Wednesday, July 03, 2019 Last Updated 6 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 04 Feb 2019 01.43 AM

മാറുന്ന നിലപാടുകള്‍; വളരുന്ന ആശങ്ക

uploads/news/2019/02/285517/bft1.jpg

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്‌ ദിനത്തില്‍ പുറത്തിറക്കിയ പ്രകടനപത്രികയിലാണു ബി.ജെ.പി. രാമക്ഷേത്ര വിഷയം ആദ്യമായി പരാമര്‍ശിച്ചത്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലുടനീളം മോഡിയെന്ന "ബിംബ"ത്തിലുള്ള ആത്മവിശ്വാസം ബി.ജെ.പിക്കുണ്ടായിരുന്നു. പാര്‍ലമെന്റില്‍ രണ്ടില്‍ നിന്ന്‌ 82 ലേക്ക്‌ ബി.ജെ.പിയുടെ അംഗസംഖ്യ ഉയര്‍ത്തിയ പരമ്പരാഗത തെരഞ്ഞെടുപ്പ്‌ ആയുധമായ രാമനെക്കാള്‍ മികച്ച ഉപകരണമാണു മോഡിയെന്നായിരുന്നു അന്നു സംഘപരിവാര്‍ ക്യാമ്പിലെ വിലയിരുത്തല്‍.
വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിന്റെ തീയതി വൈകാതെ കുറിക്കാനിരിക്കെ രാമനെ വളരെ നേരത്തെതന്നെ ചേര്‍ത്തുനിര്‍ത്താന്‍ വെമ്പുകയാണു ബി.ജെ.പി. മുമ്പത്തേതില്‍നിന്നു വ്യത്യസ്‌തമാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയ സാഹചര്യം. അന്നു രാമന്‍ സംഘപരിവാറിന്റെ സ്വകാര്യ സ്വത്തായിരുന്നു. ആവശ്യം വരുമ്പോള്‍ പ്രയോഗിക്കാനും, ശേഷം ആവനാഴിയിലേക്കുമാറ്റി ഭദ്രമായി സൂക്ഷിക്കാനും സാധിക്കുമായിരുന്ന ഉപകരണം. ഇപ്പോള്‍ ഈ ആയുധത്തില്‍ കൈവയ്‌ക്കാന്‍ കോണ്‍ഗ്രസും തന്ത്രമൊരുക്കുമ്പോള്‍ ബി.ജെ.പി ക്യാമ്പില്‍ പുകയുന്നത്‌ ആശങ്കയാണ്‌. വിഷയത്തില്‍ നിലപാട്‌ വ്യക്‌തമാക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷാ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുലിനെ വെല്ലുവിളിച്ച്‌ ഇന്നലെ രംഗത്തെത്തുകയും ചെയ്‌തു.

രാഷ്‌്രടീയ രാമന്‍

അഞ്ച്‌ വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ രൂപപ്പെട്ട രാഷ്‌ട്രീയസാമൂഹിക സാംസ്‌കാരിക മാറ്റങ്ങളെ കൂടെ കണക്കിലെടുത്തു വേണം രാമന്‍ എന്ന ബിംബത്തിന്റെ തെരഞ്ഞെടുപ്പ്‌ സാധ്യത വിലയിരുത്താന്‍. രാമനെക്കാള്‍ ഉയരത്തില്‍ വളരാന്‍ കൊതിക്കുന്ന മോഡിക്കുമേല്‍ പിടിമുറുക്കാന്‍ സമയമായെന്ന്‌ ആര്‍.എസ്‌.എസ്‌. നേതൃത്വവും വിലയിരുത്തുന്നു. ഇതുകൊണ്ടു തന്നെയാണു തെരഞ്ഞെടുപ്പിനു വളരെ നേരത്തെ തന്നെ അയോധ്യയും രാമനും സജീവ ചര്‍ച്ചയിലേക്കെത്തുന്നതും.
ഹിന്ദുത്വ എന്നത്‌ മത വിശേഷണമല്ലെന്നും തനതായ ഇന്ത്യന്‍ പാരമ്പര്യത്തേയും സംസ്‌ക്കാരത്തേയും സൂചിപ്പിക്കുന്ന പ്രയോഗമാണെന്നുമാണു സംഘപരിവാര്‍ വാദം. ഇതുമായി ബന്ധപ്പെട്ട്‌ "ഹിന്ദുത്വ" കോടതി കയറിയതുമാണ്‌. എന്തു തന്നെയായാലും അതി ദേശീയതയുടെ വക്‌താക്കളായ സംഘപരിവാര്‍, ഇന്ത്യന്‍ ദേശീയ ബിംബങ്ങളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയും പ്രയോഗിച്ചുമാണ്‌ അധികാര കേന്ദ്രങ്ങളെ കീഴടക്കിയത്‌. ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവും സോഷ്യലിസവും പരാജയപ്പെട്ട മേഖലകളില്‍ ഹിന്ദുത്വയ്‌ക്കൊപ്പം ജാതീയതയേയും സമര്‍ത്ഥമായി പ്രയോഗിച്ചാണു സംഘപരിവാര്‍ വടക്കേ ഇന്ത്യയില്‍ ആധിപത്യം നേടിയത്‌. ജാതീയതയ്‌ക്ക്‌ ആധികാരികത നല്‍കിയ ചാതുര്‍വര്‍ണ്യ സങ്കല്‍പ്പത്തിലധിഷ്‌ഠിതമായിരുന്നു സംഘപരിവാര്‍ മുന്നോട്ട്‌ വച്ച "രാഷ്ര്‌ടീയ ഹിന്ദുത്വയുടെ" നിലപാട്‌തറ. എങ്കിലും, ഹിന്ദു ഏകീകരണമെന്ന ശാക്‌തിക വിന്യാസത്തിനും ഇതുവഴി സംഘനേതൃത്വം സമര്‍ത്ഥമായി വഴിയൊരുക്കി. ജാതീയത നിലനിര്‍ത്തിത്തന്നെ അതിനു മുകളില്‍ മതത്തെ, മതചിഹ്‌നങ്ങളെ, പ്രതിഷ്‌ഠിച്ച്‌ വൈകാരികവും സംഭ്രമിപ്പിക്കുന്നതുമായ ചുവടുകള്‍ തീര്‍ത്ത്‌ സംഘപരിവാര്‍ കാലങ്ങളായി രൂപപ്പെടുത്തിയ അടിത്തറയിലൂന്നിയാണു മോഡി പ്രധാനമന്ത്രി പദമേറിയതും.

മോടി കുറയുമോ?

അധികാരത്തിലെത്തിയതോടെ മോഡി, എല്ലാ ചിഹ്‌നങ്ങള്‍ക്കും മേല്‍ തന്നെ തന്നെ പ്രതിഷ്‌ഠിക്കാന്‍ ശ്രമം നടത്തുന്നെന്നു സംഘപരിവാര്‍ സംശയിച്ചു തുടങ്ങിയിടത്താണു മാറ്റങ്ങള്‍ക്കു തുടക്കം. മോഡി പ്രഭാവത്തില്‍ പിറകിലായിപ്പോയ പല പേരുകളും മുന്‍നിരയിലേക്ക്‌ തെളിഞ്ഞുവന്നത്‌ ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌. രാമനെ ഓര്‍മിപ്പിക്കാന്‍ അയോധ്യയിലും രാജ്യതലസ്‌ഥാനത്തും വലിയറാലികള്‍ നടത്തി ആര്‍.എസ്‌.എസ്‌. നേരിട്ട്‌ മോഡിക്ക്‌ പലവട്ടം മുന്നറിയിപ്പ്‌ നല്‍കി.
മോഡിക്ക്‌ പകരക്കാരുണ്ടെന്ന സൂചനനല്‍കി വഴങ്ങി മുന്നോട്ട്‌ പോകാനുള്ള സന്ദേശവും സംഘപരിവാര്‍ നല്‍കുന്നു. സംഘപരിവാര്‍ ക്യാമ്പില്‍നിന്നുള്ള പല പ്രതികരണങ്ങളും ഇത്തരം സൂചനകളായി മാറുന്നു. പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയിലെ സന്യാസി കൂട്ടായ്‌മയും രാമക്ഷേത്രനിര്‍മിതിക്കായുള്ള അന്ത്യശാസനവുമൊക്കെ ഇതിന്റെ ഭാഗം തന്നെ.
സര്‍ക്കാരിനു തലവേദനയാകും വിധമുള്ള നിതിന്‍ ഗഡ്‌ക്കരിയുടെ പ്രതികരണങ്ങളെയും മോഡി ക്യാമ്പ്‌ സംശയത്തോടെയാണു വീക്ഷിക്കുന്നത്‌. തെരഞ്ഞെടുപ്പിനു ശേഷം വ്യക്‌തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ്‌ പ്രധാനമന്ത്രിയെന്ന നിലയിലേക്ക്‌ ഗഡ്‌ക്കരിയെ പരിവാര്‍ നേതൃത്വം മുന്നോട്ടുവയ്‌ക്കാനുള്ള സാധ്യതയും മോഡി ക്യാമ്പ്‌ തള്ളുന്നില്ല.
യു.പിയില്‍ പ്രതിപക്ഷ സഖ്യത്തിനു മുന്നില്‍ അടിപതറുമെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍, മഹാരാഷ്‌ട്രയില്‍ ശിവസേനയുമായുള്ള സഖ്യം തുടരുകയെന്നത്‌ ബി.ജെ.പിക്ക്‌ അനിവാര്യമാണ്‌. മഹാരാഷ്‌ട്രയില്‍നിന്നുള്ള നേതാവ്‌ കൂടിയായ ഗഡ്‌ക്കരി മുന്‍കൈ എടുത്ത്‌ നടത്തുന്ന ശ്രമങ്ങള്‍ വിജയമെന്നു തന്നെയാണു സൂചന. ഗഡ്‌ക്കരി പ്രധാനമന്ത്രിയാകണമെന്ന ആവശ്യം മോഡി വിരോധിയായ ശിവസേന നേതാവ്‌ ഉദ്ദവ്‌ താക്കറെ പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു.

ചുവടുമാറ്റി കോണ്‍ഗ്രസ്‌

പ്രിയങ്കയുടെ ചിരിയിലും പ്രസരിപ്പിലും പ്രതീക്ഷയര്‍പ്പിക്കുന്ന കോണ്‍ഗ്രസ്‌ ഉത്തരേന്ത്യയില്‍ മൃദു ഹിന്ദുത്വം പ്രയോഗിക്കാനും നീക്കം നടത്തുന്നു. പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയെ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ യോഗി സര്‍ക്കാര്‍ സകല തന്ത്രങ്ങളും പയറ്റുമ്പോള്‍, പ്രയാഗില്‍ നേരിട്ടെത്തി ത്രിവേണിസംഗമത്തില്‍ മുങ്ങി നിവരാനാണു പ്രിയങ്കയുടെ തീരുമാനമെന്നാണു സൂചന.
ഹിന്ദുത്വയുടെ രാഷ്‌ട്രീയ ചിഹ്‌നങ്ങളിലൊന്നായ പശുവിന്റെ സംരക്ഷണത്തിനായി മോഡി സര്‍ക്കാര്‍ 750 കോടി രൂപയാണു മാറ്റിവച്ചത്‌. എന്നാല്‍ രാജസ്‌ഥാനിലും മധ്യപ്രദേശിലും ജയിച്ചെത്തിയപാടെ കോണ്‍ഗ്രസ്‌ പ്രയോഗത്തില്‍ വരുത്തിയതും പശു സംരക്ഷണത്തിനുള്ള പദ്ധതികളായിരുന്നു. ദേശീയതാവാദത്തിലൂന്നിയ പ്രക്ഷോഭ പ്രസ്‌ഥാനങ്ങളുടെ ഉല്‍പ്പന്നമായ കോണ്‍ഗ്രസില്‍ സമീപകാലത്ത്‌ രൂപപ്പെട്ട ആശയകുഴപ്പത്തിലെ വഴിത്തിരിവായി വേണം രാഹുലിന്റെ തീരുമാനത്തെ വിലയിരുത്താന്‍. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ നെഹ്‌റുവിയന്‍ സോഷ്യലിസ്‌റ്റ്‌ പാതയിലേക്ക്‌ മാറിയ ഇടക്കാല കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തെയാണ്‌ അതിദേശീയതയുടെ രാഷ്‌്രടീയ പ്രയോഗത്തിലൂടെ ബി.ജെ.പി മറികടന്നത്‌.
ജാതീയതയെ നിരാകരിക്കാതെ ഹിന്ദുത്വയ്‌ക്ക്‌ വര്‍ഗീയതയുടെ കടുപ്പം ചാര്‍ത്തി സംഘപരിവാര്‍ അതിവേഗം വളര്‍ന്നു. ഇതേ പാതയിലേക്കു വീണ്ടും വഴിമാറി, ഹിന്ദുത്വ ബിംബങ്ങളാല്‍ നിലപാട്‌ തറയെ പുതുക്കിപ്പണിത്‌ സമകാലിക കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലെങ്കിലും പുതുസ്വത്വം തേടുമ്പോള്‍ ത്രിവര്‍ണത്തില്‍ കാവിയുടെ "സ്‌പെയ്‌സ്‌" വളരുകയാണ്‌. ബി.ജെ.പിയെ തടയാനുള്ള താല്‍ക്കാലികമാറ്റമാണെന്നും ഇതു ന്യൂനപക്ഷങ്ങള്‍ക്ക്‌ ബോധ്യമാകുമെന്നുമാണു കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ പ്രതീക്ഷ. ഒപ്പം അകന്നുപോയ ബ്രാഹ്‌മണ- ഠാക്കൂര്‍ - ക്ഷത്രിയ വോട്ടുകള്‍ തിരികെ പിടിച്ച്‌ യു.പി. രാഷ്‌ട്രീയത്തിലെ ജാതിസമവാക്യം പൂരിപ്പിക്കലുമാണു കോണ്‍ഗ്രസ്‌ ലക്ഷ്യം.

ബദലില്ലാതെ ഇടത്‌

വര്‍ഗസമരങ്ങളിലൂടെ അധികാര മേല്‍ക്കോയ്‌മയെ മറികടക്കാനുള്ള തത്വശാസ്‌ത്ര പിന്‍ബലത്തിലാണു പ്രവര്‍ത്തനമെങ്കിലും സമകാലിക ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കൃത്യമായ ബദല്‍ മുന്നോട്ട്‌ വയ്‌ക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക്‌ സാധിക്കുന്നില്ല.
തൊഴിലാളി വര്‍ഗത്തിനപ്പുറത്ത്‌ ജാതീയതയെ നേരിടാന്‍ ഇടതുപക്ഷം തയാറല്ല. അതുകൊണ്ട്‌ കൂടിയാണ്‌, നഗരങ്ങളിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ കര്‍ഷക ലക്ഷങ്ങള്‍ക്ക്‌ മുന്നില്‍ ചെങ്കൊടി പിടിച്ചിട്ടും വോട്ട്‌ പിടിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക്‌ കഴിയാതെ പോകുന്നതും.
തീവ്ര ബി.ജെ.പിയും മൃദു ബി.ജെ.പി. എന്ന്‌ വിശേഷിപ്പിക്കാവുന്ന കോണ്‍ഗ്രസും തമ്മില്‍ കൊമ്പ്‌ കോര്‍ത്ത്‌ കളം മുറുകുമ്പോള്‍ പകരം വയ്‌ക്കാന്‍ ബദലില്ലാതെ ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തില്‍ മുഴുകിയിരിക്കുകയാണു സി.പി.എം. ബി.ജെ.പിയാണു മുഖ്യ ശത്രുവെന്നു പ്രഖ്യാപിക്കുമ്പോഴും, പല തലങ്ങളില്‍ ചര്‍ച്ച ചെയ്‌തിട്ടും, കോണ്‍ഗ്രസ്‌ ബന്ധത്തില്‍ വ്യക്‌തമായ തീരുമാനത്തിലെത്താന്‍ ഇപ്പോഴും സി.പി.എമ്മിനായിട്ടില്ല.
രാജ്യത്ത്‌ ആളിപ്പടരുന്ന കര്‍ഷക രോഷത്തെ വോട്ട്‌ പെട്ടിയിലാക്കാനുള്ള തടസവും ഇതുതന്നെ. 2009 ലെ പ്രകടനപത്രികയില്‍ ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്ന സി.പി.എം കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മൗനം പാലിച്ചു. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ദേശീയ തലത്തില്‍ സഖ്യമില്ലെന്ന നിലപാടെടുത്തതോടെ ഇത്തവണത്തെ പ്രകടനപത്രികയിലും ബദല്‍ നിര്‍ദേശങ്ങള്‍ക്ക്‌ സാധ്യതയില്ല.
ഒരു കാലത്ത്‌ അടക്കിഭരിച്ച ബംഗാളിലും ത്രിപുരയിലും ഒറ്റ സീറ്റ്‌ പോലും പ്രതീക്ഷിക്കാന്‍ സാധിക്കാത്ത തരത്തില്‍ സി.പി.എം തകര്‍ന്നുകഴിഞ്ഞു. കേരളത്തില്‍മാത്രം പ്രതീക്ഷയര്‍പ്പിക്കുമ്പോഴും അഭിപ്രായ സര്‍വേ ഫലങ്ങള്‍ ശുഭസൂചനയല്ല നല്‍കുന്നത്‌. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനുശേഷം ദേശീയ തലത്തില്‍ രൂപപ്പെടുന്ന രാഷ്‌ട്രീയ സാഹചര്യം ഏതു തരത്തിലായാലും സി.പി.എമ്മിനു വിലപേശല്‍ ശക്‌തി നല്‍കാന്‍ സാധ്യതയില്ല. അതേ സമയം, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പൊതുസമ്മതി പാര്‍ട്ടിക്കു ഗുണകരമായേക്കും.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Monday 04 Feb 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW