തിരുവല്ല: പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ 141ാം ജന്മദിനമഹോത്സവം പ്രത്യക്ഷ രക്ഷാദൈവസഭ (പി.ആര്.ഡി.എസ്) 13 മുതല്‍ 19 വരെ ഇരവിപേരൂര്‍ ശ്രീകുമാര്നഗറില് ആഘോഷിക്കും. 13നു രാവിലെ 8.30നു ശ്രീകുമാരഗുരുദേവ മണ്ഡപത്തിലെ പ്രത്യേക പ്രാര്‍ത്ഥനയ്ക്കുശേഷം പി.ആര്.ഡി.എസ്. പ്രസിഡന്റ് വൈ. സദാശിവന് കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് അടിമ സ്മാരകസ്തംഭത്തില്‍ പുഷ്പാര്‍ച്ചന.
ഉച്ചകഴിഞ്ഞു മൂന്നിന് എട്ടുകരസംഗമം നടക്കും. നാലിന്് പൊയ്ക പ്രദക്ഷിണത്തിനുശേഷം നടക്കുന്ന എട്ടുകര സമ്മേളനം സഭാ പ്രസിഡന്റ് വൈ. സദാശിവന് ഉദ്ഘാടനം ചെയ്യും. എട്ടുകര കണ്‍വീനര്‍ സി.കെ. ജ്ഞാനശീലന് അധ്യക്ഷത വഹിക്കും. 14ന് വൈകിട്ട് ഏഴിന് യുവജനസംഘം പ്രതിനിധി സംഗമം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘം വൈസ്പ്രസിഡന്റ് അനീഷ് വളഞ്ഞവട്ടം അധ്യക്ഷത വഹിക്കും.
15 ന് രാത്രി എട്ടിന് ഗുരുകുല ശ്രേഷ്ഠന് ഇ.ടി. രാമന്റെ അധ്യക്ഷതയില്‍ ചേരുന്ന മതസമ്മേളനം മഠാധിപതി ശിവാചാര്യന്‍ ഉദ്ഘാടനം ചെയ്യും. ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. ഡാനിയേല്‍ വര്‍ഗീസ് മുഖ്യാതിഥിയായിരിക്കും. പി.ആര്.ഡി.എസ്. ഗുരുകുലശ്രേഷ്ഠന്‍ എം. ഭാസ്കരന് മുഖ്യപ്രഭാഷണം നടത്തും. 16ന് രാവിലെ കുമാരദാസംഘം ക്യാപ്റ്റന്മാരുടെയും ദാസസംഘാംഗങ്ങളുടേയും പ്രത്യേക യോഗം നടക്കും. 10.30ന് എംപ്ലോയീസ് ഫോറം കണ്‍വീനര്‍ ഡോ. കെ. സുരേഷ്കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന പി.ആര്.ഡി.എസ്. എംപ്ലോയീസ് ഫോറം സമ്മേളനം പി.കെ. ബിജു എം.പി. ഉദ്ഘാടനം ചെയ്യും. സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് നാലിന് നെല്ലാട് ജങ്ഷനില്‍നിന്നും ശ്രീകുമാരഗുരുദേവ മണ്ഡപത്തിലേക്ക് ഭക്തിഘോഷയാത്ര. രാത്രി എട്ടിന് പി.ആര്.ഡി.എസ്. പ്രസിഡന്റ് വൈ. സദാശിവന് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. പി.ജെ. കുര്യന് മുഖ്യാതിഥിയായിരിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. സപ്ലിമെന്റ് പ്രകാശനം ആന്റോ ആന്റണി എം.പി. നിര്‍വഹിക്കും. 17ന് ഉച്ചയ്ക്ക് രണ്ടിന് സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ അധ്യക്ഷതയില്‍ ചേരുന്ന ജന്മദിന സമ്മേളനം മന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യാതിഥിയായിരിക്കും.
അഞ്ചിന് നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രസിഡന്റ് കെ.എസ്. ആനന്ദം അധ്യക്ഷത വഹിക്കും. വീണാ ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഏഴിന് യുവജനസംഘം പ്രസിഡന്റ് രഞ്ജിത്ത് പുത്തന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന വിദ്യാര്‍ഥി യുവജന സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് എസ്. കലേഷ് മുഖ്യപ്രഭാഷണം നടത്തും. 18ന് വിവിധ കമ്മിറ്റികളുടെ സംയുക്തയോഗവും, 19ന് രാവിലെ പത്തിന് ഗുരുകുലസമിതി ഹൈക്കൗണ്‍സില്‍ സംയുക്തയോഗം. വൈകിട്ട് അഞ്ചിന് ശ്രീകുമാരഗുരുദേവ മണ്ഡപത്തിലെ പ്രത്യേക പ്രാര്‍ഥനയ്ക്കുശേഷം സഭാ പ്രസിഡന്റ് വൈ. സദാശിവന് കൊടിയിറക്കുന്നതോടെ ജന്മദിനാഘോഷം സമാപിക്കും.