Wednesday, February 06, 2019 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 11.20 AM

'പുരോഹിതരുടെ പീഡനങ്ങള്‍ മറച്ചുവയ്ക്കുകയും ഇരയെ നിശബ്ദരാക്കുകയും വേണം'; 45 വര്‍ഷം പഴക്കമുള്ള വത്തിക്കാന്‍ രഹസ്യരേഖ നിലനില്‍ക്കുമ്പോള്‍ കെ.സി.ബി.സി മാര്‍ഗരേഖയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു

പുരോഹിതരുടെ പീഡനങ്ങളില്‍ പരാതിയുമായി സഭാധികാരികളെ സമീപിക്കുന്നവരെ കൊണ്ട് ആദ്യംതന്നെ ഇക്കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ എടുപ്പിക്കണമെന്നാണ് രേഖയില്‍ പറയുന്നത്. ഇക്കാര്യം പുറത്തുപറയുന്നവരെ സഭയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തണം
Vatican

കോട്ടയം: വൈദികരും ബിഷപ്പുമാരും നടത്തുന്ന ലൈംഗിക പീഡനങ്ങള്‍ മറച്ചുവയ്ക്കുകയും ഇരകളെ നിശബ്ദരാക്കുകയും വേണമെന്ന വത്തിക്കാന്റെ 45 വര്‍ഷം പഴക്കമുള്ള രഹസ്യരേഖ ഇപ്പോഴും നിലനില്‍ക്കുന്നു. ഇത് സഭ തള്ളിക്കളയാത്ത കാലത്തോളം 'സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനം തടയുന്നതിന്' കെ.സി.ബി.സി തയ്യാറാക്കിയ മാര്‍ഗരേഖയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു.

1962ല്‍ പോപ്പ് ജോണ്‍ പതിമൂന്നാമന്റെ കാലത്ത് തയ്യാറാക്കിയ 69 പേജുള്ള രഹസ്യരേഖ 2001 മേയില്‍ ലോകമെമ്പാടുമുള്ള മെത്രാന്മാര്‍ക്ക് അയച്ചുനല്‍കിയിരുന്നുവെന്ന് 2003ല്‍ 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നത്തെ വിശ്വാസ കമ്മീഷന്‍ അധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ (പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍) ഈ രേഖയില്‍ ഒപ്പുവച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുരോഹിതരുടെ പീഡനങ്ങളില്‍ പരാതിയുമായി സഭാധികാരികളെ സമീപിക്കുന്നവരെ കൊണ്ട് ആദ്യംതന്നെ ഇക്കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ എടുപ്പിക്കണമെന്നാണ് രേഖയില്‍ പറയുന്നത്. ഇക്കാര്യം പുറത്തുപറയുന്നവരെ സഭയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തണം. കുമ്പസാരത്തിന്റെ മറവില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ചും രേഖയില്‍ പറയുന്നുണ്ട്. രേഖപ്രകാരം ഏറ്റവും 'ഹീനമായ കുറ്റമെന്നത്' ഒരു പുരോഹിതന്‍ സ്ത്രീയോടോ പുരുഷനോടോ മൃഗങ്ങളുമായോ നടത്തുന്ന ലൈംഗിക അപരാധങ്ങളാണ്.

വത്തിക്കാന്റെ സീക്രട്ട് ആര്‍ക്കിവൈസില്‍ നിന്ന് 'ദ ഒബ്‌സര്‍വര്‍' ആണ് ഈ രേഖ കണ്ടെടുത്തത്. 'വഞ്ചനയുടെയും മറച്ചുവയ്ക്കലിന്റെയും രൂപരേഖ' എന്നാണ് ഇതിനെ അന്നത്തെ പ്രമുഖ നിയമവിദഗ്ധര്‍ വിശേഷിപ്പിച്ചത്. സഭയിലെ ബാലപീഡനകേസുകള്‍ കൈകാര്യം ചെയ്യുന്ന ഒരു ഈ രേഖയെ ബ്രിട്ടീഷ് അഭിഭാഷകന്‍ 'സ്‌ഫോടനവസ്തു' എന്നാണ് വിശേഷിപ്പിച്ചത്. പുറത്തുവന്ന രേഖ യഥാര്‍ത്ഥമാണെന്ന് ഇംണ്ടിലെ കത്തോലിക്കാ സഭയും സ്ഥിരീകരിച്ചിരുന്നു.

ഈ രേഖ സഭയില്‍ ഇപ്പോഴും പ്രമാണമായി നിലനില്‍ക്കുമ്പോള്‍ കെ.സി.ബി.സിയോ സി.ബി.സി.ഐയോ കൊണ്ടുവരുന്ന മാര്‍ഗരേഖയ്ക്ക് വലിയ പ്രസക്തിയില്ലെന്ന് വിമര്‍ശനം ഉയരുന്നു. വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും മുന്നില്‍ ഇത്തരം മാര്‍ഗരേഖകള്‍ കൊണ്ട് പുകമറ സൃഷ്ടിക്കാന്‍ മാത്രമേ കഴിയൂ. പൗരോഹിത്യത്തിനെതിരായ ലൈംഗിക ആരോപണങ്ങള്‍ ഉയരുമ്പോള്‍ സഭാനേതൃത്വം വത്തിക്കാന്‍ രേഖയ്ക്കായിരിക്കും പ്രാധാന്യം കൊടുക്കുക എന്ന് സഭാ വിമര്‍ശകര്‍ ആരോപിക്കുന്നു.

അതേസമയം, കുട്ടികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരായ ലൈംഗിക ചൂഷണങ്ങളും ലൈംഗിക പീഡനങ്ങളും ഹീനമായ കുറ്റകൃത്യങ്ങളും കടുത്ത പാപവുമാണെന്നാണ് കെ.സി.ബി.സി അടുത്തിടെ പുറത്തിറക്കിയ മാര്‍ഗരേഖയുടെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നത്. സഭയിലും സ്ഥാപനങ്ങളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മറ്റ് വിശ്വാസ സമൂഹത്തിനും സുരക്ഷിത അന്തരീക്ഷമൊരുക്കുക, അവരെ എല്ലാ വിധത്തിലുമുള്ള ലൈംഗിക ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കുക, ഏതെങ്കിലും വിധത്തിലുള്ള പീഡനങ്ങള്‍ നടന്നാല്‍ സഭാ അധികാരികളെയും സര്‍ക്കാര്‍ അധികൃതരെയും അറിയിക്കേണ്ടതിന്റെ ആവശ്യകത എന്നിവയാണ് ഈ മാര്‍ഗരേഖ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.

കെ.സി.ബി.സിക്ക് ഈ വിഷയത്തിലുള്ള ഉത്തരവാദിത്തവും മാര്‍ഗരേഖ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക ചൂഷണങ്ങളോട് 'സീറോ ടോളറന്‍സ്' സമീപനം ആയിരിക്കണമെന്ന് അതില്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ സഭാപരമായ അച്ചടക്ക നടപടി സ്വീകരിക്കണം, സിവില്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ അധികാരികളെ അറിയിക്കണം, ഇരകളോട് അവധാനതയോടും അനുകമ്പയോടും കൂടി പ്രതികരിക്കുക, ഇത്തരം കേസുകള്‍ കൈാര്യം ചെയ്യാന്‍ ഉചിതമായ സംവിധാനങ്ങള്‍ രൂപീകരിക്കുക തുടങ്ങിയവ കെ.സി.ബി.സിയുടെ ഉത്തരവാദിത്തത്തില്‍ പെടുന്നു.

മാര്‍ഗരേഖകളിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:

-എല്ലാ സഭാ പ്രതിനിധികളും സിവില്‍ നിയമങ്ങളും കാനന്‍ നിയമങ്ങളും ഒരുപോലെ പാലിക്കാന്‍ ബാധ്യസ്ഥരാണ്.
-കുട്ടികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമെതിരായ എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളും ചൂഷണങ്ങളും തടയുന്നതിനുള്ള സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കണം.
-കുട്ടികളുടെയോ മുതിര്‍ന്നവരുടേയോ മുന്നില്‍ വച്ച് വൈദികവരും മറ്റ് സഭാ പ്രതിനിധികളും ലൈംഗികത സ്പഷ്ടമാകുന്ന വിധത്തിലുള്ളതോ ധാര്‍മ്മികയ്ക്ക് നിരക്കാത്തതോ ആയ വസ്തുക്കളോ പ്രദര്‍ശിക്കാന്‍ പാടില്ല. ലൈംഗികത സ്പഷ്ടമാകുന്ന മാഗസിനുകള്‍, ചിത്രങ്ങള്‍, വീഡിയോ, വെബ് ചാറ്റ്, ഫിലിം, റെക്കോര്‍ഡിംഗ്, കമ്പ്യൂട്ടര്‍ സോഫ്ട്‌വേര്‍, കമ്പ്യുട്ടര്‍/വീഡിയോ ഗെയിംകള്‍, പ്രിന്റഡ് മെറ്റീരിയല്‍ തുടങ്ങിവയൊന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.
-ലൈംഗിക ചുവയുള്ള തമാശകളിലോ സംഭാഷണങ്ങളിലോ വൈദികര്‍ ഉള്‍പ്പെടാനോ പ്രോത്സാഹിപ്പിക്കാനോ പാടില്ല.
-കുട്ടികളുമായി അടുത്തിടപഴകുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. ശാരീരികമായി സ്പര്‍ശിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണം അനുചിതമായി കുട്ടികളെ സ്പര്‍ശിക്കുന്നില്ലെന്ന് വൈദികര്‍ ഉറപ്പാക്കണം.
- കുട്ടികളും സ്ത്രീകളുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളിലും വൈദികര്‍ ഏറെ ജാഗ്രത പാലിക്കണം. വൈദികരുടെ താമസ ഇടങ്ങളില്‍ കുട്ടികള്‍ തങ്ങാന്‍ പാടില്ല, അല്ലെങ്കില്‍ രക്ഷിതാക്കളൊ അവര്‍ നിര്‍ദേശിക്കുന്ന മുതിര്‍ന്നവരോ ഒപ്പമുണ്ടാകണം, കുട്ടികളെ ഒരുകാരണവശാലും വൈദികരുടെ സ്വകാര്യ ഇടങ്ങളില്‍ പ്രവേശിപ്പിക്കരുത്, പ്രായപൂര്‍ത്തിയാകാത്തയാളുമായി ഒറ്റയ്ക്കുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണം, വസ്ത്രമില്ലാത്ത നിലയിലുള്ള അവരുടെ ചിത്രങ്ങള്‍ എടുക്കാന്‍ പാടില്ല.
- പ്രായപൂര്‍ത്തിയാകാത്ത ആള്‍ മറ്റാരെങ്കിലും നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് അറിയുന്ന സാഹചര്യത്തില്‍, വിഷയത്തില്‍ ഉചിതമായ ഇടപെടല്‍ നടത്തുകയും ഇരയ്ക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കുകയും വേണം.
-ലൈംഗിക ചൂഷണങ്ങള്‍ നടന്നുവെന്ന വിവരം കിട്ടിയാല്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും സര്‍ക്കാര്‍ അധികൃതര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുകയും വേണം- എന്നിങ്ങനെ പോകുന്നു മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍.

വത്തിക്കാന്‍ രഹസ്യരേഖയുടെ ആദ്യഭാഗം ചുവടെഃ

Vatican

Vatican

Vatican

Vatican

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW