Friday, July 12, 2019 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 02.37 PM

ജോലിസമ്മര്‍ദം അതിരുവിടുമ്പോള്‍

''ജീവിതം മുന്നോട്ട് പോകാന്‍ ' വൈറ്റ് കോളര്‍ ജോബ് ' മാത്രം നോക്കി പോകുന്നവരെ ആകര്‍ഷിക്കാന്‍ വലകെട്ടി കാത്തിരിക്കുന്ന കുത്തക കമ്പനികള്‍ ഇന്നു ധാരാളമുണ്ട്. അത്തരം കമ്പനികളില്‍ ചെന്നുപെട്ട്, അഴിക്കുംതോറും മുറുകുന്ന കുരുക്കുമായി തങ്ങളുടെ ജീവിതം ഹോമിക്കപ്പെടുകയാണ്'''
uploads/news/2019/02/286150/jobstress060219.jpg

'താന്‍ ചത്ത് മീന്‍ പിടിച്ചിട്ട് കാര്യമില്ല' എന്ന പഴമൊഴി ഇന്നത്തെ തലമുറ തിരുത്തിക്കുറിക്കാന്‍ ശ്രമിക്കുകയാണ്. സുഖസൗകര്യവും ആര്‍ഭാടവും നിറഞ്ഞ ജീവിതരീതിക്കായി ജോലിയെന്ന ഉമിതീയില്‍ സ്വയം ദഹിക്കുന്നു.

ജീവിക്കാന്‍ പണവും ജോലിയും ആവശ്യമാണ്, എന്നാല്‍ സര്‍ക്കാര്‍ ജോലി എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. പക്ഷേ, ജീവിതം മുന്നോട്ട് പോകാന്‍ 'വൈറ്റ് കോളര്‍ ജോബ്' മാത്രം നോക്കി പോകുന്നവരെ ആകര്‍ഷിക്കാന്‍ വലകെട്ടി കാത്തിരിക്കുന്ന കുത്തക കമ്പനികള്‍ ഇന്നു ധാരാളമുണ്ട്.

അത്തരം കമ്പനികളില്‍ ചെന്നുപെട്ട്, അഴിക്കുംതോറും മുറുകുന്ന കുരുക്കുമായി തങ്ങളുടെ ജീവിതം ഹോമിക്കപ്പെടുകയാണ്. ജോലിക്കാര്‍ പുറമേ കാണിക്കുന്ന സന്തോഷം അവരുടെ ഉള്ളിലുണ്ടോയെന്നതു തന്നെ സംശയമാണ്.

എരിഞ്ഞമരുന്ന ജീവിതങ്ങള്‍


മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍, ഭാര്യ എന്നിങ്ങനെ തന്റെ കുടുംബത്തെ തന്നെ ഉപേക്ഷിച്ച് വിദേശരാജ്യങ്ങളില്‍ ജോലി തേടി പോകുന്ന പ്രവാസി ജീവിതം നമ്മുടെ കണ്ണില്‍ സാമ്പത്തിക ഭദ്രതയുടെ മകുടോദാഹരണങ്ങളാണ്. എന്നാല്‍ ഒന്ന് ആഴത്തില്‍ അവരുടെ ജീവിതത്തിലേക്ക് എത്തിനോക്കിയാല്‍ കുടുംബത്തിന്റെ ഭദ്രതയ്ക്കും സമാധാനത്തിനും സന്തോഷത്തിനും സ്വയം എരിതീയില്‍ എരിഞ്ഞമരുന്ന ജീവിതങ്ങള്‍ കാണാം.

കാലത്തിനു മുന്നേ പ്രായം കീഴ്‌പ്പെടുത്തുന്ന അവരില്‍ വാര്‍ധക്യം ശാപതുല്യമാകും. കഷ്ടപ്പെട്ടു സമ്പാദിച്ചവ മരുന്നുകള്‍ക്കായി ചിലവഴിക്കേണ്ടി വരും. പ്രവാസികള്‍ മാത്രമല്ല ഐടി, ബാങ്ക്, ഷോപ്പിങ് മാള്‍, ഹോസ്പിറ്റല്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഇത്തരം പ്രതിസന്ധികളിലൂടെ കടന്നു പോകുന്നു.

ആധുനീകവത്കരണവും കമ്പ്യൂട്ടര്‍വത്കരണവുമെല്ലാം മനുഷ്യന്റെ ജോലി ഭാരവും ഒപ്പം ആയുസിന്റെ ദൈര്‍ഘ്യവും കുറച്ചു. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരിലും ഇന്ന് ഈ പ്രതിസന്ധിയുണ്ട്.

uploads/news/2019/02/286150/jobstress060219a.jpg

ജോലി സമ്മര്‍ദം തിരിച്ചറിയാം


തളര്‍ച്ച, മസ്‌കുലാര്‍ ടെന്‍ഷന്‍, തലവേദന, ഹാര്‍ട്ട് പാല്‍പിറ്റേഷന്‍, ഉറക്കമില്ലായ്മ, ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങളായ അതിസാരം, മലമ്പിടുത്തം, ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങള്‍, കൂടാതെ മാനസിക പ്രശ്‌നങ്ങളായ വിഷാദം, ഉത്കണ്ഠ, നിരുത്സാഹം, ദേഷ്യം, ജീവിതത്തോട് പ്രതീക്ഷ ഇല്ലാത്ത അവസ്ഥ, ഏകാഗ്രതക്കുറവ് ഇതുകൂടാതെ സ്വഭാവവൈകല്യപ്രശ്‌നങ്ങളുടെ ലക്ഷണങ്ങളായ ആക്രമണം, ജോലിയിലെ കൃത്യതക്കുറവ്, ക്ഷമയില്ലായ്മ, താല്‍പര്യക്കുറവ്, ഒറ്റപ്പെടല്‍ എന്നിവയെല്ലാം ഉണ്ടാകാം.

മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അമിതജോലി ഭാരം കാരണവും സംഭവിക്കുന്നതാകും.

കാരണങ്ങള്‍


അമിതസമയം ജോലിയിലേര്‍പ്പെടേണ്ടി വരിക, അമിതമായ ജോലിഭാരം, സാധിക്കുന്നതിലും അമിതമായ ടാര്‍ഗറ്റ് നേടിയെടുക്കാനുള്ള ശ്രമങ്ങള്‍, ജോലി സമയത്തിലെ വ്യതിയാനങ്ങള്‍, ഇഷ്ടമില്ലാത്ത ജോലി സ്വീകരിക്കല്‍, സന്തോഷകരമല്ലാത്ത ജോലി സാഹചര്യങ്ങള്‍, ഹരാസ്‌മെന്റ്, വേര്‍തിരിവ്, മേല്‍ ഉദ്യോഗസ്്ഥരുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി പലതും കാരണങ്ങളാകാം.

ഇവയില്‍ ഒഴിവാക്കപ്പെടാന്‍ കഴിയുന്നതും എന്നാല്‍ കഴിയാത്തതും ഉണ്ടാകും. എന്നാല്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവ കൂടുതല്‍ മാനസിക സമ്മര്‍ദമുണ്ടാക്കുന്നവയാണ്.

വേണം ചിട്ടയുള്ള ജീവിതശൈലി


ജോലി സമ്മര്‍ദം കുറയ്ക്കാന്‍ വ്യായാമം, ധ്യാനം, യോഗ, നല്ല ഭക്ഷണശീലം എന്നിവ സഹായിക്കും. രാവിലെ ഉറക്കമുണര്‍ന്ന് സൂര്യനമസ്‌കാരം ചെയ്ത് ശുദ്ധമായ വായു ശ്വസിച്ച് അല്‍പം നടന്നാല്‍ മനസിനു ഉന്മേഷം ലഭിക്കും. കൃത്യമായ സമയത്ത് ക്രമമായ ഭക്ഷണം അനിവാര്യമാണ്.

കൊഴുപ്പ് അധികമില്ലാതെ നമ്മുടെ ശരീരത്തിന്റെ അധ്വാനശേഷിക്കനുസരിച്ച് മിതമായതും ധാരാളം മാംസ്യവും ജീവകവും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണരീതി ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനെ തടഞ്ഞ് ശരീരം ആരോഗ്യപൂര്‍ണമാക്കാന്‍ സഹായിക്കും.

uploads/news/2019/02/286150/jobstress060219b.jpg

ജലം മൃതസഞ്ജീവനിയാണ്. അതിനാല്‍ തന്നെ ആവശ്യമായ ജലം നല്‍കി ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്നും സംരക്ഷിക്കുക. ശുദ്ധമായ ജലം, പഴച്ചാര്‍ എന്നിവ ഉത്തമം. സ്ട്രസും സ്‌ട്രെയിനും കൂടുമ്പോള്‍ റിലാക്‌സേഷനു വേണ്ടി പുകവലി, മദ്യപാനം എന്നിവ ശീലമാക്കുന്നവരുണ്ട്. എന്നാല്‍ അറിയുക, ഈ ഹാനീകാരികളാണ് നിങ്ങളെ എളുപ്പത്തില്‍ ദീര്‍ഘനിദ്രയിലെത്തിക്കുന്നത്.

അമിത സമ്മര്‍ദവും ജോലി ഭാരത്തെത്തുടര്‍ന്നുള്ള ക്ഷീണവും ഇവയ്‌ക്കൊപ്പം മദ്യപാനം കൂടിയായാല്‍ ജീവിതശൈലി രോഗങ്ങള്‍ നിങ്ങളെ വളരെ വേഗം കീഴ്‌പ്പെടുത്തും. ഒരു വ്യക്തിക്ക് ജോലി എന്ന പോലെ തന്നെ വിശ്രമവും അനിവാര്യമാണ്.

വിശ്രമമില്ലാത്ത ജോലികള്‍ നിങ്ങളെ വളരെ വേഗം രോഗികളാക്കും. ജോലിയിലെ വിഷമതകള്‍ അവിടെ ഉപേക്ഷിച്ച് വീട്ടില്‍ സമാധാനത്തോടെ ഇരിക്കാന്‍ സാധിക്കുന്നതിലാണ് നിങ്ങളുടെ വിജയം. കഴിവതും 6 മുതല്‍ 8 മണിക്കൂര്‍ വരെ രാത്രിയില്‍ ഉറങ്ങാന്‍ ശ്രമിക്കുക.

ആരോഗ്യമാണ് സമ്പാദ്യം


പണത്തിനു വേണ്ടി ജീവിക്കുകയെന്ന തത്വം മാറ്റിവച്ചിട്ട് ജീവിക്കാന്‍ ആവശ്യമായി മാത്രമായി സമ്പാദിക്കുക എന്ന തിരിച്ചറിവ് ഓരോ വ്യക്തിയിലും ഉണ്ടാകണം. ആഹാരവും ജലവും വ്യായാമവും ഉറക്കവും ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം ഒരു നിമിഷം പോലും ചിലവഴിക്കാന്‍ സാധിക്കാതെ ജോലിയില്‍ മാത്രം വ്യാപൃതരാകാതിരിക്കുക.

ജോലിക്കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിക്കൊണ്ടിരുന്നാല്‍ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ സാധിക്കാതെ വൃദ്ധസദനങ്ങളെയും മറ്റും ആശ്രയിക്കേണ്ടി വരുന്നത്.

uploads/news/2019/02/286150/jobstress060219c.jpg

കുഞ്ഞുങ്ങളുടെ ബാല്യവും കൗമാരവും ആസ്വദിക്കാതെ അവരെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിട്ടു വളര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. കുടുംബത്തിലുള്ളവര്‍ക്ക് സ്‌നേഹവും പരിഗണനയും നല്‍കാതെ സമ്പാദിക്കുന്നതൊക്കെ ഒന്നിനും പ്രയോജനമില്ലാതെ നമ്മോടൊപ്പം കൂടുന്ന ജീവിതശൈലി രോഗങ്ങളെ മാറ്റി നിര്‍ത്താന്‍ മാത്രം ചിലവഴിക്കേണ്ടി വരുന്നു.

നമ്മുടെ ആരോഗ്യമാണ് ഏറ്റവും വലിയ സമ്പാദ്യം. അതിനെ ഒരു പളുങ്ക് പാത്രം പോലെ സൂക്ഷിക്കുക. താഴെ വീണാല്‍ കൂട്ടിയെടുക്കുക അസാധ്യം. ജീവിതം ഒന്നേയുള്ളൂ, അതു ആരോഗ്യത്തോടെ ജീവിക്കുക.

ശുഭശ്രീ പ്രശാന്ത്
ക്ലിനിക്കല്‍ ന്യൂട്രിഷനിസ്റ്റ്
ആറ്റുകാല്‍ദേവി ഹോസ്പിറ്റല്‍
ആന്‍ഡ് ന്യൂട്രിയോ പ്ലസ്, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW