Wednesday, July 17, 2019 Last Updated 47 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 01.47 AM

ബംഗാള്‍ രണഭൂമിയില്‍ സി.ബി.ഐ. മേധാവി വഴിയൊരുക്കുമോ?

uploads/news/2019/02/285688/bft1.jpg

സി.ബി.ഐയില്‍ പ്രവര്‍ത്തന പരിചയമില്ലാത്ത പുതിയ മേധാവി ഋഷി കുമാര്‍ ശുക്ലയ്‌ക്ക്‌ ഭീകരരുമായുള്ള ഏറ്റുമുട്ടലിലും സംഘര്‍ഷാത്മക വിഷയങ്ങളില്‍ ഇടപെട്ടുമാണു പരിചയം. നിനച്ചിരിക്കാത്ത സമയത്തു ചുമതല ഏറ്റെടുക്കേണ്ടി വന്ന അദ്ദേഹത്തിന്‌ ആദ്യമായി അഭിമുഖീകരിക്കേണ്ടി വന്നതും ഏറ്റുമുട്ടലിന്‌ സമാനമായ സാഹചര്യം തന്നെ. മധ്യപ്രദേശ്‌ പോലീസ്‌ മേധാവി സ്‌ഥാനത്ത്‌ നിന്ന്‌ മാറി മൂന്നു ദിവസത്തിനകം നേരിടേണ്ടത്‌ ബംഗാള്‍ പോലീസിനെയും.
ശാരദാ ചിട്ടിഫണ്ട്‌ കേസില്‍ സമാഹരിച്ച ഇലക്‌ട്രോണിക്‌ തെളിവുകളടക്കം പോലീസ്‌ ഇടപെട്ട്‌ നശിപ്പിച്ചുവെന്നാണ്‌ സി.ബി.ഐ. ഇന്നലെ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത്‌. അങ്ങനെയെങ്കില്‍ നശിപ്പിച്ചതിന്റെ തെളിവുകളടക്കം ഇന്നു ഹാജരാക്കാനാണ്‌ കോടതി നിര്‍ദേശിച്ചിരിക്കുന്നത്‌. സി.ബി.ഐക്കും ബംഗാള്‍ സര്‍ക്കാരിനും നിര്‍ണായകമായ തെളിവ്‌ ഒറ്റദിവസം കൊണ്ടു ശേഖരിക്കുകയെന്നതാണു ശുക്ലയ്‌ക്ക്‌ മുന്നിലെ പ്രധാന വെല്ലുവിളി.

പ്രതിപക്ഷ ആശങ്ക
------------------
ഭരണകൂടങ്ങളുടെ െകെപ്പിടിയിലൊതുങ്ങുന്ന അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷത്തിന്‌ എക്കാലത്തും അലോസരവും അസ്വസ്‌ഥതയുമാണ്‌ സൃഷ്‌ടിക്കാറുള്ളത്‌. കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐയെ പ്രതിപക്ഷത്തിനെതിരായ നീക്കങ്ങള്‍ക്ക്‌ ആയുധമാക്കുന്നുവെന്ന ആരോപണത്തിന്‌ പുതുമയൊന്നുമില്ല. എതിര്‍പക്ഷത്തെ തുറന്നു കാണിക്കാനും ഭരണപക്ഷത്തെ ഒളിപ്പിച്ച്‌ നിര്‍ത്താനും സി.ബി.ഐയെ ഭരണകൂടം സമര്‍ഥമായി ഉപയോഗിക്കാറുണ്ട്‌. കഴിഞ്ഞ യു.പി.എ. സര്‍ക്കാറിന്റെ കാലത്ത്‌ കോടികളുടെ അഴിമതി കുംഭകോണങ്ങള്‍ നടന്നിട്ടും സി.ബി.ഐ. ഫലപ്രദമായി ഇടപ്പെട്ടില്ലെന്ന വിമര്‍ശനം സുപ്രീം കോടതി തന്നെ ഉന്നയിച്ചതുമാണ്‌.
പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ സര്‍ക്കാരിനു കീഴിലായിരുന്ന സി.ബി.ഐ ഏറ്റുമുട്ടല്‍ കേസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിട്ടുമുണ്ട്‌. നിലവില്‍ മോഡി സര്‍ക്കാരിനെതിരേ വലിയ അഴിമതികളൊന്നും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന്‌ സാധിച്ചിട്ടില്ല. എന്നാല്‍, പ്രതിപക്ഷനിരയിലെ പ്രമുഖര്‍ക്കെതിരേ സി.ബി.ഐയുടെ അന്വേഷണ പരിധിയില്‍ ഗൗരവതരമാര്‍ന്ന കേസുകളുമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പ്രതിപക്ഷത്തിന്‌ സി.ബി.ഐ. ആശങ്കയും ഭരണപക്ഷത്തിന്‌ സാധ്യതയുമായി മാറുന്നത്‌.

ആയുധമാകുന്ന ഏജന്‍സികള്‍
------------------------------

പൊതു തെരഞ്ഞെടുപ്പിലെ രാഷ്‌ട്രീയസാഹചര്യം ഉരുത്തിരിയപ്പെടുന്നതിനൊത്ത്‌ സി.ബി.ഐയെ ഉപയോഗിച്ച്‌ കേസ്‌ മുറുക്കുകയും അഴിക്കുകയും ചെയ്യുകയെന്ന തന്ത്രപരമായ നീക്കത്തിന്‌ തന്നെയായിരുന്നു മോഡി സര്‍ക്കാരിന്റെയും നീക്കം. മോഡിയുടെ നിശിതവിമര്‍ശകനായ ലാലു പ്രസാദ്‌ യാദവടക്കം അഴിക്കുള്ളിലാവുകയും അതിനൊത്ത്‌ പ്രാദേശിക രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുകയും ചെയ്‌തു. പുതിയചേരിയുടെ നേതൃസ്‌ഥാനങ്ങള്‍ മോഡി ലക്ഷ്യമാക്കിയപ്പോഴാണ്‌ സി.ബി.ഐ. തലപ്പത്ത്‌ ചേരിപ്പോര്‌ രൂക്ഷമാകുന്നത്‌.
അന്വേഷണ ഏജന്‍സിയില്‍ പടലപ്പിണക്കം ശക്‌തമായതോടെ സര്‍ക്കാരിന്‌ സി.ബി.ഐയിലുള്ള വിശ്വാസ്യതയും കുറഞ്ഞു. ചേരിപ്പോര്‌ കോടതി കയറുകയും കൂട്ടുത്തരവാദിത്വം നഷ്‌ടമായതോടെ മുതിര്‍ന്ന ഉദാ്യേഗസ്‌ഥര്‍ തന്നെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുകയും ചെയ്‌തതോടെ സര്‍ക്കാര്‍, മറ്റ്‌ ഏജന്‍സികള്‍ക്കുമേല്‍ പിടിമുറുക്കി. എതിര്‍പക്ഷത്തെ പിടിച്ചുകെട്ടാനും വറുതിയില്‍ നിര്‍ത്താനും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനെയും റവന്യൂ ഇന്റലിജന്‍സിനെയും കയറൂരി വിട്ടു.
ഈ ഏജന്‍സികള്‍ അവരില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി ചെയ്‌ത്‌ തുടങ്ങിയതോടെ തന്നെ എതിര്‍പ്പാളയം കിടുങ്ങി. കര്‍ണാടകയിലെ രാഷ്‌ട്രീയ അസ്‌ഥിരതയിലും ഉത്തര്‍പ്രദേശിലെ പുതുസഖ്യ പ്രഖ്യാപനത്തിലുമെല്ലാം തുടര്‍നടപടിയായി ഈ ഏജന്‍സികളുടെ ഇടപെടലുണ്ടായി. ഇതിനിടെയാണു പുതിയ മേധാവിയുടെ കരുത്തില്‍ സി.ബി.ഐയും സടകുടഞ്ഞ്‌ എഴുന്നേല്‍ക്കുന്നത്‌.

ധര്‍ണയുടെ രാഷ്‌ട്രീയം
------------------------

പതിമൂന്ന്‌ വര്‍ഷം മുമ്പ്‌ നടത്തിയ ധര്‍ണാ സമരത്തിലൂടെയാണ്‌ മമതാ ബാനര്‍ജി ബംഗാളിലെ ഇടതു കുത്തകയ്‌ക്ക്‌ അന്ത്യംകുറിച്ച്‌ അധികാരത്തിലേറിയത്‌. ഇടതുസര്‍ക്കാര്‍ സിംഗൂരില്‍ ഭൂമി ഏറ്റെടുത്തതില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ നേതൃസ്‌ഥാനം ഏറ്റെടുത്തായിരുന്നു ധര്‍ണ.
എന്നാല്‍, തന്റെ ആധിപത്യത്തിന്‌ വിള്ളല്‍ വീണേക്കുമെന്ന ആശങ്കയിലും തെരഞ്ഞെടുപ്പില്‍ നിലനില്‍പ്പ്‌ ഭദ്രമാക്കാനുള്ള തന്ത്രപ്പാടിലുമാണ്‌ മുഖ്യമന്ത്രി മമതയുടെ ധര്‍ണ.മോഡിക്കെതിരേ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം മുന്നോട്ടുവയ്‌ക്കാനുള്ള തന്ത്രപരമായ നീക്കം കൂടിയാണിത്‌. മോഡിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ സംയുക്‌ത റാലിക്ക്‌ നേതൃത്വം വഹിച്ചതും മമതയായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ആ യോഗത്തില്‍ 23 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 25 നേതാക്കളാണ്‌ പങ്കെടുത്തത്‌.
സി.ബി.ഐയ്‌ക്കെതിരായി നടത്തുന്ന ധര്‍ണയ്‌ക്ക്‌ പ്രതിപക്ഷ നേതാക്കള്‍ പിന്തുണ അറിയിച്ച്‌ രംഗത്തെത്തുകയും പാര്‍ലമെന്റ്‌ പ്രതിപക്ഷ പ്രതിഷേധത്താല്‍ സ്‌തംഭിച്ചതും ശ്രദ്ധേയം. പാര്‍ലമെന്റില്‍ ഇടതു പിന്തുണയും ലഭിച്ചു. പ്രധാനമന്ത്രി സ്‌ഥാനത്തേക്ക്‌ പ്രതിപക്ഷ നിരയിലെ എതിരാളിയെങ്കിലും മമതയ്‌ക്ക്‌ പിന്തുണയുമായി രാഹുലും രംഗത്തെത്തി.

ബംഗാള്‍ വികാരം
---------------
പൊതു തെരഞ്ഞെടുപ്പിന്‌ ശേഷം ബി.ജെ.പിക്ക്‌ വ്യക്‌തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കൂടുതല്‍ സീറ്റ്‌ നേടി ശക്‌തമായ സാന്നിധ്യമാകുന്ന പ്രാദേശികപാര്‍ട്ടി നേതാക്കള്‍ക്കും പ്രധാനമന്ത്രി സ്‌ഥാനത്തേക്ക്‌ ഒരു െകെ നോക്കാമെന്നാണ്‌ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ബംഗാളില്‍ നിന്ന്‌ 35 സീറ്റെങ്കിലും നേടണമെന്ന തിരിച്ചറിവും മമതയ്‌ക്കുണ്ട്‌. അതേസമയം, ഉത്തര്‍പ്രദേശില്‍ എസ്‌.പി- ബി.എസ്‌.പി. സഖ്യത്തില്‍ നഷ്‌ടമാകുന്ന സീറ്റുകള്‍ ബംഗാളില്‍ നിന്ന്‌ നേടാനുള്ള കരുനീക്കമാണ്‌ മോഡി-ഷാ കൂട്ടുകെട്ടിന്റേത്‌.
റാലികള്‍ തടഞ്ഞും നേതാക്കളെത്തുന്നത്‌ വിലക്കിയും ബി.ജെ.പിയുടെ കാടിളക്കിയുള്ള പ്രചാരണത്തെ ഭരണകൂട സാധ്യതകള്‍ ഉപയോഗപ്പെടുത്തി മമത ഒതുക്കി നിര്‍ത്തുന്നുണ്ട്‌. അതിനൊപ്പമാണ്‌ ബംഗാള്‍ വികാരമുണര്‍ത്തിയുള്ള പ്രതിരോധത്തിനും തയാറാവുന്നത്‌.

കരുതലോടെ കേന്ദ്രനീക്കം
-------------------------
സംസ്‌ഥാനത്ത്‌ ഭരണഘടനാ പ്രതിസന്ധിക്ക്‌ സമാനമായ സാഹചര്യമാണ്‌ നിലനില്‍ക്കുന്നതെന്ന തരത്തിലാണ്‌ ബംഗാള്‍ ഗവര്‍ണര്‍ ത്രിപാഠി, കേന്ദ്ര ആഭ്യന്തര മന്ത്രിക്ക്‌ ആദ്യ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.
റിപ്പോര്‍ട്ടിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്‌ വിടാനാവില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണവും. സംസ്‌ഥാനത്ത്‌ പോലീസിന്റെ ഭാഗത്ത്‌ നിന്ന്‌ അധികാരദുര്‍വിനിയോഗം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണഘടനാ പ്രതിസന്ധിയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്‌ സംസ്‌ഥാനങ്ങളില്‍ ഇടപെടാന്‍ സാധിക്കും. സംസ്‌ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട്‌ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്താം.
എന്നാല്‍, തെരഞ്ഞെടുപ്പ്‌ ആസന്നമായ സാഹചര്യത്തില്‍ വരുംവരായ്‌മകള്‍ ആലോചിച്ച്‌ മാത്രമേ കേന്ദ്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ഇന്നത്തെ സുപ്രീം കോടതി വിധി തന്നെയാണ്‌ കേന്ദ്ര നീക്കത്തിനും നിര്‍ണായകമാകുക.

കൊല്‍ക്കത്ത നിര്‍ണായകം

അഗസ്‌റ്റ- വെസ്‌റ്റ്‌ലാന്‍ഡ്‌, ടു ജി അഴിമതി, കല്‍ക്കരി അഴിമതി, എയര്‍ ഇന്ത്യാ കുംഭകോണം, ഉത്തര്‍പ്രദേശിലെ മണല്‍ഖനനക്കേസ്‌, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം, ബൂപേന്ദര്‍ സിങ്‌ ഹൂഡ എന്നിവര്‍ക്കെതിരായ കേസുകള്‍, ശാരദാ ഫണ്ട്‌ തട്ടിപ്പ്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌ മുന്‍ സി.ഇ.ഒ: ചാന്ദ കൊച്ചാറിനെതിരായ കേസുകള്‍ തുടങ്ങിയവ സി.ബി.ഐ. അന്വേഷിക്കുന്നതു പ്രതിപക്ഷനേതാക്കളുടെ ഉറക്കം കെടുത്തുന്നു. സോണിയയും രാഹുല്‍ ഗാന്ധിയും പോലും പ്രതിപ്പട്ടികയിലുണ്ട്‌. തെഞ്ഞെടുപ്പ്‌ ആസന്നമായിരിക്കേ കേസുകളില്‍ പിടിമുറുക്കാനാണ്‌ കേന്ദ്ര നീക്കം. അഴിമതിക്കേസുകളിലെ ശക്‌തമായ നടപടിയാണ്‌ തനിക്കെതിരായ പ്രതിപക്ഷ ഐക്യനീക്കത്തിനും സംയുക്‌ത യുദ്ധകാഹളത്തിനും കാരണമെന്നാണ്‌ മോഡിയുടെ വിശദീകരണവും. അതിനാല്‍, തന്നെ കൊല്‍ക്കത്തയിലെ പുതിയ രാഷ്‌ട്രീയ സാഹചര്യം സമര്‍ഥമായി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ്‌ ഇരുപക്ഷവും.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Tuesday 05 Feb 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW