്നായ സന്തോഷത്തേക്കാള്‍ ആ റോഡില്‍ ഇതുവരെ പൊലിഞ്ഞ 28 ജീവനുകള്‍ സങ്കടപ്പെടുത്തുന്നു. നാറ്റ്‌പാക്‌ സംഘമുള്‍പ്പെടെ വിവിധ പഠനങ്ങള്‍ നടത്തി നിര്‍മാണത്തില്‍ അപാകതയില്ലെന്നു വിധിയെഴുതിയെങ്കിലും അപകടങ്ങള്‍ക്കു കുറവില്ല. ചോദ്യങ്ങള്‍ക്കു സ്‌ഥിരം ലഭിക്കുന്ന ഉത്തരങ്ങളില്‍ വില്ലന്‍ ഒന്നുമാത്രം; അമിതവേഗം.
ഇന്ത്യന്‍ റോഡ്‌ കോണ്‍ഗ്രസിന്റെ മാനദണ്ഡപ്രകാരമുള്ള റോഡ്‌ നിര്‍മാണം വിദൂരസ്വപ്‌നമാണെന്നതാണു യാഥാര്‍ഥ്യം. അതോടൊപ്പം റോഡ്‌ സുരക്ഷാ ഓഡിറ്റിങ്ങെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ആധുനികരീതിയില്‍ റോഡ്‌ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതില്‍ റോഡ്‌ സുരക്ഷാ അതോറിറ്റി നടപടി സ്വീകരിക്കുന്നില്ല. ഗ്രാമീണ റോഡുകളുള്‍പ്പെടെ ബി എം ബി സി നിലവാരത്തി-ല്‍ മുഖംമിനുക്കുമ്പോള്‍ റോഡ്‌ സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത്‌ വകുപ്പ്‌, മോട്ടോര്‍വാഹന വകുപ്പ്‌, റവന്യൂ വകുപ്പ്‌, പോലീസ്‌ എന്നിവയുടെ സംയുക്‌ത പരിശോധനയുടെ അടിസ്‌ഥാനത്തില്‍ പ്ലാനും അെലെന്‍മെന്റും എസ്‌റ്റിമേറ്റും തയാറാക്കുന്ന പതിവില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക ഘട്ടത്തില്‍ അത്തരമൊരു സംയുക്‌ത പരിശോധനയില്‍ റോഡ്‌ ഡിെസെന്‍ കുറ്റമറ്റതാക്കാന്‍ നടപടികളെടുക്കണം. സംയുക്‌ത പരിശോധനകളിലും ചര്‍ച്ചകളിലും ജനപ്രതിനിധികള്‍ക്ക്‌ അവസരം നല്‍കണം. സാങ്കേതികപരിജ്‌ഞാനമില്ലെങ്കിലും തദ്ദേശീയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ അവര്‍ക്കു കഴിയും. നിര്‍മാണം പൂര്‍ത്തീകരിച്ച്‌ ഉദ്യോഗസ്‌ഥരും കരാറുകാരും സ്‌ഥലം കാലിയാക്കും. പിന്നീട്‌ ഉണ്ടാകുന്ന അപകടങ്ങള്‍ക്കു പഴി കേള്‍ക്കുന്നത്‌ ജനപ്രതിനിധികളാണെന്നതു വിസ്‌മരിക്കരുത്‌.
ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രഖ്യാപനപ്രകാരം 2011 മുതല്‍ 2020 വരെ റോഡ്‌ സുരക്ഷാ ദശക കാലഘട്ടം കൂടിയാണ്‌. ഇതനുസരിച്ച്‌ ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്നു. അടിസ്‌ഥാനസൗകര്യങ്ങളുടെ വികസനവും സുരക്ഷാമാനദണ്ഡങ്ങളുടെ നടപ്പാക്കലും റോഡ്‌ ഉപയോക്‌താക്കളില്‍ നല്ല മനോഭാവങ്ങളുടെ വളര്‍ത്തിയെടുക്കലുമാണ്‌ ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ പ്രധാനം. പാഠ്യപദ്ധതികളില്‍ റോഡ്‌ സുരക്ഷാപാഠങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികളെ ഉദ്‌ബുദ്ധരാക്കണം.
കാഴ്‌ചമറയ്‌ക്കുന്ന തരത്തിലുള്ള റോഡ്‌വക്കിലെ അനധികൃത നിര്‍മാണങ്ങള്‍, താല്‍ക്കാലിക വ്യാപാരസ്‌ഥാപനങ്ങള്‍, പരസ്യബോര്‍ഡുകള്‍, അനധികൃത പാര്‍ക്കിങ്‌ എന്നിവ പതിവുകാഴ്‌ചയാണ്‌. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിരത്തുകളില്‍ കാല്‍നടക്കാര്‍ക്കുണ്ടായ അപകടങ്ങള്‍ 66 ശതമാനം വര്‍ധിച്ചതിനു കാരണവും മറ്റൊന്നല്ല. ഇതിനെല്ലാം കടിഞ്ഞാണിടാന്‍ കഴിയുന്നതിനൊപ്പം റോഡ്‌ എല്ലാവരുടെയും കൂടിയാണെന്ന ബോധവും ഉണ്ടാകേണ്ടിയിരിക്കുന്നു.
റോഡപകടങ്ങള്‍ ഏറ്റവും കുറവ്‌ ഡ്രൈ ഡേകളിലാണെന്നതു മദ്യപാനശീലവും റോഡപകടങ്ങളുമായുള്ള ബന്ധത്തിനു ദൃഷ്‌ടാന്തമാണ്‌.
ഹെല്‍മെറ്റും സീറ്റ്‌ബല്‍റ്റും ധരിക്കുന്നത്‌ നമ്മുടെ സുരക്ഷയ്‌ക്കാണെന്നു തിരിച്ചറിയണം. വാഹനയാത്രകളില്‍ പാലിക്കേണ്ട നിയമം എങ്ങനെ അനുസരിക്കാതിരിക്കാമെന്നു ഗവേഷണം നടത്തുന്നവരായി നാം അധഃപതിച്ചിരിക്കുന്നു. റോഡപകട കാരണങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ എന്തു പേരിട്ടു വിളിക്കണം; അഹങ്കാരമെന്നോ അറിവില്ലായ്‌മയെന്നോ? എന്താണ്‌ ആശ്‌ചര്യമെന്ന യക്ഷന്റെ ചോദ്യത്തിനു യുധിഷ്‌ഠിരന്‍ നല്‍കുന്ന മറുപടിയാണ്‌ ഓര്‍മ വരുന്നത്‌. പ്രതിദിനം എത്രയോ പേര്‍ മരണമടയുന്നതു കണ്ടിട്ടും അതു കണ്ടുനില്‍ക്കുന്നവരെല്ലാംതന്നെ തങ്ങള്‍ ഒരിക്കലും മരിക്കുകയില്ല എന്നു വ്യാമോഹിക്കുന്നതാണ്‌ ആശ്‌ചര്യമായി തോന്നുന്നതെന്നായിരുന്നു ധര്‍മപുത്രരുടെ ഉത്തരം.
പുതുതലമുറ വാഹനങ്ങള്‍ ഉപയോഗിച്ച്‌ റോഡില്‍ കാട്ടിക്കൂട്ടുന്ന അഭ്യാസപ്രകടനങ്ങള്‍ ഒരുതരം മാനസികരോഗംതന്നെയാണ്‌. മക്കളുടെ ഇഷ്‌ടങ്ങള്‍ക്ക്‌ വഴങ്ങുന്ന രക്ഷിതാക്കള്‍ ചിന്തിക്കണം; ജീവിതത്തിന്റെ ബാക്കിപത്രം വിലപിച്ച്‌ തീര്‍ക്കണമോയെന്ന്‌.
ഈവര്‍ഷത്തെ റോഡ്‌ സുരക്ഷാ വാരാചരണകാലം നമുക്ക്‌ ചില ദൃഢനിശ്‌ചയങ്ങള്‍ക്കുള്ളതാകട്ടെ. ഗതാഗത നിയമങ്ങള്‍ അനുസരിക്കുന്നതില്‍ ശ്രദ്ധാലുവാകാനും നമ്മുടെ അശ്രദ്ധകൊണ്ട്‌ മറ്റൊരു ജീവനു ഭീഷണിയുണ്ടാകാന്‍ പാടില്ലെന്ന മനസുണ്ടാകാനും കഴിയട്ടെ. നിയമങ്ങള്‍ അനുസരിക്കുന്ന, അച്ചടക്കത്തിന്റെ സംസ്‌കാരം നമുക്ക്‌ റോഡുകളിലെങ്കിലും പിന്തുടരാന്‍ കഴിയണം. കേവലമായ ആചരണങ്ങള്‍ക്കപ്പുറത്ത്‌ ഇനിയൊരുതുള്ളി ചോരപോലും നമ്മുടെ വഴിയോരങ്ങളില്‍ വീഴാന്‍ ഇടയാകില്ലെന്ന്‌ പ്രതിജ്‌ഞയെടുക്കാന്‍ കഴിയണം. എല്ലായാത്രകളും ശുഭയാത്രകളാകട്ടെ. രഥം നടത്തുന്ന തേരാളി, തേരിന്റെ മികവും, കാറ്റിന്റെ ഗതിയും, രഥവീഥിയുടെ സാഹചര്യവും കൂടെ സഞ്ചരിക്കുന്നവന്റെ അവസ്‌ഥയും തിരിച്ചറിയണമെന്ന്‌ എഴുത്തച്‌ഛന്‍ രാമായണത്തില്‍ സൂചിപ്പിക്കുന്നത്‌ നമുക്ക്‌ ഓര്‍മിക്കാം. വഴിയിലൂടെ വഴിവിട്ട്‌ സഞ്ചരിക്കുമ്പോള്‍ ഓര്‍ക്കുക പ്രതീക്ഷയുടെ വഴിക്കണ്ണുമായി നിങ്ങളെക്കാത്തിരിക്കുന്നവര്‍ ഏറെയാണ്‌.

ഡോ. എന്‍. ജയരാജ്‌

Ads by Google
Thursday 07 Feb 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW