Tuesday, May 21, 2019 Last Updated 16 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 11.11 AM

മമ്മൂക്ക സ്‌റ്റൈലിഷ്, ലാലേട്ടന്‍ ഐസ്‌ക്രീം പോലെ- സൂപ്പര്‍താരങ്ങളോടൊപ്പമുള്ള അഭിനയത്തെപ്പറ്റി നേഹ സക്‌സേന

uploads/news/2019/02/286130/CiniINWNehaSaxena060219a.jpg

നേഹ സക്‌സേന മലയാളസിനിമയില്‍ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അഭിനയിച്ച് പ്രതിഫലിപ്പിച്ച നേഹ സക്‌സേനയ്ക്ക് അഭിനയം എന്നത് ഒരുതരം പാഷനാണ്.

തമിഴിലും തെലുങ്കിലും കന്നടയിലും തിരക്കേറുമ്പോള്‍ നേഹസക്‌സേനയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് മലയാള സിനിമയാണ്.മറ്റു ഭാഷാ ചിത്രങ്ങളേക്കാള്‍ വൈവിധ്യമാര്‍ന്ന കഥകളുടെ സവിശേഷതയാണ് മലയാളസിനിമയെ വേറിട്ടുനിര്‍ത്തുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നു.

പാലക്കാട്ടെ അഹല്യ കണ്ണാശുപത്രിയില്‍ ചിത്രീകരണം നടന്ന കൊച്ചിന്‍ ഷാദി ടു ചെന്നൈ എന്ന ചിത്രത്തിന്റെ സെറ്റിലാണ് നേഹ സക്‌സേനയെ കണ്ടത്. സിനിമാ മംഗളത്തിലെ വായനക്കാരുമായി താരം സംസാരിക്കുന്നു.

കൊച്ചിന്‍ ഷാദി എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ?

ഈ ചിത്രത്തില്‍ ഡോക്ടര്‍ സെറീനാ തോമസ് എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. വളരെ ബോള്‍ഡായ കഥാപാത്രമാണ്. ചെന്നൈയിലെ ഒരു പ്രമുഖ ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് ഡോക്ടര്‍ സെറീനാ തോമസ്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ചെയ്യുന്ന ശ്രദ്ധേയമായ ക്യാരക്ടറാണിത്.

നേഹ സക്‌സേനയുടെ ഇന്നലെകളെക്കുറിച്ച് സൂചിപ്പിക്കാമോ?

പഞ്ചാബിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. അച്ഛന്‍ രാകേഷ് കുമാര്‍ സക്‌സേന അമ്മ അനു സക്‌സേന. ഡെറാഡൂണിലെ അവതാര്‍ കോളേജില്‍നിന്നും ഹോട്ടല്‍ മാനേജ്‌മെന്റ് പൂര്‍ത്തിയാക്കിയശേഷം എയര്‍ഹോസ്റ്റസാകുകയെന്ന ലക്ഷ്യത്തോടെ എയര്‍ഹോസ്റ്റസ് അക്കാദമിയില്‍ ചേര്‍ന്നു.

പഠിക്കുമ്പോള്‍ തന്നെ നാടകങ്ങളിലും സജീവമായിരുന്നു. പക്ഷേ സിനിമയില്‍ അഭിനയിക്കുന്നതിനോട് അമ്മയ്ക്ക് താല്‍പര്യമില്ലായിരുന്നു. നേവി, ആര്‍മി, എയര്‍ഹോസ്റ്റസ് ഇതില്‍ ഏതെങ്കിലും വിഭാഗത്തില്‍ ജോലി ചെയ്യണമെന്നായിരുന്നു മോഹം.

uploads/news/2019/02/286130/CiniINWNehaSaxena060219c.jpg

പഠനം കഴിഞ്ഞെങ്കിലും എയര്‍ഹോസ്റ്റസായി തുടരാന്‍ കഴിഞ്ഞില്ല. പിന്നീട് ദുബായില്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ ഗസ്റ്റ് റിലേഷന്‍ മാനേജര്‍ ആയി ജോയിന്‍ ചെയ്തു.

ഇവിടെ ജോലി ചെയ്യുന്നതിനിടയിലാണ് ദുബായിലെ ബെസ്റ്റ് എംപ്ലോയി പുരസ്‌കാരം എനിക്ക് ലഭിച്ചത്. ഖലീജ് ടൈംസില്‍ എന്നെക്കുറിച്ച് വന്ന ഇന്റര്‍വ്യൂ ഏറെ ശ്രദ്ധിക്കപ്പെട്ടു. അമ്മയ്ക്ക് അസുഖമായതോടെ ഞാന്‍ ഇന്ത്യയിലേക്ക് വന്നു.

നേഹ സക്‌സേനയുടെ സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് സൂചിപ്പിക്കാമോ?

ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ സെയില്‍സ് മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഞാന്‍ മോഡലിംഗിലും ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

എല്ലാവരും സിനിമയിലേക്ക് പോകണമെന്ന് നിര്‍ബന്ധിച്ചതോടെ എന്റെ മനസ്സിലും സിനിമാതാരമാവണമെന്ന ആഗ്രഹമുണ്ടായി. പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ബംഗളൂരുവിലെ ഫാഷന്‍ ഷോയിലൂടെ ഒരുപാട് പേരെ പരിചയപ്പെടാന്‍ കഴിഞ്ഞു.

പക്ഷേ താരമാകാനുള്ള ശ്രമം തുടങ്ങിയപ്പോഴേക്കും മോശമായ അനുഭവമാണ് എനിക്കുണ്ടായത്. തെറ്റായ വഴിയിലേക്ക് നീങ്ങിയാലെ സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന് ബോധ്യപ്പെട്ടപ്പോള്‍ സിനിമയോട് ഞാന്‍ വിട പറഞ്ഞു. വീണ്ടും ഫാഷന്‍ ഷോകളില്‍ സജീവമായി.

ബംഗളൂരുവിലെ ലളിത് മഹലില്‍ നടന്ന ഫാഷന്‍ ഷോയില്‍ കന്നഡ സിനിമയിലെ അറിയപ്പെടുന്ന സംവിധായകന്‍ അമ്പുരാജ്‌ശേഖര്‍ എന്നെ കാണാനിടയായി.

റിക്ഷാ ഡ്രൈവര്‍ എന്ന സിനിമയില്‍ നായികയാവാന്‍ എന്നെ ക്ഷണിച്ചു. ഞാന്‍ ഒഴിഞ്ഞുമാറിയെങ്കിലും ഡയറക്ടറുടെ നിര്‍ബന്ധത്തിനുവഴങ്ങി സമ്മതിച്ചു.

തുളുഭാഷയില്‍ ഉള്ള ഈ ചിത്രത്തില്‍ അനിത എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. ചിത്രം വന്‍ ഹിറ്റായി. മികച്ച നടിക്കുള്ള അവാര്‍ഡും എനിക്ക് ലഭിച്ചു. റിക്ഷാ ഡ്രൈവറില്‍ അഭിനയിക്കാന്‍ ഞാന്‍ പ്രതിഫലം വാങ്ങിയിരുന്നില്ല.

ഒരുദിവസം പ്രൊഡ്യൂസറുടെ ഭാര്യ വിളിച്ച് എനിക്ക് രണ്ടു ലക്ഷം രൂപ തന്നു. വല്ലാത്തൊരു അനുഭവമായിരുന്നു. പിന്നെ കന്നട സിനിമയില്‍ നിന്നും ധാരാളം ഓഫറുകള്‍ എന്നെ തേടിയെത്തി.

uploads/news/2019/02/286130/CiniINWNehaSaxena060219d.jpg

തുളു ഭാഷയിലുള്ള ആദ്യ ചിത്രം ഹിറ്റായതോടെ മറ്റ് ഭാഷാ ചിത്രങ്ങളിലും തിരക്കേറുകയായിരുന്നോ?

അതെ, 14 കന്നഡ ചിത്രങ്ങളിലാണ് ഞാന്‍ നായികയായത്. ഇതില്‍ എട്ട് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായി. തമിഴില്‍ നീയെന്ന മായം ശെയ്തായ്, ലൊഡുക്ക് പാണ്ടി, ഒരു മെല്ലിയ കൊടു തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയം നേടി. തെലുങ്കിലും ഒട്ടേറെ നല്ല സിനിമകളില്‍ അവസരം ലഭിച്ചു.

മറ്റു ഭാഷാ ചിത്രങ്ങളില്‍ സജീവമാകുമ്പോഴും മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് സൂചിപ്പിക്കാമോ?

ഒരുദിവസം കേരളത്തില്‍നിന്നു ഒരു ഫോട്ടോഗ്രാഫറാണ് എന്നെ വിളിച്ചത്. മമ്മൂട്ടിയോടൊപ്പമുള്ള ട്വന്റി ബ്യൂട്ടി എന്ന ഷോയില്‍ പങ്കെടുക്കാന്‍ എത്തണമെന്നാണ് എന്നോട് പറഞ്ഞത്.

ഞാന്‍ കൊച്ചിയിലെത്തി. ഇരുപത്തഞ്ചോളം മോഡലുകള്‍ ഉണ്ടായിരുന്നു. മമ്മൂക്ക കാറില്‍ വന്നിറങ്ങിയതും എല്ലാവര്‍ക്കും ആകാംക്ഷയായിരുന്നു. ചെറുപ്പം നിലനിര്‍ത്തുന്ന തികച്ചും ഡെഡിക്കേറ്റഡ് ആയ മമ്മൂക്ക സ്‌റ്റൈലിഷ് ആയിരുന്നു.

ഞാന്‍ മമ്മൂക്കയെ പരിചയപ്പെട്ടു. രണ്ടുമാസം കഴിഞ്ഞപ്പോള്‍ മമ്മൂക്കയുടെ മാനേജര്‍ എന്നെ വിളിച്ചു. കസബ എന്ന ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം അഭിനയിക്കണമെന്ന് പറഞ്ഞു. എനിക്ക് വല്ലാത്ത സന്തോഷവും തോന്നി. അങ്ങനെയാണ് ഞാന്‍ കസബയിലൂടെ മലയാളത്തിലെത്തിയത്.

മമ്മൂക്കയോടൊപ്പമുള്ള സൂസന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനോടൊപ്പവും അഭിനയിച്ചു. ഈ ചിത്രത്തിലെ സോഫിയ പോള്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒപ്പമുള്ള അഭിനയം?

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി ഞാന്‍ കാണുന്നു.

കസബയില്‍ മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ തുടങ്ങുമ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. പിന്നെ വളരെ ഫ്രീയായി. ലാലേട്ടന്‍ വളരെ ജോളിയാണ്. ലാലേട്ടനോടൊപ്പമുള്ള അഭിനയം ഐസ്‌ക്രീം പോലെ മധുരതരമാണ്.

uploads/news/2019/02/286130/CiniINWNehaSaxena060219b.jpg

മലയാളത്തില്‍ കൂടുതല്‍ സിനിമകളില്‍ സജീവമാവുകയാണോ?


അതെ, ഹിന്ദി ഉള്‍പ്പെടെയുള്ള മറ്റു ഭാഷാ ചിത്രങ്ങളോടൊപ്പം മലയാളത്തിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ജീവിതവുമായി ബന്ധപ്പെട്ട നല്ല കഥകളാണ് മലയാളത്തിന്റെ പ്രത്യേകത. അഭിനയ സാധ്യതയുള്ള മികച്ച കഥാപാത്രങ്ങള്‍ക്കുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്.

എം.എസ്.ദാസ് മാട്ടുമന്ത
photo :- അജീഷ് ലോട്ടസ്

Ads by Google
Wednesday 06 Feb 2019 11.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW