Tuesday, February 12, 2019 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 01.48 AM

കരിപ്പുര്‍ ഇനിയും ചിറകുവിരിക്കട്ടെ

uploads/news/2019/02/285689/editorial.jpg

കരിപ്പുര്‍ വിമാനത്താവളത്തെ കേരള സര്‍ക്കാര്‍ അവഗണിക്കുകയാാണെന്ന്‌ പ്രതിപക്ഷം നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരിക്കുകയാണ്‌. ഇതിന്റെ പേരില്‍ അവര്‍ ഇറങ്ങിപ്പോവുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ നാട്ടിലെ കണ്ണൂര്‍ വിമാനത്താവളം ഉദ്‌ഘാടനം ചെയ്യപ്പെട്ടതോടെ കരിപ്പുര്‍ അവഗണിക്കപ്പെടുകയാണെന്നാണ്‌ പ്രതിപക്ഷം പറയുന്നത്‌. കണ്ണുര്‍ വിമാനത്താവളത്തിന്റെ മുന്നില്‍ കരിപ്പുരിന്റെ പ്രസക്‌തി ഇല്ലാതാകുമെന്ന ഭയമാണ്‌ പ്രതിപക്ഷവും കോഴിക്കോട്‌, മലപ്പുറം മേഖലയിലെ ജനങ്ങളും മുന്നോട്ടു വയ്‌ക്കുന്നത്‌. വികസന സാധ്യതകള്‍ വച്ചു നോക്കുമ്പോള്‍ കരിപ്പൂരിനെ ബഹുദൂരം പിന്നിലാക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‌ സാധിക്കുമെന്നത്‌ ഉറപ്പാണ്‌. പക്ഷേ, കരിപ്പുര്‍ വിമാനത്താവളത്തിന്റെ വികസനം ഉറപ്പു വരുത്തേണ്ടത്‌ മലബാര്‍ മേഖലയുടെ താത്‌പര്യത്തിന്‌ പ്രധാനമാണ്‌.

1988-ല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ കേരളത്തിലെ രണ്ടാമത്തെ പ്രധാന വിമാനത്താവളമായിരുന്നു കരിപ്പുര്‍. അന്നു നെടുമ്പാശേരി വിമാനത്താവളത്തെ കുറിച്ച്‌ ആലോചിച്ചു തുടങ്ങിയിട്ടു പോലുമില്ല. ഉത്തര മലബാര്‍ മുതല്‍ ഉള്ളവരുടെ ആശ്രയമായിരുന്ന കരിപ്പുരില്‍ 1992-ലാണ്‌ രാജ്യാന്തര സര്‍വീസ്‌ തുടങ്ങിയത്‌. മുംബൈ വിമാനത്താവളത്തിലെ ചൂഷണത്തിന്‌ ഇരായിക്കൊണ്ടിരുന്ന ഗള്‍ഫ്‌ മേഖലയില്‍ നിന്നുള്ള മലയാളികള്‍ക്ക്‌ കരിപ്പുര്‍ വിമാനത്താവളം നല്‍കിയ ആശ്വാസം ചെറുതൊന്നുമല്ല. കൂടുതല്‍ യാത്രക്കാരെ ഉള്‍കൊള്ളാവുന്ന വലിയ വൈഡ്‌ ബോഡി വിമാനങ്ങള്‍ ഇവിടെ ഇറങ്ങിക്കൊണ്ടിരുന്നതുമാണ്‌. എന്നാല്‍, 2010-ലെ മംഗലാപുരം വിമാനാപകടത്തെ തുടര്‍ന്ന്‌ കരിപ്പുരിലെ സുരക്ഷാ കാര്യത്തില്‍ സംശയം ഉടലെടുത്തു. മലഞ്ചെരിവിലുള്ള ടേബിള്‍ ടോപ്പ്‌ വിമാനത്താവളമായിരുന്നു മംഗലാപുരത്തേത്‌. ഇതിനു സമാനമാണ്‌ കരിപ്പുരിലെ ഭൂപ്രകൃതി. ഇത്‌ അപകടകാരണമാകുമോ എന്ന സംശയത്തെ തുടര്‍ന്ന്‌ 2015-ല്‍ കരിപ്പുരിലെ വിമാനയാത്രയ്‌ക്ക്‌ നിയന്ത്രണമേര്‍പെടുത്തി. കരിപ്പുരിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായിരുന്ന ഹജ്‌ യാത്ര കൊച്ചിയിലേക്ക്‌ മാറ്റുകയും ചെയ്‌തു. വിമാനത്താവളം അറ്റകുറ്റപ്പണിക്ക്‌ ശേഷം തുറക്കാന്‍ വൈകിയത്‌ ഈ മേഖലയില്‍ ആശങ്കയ്‌ക്കിടയാക്കിയിരുന്നു. കരിപ്പുരിന്റെ പ്രസക്‌തി തീരെ നഷ്‌ടമാകുമോ എന്ന സംശയം ഉയര്‍ന്നുവരവെയാണ്‌ കഴിഞ്ഞവര്‍ഷമവസാനം വലിയ വിമാനങ്ങള്‍ കരിപ്പുരിലേക്ക്‌ തിരിച്ചെത്തിയത്‌. ഹജ്‌ യാത്രയും തിരിച്ചെത്തുകയാണ്‌. ഇത്‌ ആശ്വാസമാണെങ്കിലും വിമാനത്താവളത്തിന്റെ ഭാവിയെ ചൊല്ലി ഇനിയും സന്ദേഹം ബാക്കിയുണ്ടെന്നതാണ്‌ എം.കെ. മുനീര്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പറയുന്നതില്‍ നിന്ന്‌ മനസിലാക്കേണ്ടത്‌.

പൊതുമേഖലയില്‍ ഏറെ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന വിമാനത്താവളമാണ്‌ കരിപ്പുരിലേത്‌. ഗള്‍ഫ്‌, ഹജ്‌ യാത്രക്കാരാണ്‌ കരിപ്പുരിനെ ലാഭത്തിലെത്തിച്ചിരുന്നതും. ആ മേല്‍ക്കൈ കരിപ്പുരിന്‌ തിരിച്ചു കിട്ടാനാവണം കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്‌. കരിപ്പൂരിന്‌ ആവശ്യമായ പിന്തുണ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്‌. വികസനത്തിനു വേണ്ടത്ര സ്‌ഥലം ഇനിയും ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌ഥലമെടുപ്പിനോട്‌ സഹകരിക്കാമെന്ന്‌ പ്രതിപക്ഷം നിയമസഭയെ അറിയിച്ചത്‌ സ്വാഗതാര്‍ഹമാണ്‌. സര്‍ക്കാരും പ്രതിപക്ഷവും സംയുക്‌തമായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുന്നോട്ടു വരണം. കേന്ദ്ര സര്‍ക്കാരിന്‌ അവരുടെ സ്വപ്‌നപദ്ധതിയായ ഉഡാനില്‍ ഉള്‍പ്പെട്ട വിമാനത്താവളങ്ങള്‍ നിര്‍മിക്കാനാണ്‌ താത്‌പര്യം. അതിനിടയില്‍ കരിപ്പുരിന്റേതു പോലുള്ള ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടുകൂടാ.

Ads by Google
Tuesday 05 Feb 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW