അന്വേഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന കേന്ദ്ര സര്‍ക്കാരും നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന മമതാ ബാനര്‍ജിയും ചേര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ തട്ടിക്കളിക്കുന്ന കാഴ്ചകളാണു കഴിഞ്ഞ മൂന്നുദിവസമായി കൊല്‍ക്കത്തയില്‍ കണ്ടത്. ലക്ഷക്കണക്കിനു സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിച്ചു നാലായിരം കോടി രൂപ തട്ടിയെടുത്ത ശാരദാ ചിട്ടി തട്ടിപ്പിലെ പ്രതികളെ രക്ഷിക്കാന്‍ കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ ശ്രമിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയ സി.ബി.ഐ. സംഘത്തിനെ ബംഗാള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും അവരുടെ പ്രവര്‍ത്തനത്തെ തടയുകയും ചെയ്തതോടെയാണ് അസ്വസ്ഥത ജനിച്ചത്.
കേന്ദ്രത്തിന്റെ പോലീസും സംസ്ഥാനത്തിന്റെ പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ അതു രമ്യമായി പരിഹരിക്കാനാണു സംസ്ഥാന ഭരണാധികാരി ശ്രമിക്കേണ്ടത്. തന്റെ നാട്ടില്‍ ക്രമസമാധാനവും നിയമവ്യവസ്ഥയും പാലിക്കപ്പെടുക എന്നതാണല്ലോ ഏതൊരു മുഖ്യമന്ത്രിയുടെയും പ്രാഥമിക കര്‍ത്തവ്യം. എന്നാല്‍, ഇതിനു പകരം എരിതീയില്‍ എണ്ണയൊഴിക്കുകയാണു മമത ചെയ്തത്. തന്റെ കണ്ണിലുണ്ണിയായ പോലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് ഓടിയെത്തുക, അവിടെ സമരത്തിനു വേദിയാക്കുക എന്നിങ്ങനെ പക്വതയില്ലായ്മയുടെ പരമകോടിയിലുള്ള നടപടികളായിരുന്നു മമതയുടെ ഭാഗത്തു നിന്നുണ്ടായത്.
മമതാ ബാനര്‍ജിയുടെ വിശ്വസ്തനാണു ശാരദാ ചിട്ടിഫണ്ടിന്റെ സ്ഥാപകനായ സുദീപ്തോ സെന്‍ എന്നത് കണക്കിലെടുക്കുമ്പോള്‍ മമതയുടെ നടപടിയുടെ സത്യസന്ധത സംശയാസ്പദമാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണു താന്‍ സമരരംഗത്തിറങ്ങുന്നതെന്നാണ് മമത പറഞ്ഞത്. എന്നാല്‍, ജനാധിപത്യ മൂല്യത്തെയും ഭരണഘടനയുടെ അന്തഃസത്തയെയും കാറ്റില്‍ പറത്തുന്ന നടപടിയായിരുന്നു അവരുടേത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി സി.ബി.ഐയെവച്ച് രാഷ്ട്രീയം കളിക്കുന്നത് ഇതാദ്യമല്ല എന്നിരിക്കെ ആ ഇടപെടലിനെ നേരിടേണ്ടത് രാഷ്ട്രീയമായായിരുന്നു; നിയമം കൈയിലെടുത്തായിരുന്നില്ല. രാജ്യം കണ്ട ഏറ്റവും വലിയ ഒരു തട്ടിപ്പ് കേസ് സംബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി അന്വേഷണത്തിന് എത്തുമ്പോള്‍ അതുമായി സഹകരിക്കുക എന്നതാണ് ജനാധിപത്യ വിശ്വാസമുള്ള ഏതു നേതാവും ചെയ്യേണ്ടത്.
മമതയുടെ പല നടപടികളും അവര്‍ ഒരു ഏകാധിപത്യ മനോഭാവക്കാരിയാണെന്നു തെളിയിക്കുന്നതാണ്. സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളോട് ഏകാധിപതിയാകുന്നതു പോലെയല്ല, നിയമപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോട് പെരുമാറുന്നത്. അത് ഒരു ഭരണാധികാരിക്കും ഭുഷണമല്ല. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മമത നടത്തിയ നാടകത്തിനു വിവിധ പ്രധാന രാഷ്ട്രീയ കക്ഷികള്‍ പിന്തുണ നല്കി എന്നത് ദയനീയമായ രാഷ്ട്രീയമാണ്. മമതയുടെ പ്രതിഷേധം ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല എന്നതാണ് ഇതു സംബന്ധിച്ച് ഇന്നലത്തെ സുപ്രിം കോടതി നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നത്. സി.ബി.ഐയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും കമ്മിഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നുമാണ് കോടതി പറഞ്ഞത്. കമ്മിഷണറെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിര്‍ദേശം മമതയ്ക്കു കച്ചിത്തുരുമ്പാണ്.
2013-ലാണു ശാരദാ ചിട്ടി തട്ടിപ്പ് പുറത്തു വന്നത്. 2014-ല്‍ ഈ കേസ് സി.ബി.ഐയെ സുപ്രിം കോടതി ഏല്പിച്ചതാണ്. എന്നിട്ട് പൊതുതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോഴാണ് സി.ബി.ഐ. അന്വേഷണവുമായി എത്തിയത് എന്നത് സി.ബി.ഐയുടെയും അവരെ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും ഉദ്ദേശശുദ്ധിയെ സംശയനിഴലിലാക്കുന്നു. അന്വേഷണ സംവിധാനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനെ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്നതാണ് ബംഗാളിലെ ചെറുത്തു നില്പ്.