ലക്കിടി.
നിളയുടെ തീരത്തു നിന്ന് വള്ളുവനാടന്‍ കാറ്റുവീശി.
രാമകൃഷ്ണന്‍നായരുടെ ചായപ്പീടികയില്‍ രാവിലെ ചായകുടിക്കാനെത്തിയവരുടെ ബഹളം.
മുഷിഞ്ഞ ഖദര്‍ മുണ്ടും ജുബ്ബയും ധരിച്ച്, ഒരു തുണിസഞ്ചിയുമായി അദ്ദേഹം ചായക്കടയിലേക്ക് കയറിച്ചെന്നു.
''നായരേ! ഒരു ചായ!!!''- ഉറക്കെപ്പറഞ്ഞുകൊണ്ട് അദ്ദേഹം ബഞ്ചിലമര്ന്നു.
ചായക്കടക്കാരന് വന്നയാളെ പകച്ചുനോക്കി.
ചായകുടിക്കുന്ന നാട്ടുകാര്‍ ആളെ മനസിലാക്കി, ചിരിതുടങ്ങി.
''എന്താണു രാമകൃഷ്ണന്നായരേ, എല്ലാവര്ക്കും ഒരു കള്ളച്ചിരി?''- അദ്ദേഹം ചായകുടിച്ചുകൊണ്ടു ചോദിച്ചു.
ചായക്കടയുടമസ്ഥന് അടുത്തുവന്ന് തെല്ലുനേരം അദ്ദേഹത്തെ നോക്കിനിന്നു. എന്നിട്ട് ഉറക്കെ ചോദിച്ചു: -''അപ്പോള്‍ കല്യാണത്തിനു വന്നില്ല, അല്ലേ? കഷ്ടമായി. ഗംഭീര സദ്യയൊരുക്കി പെണ്ണും വീട്ടുകാരും കാത്തിരുന്നു. ഉച്ചവണ്ടിക്ക് കാത്തു! രാത്രിവണ്ടി കാത്തു! കല്യാണച്ചെക്കനില്ല! ചിലര്‍ ഉണ്ണാതെ പോയി. ചിലര്‍ എന്തോ കഴിച്ചു. പെണ്ണു ബോധംകെട്ടുവീണു. ഉണര്‍ന്നു കിണറ്റില്‍ച്ചാടാന്‍ ഓടി. തല നിലത്തിട്ടടിച്ച് ഉരുണ്ടുകരഞ്ഞു! എന്തുപറ്റി മാഷെ? ഇങ്ങനെപറഞ്ഞു പറ്റിച്ചതു കഷ്ടമായി!''
ചായകുടിച്ചുകൊണ്ടിരുന്ന അദ്ദേഹം ഇതുകേട്ട് ഒന്നു ഞെട്ടി, ചായഗ്ളാസ് മേശപ്പുറത്തു വച്ചു. എന്നിട്ടു മെല്ലെപ്പറഞ്ഞു:
-''എതോ കാര്യത്തില്‍ തലകുടുങ്ങി എന്റെ കല്യാണക്കാര്യം ഞാന്‍ മറന്നുപോയി നായരേ!''
അതുകേട്ട് അപ്പോള്‍ ഞെട്ടിയത് ചായക്കടയിലിരുന്നവരായിരുന്നു.
ഇങ്ങനെ മറ്റാരെങ്കിലുമാണ് പറഞ്ഞിരുന്നതെങ്കില്‍ നാട്ടുകാര്‍ വെറുതെ വിടുമായിരുന്നോ? പക്ഷേ, ഇതു മഹാകവിയാണ്.
മലയാളനാടിന്റെ പൂവാടികളില്‍ മധുനുകര്‍ന്നു പാറിനടക്കുന്ന മഹാകവി!
കിനാവുകളുടെ അനന്തസാമ്രാജ്യത്തിലെ ചക്രവര്‍ത്തി!
തിരുവില്വാമല വില്വാദ്രിനാഥന്റെ അനുഗ്രഹം നേടിയ മഹാമനുഷ്യന്! നിത്യകന്യകയായ പ്രകൃതിയെ തേടിയലഞ്ഞ നിത്യസഞ്ചാരി!
പ്രപഞ്ചകാനനത്തില് കവിതയുടെ മയിലാട്ടം ദര്‍ശിച്ച പി. കുഞ്ഞിരാമന്‍നായര്‍!
പിയെക്കുറിച്ച് എത്രയെത്ര കഥകള്‍!
എത്രയെത അപവാദങ്ങള്‍! എത്രയെത്ര അപദാനങ്ങള്‍!
കല്യാണക്കാര്യം ഒരുവട്ടമല്ല, പലതവണ അദ്ദേഹം മറന്നിട്ടുണ്ട്!
ഒരിക്കല്‍ അച്ഛന്റെ മരുമകള്‍ ജാനകിയമ്മയെ വിവാഹംചെയ്യാന്‍ തീരുമാനിച്ചുറപ്പിച്ചു. ധനവാനും വിദ്വാനുമായിരുന്ന അച്ഛന്റെ കൈയില്‍നിന്ന് പണം വാങ്ങി, കല്യാണപ്പെണ്ണിന് ആഭരണങ്ങള്‍ വാങ്ങാന്‍ പുറപ്പെട്ട കവി നാട്ടില്‍ തിരിച്ചെത്തിയത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്- തനിച്ചല്ല,- മറ്റൊരു ഭാര്യയും രണ്ടു കുട്ടികളുമായി! ഈ ഭാര്യയുടെ മൂന്നാമത്തെ പ്രസവം കഴിഞ്ഞപ്പോള്‍ പ്രസവശുശ്രൂഷയ്ക്കായി അവളുടെ അമ്മയെ കൂട്ടിക്കൊണ്ടുവരാമെന്നു പറഞ്ഞു പോയ അദ്ദേഹം പിന്നെ വന്നത് പത്തുവര്‍ഷം കഴിഞ്ഞാണ്!
മതിലുകള്‍കെട്ടി അതിനുള്ളില്‍ മാളികകള്‍ തീര്‍ത്തു തീനും കുടിയുമായി കഴിയുന്ന ലോകത്തിന് അന്നും ഇന്നും ഈ മഹാകവിയെ പിടികിട്ടിയിട്ടില്ല. സാമ്പ്രദായികമായ മലയാളിജീവിതരീതികള്ക്കു വിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍.
കുളിക്കാതെ, പല്ലുതേക്കാതെ, അലക്കാതെ, മുടിചീകാതെ, മുറുക്കിയൊലിപ്പിച്ചു നടക്കുന്ന ഒരാളായി ലോകം അദ്ദേഹത്തെക്കണ്ടു. സംസാരിക്കുമ്പോള്‍ ഉറങ്ങും. രാത്രി ഉണര്‍ന്നിരിക്കും. പകല്‍ ഉറങ്ങും. ചില രാത്രികളില്‍ ഉറങ്ങാതിരുന്ന തൊടിയിലെ ചെടിയില്‍ പൂമൊട്ടു വിടരുന്നതു നോക്കിയിരിക്കും. മണ്ണു വാരിക്കളിക്കും.
മനുഷ്യരോടും മൃഗങ്ങളോടും പുഴകളോടും അനുഗ്രഹം ചോദിച്ചുവാങ്ങും.
ഈ അനുഗ്രഹങ്ങളെ തന്റെ 'ബാങ്ക് ബാലന്‍സാ'യിട്ടാണ് കവി കരുതിയിരുന്നത്. സ്കൂളില്‍ പഠിപ്പിച്ചിരുന്നകാലത്ത് കുട്ടികളോടും അദ്ദേഹം അനുഗ്രഹം ചോദിച്ചിരുന്നു!- ജന്മശാപങ്ങളില്നിന്നുള്ള മോചനം ഈ അനുഗ്രഹങ്ങളിലൂടെ അദ്ദേഹം നേടി. അനായാസേനയുള്ള മരണം അതുകൊണ്ടുകൂടിയാവാം അദ്ദേഹത്തിനു സംഭവിച്ചത്!
തനിക്കുവന്ന കത്തുകളൊക്കെ അയക്കാനുള്ള കത്താണെന്നു കരുതി പോക്കറ്റിലിടുന്നതായിരുന്നു മറ്റൊരു രീതി. കിട്ടിയ കത്തുകള്‍ അയക്കും, അയക്കാനുള്ള കത്തകള്‍ വായിച്ചു പോക്കറ്റിലിടും! സ്വന്തം ചെരുപ്പാണെന്നു കരുതി അന്യരുടെ ചെരിപ്പിട്ടുനടക്കും! ബീഡിയുടെ മറുതലയ്ക്ക് തീകൊളുത്തിയാണ് വലിച്ചിരുന്നത്. പണത്തെക്കുറിച്ച് ഒരു കണക്കുമില്ല. ആരുവന്നു ചോദിച്ചാലും എപ്പോഴും കൊടുക്കും. ഇല്ലാത്തപ്പോള്‍ ആരോടും വാങ്ങുകയും ചെയ്യും! പഴം കഴിച്ച് പഴത്തൊലി ജുബ്ബയുടെ പോക്കറ്റിലിടും. വഴിയില്‍ കാണുന്ന പശുക്കിടാങ്ങള്‍ക്ക് അതെടുത്തുകൊടുക്കും!
ഭ്രാന്തന്, മന്തന്, അസുരവിത്ത്, ചെകുത്താന്, ഒട്ടകം, വിഡ്ഢി, കുട്ടിസ്രാങ്ക്, കള്ളസന്യാസി, വിഷയഭ്രാന്തന്, കുട്ടിക്കുരങ്ങന്, രാവണന്, താന്തോന്നി, കേമദ്രുമക്കാരന്‍, ധൂര്ത്തന് എന്നിങ്ങനെ ഒട്ടേറെ 'ബിരുദങ്ങള്‍' അദ്ദേഹത്തിന് നമ്മള് നല്കി.
'കൂളിക്കുഞ്ഞിരാമന്!'- എന്നൊരു പേരുപറഞ്ഞ് അദ്ദേഹത്തെ പരിഹസിച്ചത്, ഇപ്പോള്‍ അക്ഷരനഗരിയെന്നു മേനിനടിക്കുന്ന കോട്ടയമായിരുന്നു! ഉറൂബിനെയും ഒ.വി.വിജയനേയും വിഴുങ്ങിയ കോട്ടയം! കരിഞ്ചന്തപ്പണം തിന്നുവീര്‍ത്ത ബംഗ്ലാവുമരങ്ങളും നോട്ടുചാക്കുകള്‍ അട്ടിയിട്ട ഗുദാമുകളും കസവുതിരശീലയ്ക്കകത്തുനിന്ന് എത്തിനോക്കുന്ന വെളുത്തുതടിച്ച മദ്യശാലകളും നിറഞ്ഞതാണ് കോട്ടയം എന്ന് കവി നിരീക്ഷിച്ചിട്ടുണ്ട്. കവിള് തുടുത്ത ശീമമദ്യക്കുപ്പികള് ആദ്യമായി കണ്ടും രുചിച്ചുമറിഞ്ഞത് കോട്ടയത്തുവച്ചാണെന്നും അദ്ദേഹം എഴുതി.
1952-ല്‍ ഒറ്റപ്പാലം സാഹിത്യപരിഷത്ത് യോഗത്തില്‍വച്ച് കവി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി: -''കുഞ്ഞിരാമന്നായരെന്ന ബാങ്ക് പൊളിഞ്ഞിട്ടേറെനാളായി. അതിന്റെ പരസ്യപലക ലേലം വിളിക്കാനാണ് ഞാനിവിടെ വന്നിട്ടുള്ളത്!''
ഹരിതപ്രകൃതിയേയും മാനുഷിക വിചാരങ്ങളെയും കവിതകളിലേക്കു പകര്‍ത്തിയ കുഞ്ഞിരാമന്‍നായരാണ് മലയാളത്തില്‍ ആദ്യമായി പാരിസ്ഥിതികമായ അവബോധത്തിനു തുടക്കം കുറിച്ചത്.
പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ 'കളിയച്ഛ'നടക്കം എണ്‍പതിലധികം കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്; അവയില്‍ കേരളം മയങ്ങുന്നുണ്ട്. വയലേലകള്‍ക്കിടയിലൂടെ പാദസരമിട്ട് ഭര്‍തൃഗൃഹത്തിലേക്കു പോകുന്ന ഭാരതപ്പുഴയും പുഞ്ചപ്പാടങ്ങളുടെ കരയില്‍ പച്ചമരത്തോപ്പില് കര്ഷകകവാടങ്ങള്ക്കിടയില് എവിടെയോ ഇലഞ്ഞിമരച്ചോട്ടിലിരുന്നു പാട്ടുപാടുന്ന കാവ്യകന്യകയും ആ കവിതകളില്‍ ഉറങ്ങുന്നുണ്ട്. ആകാശം അലക്കിത്തേച്ച കുപ്പായമിട്ട് വാനില്‍ ഉലാത്തുകയാണെന്നും കന്നിനിലാവ് ആമ്പല്‍പ്പൂവില്‍ പദമൂന്നി നില്‍ക്കുകയാണെന്നും പ്രകൃതി നീരാടുമ്പോള്‍ പാഴ്ച്ചെളിക്കുളം നീലദര്പ്പണമാകുമെന്നും അദ്ദേഹത്തിനു മാത്രമേ തോന്നുകയുള്ളൂ.
വള്ളുവനാടന്‍ പെണ്ണും വള്ളുവനാടന്‍ മണ്ണും വള്ളുവനാടന്‍ ഭാഷയും തന്റെ ശക്തിദൗര്ബല്യങ്ങളാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. ഇക്കാര്യങ്ങളെല്ലാം തുറന്നെഴുതിയ അദ്ദേഹത്തിന്റെ ആത്മകഥയായ 'കവിയുടെ കാല്പാടുകള്' സത്യസന്ധതകൊണ്ടും രചനാശൈലികൊണ്ടും വേറിട്ടുനില്ക്കുന്നു. 'എനിക്ക് ഈ പുസ്തകത്തെക്കുറിച്ചെഴുതാന് അര്‍ഹതയില്ല'- എന്നാണ് ഈ ഗ്രന്ഥത്തിന്റെ മുഖക്കുറിപ്പില്‍ എം.ടി. പറയുന്നത്. ആത്മവേദനയും ആത്മനിന്ദയും ആത്മരോഷവും നിറഞ്ഞ സ്വരത്തില്‍ കവി, തന്നെത്തന്നെ വിചാരണ ചെയ്യുകയാണ് ഈ ആത്മകഥയില്‍. ഇതിനെ വെല്ലാന്‍ മറ്റൊരു കൃതി ഇപ്പോഴും ഉണ്ടായിട്ടില്ലെനുനു പറയാം.
''കേരളത്തിലെ ഓരോ താലൂക്കും ഓരോ ഗ്രാമവും ജീവിച്ചനുഭവിച്ചു പഠിക്കണം. തെക്കും വടക്കും നടുക്കും നാലുപുറത്തും മാറിമാറിക്കൂടുക; ചോറിന്റെ കറി, പാട്ടിന്റെ ശ്രുതി- അതാണ് കവിതയ്ക്ക് പ്രകൃതി. എല്ലാം ഒന്ന്; എന്നാല്‍ എല്ലാം വ്യത്യസ്തം. ഓരോ പുളിയിലയും വിഭിന്നം. കോടാനുകോടി മുഖങ്ങളില്‍ ഓരോ മുഖവും വ്യത്യസ്തം''- 'കവിയുടെ കാല്പാടുകളി'ല്‍ അദ്ദേഹം ഓര്‍മിച്ചു.
എഴുതുക എന്നത് അദ്ദേഹത്തിന് വളരെ എളുപ്പമായിരുന്നു.
പുസ്തകശാലയില്‍ നിന്നു പണം വാങ്ങി എവിടെയെങ്കിലും ഒരു ലോഡ്ജില്‍ മുറിയെടുക്കും. ഒരാഴ്ചക്കകം ഒരു പുസ്തകം എഴുതി നല്‍കും. പിന്നെ മറ്റൊരിടത്തേക്കും പോകും. കിട്ടുന്ന പണമെല്ലാം ദിവസങ്ങള്‍കൊണ്ടു തീരും.
കോഴിക്കോട് കടപ്പുറത്തിരുന്നാണത്രെ 'ശ്രീരാമചരിതം' എഴുതിയത്. തിരുവില്വാമല വില്വാദ്രിനാഥന്റെ തിരുനടയിലിരുന്ന് 'താമരത്തോണി'യും ഒരാഴ്ചകൊണ്ട് രചിച്ചു!
ജീവിതത്തെ ഒരു കഥകളിയോഗമായി ചിത്രീകരിച്ച വിശ്രുത കവിതയായ 'കളിയച്ഛന്' എഴുതിയത് ഒറ്റപ്പാലത്തെ ഒരു പഴയ ലോഡ്ജ് മുറിയില്‍ ഒരണയ്ക്ക് വാങ്ങിയ മെഴുകുതിരിയുടെ വെളിച്ചത്തിലായിരുന്നു. ''ഈ കവിത എഴുതിയതിന് സാക്ഷ്യം വഹിച്ച മെഴുകുതിരികള്‍ ധന്യങ്ങളാണ്''- എന്ന് മഹാകവി വൈലോപ്പിള്ളി പറഞ്ഞിട്ടുണ്ട്. ഒറ്റപ്പാലം സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ വായിക്കാന്‍ തലേന്ന് രാത്രി തിരക്കുപിടിച്ചെഴുതിയ ഈ കവിത പിന്നീട് കോളജുകളിലും സ്കൂളുകളിലും പഠനവിഷയമായി.
മഹാകവിയുടെ സവിശേഷമായ ജീവിതരീതികള്‍ മനസിലാക്കിയ പലരും അദ്ദേഹത്തെ മുതലെടുത്തിട്ടുണ്ട്. അദ്ദേഹത്തെ വിറ്റ് പട്ടും വളയും വാങ്ങിയവര്‍ കവിയെയും കവിതയെയും വിസ്മരിച്ചു. പുസ്തകമെഴുതിച്ചും സിനിമപിടിച്ചും അഭിമുഖങ്ങള്‍ നടത്തിയും ഡോക്ടറേറ്റ് നേടിയും പലരും വിലസി. അവര്‍ കാറുകളില്‍ സഞ്ചരിച്ചു. ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നേടി. എല്ലാത്തിനും കാരണമായ മഹാകവി പൈപ്പുവെള്ളം കുടിച്ച്, വണ്ടിക്കൂലിക്കുപോലും പണമില്ലാതെ പൊരിവെയിലില്‍ നടന്നുപോയി!
'പി'യെക്കുറിച്ച് എഴുതുകയും 'വില്‍ക്കുകയും' ചെയ്യുന്ന സമര്ഥന്മരുടെ കാലമാണിത്. ഇവരില്‍പ്പലര്‍ക്കും അദ്ദേഹത്തിന്റെ കവിതക്കെുറിച്ച് ഒരു ചുക്കും അറിയില്ലന്നതാണ് യാഥാര്‍ത്ഥ്യം. അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ പലതും 'ഔട്ട് ഓഫ് പ്രിന്റ്'- ആണുതാനും! 'പി' യെപ്പോലെ ജീവിക്കാന്‍ ധൈര്യമില്ലാത്ത ചിലരാകട്ടെ അദ്ദേഹത്തിന്റെ അപഥസഞ്ചാരങ്ങളെ മാത്രം ആരാധിച്ച് കവിയെ സ്നേഹപൂര്‍വം 'നക്കിത്തിന്നു' മുതലെടുക്കുകയാണ്.
പരീക്ഷാ യോഗ്യതയും ബിരുദങ്ങളും ഒന്നും ഇല്ലാതിരുന്ന അദ്ദേഹത്തിന് മലയാള അധ്യാപകനായിരിക്കാന്‍ മദിരാശി ഗവണ്മെന്റ് ഒരു അനുവാദപത്രം നല്കുകയുണ്ടായി. കേരളത്തിലെ ഏതൊരു ഹൈസ്കൂളിലും മലയാളം പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടെന്ന സര്‍ട്ടിഫിക്കറ്റായിരുന്നു അത്. അങ്ങനെയാണ് അദ്ദേഹം ഏതാനും വര്‍ഷം അധ്യാപകനായി ജോലി നോക്കിയത്. വലിയ സഞ്ചാരിയായിരുന്ന അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരു സൗജന്യ റെയില്‍വേ പാസും അനുവദിച്ചു.
ഊരുചുറ്റി നടക്കുന്നതിനിടയില്‍ ഒരിക്കല്‍ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനെക്കാണാന് അദ്ദേഹം എത്തിയ കഥ കേട്ടിട്ടുണ്ട്. സെക്രട്ടേറിയേറ്റിലെ സന്ദര്‍ശക മുറിയില്‍ മണിക്കൂറുകളോളം
കാത്തിരുന്നെങ്കിലും കവിയുടെ വേഷവും രൂപവും കണ്ടതുകൊണ്ടാകാം ഉദ്യോഗസ്ഥന്മാര് സന്ദര്‍ശനാനുമതി നല്‍കിയില്ല. കാത്തിരുന്നു മടുത്ത് മഹാകവി സ്ഥലം വിടുകയും ചെയ്തു. കര്‍ക്കശക്കാരനെങ്കിലും സഹൃദയനായിരുന്ന അച്യുതമേനോന് പിന്നീട് ഈ വിവരമറിഞ്ഞ് ഏറെ ഖേദിച്ചു. ഉദ്യോഗസ്ഥന്മാരെ ശാസിക്കുകയും ചെയ്തു.
ആദ്യം കാണുന്ന വണ്ടിയില്ക്കയറുക; ആദ്യം കാണുന്ന തണലില്‍ വിശ്രമിക്കുക എന്നതായിരുന്നു കുഞ്ഞിരാമന്‍നായരുടെ രീതി.
'കുയിലും മയിലും കുഞ്ഞിരാമന്‍നായരും കൂടുണ്ടാക്കാറില്ല'- എന്ന് കെ.ജി. ശങ്കരപ്പിള്ളയുടെ കവിതയില്‍ പറഞ്ഞത് ഓര്‍മിച്ചുപോകുന്നു.
ഒരു അവധൂതനെപ്പോലെ നടന്ന കവിയുടെ ചില പ്രതികരണങ്ങള്‍ പ്രസിദ്ധങ്ങളാണ്.
അവയില്‍ ചിലത്:
ഒരിക്കല്‍ വഴിയില്‍ വച്ച് അലക്കുകാരന് ശങ്കുണ്ണിയെ കണ്ടപ്പോള്‍ കവി ചോദിച്ചു:
-''എന്നെക്കൂടിയൊന്ന് അലക്കിത്തരുമോ?''
ബീഡി തലതിരിച്ച് വലിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഉത്തരം:
-''അത് അവള്‍ക്ക,് കവിതയ്ക്കുള്ള നൈവേദ്യമാണ്!''
ഒരു പ്രഭാതത്തില്‍ ഉറൂബിന്റെ വീട്ടിലേക്ക് കയറി വന്നപ്പോള്‍ ആളെ പെട്ടെന്ന് മനസിലാക്കാത്തതിനാല്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി:
-''അതാണ് എനിക്കും അറിയാന്‍ സാധിക്കാത്തത്!''
''എത്ര വിവാഹബന്ധങ്ങളുണ്ട്?'' എന്ന് ഒരാള്‍ ചോദിച്ചു.
'-'നാലഞ്ചു കാണുമെന്നു തോന്നുന്നു. ഇതൊക്കെ എങ്ങനെ ഓര്‍ക്കാനാണ്? -മറുപടി ഉടന്‍ വന്നു!
മരണത്തെക്കുറിച്ച് കവി പറഞ്ഞു:
-''ഒരു ദിവസം പോലും എനിക്ക് കിടക്കേണ്ടിവരില്ല. നാലഞ്ചു നിമിഷം കൊണ്ട് കാര്യം തീരും. ചിലപ്പോഴത് കാട്ടുചോലയ്ക്കരുകിലോ കടത്തിണ്ണയിലോ കൊട്ടാരത്തിലോ ആയിരിക്കുമെന്നു മാത്രം''.
വര്‍ഷങ്ങള്‍ക്കുശേഷം, ഒരു ദിവസം അപ്രതീക്ഷിതമായി വീട്ടില്‍ വന്നുകയറിയ കവിയോട് ഭാര്യ ചോദിച്ചു:
-''ഇനി എന്നാണ് വരിക? ഞങ്ങള്‍ക്ക് ഒരു എഴുത്തെങ്കിലും അയച്ചുകൂടേ? ഇങ്ങനെ പോയാല്‍ ആരുണ്ട് നോക്കാന്‍?''
-''അറിഞ്ഞുകൂടാ! മരിച്ചാല്‍ റേഡിയോയിലൂടെ
അറിയാം! അറിയിക്കും!''-കവിയുടെ മറുപടി!
കിടന്നു മരിക്കില്ല!:
മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച്, കിടന്നുമരിക്കില്ല എന്നായിരുന്നല്ലോ നിത്യസഞ്ചാരിയായിരുന്ന കവിയുടെ വിശ്വാസം.
ഒരിക്കല്‍ ജ്യോതിഷക്കാരന് പണിക്കര്‍ പറഞ്ഞു:
''എണ്‍പതിനപ്പുറം പോകില്ല! പെട്ടെന്നുമരണം!''
അയാള്‍ പറഞ്ഞതു ശരിയായി. 1978 മേയ് 28ന്!
എവിടെനിന്നോ വന്ന കവി തമ്പാനൂരില്‍ ബസിറങ്ങി. പതിവുപോലെ തൊട്ടടുത്ത സി.പി. സത്രത്തില്‍ മുറിയെടുത്തു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വഴിപാടുകഴിക്കാന്‍ ഏര്‍പ്പാടു ചെയ്തു. രാത്രി വൈകി കിടന്നുറങ്ങി.
അത് അവസാന നിദ്രയായിരുന്നു.
കവി, ഭാര്യയോടു പറഞ്ഞതു സംഭവിച്ചു. സന്ധ്യയ്ക്ക് റേഡിയോ വാര്‍ത്തയില്‍ ഇപ്രകാരം കേട്ടു:
''മഹാകവി പി. കുഞ്ഞിരാമന്‍നായര്‍ തിരുവനന്തപുരം സി.പി. സത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ അന്തരിച്ചു!!!
e-mail: PramoMdenon@gmail.com