''പരീക്ഷക്കാലമെത്താറായി. ഭക്ഷണ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ പരീക്ഷക്കാലത്ത് ഉന്മേഷത്തോടെയിരിക്കാം. തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന, ശരീരത്തെ ഉന്മേഷത്തോടെയിരിക്കാന് സഹായിക്കുന്ന ചില ഭക്ഷണങ്ങളിതാ... ''
1. ക്യാരറ്റ് ജിഞ്ചര്‍ ടെര്‍മറിക് സൂപ്പ്
ആവശ്യമുള്ള സാധനങ്ങള്‍
ഒലിവ് ഓയില്‍ - ഒരു ടേബിള്‍ സ്പൂണ്‍
ക്യാരറ്റ് - 3 എണ്ണം (തൊലികളഞ്ഞ് ചതുരത്തില്‍ അരിഞ്ഞത്)
സവാള - ഒരെണ്ണം(വലിയ കഷണങ്ങളാക്കിയത്)
വെളുത്തുള്ളി അരിഞ്ഞത് - 2 അല്ലി
ഇഞ്ചി കൊത്തിയരിഞ്ഞത് - ഒരു ചെറിയ കഷണം
മഞ്ഞള്‍ - രണ്ട് ഇഞ്ച് വലിപ്പത്തിലുള്ള രണ്ടെണ്ണം (ഗ്രേറ്റ് ചെയ്തത്)
വെജിറ്റബിള്‍ സ്റ്റോക്ക് - 4 കപ്പ്
കട്ടി തേങ്ങാപ്പാല്‍- ആവശ്യത്തിന്
കുരുമുളകുപൊടി - കുറച്ച്
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ഒരു പ്രഷര്‍ കുക്കര്‍ അടുപ്പില്‍വച്ച് ചൂടാക്കി ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇതിലേക്ക് സവാള കഷണങ്ങളാക്കിയത് ചേര്‍ത്ത് വഴറ്റുക. സവാള വാടിത്തുടങ്ങുമ്പോള്‍ വെളുത്തുള്ളി, മഞ്ഞള്‍, ഇഞ്ചി ഇവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് ക്യാരറ്റും വെജിറ്റബിള്‍ സ്റ്റോക്കും പാകത്തിന് ഉപ്പും ചേര്‍ത്ത് കുക്കര്‍ അടച്ച് നാല് വിസിലടിപ്പിക്കുക. വെന്തശേഷം അടുപ്പില്‍നിന്നിറക്കി ചൂടാറുമ്പോള്‍ മിക്സിയില്‍ നന്നായി അരച്ചെടുക്കാം. വിളമ്പുമ്പോള്‍ മുകളില്‍ തേങ്ങാപ്പാല്‍ ഒഴിച്ച് കുരുമുളകുപൊടിയും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ക്കാവുന്നതാണ്. (ശരീരത്തില്‍ രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കാനും ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കാനും ക്യാരറ്റിന് കഴിയും)
2. ദേ പുട്ട് ഹെല്‍ത്തി
ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - ഒരു കപ്പ്
ഗോതമ്പുപൊടി - ഒരു കപ്പ്
റാഗിപ്പൊടി - ഒരു കപ്പ്
തേങ്ങ ചിരകിയത് - 2 കപ്പ്
ഉപ്പ് - പാകത്തിന്
വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പൊടികളോരോന്നും പാകത്തിന് വെളളവും ഉപ്പും ചേര്‍ത്ത് വെവ്വേറെ പുട്ടിനു പാകത്തില്‍ നനച്ചെടുക്കുക. (നനച്ചശേഷം പൊടി മിക്സിയില്‍ ഒന്നു കറക്കിയെടുത്താല്‍ കൂടുതല്‍ മയം കിട്ടും) പുട്ടുകുറ്റിയിലേക്ക് ആദ്യം കുറച്ച് തേങ്ങ ചിരകിയത് അതിനു മുകളിലായി അരിപ്പൊടി വീണ്ടും തേങ്ങ ചിരകിയത്, ഗോതമ്പുപൊടി, തേങ്ങ ചിരകിയത് ശേഷം റാഗിപ്പൊടി എന്നിങ്ങനെ മൂന്ന് ലയറുകളായിട്ട് ആവികയറ്റി വേവിച്ചെടുക്കുക. കടലക്കറിക്കോ പയറിനോ ഒപ്പം പ്രഭാത ഭക്ഷണമായി വിളമ്പാം.
3. ട്രിപ്പിള്‍ സ്മൂത്തി
ആവശ്യമുള്ള സാധനങ്ങള്‍
റോബസ്റ്റ അല്ലെങ്കില്‍ ഏത്തപ്പഴം അരിഞ്ഞത് - ഒരെണ്ണം (ഫ്രീസറില്‍ വച്ച് തണുപ്പിച്ചത്)
പാല് - 1/4 കപ്പ്
പൈനാപ്പിള്‍ അരിഞ്ഞത് - 1 1/4 കപ്പ്
കട്ടത്തൈര് - 1/2 കപ്പ്
സ്പിനാച്ച് അരിഞ്ഞത് - 1 1/2 കപ്പ്
നാരങ്ങാനീര് - ഒരു നാരങ്ങയുടേത്
തയാറാക്കുന്ന വിധം
പാല്, പഴം ഇവ മിക്സിയുടെ ജാറിലെടുത്ത് ക്രീം പരുവത്തില്‍ അടിച്ചെടുക്കുക. ഇതിലേക്ക് പൈനാപ്പിള്‍, തൈര് ഇവ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം സ്പിനാച്ച് അരിഞ്ഞതും നാരങ്ങാനീരും ചേര്‍ത്ത് നന്നായി അരച്ചെടുത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് ഉടന്‍ വിളമ്പാം. ആവശ്യമെങ്കില്‍ മധുരം ചേര്‍ക്കാവുന്നതാണ്. (വളരെ പോഷക സമ്പുഷ്ടവും ആരോഗ്യപ്രദവുമാണിത്. )
4. റെഡ് റൈസ് ദോശ
ആവശ്യമുള്ള സാധനങ്ങള്‍
കുത്തരി - ഒരു കപ്പ്
ഉഴുന്ന് - 1/2 കപ്പ്
ഉലുവ - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെള്ളം - ആവശ്യത്തിന്
നല്ലെണ്ണ - കുറച്ച്
തയാറാക്കുന്ന വിധം
അരി ആറ് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് വയ്ക്കുക. ഉഴുന്നും ഉലുവയും ഒരുമിച്ചെടുത്ത് അതും വെള്ളത്തില്‍ ആറ് മണിക്കൂര്‍ കുതിര്‍ക്കുക.
ആദ്യം ഉഴുന്നും ഉലുവയും പാകത്തിന് വെളളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ശേഷം അരി അരച്ചെടുക്കാം. അരച്ചെടുത്ത രണ്ട് കൂട്ടും ഒരുമിച്ച് യോജിപ്പിച്ച് ഉപ്പും ചേര്‍ത്ത് ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വയ്ക്കുക. ദോശക്കല്ലില്‍ എണ്ണ പുരട്ടി മാവൊഴിച്ച് പരത്തുക. തേങ്ങാച്ചമ്മന്തിക്കൊപ്പം വിളമ്പാവുന്നതാണ്. (ചുവന്ന അരിയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇവയിലെ വിറ്റാമിനുകളെ കാര്‍ബോ ഹൈഡ്രേറ്റ് ഊര്‍ജമാക്കി മാറ്റുന്നു.)
5. ബ്രൗണ്‍ ബ്രഡ് ഉപ്പുമാവ്
ആവശ്യമുളള സാധനങ്ങള്‍
ബ്രൗണ്‍ ബ്രഡ് - 8 സ്ലൈസ്
വെജിറ്റബിള്‍ ഓയില്‍ - ഒരു ടേബിള്‍ സ്പൂണ്‍
കടുക് - 1/4 ടീസ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
സവാള - ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് - 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഉരുളക്കിഴങ്ങ് പുഴുങ്ങി ചതുരത്തില്‍ മുറിച്ചത് - ഒരെണ്ണം
ഉപ്പ് - പാകത്തിന്
മല്ലിയില - അലങ്കരിക്കാന്‍
നാരങ്ങാനീര് - ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ബ്രഡ് മിക്സിയിലിട്ട് അല്പസമയം കറക്കി ചെറുതായി പൊടിച്ചെടുക്കുക. ഒരു പാനില്‍ വെജിറ്റബിള്‍ ഓയില്‍ ഒഴിച്ച് ചൂടാക്കി കടുക്, ജീരകം ഇവ പൊട്ടിച്ച ശേഷം സവാള അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. സവാള വാടി വരുമ്പോള്‍ ഉരുളക്കിഴങ്ങും ചേര്‍ക്കാം.ഇനി ഇതിലേക്ക് ബ്രൗണ്‍ബ്രഡ് പൊടിച്ചത് ഇട്ട് ഉപ്പും ചേര്‍ത്ത് അല്‍പ്പം വെള്ളവും കുടഞ്ഞ് നന്നായി ഇളക്കി മൂടി വച്ച് ചൂടാക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. മല്ലിയില വിതറി നാരങ്ങാനീരും കുടഞ്ഞ് വിളമ്പാം. (അന്നജം ധാരാളമടങ്ങിയ ഭക്ഷണമാണ് കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണമായി നല്‍കേണ്ടത്. ഇത് കുട്ടികളെ ക്ഷീണമില്ലാതെ പഠിക്കാനും ഉന്മേത്തോടെയിരിക്കാനും സഹായിക്കുന്നു.)
6. ആല്‍മണ്ട് ഡേറ്റ്സ് എനര്‍ജി ബൈറ്റ്സ്
ആവശ്യമുള്ള സാധനങ്ങള്‍
റാഗിപ്പൊടി - 1/2 കപ്പ്
ചോളപ്പൊടി (കോണ്‍ പൗഡര്‍) - 1/2 കപ്പ്
ഈന്തപ്പഴം കുരുകളഞ്ഞ് അരിഞ്ഞത് - ഒരു കപ്പ്
ബദാം (ചെറുതായി പൊടിച്ചത്) - ഒരു കപ്പ്
തേങ്ങ ചിരകിയത് - ഒരു കപ്പ്
തേന്‍ - 1/2 കപ്പ്
തയാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ റാഗിപ്പൊടിയും ചോളപ്പൊടിയും എടുത്ത് ഇടത്തരം തീയില്‍ അല്പസമയം ചൂടാക്കുക.
ശേഷം അടുപ്പില്‍ നിന്നിറക്കി ചൂടാറാന്‍ വയ്ക്കാം. പൊടികള്‍, ഈന്തപ്പഴം, ബദാം, തേങ്ങ തേന്‍ ഇവ ഒരുമിച്ച് ഒരു പാത്രത്തിലെടുത്ത് കൈ കൊണ്ട് നന്നായി കുഴച്ച് യോജിപ്പിക്കുക. ഇത് നെല്ലിക്കാവലിപ്പത്തിലുള്ള ഉരുളകളായി ഉരുട്ടിയെടുത്ത് വിളമ്പാം. (പോഷക സമ്പുഷ്ടമായ നാലുമണി പലഹാരമാണിത്)
7. ഹെല്‍ത്തി ഓട്ട്മില്‍ ഇന്‍ ത്രീ മിനിറ്റ്
ആവശ്യമുള്ള സാധനങ്ങള്‍
ഓട്സ് - ഒരു കപ്പ്
പാല് - 2 കപ്പ്
റോബസ്റ്റ ഉടച്ചത് - ഒരെണ്ണം
വാനില എസന്‍സ് - 1/2 ടീസ്പൂണ്‍
കറുവാപ്പട്ടപ്പൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരുമിച്ച് ഒരു സോസ്പാനിലെടുത്ത് ചെറു തീയില്‍ ചൂടാക്കുക. തിളച്ച് ഓട്സ് കുറുകി വരുമ്പോള്‍ അടുപ്പില്‍നിന്നിറക്കി ചൂടോടെ വിളമ്പാം.
റ്റോഷ്മ ബിജു വര്‍ഗീസ്