Wednesday, June 19, 2019 Last Updated 9 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 04 Feb 2019 11.02 AM

വിവാഹത്തോടെ സിനിമ വേണ്ടെന്നുവച്ചത് തെറ്റായിപ്പോയി, ഒഴുക്കിനൊത്ത് നീന്തുന്ന ജീവിതമായിരുന്നു എന്റേത്- ശാന്തികൃഷ്ണ പറയുന്നു

''പ്രതിസന്ധികളില്‍ കൈത്താങ്ങേകി, തണലായി നിന്ന സിനിമയെക്കുറിച്ച് ശാന്തികൃഷ്ണ. ''
uploads/news/2019/02/285545/santhikrishna040219.jpg

ചുരുണ്ട മുടിയും കുസൃതിയൊളിപ്പിച്ച വിടര്‍ന്ന കണ്ണുകളുമുള്ള ശാലീന സുന്ദരിയാണ് ശാന്തികൃഷ്ണ. നേര്‍ത്ത കരയുള്ള സെറ്റുമുണ്ടുടുത്ത് തുളസിക്കതിര്‍ ചൂടിയ ദു:ഖപുത്രിയില്‍ നിന്ന് ന്യൂജനറേഷന്‍ അമ്മ റോളിലേക്ക് മാറിയപ്പോഴും നിദ്രയിലെ പതിനേഴുകാരിയില്‍ നിന്ന് വലിയ മാറ്റമൊന്നും ഈ അഭിനേത്രിക്ക് വന്നിട്ടില്ല.

ജീവിതത്തിലുണ്ടായ പ്രതിസന്ധികളില്‍ നിന്നെല്ലാം കൈപിടിച്ചുയര്‍ത്തിയ സിനിമയോട് അവര്‍ക്കിന്നും കടപ്പാടുണ്ട്. മൂന്നാമത്തെ വരവിലും നല്ല കഥാപാത്രങ്ങള്‍ നല്‍കി മലയാള സിനിമയും പ്രേക്ഷകരും ഈ നായികയെ നെഞ്ചോടുചേര്‍ത്തു. മക്കള്‍ക്കും സിനിമയ്ക്കുമായി മാറ്റിവച്ച ജീവിതത്തെക്കുറിച്ച് ശാന്തികൃഷ്ണ.

സിനിമയിലേക്കുള്ള മൂന്നാം വരവിനെക്കുറിച്ച്?

ഒട്ടും പ്ലാന്‍ഡായ തിരിച്ചുവരവായിരുന്നില്ല. വീണ്ടുമൊരവസരം കിട്ടിയത് ദൈവാനുഗ്രഹം. ഞാന്‍ യു.എസ്സിലായിരുന്ന സമയത്ത് എനിക്കുവേണ്ടി പറഞ്ഞുവച്ച അവസരമെന്നോണം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമ എന്നെ തേടിയെത്തുകയായിരുന്നു. അത്ര നല്ലൊരു കഥാപാത്രം കിട്ടിയത് ദൈവനിശ്ചയമെന്നാണ് കരുതുന്നത്. ഞാന്‍ സിനിമയില്‍ തിരിച്ചുവരണമെന്നത് ദൈവത്തിന്റെ തീരുമാനമായിരുന്നു.

കുടുംബത്തിന് വേണ്ടി രണ്ടുവട്ടം സിനിമയില്‍ നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനം ശരിയായിരുന്നോ?


മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കാര്യങ്ങളൊന്നുമല്ല ജീവിതത്തില്‍ സംഭവിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് വളരെ പെട്ടെന്നാണ് നിദ്രയില്‍ അവസരം ലഭിക്കുന്നത്. ആ സിനിമ കഴിഞ്ഞ് മുംബൈയില്‍ പോയി പഠനം പൂര്‍ത്തിയാക്കാമെന്നായിരുന്നു ചിന്ത.

അല്ലാതെ ഇന്നത്തെ കുട്ടികളെപ്പോലെ കരിയര്‍ പ്ലാന്‍ ചെയ്ത് സിനിമയില്‍ വന്ന ആളല്ല ഞാന്‍. ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറിനിന്നാല്‍ പിന്നീടവസരം കിട്ടിയില്ലെങ്കിലോ എന്ന ഭയമൊന്നും ഉണ്ടായിരുന്നില്ല. ഒഴുക്കിനൊത്ത് നീന്തുന്ന ജീവിതമായിരുന്നു എന്റേത്. 1981 ലാണ് നിദ്രയില്‍ അഭിനയിക്കുന്നത്.

1984 ല്‍ വിവാഹം കഴിഞ്ഞു. വിവാഹശേഷം അഭിനയിക്കുന്നില്ലെന്നും കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കാമെന്നതും എന്റെ തീരുമാനമായിരുന്നു. പിന്നീട് ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടികളുണ്ടായി. ആ സമയത്താണ് ബാലചന്ദ്രമേനോന്റെ നയം വ്യക്തമാക്കുന്നു വില്‍ അവസരം കിട്ടുന്നത്.

ആദ്യമാ ഓഫര്‍ വേണ്ടെന്നു വച്ചതാണ്. കരുത്തുറ്റ കഥാപാത്രമാണെന്ന് പറഞ്ഞ് മമ്മൂട്ടി കൂടി നിര്‍ബന്ധിച്ചതോടെ വീണ്ടും സിനിമയിലെത്തി. പിന്നീട് വിഷ്ണുലോകം, ചകോരം, പിന്‍ഗാമി എന്നിങ്ങനെ നല്ല കുറേ സിനിമകളുടെ ഭാഗമായി. പിന്നെ വീണ്ടുമൊരു ഇടവേള. അതും എന്റെ തീരുമാനമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയില്‍ നിന്ന് മാറി നിന്നതില്‍ പശ്ചാത്താപമൊന്നുമില്ല.

ഹ്യൂമര്‍ റോളിലേക്കുള്ള മാറ്റവും ഗായികയായുള്ള അരങ്ങേറ്റവും?


തിരിച്ചുവരവ് ദൈവാനുഗ്രഹമാെണന്ന് പറയാനുള്ള കാരണങ്ങളിലൊന്ന് ഇത്രയും നാളത്തെ ഇടവേളയ്ക്കുശേഷം തിരിച്ച് വന്നപ്പോള്‍ ഇന്നത്തെ ജനറേഷന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതാണ്.

ഇപ്പോള്‍ ഞാന്‍ അഭിനയിച്ചാല്‍ ശരിയാകുമോ? ഇന്നത്തെ ജനറേഷന് എന്നെ ഉള്‍ക്കൊള്ളാനാകുമോ എന്നിങ്ങനെയുള്ള സംശയങ്ങളുണ്ടായിരുന്നു. വേണോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ചാണ് ഞണ്ടുകളുടെ നാട്ടില്‍ അഭിനയിക്കാനെത്തിയത്. അതായിരുന്നു തിരിച്ചുവരവിനുള്ള സമയമെന്ന് തോന്നുന്നു.

uploads/news/2019/02/285545/santhikrishna040219a.jpg

കോമഡി വേഷങ്ങള്‍ എനിക്ക് ഇണങ്ങുമെന്ന് ഒരുപാടാളുകള്‍ പറഞ്ഞു. കുട്ടനാടന്‍ മാര്‍പാപ്പയില്‍ സംവിധായകന്‍ തന്ന ഉറപ്പിലാണ് അഭിനയിച്ചത്. സിനിമ കമ്മിറ്റ് ചെയ്തശേഷമാണ് സിനിമിലെ ഒരുപാട്ട് മേരി പാടുന്ന രീതിയിലുള്ളതാണെന്നും അമ്മ തന്നെ ആ പാട്ട് പാടണമെന്നും സംവിധായകന്‍ ശ്രീജിത്ത് പറയുന്നത്. തമാശയെന്നോര്‍ത്ത് ചെയ്യാമെന്ന് ഞാനും സമ്മതിച്ചു.

ഷൂട്ട് തുടങ്ങിയ ദിവസം നമുക്കൊന്ന് സ്റ്റുഡിയോ വരെ പോകാമെന്ന് ശ്രീജിത്ത് പറഞ്ഞതനുസരിച്ച് ഞങ്ങള്‍ സ്റ്റുഡിയോയിലെത്തിയപ്പോള്‍ അവിടെ സംഗീത സംവിധായകന്‍ രാഹുല്‍ രാജുണ്ട്. ഇപ്പോള്‍ തന്നെ പാട്ട് നോക്കാമെന്നായി രാഹുല്‍. പാടിയശേഷം അവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടു. പാട്ട് പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഒറ്റ ടേക്കില്‍ തന്നെ പാട്ട് ഒ.കെയായപ്പോള്‍ എനിക്കും സന്തോഷം. ആ പാട്ടിന് റെഡ് എഫ്.എമ്മിന്റെ അവാര്‍ഡ് കൂടി കിട്ടിയപ്പോല്‍ സന്തോഷം ഇരട്ടിയായി.

തിരിച്ചുവരവില്‍ സിനിമയില്‍ കണ്ട മാറ്റങ്ങള്‍?


മാറ്റങ്ങളൊരുപാടുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ എന്റെ ആദ്യ ഷോട്ട് ഞാനും അഹാനയും ഐസ്‌ക്രീം ഷോപ്പില്‍ ഇരിക്കുന്നതാണ്. ആ സീന്‍ സിനിമയിലുണ്ടായിരുന്നില്ല. ഷൂട്ടിങ് ദിവസം ലൊക്കേഷനിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോകുമ്പോള്‍ ഔട്ട്ഡോര്‍ ഷൂട്ടാണെങ്കില്‍ കോസ്റ്റിയൂം ചെയ്ഞ്ച് എവിടെയാണെന്നോര്‍ത്തിരിക്കുമ്പോഴാണ് ഞങ്ങളെ കാരവാനിലേക്ക് കയറ്റുന്നത്. ആദ്യത്തെ കാരവാന്‍ അനുഭവമതായിരുന്നു.

പണ്ടൊക്കെ പാറയുടെ പുറകിലോ ഏതെങ്കിലും വീടുകളിലുമൊക്കെയാണ് ഡ്രസ് മാറുന്നത്. പ്രൊഡക്ഷന്‍ മാനേജര്‍ ഷൂട്ട് നടക്കുന്നതിനടുത്തുള്ള വീടുകളില്‍ ചെന്ന് ഡ്രസ് മാറാന്‍ സൗകര്യം ഒരുക്കി അവിടെ ചെല്ലുമ്പോള്‍ കാണുന്നത് ഒരാള്‍ക്കൂട്ടമാണ്. അതിനിടയില്‍ വസ്ത്രം മാറുന്നതൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. അതുവച്ച് നോക്കുമ്പോള്‍ ഇന്നത്തെ കാരവാന്‍ സൗകര്യമൊക്കെ വളരെ നല്ലതാണ്.

തീരെ പ്രതീക്ഷിക്കാത്ത സമയത്ത് നിദ്രയിലൂടെ സിനിമയിലെത്തിയപ്പോള്‍?


ഇന്ത്യാ ഗവണ്‍മെന്റിന്റെ ഡാന്‍സ് സ്‌കോളര്‍ഷിപ്പ് കിട്ടിയ സമയത്ത് ആ വാര്‍ത്ത ഒരു തമിഴ് പത്രത്തില്‍ കണ്ടാണ് എന്റെ സഹോദരന്‍ സുരേഷ്‌കൃഷ്ണ മുഖേനെ ഭരതേട്ടന്‍ നിദ്രയിലേക്ക് വിളിക്കുന്നത്. ഞാനന്ന് പഠിക്കുന്ന സമയമാണ്. പ്രതീക്ഷിക്കാതെ കിട്ടിയ ഒരു ഡാന്‍സ് പ്രോഗ്രാം പോലെയാണന്ന് ആ അവസരത്തെ കണ്ടത്.

സിനിമ കരിയറാക്കണമെന്ന് ആഗ്രഹമൊന്നുമില്ലായിരുന്നെങ്കിലും പുതിയൊരു അനുഭവമെന്നോണം ആ അവസരം സ്വീകരിച്ചു. കലയോട് താല്‍പര്യമുള്ള കൂട്ടത്തിലാണ് ഞാന്‍. സിതാര്‍ പഠിച്ചിട്ടുണ്ട്, നൃത്തം പഠിച്ചു, മൂന്ന് നാല് വര്‍ഷം കര്‍ണ്ണാടക സംഗീതം പഠിച്ചു, സ്‌കൂളില്‍ സ്വന്തമായി കോറിയോഗ്രാഫി ചെയ്യുമായിരുന്നു. കൂട്ടത്തി ല്‍ സിനിമയില്‍ നിന്ന് ഒരവസരം വന്നപ്പോള്‍ എന്നാല്‍ പിന്നെ ഒന്നു പരീക്ഷിക്കാമെന്ന് കരുതി.

മലയാളം സിനിമയാണെന്നോ ഭരതേട്ടനെപ്പോലൊരു വലിയ സംവിധായകന്റെ നായികയാകുന്നത് വലിയ കാര്യമാണെന്നുമുള്ള സീരിയസ്‌നെസൊന്നുമില്ലായിരുന്നു. ഒരു പുതിയ കാര്യം പഠിക്കുന്ന ആവേശത്തോടെയാണ് ചെന്നൈയിലെത്തി ഭരതേട്ടനെ കാണുന്നതും ആദ്യ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുന്നതും. ആ സമയത്തൊക്കെ മനസ് ശൂന്യമായിരുന്നു. അവര്‍ പറയുന്ന
കാര്യങ്ങള്‍ അതുപോലെ ചെയ്യുന്നു.

ഒരു തുടക്കക്കാരിയെ സംബന്ധിച്ച് ഭരതേട്ടന്റെ ചിത്രത്തില്‍ നായികാപ്രാധാന്യമുള്ളൊരു വേഷം കിട്ടുന്നത് മഹാഭാഗ്യമാണ്. ഇന്നും പ്രേക്ഷകര്‍ എന്നെ അംഗീകരിക്കുന്നണ്ടെങ്കില്‍, സ്നേഹിക്കുന്നുണ്ടെങ്കി ല്‍ അതിനുകാരണം ഭരതേട്ടന്റെയും ലളിതചേച്ചിയുടെയും അനുഗ്രഹമാണ്. അവരാണ് ഇന്‍ഡസ്ട്രിയിലെ എന്റെ മാതാപിതാക്കള്‍.

ഒരുകാലത്തെ ക്യാംപസിന്റെ സ്റ്റാര്‍ ഐക്കണുകളിലൊരാളായിരുന്നു ശാന്തികൃഷ്ണ?


കരിയറിന്റെ തുടക്കത്തിലാണ് ചില്ല് എന്ന ക്യാംപസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹീറോയിന്‍ ഓറിയന്റഡായ ബോള്‍ഡായൊരു സിനിമയായിരുന്നു അത്. ലെനിന്‍ രാജേന്ദ്രന്‍ സാറിന്റെ ആനിയെന്ന കഥാപാത്രം ക്യംപസുകളുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു. അതിലെ ആനി എന്ന കഥാപാത്രത്തിന്റെ അപ്പിയറന്‍സ് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ആ സിനിമയില്‍ ഉപയോഗിച്ച ആഭരണങ്ങളും മോഡേണ്‍ വസ്ത്രങ്ങളും ഓര്‍ഗണ്ടി സാരിയുമൊക്കെ പിന്നീട് ട്രെന്‍ഡായി മാറി. ആ സിനിമയില്‍ സാരിയുടെ പല്ലു വര്‍ക്കൊക്കെ കണ്ടിഷ്ടപ്പെട്ട് പലരും സ്റ്റാര്‍ച്ച് സാരികള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

ഇന്നും ആളുകള്‍ എന്നെ ഓര്‍ക്കുന്നത് ചില്ലിലൂടെയും ഒ.എന്‍.വി സാറിന്റെ ഒരുവട്ടം കൂടിയെന്ന പാട്ടിലൂടെയുമൊക്കെയാണ്. അന്ന് ഞാന്‍ കോളജില്‍ പഠിക്കുന്ന സമയമായിരുന്നത് കൊണ്ട് എനിക്കുമത് റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു. എന്റെ ആദ്യ ചിത്രം ചില്ലായിരുന്നില്ലേ എന്ന് പലരും ചോദിക്കാറുണ്ട്.

uploads/news/2019/02/285545/santhikrishna040219c.jpg

പിന്നീട് ദു:ഖപുത്രി ഇമേജില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിച്ചിരുന്നോ?


ഹീറോയിന്‍ ഓറിയന്റഡായ കഥാപാത്രങ്ങളാണ് ഞാന്‍ കൂടുതല്‍ ചെയ്തിട്ടുള്ളത്. ഒട്ടുമിക്ക സിനിമകളുടെയും അവസാനം ട്രാജഡിയായതുകൊണ്ടാവാം അങ്ങനെയൊരു ഇമേജ് വന്നത്.

എന്റെ മുഖത്ത് ആ ഒരു ഭാവം കൂടുതലുള്ളതുകൊണ്ടാവാം അത്തരം കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി കിട്ടിയത്. തൊണ്ണൂറുകളിലെ തിരിച്ചുവരവില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചകോരം, പക്ഷേ പോലുള്ള സിനിമകള്‍ ചെയ്തു. ഇപ്പോഴാണെങ്കില്‍ ഹ്യൂമര്‍ വേഷങ്ങളും.

പ്രേക്ഷകര്‍ എന്നെ ദു:ഖപുത്രി ഇമേജില്‍ കണ്ടതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല, അഭിനയ സാധ്യതയുള്ള, ഇന്നും ഓര്‍ക്കുന്ന തരത്തിലുള്ള വേഷങ്ങളാണ് അഭിനയിച്ചത് എന്നതില്‍ സന്തോഷമുണ്ട്.

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് പിന്‍ഗാമിയിലും ചെങ്കോലിലും മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കുന്നത്?


അഭിനയത്തില്‍ മലയാള സിനിമ എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. പിന്‍ഗാമിയിലും ചെങ്കോലിലും മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ച ശേഷവും അമ്മായിഅമ്മ വേഷങ്ങള്‍ ചെയ്തശേഷവുമാണ് പക്ഷേയില്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്. വിഷ്ണുലോകത്തില്‍ കാമുകിയായി. ഏകദേശം ഒരേപ്രായക്കാരായിരുന്നെങ്കിലും മാതുവിന്റെയും സുനിതയുടെയുമൊക്കെ അമ്മയായി അഭിനയിച്ചു.

പ്രായത്തില്‍ മുതിര്‍ന്ന കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളതെല്ലാം. സവിധത്തില്‍ അഭിനയിക്കുമ്പോള്‍ നെടുമുടി ചേട്ടന്‍ പറഞ്ഞു, ശാന്തി നമ്മളെല്ലാവരും ആര്‍ട്ടിസ്റ്റുകളാണ്. നമ്മുടെ അതേ പ്രായത്തിലുള്ള കഥാപാത്രങ്ങള്‍ തന്നെ ചെയ്താല്‍ അഭിനയിക്കുകയാണെന്ന് പറയാന്‍ കഴിയില്ല. നമ്മളേക്കാള്‍ പ്രായം കൂടിയതോ കുറഞ്ഞതുമായ വേഷങ്ങള്‍ ചെയ്യുമ്പോഴാണ് അഭിനേതാവിന്റെ കഴിവ് പുറത്തെടുക്കാന്‍ കഴിയുന്നത്..

ഇരുപത്തഞ്ചാം വയസില്‍ നാല്‍പതുകാരിയായി അഭിനയിക്കണോ എന്ന സംശയമുണ്ടായിരുന്നു. അതൊക്കെ ഒരു ചലഞ്ചായി കാണാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത്.

ജീവിതത്തില്‍ സിനിമ എത്രത്തോളം സ്വാധീനിച്ചു?


ഡിപ്രസ്ഡായ സമയത്തും എന്നെ കൈപിടിച്ച് അതില്‍ നിന്ന് പുറത്തുകൊണ്ടുവന്നത് സിനിമയാണ്. ആദ്യത്തെ വരവില്‍ മാത്രമാണ് ഞാന്‍ സന്തോഷത്തോടെ സിനിമയില്‍ വന്നത്. വളരെ ഡിപ്രസ്ഡായ അവസ്ഥയില്‍ നിന്നാണ് നയം വ്യക്തമാക്കുന്നുവിലൂടെ വീണ്ടും വരുന്നത്. ഇനിയൊരിക്കലും കരകയറില്ലെന്നു വിശ്വസിച്ചിരിക്കുന്ന സമയത്താണ് അല്‍ത്താഫിന്റെ മെസേജ്.

ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കുമെന്ന് പറയുന്നതും കിട്ടേണ്ട കാര്യങ്ങള്‍ അതിന്റേതായ സമയത്ത് കിട്ടുമെന്നും പറയുന്നത് ശരിയാണ്. എല്ലാ പ്രശ്നങ്ങളിലും എനിക്ക് താങ്ങായതും തുണയായതും സിനിമയാണ്. സിനിമ എനിക്കെല്ലാമാണ്.

പെണ്‍കുട്ടികള്‍ക്കു മാത്രമാണ് വിവാഹശേഷം കരിയര്‍ ഉപേക്ഷിക്കേണ്ടി വരുന്നത്?


ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് അങ്ങനെയൊരു അവസ്ഥ ഉണ്ടെന്നു തോന്നുന്നില്ല. ഇന്നത്തെ ആണ്‍കുട്ടികള്‍ മോഡേണായി ചിന്തിക്കുന്നവരാണ്. ഈ തലമുറയിലെ ആണ്‍കുട്ടികള്‍ ഭാര്യമാര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യവും അവരോടുള്ള സൗഹൃദപരമായ പെരുമാറ്റവും കാണുമ്പോള്‍ ശരിക്കും അഭിമാനമാണ്. അവര്‍ പരസ്പരം നല്ല സുഹൃത്തുക്കളാണ്. അങ്ങനെയൊക്കെയാണ് വേണ്ടത്.

പരസ്പരം ബഹുമാനിച്ചും മനസിലാക്കിയും അവരവരുടേതായ സ്വാതന്ത്ര്യം നല്‍കിയും ജീവിക്കണം. വിവാഹശേഷം പെണ്‍കുട്ടികള്‍ ജോലി ഉപേക്ഷിക്കുന്നുണ്ടെങ്കില്‍ സ്വന്തം ഇഷ്ടത്തിനാണെന്നാണ് തോന്നുന്നത്. പണ്ട് അതായിരുന്നില്ല. കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെയും കുഞ്ഞുങ്ങളുടെയും ഇഷ്ടങ്ങള്‍ക്കൊത്തായി ജീവിതം.

ഞാനും വിവാഹത്തോടെ കരിയര്‍ വേണ്ടെന്ന് വച്ചു. ആ തീരുമാനം തെറ്റായെന്ന് ഇപ്പോള്‍ തോന്നുന്നു. വിവാഹമോചനത്തെ തുടര്‍ന്ന് സിനിമ എന്നെ വീണ്ടും കരകയറ്റിയില്ലായിരുന്നെങ്കില്‍ ഇന്നെനിക്കൊരു ഐഡന്റിറ്റി ഉണ്ടാകുമായിരുന്നില്ല.

അമ്മ നടിയാണെന്ന് മക്കള്‍ തിരച്ചറിഞ്ഞതെപ്പോഴാണ്?


രണ്ടു മക്കളാണെനിക്ക്. മകന്‍ മിഥുന്‍ യൂണിവേഴ്സിറ്റിയിലും മകള്‍ മിഥാലി ഒന്‍പതിലും പഠിക്കുന്നു. അവര്‍ ചെറിയ കുട്ടികളായിരുന്നപ്പോഴാണ് ഞാന്‍ അമേരിക്കയില്‍ സെറ്റിലാകുന്നത്. വൈകിയാണ് ഞാനൊരു നടിയാണെന്നവരറിഞ്ഞത്.
uploads/news/2019/02/285545/santhikrishna040219b.jpg

അവിടെയുള്ള മലയാളികള്‍ വന്നെന്നോട് സംസാരിക്കുമ്പോഴും ഒപ്പം ഫോട്ടോയെടുക്കുമ്പോഴും മക്കള്‍ക്ക് അത്ഭുതമായിരുന്നു. മലയാള സിനിമയിലെ അഭിനേത്രിയായിരുന്നെന്ന് അറിയില്ലേ എന്നവര്‍ ചോദിക്കുമ്പോഴാണ് കുട്ടികള്‍ എന്റെ കരിയറിനെ കുറിച്ചറിഞ്ഞത്.

പിന്നെ അവര്‍ക്ക് ഞാന്‍ അഭിനയിച്ച സിനിമകള്‍ കാണിച്ചുകൊടുത്തു. അവര്‍ക്കിപ്പോള്‍ അമ്മയെ ഓര്‍ത്ത് അഭിമാനമേയുള്ളൂ. ഇന്നെനിക്ക് അവരുടെ ഫുള്‍ സപ്പോര്‍ട്ടുണ്ട്. ഇത്രയും നാള്‍ അമ്മ ഞങ്ങള്‍ക്കുവേണ്ടി കരിയര്‍ ഉപേക്ഷിച്ച് ഒപ്പം നിന്നു, ഇനി അമ്മ സ്വന്തം പ്രൊഫഷനില്‍ ശ്രദ്ധിക്കൂ എന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

അമ്മ വേഷങ്ങള്‍ ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയുടെ മാനറിസങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?


അമ്മയാണെന്റെ ബാക്‌ബോണ്‍. അടുത്ത സുഹൃത്ത് അമ്മയാണ്. അമ്മയോട് എന്ത് കാര്യവും ഏത് സമയത്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അമ്മയെപ്പോലുള്ള കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ല. സവിധത്തില്‍ അമ്മയുടെ ചില മാനറിസങ്ങളൊക്കെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുടി പൊക്കി കെട്ടി, അതിലൂടെ സാരി പുതയ്ക്കുന്ന അമ്മയുടെ രീതികളൊക്കെ ആ സിനിമയില്‍ അനുകരിച്ചിട്ടുണ്ട്.

പ്രഗത്ഭരായ സംവിധായകരുടെ സിനിമയില്‍ എക്കാലവും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു?


പ്രതിഭകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഇന്നത്തെ തലമുറ കാണാത്ത സംവിധായകനാണ് ഭരതന്‍ സാര്‍. അദ്ദേഹമാണ് എന്നെ സിനിമയില്‍ കൊണ്ടുവന്നതെന്നത് തന്നെ വലിയ കാര്യമല്ലേ.

പപ്പേട്ടന്റെ (പത്മരാജന്‍) സ്‌ക്രിപ്റ്റില്‍ ഈണം എന്ന സിനിമയിലും അഭിനയിച്ചു. അന്നത്തെപ്പോലെ ശക്തമായ കഥാപാത്രങ്ങള്‍ എഴുതാന്‍ ഇന്നാരുമില്ല എന്നോര്‍ക്കുമ്പോള്‍ ഒരു അഭിനേതാവ് എന്ന രീതിയില്‍ വിഷമമുണ്ട്. ഇന്നത്തെ കുട്ടികള്‍ നമ്മളോട് ചോദിക്കുന്നതും അത്രയും മികച്ച സംവിധായകര്‍ക്കൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചാണ്.

അന്യഭാഷാ ചിത്രങ്ങള്‍ നല്‍കിയ അനുഭവങ്ങള്‍?


മലയാളത്തില്‍ വന്ന സമയത്തുതന്നെയാണ് തമിഴിലും അഭിനയിച്ചത്. നിദ്ര ഷൂട്ട് കഴിഞ്ഞ ഉടനെയാണ് ഭാരതി വാസു എന്ന നവാഗത സംവിധായകന്റെ പനിനീര്‍പുഷ്പങ്ങള്‍ എന്ന സിനിമ ചെയ്തത്. തമിഴിലും നല്ല കഥാപാത്രങ്ങള്‍ കിട്ടിയെങ്കിലും മലയാളമാണ് എനിക്ക് കൂടുതല്‍ കംഫര്‍ട്ടബിളായി തോന്നിയത്. നൂറുദിവസത്തിലധികം ഓടിയ വിഷ്ണു സാറിന്റെ മണല്‍തേര് എന്ന ചിത്രത്തിലും നല്ലൊരു വേഷം കിട്ടി.

സുഹാസിനിയുടെ നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലാണ് തമിഴില്‍ അവസാനമഭിനയിച്ചത്. സൂര്യയുടെ ആദ്യ സിനിമയായിരുന്നത്. സൂര്യ എന്റെ അനിയനായിട്ടാണ് ആദ്യമഭിനയിച്ചത് എന്ന് പറയാന്‍ എനിക്കഭിമാനമുണ്ട്. ഇനിയും നല്ല അവസരം കിട്ടിയാല്‍ തമിഴിലുമഭിനയിക്കും.

ഇടവേളയില്‍ നൃത്തത്തില്‍ സജീവമായിരുന്നോ?


ഇടയ്ക്കൊരിക്കലും പ്രാക്ടീസ് ചെയ്യാന്‍ തോന്നിയില്ല. കുട്ടനാടന്‍ മാര്‍പാപ്പ ചെയ്തുകഴിഞ്ഞ് ഗുരുവായൂരും മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലും പ്രോഗ്രാം ചെയ്തു. ഇപ്പോള്‍ കംപ്ലീറ്റ് ചെയ്ത ശ്യാമരാഗം എന്ന ചിത്രത്തില്‍ ഒരു ഡാന്‍സറുടെ വേഷമാണ്. പ്രാക്ടീസ് ചെയ്യുന്ന സാഹചര്യമല്ലിപ്പോള്‍. പക്ഷേ ഇനി പ്രാക്ടീസ് ചെയ്യും.

പുതിയ പ്രോജക്ടുകള്‍?


വിജയ് സൂപ്പറും പൗര്‍ണ്ണമിയും ആണ് പുതിയ സിനിമ. മിഖായേലില്‍ നിവിന്റെ അമ്മയാണ്. ലോനപ്പന്റെ മാമോദീസയില്‍ ജയറാമിന്റെ ചേച്ചിയാണ്. ഉള്‍ട്ടയിലും നല്ലൊരു വേഷമുണ്ട്. ഇതൊക്കെയാണ് പുതിയ ചിത്രങ്ങള്‍.

അശ്വതി അശോക്
ഫോട്ടോ : മനു മുളന്തുരുത്തി

Ads by Google
Ads by Google
Loading...
TRENDING NOW