Tuesday, June 18, 2019 Last Updated 26 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 01.29 AM

ഡെഡ്‌ ലൈന്‍

uploads/news/2019/02/285204/sun2.jpg

പുലരാറായപ്പോള്‍ പൂവന്‍കോഴി കൂകിയപ്പോള്‍ പുതുമണവാളനൊന്നുറങ്ങിയപ്പോള്‍...
ഇതു സാമാന്യമായൊരു ധാരണയാണ്‌. വെളുപ്പാന്‍ കാലത്തോടെ മാത്രമേ പുതുമണവാളനുറക്കം സാധ്യമാകൂ എന്നാണ്‌ സാമാന്യജനങ്ങളൊക്കെ ധരിച്ചുവശായിരിക്കുന്നത്‌. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യം മണവാളന്മാരുടെ ഉറക്കത്തെക്കുറിച്ചു മാത്രമേ പരാമര്‍ശമുള്ളൂ. മണവാട്ടിമാര്‍ ഉറങ്ങുന്നുവോ ഇല്ലയോ എന്നൊന്നും ആരും അന്വേഷിക്കുന്നില്ല, അവരെക്കുറിച്ച്‌ ആരും വേവലാതിപ്പെടുന്നുമില്ല.
ഇപ്പോള്‍ ഇതെക്കുറിച്ചൊക്കെ സൂചിപ്പിക്കാന്‍ കാരണം നമ്മുടെ ഈ കഥയിലെ നായകനും പുതുമണവാളനാണെന്നതും ഇന്നയാളുടെ ആദ്യരാത്രിയാണെന്നതുമാകുന്നു. ഏതൊരാളിന്റേയും ആദ്യരാത്രി അയാളുടെ ജീവിതത്തിലെ വിവാഹം പോലെ, ഒരു സുപ്രധാന വഴിത്തിരിവാണെന്നാണ്‌ എന്റെ വിശ്വാസം. കാരണം ആദ്യരാത്രിയിലെ സംഭവവികാസങ്ങളോടെ തുടര്‍ന്നുള്ള ജീവിതത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നാണ്‌ പറയപ്പെടുന്നത്‌. അതുകൊണ്ടു തന്നെ ആദ്യരാത്രിക്കായി കാത്തിരിക്കുന്ന എല്ലാവര്‍ക്കും അതിനെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ ഉണ്ടാകാതെ തരമില്ല. ഈ കഥയിലെ നായകനും എല്ലാ നവവരന്മാരേയും പോലെ സ്വപ്‌നങ്ങള്‍ ഏറെ നെയ്‌തെടുത്ത്‌ ആദ്യരാത്രിക്കായി കാത്തിരിക്കുന്നയാളാണെന്ന്‌ കഥാകൃത്തിന്‌ ഉറച്ച വിശ്വാസമുണ്ട്‌.
ഹരിഹരന്‍ തന്റെ സങ്കല്‌പ കഥയിലെ നായികയാവാന്‍ യോഗ്യതയുള്ള പെണ്‍കിടാവിനെ തേടി കഴിഞ്ഞ രണ്ടുമൂന്നു കൊല്ലമായി അലയുന്നു. ഭാവിജീവിതത്തിലെ നായികയ്‌ക്ക് ആവശ്യമായ യോഗ്യതകളെല്ലാം നിശ്‌ചയിച്ചശേഷമാണ്‌ ആലോചന തുടങ്ങിയതു തന്നെ. റവന്യു വകുപ്പില്‍ ക്ലാര്‍ക്കായ അയാള്‍ തന്റേയും മാര്‍ക്കറ്റ്‌ വില നിശ്‌ചയിക്കാന്‍ വിട്ടുപോയില്ലെന്നു കൂടി പറഞ്ഞുകൊള്ളട്ടെ.
എന്നാല്‍ നിര്‍ഭാഗ്യമെന്നല്ലാതെന്തു പറയാന്‍! കൂരിരുട്ടില്‍ കറുത്ത പൂച്ചയെ തപ്പുന്നതുപോലെയായി ഹരിഹരന്റെ അന്വേഷണങ്ങള്‍. ഒരിക്കല്‍പോലും നായിക കാണാമറയത്തു നിന്നും വെള്ളിവെളിച്ചത്തിലേക്ക്‌ കടന്നുവരാന്‍ തയ്യാറായില്ല. കാലം കടന്നുപോകെ ഒരപകടത്തില്‍പ്പെട്ട്‌ ഹരിഹരസുതന്റെ മുന്‍പല്ലുകള്‍ രണ്ടെണ്ണം പൊട്ടുകയും മുഖത്ത്‌ പക്ഷിക്കാഷ്‌ടം കണക്കെ കറുത്ത പാട്‌ വീഴുകയും ചെയ്‌തു. ഇതോടെ മാര്‍ക്കറ്റ്‌ വില പുനരവലോകനം ചെയ്യാന്‍ അയാള്‍ നിര്‍ബ്ബന്ധിതനായിത്തീരുകയും ചെയ്‌തു.
വിവാഹാലോചനപ്രകാരം ഒരു സന്നിഗ്‌ധഘട്ടത്തിലെത്തി നില്‌ക്കുമ്പോഴാണ്‌ സീനിയര്‍ സൂപ്രണ്ട്‌ രാജശേഖരന്‍ നായര്‍ ഒരു ദേവദൂതനായി ഹരിഹരന്റെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നത്‌. ജീവിതത്തില്‍ ആരും സഹായിക്കാനില്ലാത്തവരെ ഒടുവില്‍ ദൈവം തുണയ്‌ക്കും എന്നു പറയുന്നതെത്ര ശരിയാണ്‌. സത്യഭാമയെന്ന കമ്പ്യുട്ടര്‍ എഞ്ചിനീയര്‍ ഹരിഹരനെന്ന സര്‍ക്കാരുദ്യോഗസ്‌ഥന്റെ ജീവിതത്തിലേക്ക്‌ വലതുകാല്‍ വച്ച്‌ കയറിയതിനു പിന്നില്‍ രാജശേഖരന്‍ നായരുടെ അത്യദ്ധ്വാനവും മെനക്കേടും എടുത്തുപറയേണ്ട സംഗതികളാണ്‌. ഇത്തരമൊരിടപാടില്‍ ഒരു ചായക്കാശുപോലും രാജശേഖരന്‍ നായര്‍ വാങ്ങിയില്ലെന്നത്‌ സത്യമായി അവശേഷിക്കുന്നു. ഏതൊരു കാര്യം നടത്തിക്കൊടുക്കണമെങ്കിലും കൃത്യമായി മാമൂല്‍ പൊതുജനങ്ങളില്‍ നിന്നും ഈടാക്കുന്ന രാജശേഖരന്‍നായര്‍ ഹരിഹരനോടു കാണിച്ച സൗമനസ്യവും പരോപകാരതല്‌പ്പരതയും എത്രകണ്ട്‌ അഭിനന്ദിച്ചാലും മതിയാവില്ല. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരിലും നന്മ നിറഞ്ഞവര്‍ നിരവധിയുണ്ടെന്നു വായനക്കാരെ ബോദ്ധ്യപ്പെടുത്താന്‍ മാത്രം ഞാന്‍ ഈ സംഭവം ഉദാഹരിച്ചെന്നേയുള്ളൂ.
ഒട്ടൊരു ആശങ്കയോടെയും കുറ്റബോധത്തോടെയുമാണ്‌ ഹരിഹരന്‍ കിടപ്പറയിലേക്ക്‌ വന്നത്‌. വിവാഹത്തിനുവന്ന ബന്ധുക്കളെയും സുഹുത്തുക്കളെയുമെല്ലാം പറഞ്ഞയച്ചപ്പോള്‍ സമയം പോയതറിഞ്ഞില്ല. പലപ്രാവശ്യം വാച്ചിലും ക്ലോക്കിലുമൊക്കെ നോക്കി സമയമേറെയായെന്നറിയിച്ചിട്ടും വകതിരിവില്ലാത്ത ചിലരൊക്കെ ചപ്പടാച്ചി പറഞ്ഞ്‌ സമയം മെനക്കെടുത്തി. കിടക്കയില്‍ തന്നെ പ്രതീക്ഷിച്ച്‌ കാത്തിരുന്ന്‌ മുഷിഞ്ഞ നവവധുവിനോട്‌ ഒരു ക്ഷമാപണത്തോടെ വിശേഷമൊക്കെ ആരാഞ്ഞുകളയാം എന്നു മനസ്സില്‍ വിചാരിച്ച്‌ പറയേണ്ട വാചകങ്ങളെല്ലാം വീണ്ടും വീണ്ടും ഉരുവിട്ടാണ്‌ അയാള്‍ മണിയറയില്‍ പ്രവേശിച്ചത്‌. അപ്പോള്‍ മുല്ലപ്പൂക്കളുടെ സുഗന്ധം കാമദേവന്റെ ശരമായി മൂക്കുതുളച്ച്‌ കയറുകയും ഹരിഹരന്‍ അനുരാഗപരവശനായിത്തീരുകയും ചെയ്‌തു. കിടക്കയിലേക്ക്‌ നോക്കിയ ഹരിഹരന്‍ ഒന്നു ഞെട്ടാതിരുന്നില്ല. അവിടം ശൂന്യമായിരുന്നു. പറയാന്‍ മനസ്സില്‍ കരുതിവച്ചിരുന്ന വാചകങ്ങളത്രയും തലകീഴായി മറിഞ്ഞു. മൂന്നുനാലുവര്‍ഷം മനസ്സില്‍ താലോലിച്ചുകൊണ്ടുനടന്ന സ്വപ്‌നം പൂവണിഞ്ഞെന്ന്‌ കരുതിയതാണ്‌. വിളമ്പി വിളമ്പി വരുന്ന ചോറു പ്രതീക്ഷിച്ച്‌ കാത്തിരിക്കുന്നവന്റെ തൊട്ടൂമുന്നിലെത്തിയപ്പോള്‍ ചോറുതീര്‍ന്ന അവസ്‌ഥ.
അപ്പോഴാണ്‌ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ യാത്ര അയയ്‌ക്കാന്‍ അവളില്ലായിരുന്നല്ലോ എന്ന്‌ ഹരിഹരസുതനോര്‍മ്മ വന്നത്‌. വിളക്കുകൊളുത്തി മണിയറയില്‍ പ്രവേശിച്ച്‌ പാലുംപഴവും കഴിച്ചതോര്‍മ്മയുണ്ട്‌. പിന്നെ ഒന്നിനും അവളെ കണ്ടിട്ടില്ല. ആദ്യരാത്രിയില്‍ തന്നെ കബളിപ്പിച്ച്‌ അവള്‍ പോയോ? ആറ്റുനോറ്റ്‌ ഗര്‍ഭം ധരിച്ച്‌ പ്രസവിച്ചപ്പോള്‍ കുട്ടിയില്ലെന്ന്‌ പറഞ്ഞപോലെയായോ ദൈവമേ എന്നറിയാതെ ഹരിഹരന്‍ മനസ്സില്‍ ഉരുവിട്ടു പോയി.
എന്തു ചെയ്യേണ്ടൂ എന്നറിയാതെ ഇതികര്‍ത്തവ്യതാമൂഢനായി നില്‌ക്കെ മുറിയുടെ ഏറ്റവും ഒഴിഞ്ഞ കോണില്‍ ഒരു ധവളപ്രകാശം ഹരിഹരന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ വെട്ടമായിരുന്നു അത്‌. ലാപ്‌ടോപ്പ്‌ മടിയില്‍ വച്ച്‌ നവവധുവിന്റെവിരലുകള്‍ കീബോര്‍ഡിലൂടെ അതിദ്രുതം താളമിട്ടുകൊണ്ടിരുന്നു.
ഹരിഹരന്‍ അടുത്തുവന്ന്‌ മുരടനക്കിയപ്പോഴും അവള്‍ കേട്ടില്ല. അഥവാ കേട്ടതായി നടിച്ചില്ല. ഇത്‌ ഹരിഹരനു ചെറുതല്ലാത്ത മന:പ്രയാസത്തിനു കാരണമായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനിയുള്ള ജീവിതത്തില്‍ ഉടനീളം അനുസരിക്കേണ്ട പെണ്ണ്‌ തന്നെ തീരെ അവഗണിച്ച്‌ മറ്റെന്തിലോ ശ്രദ്ധിച്ചിരിക്കുന്നതില്‍ അയാള്‍ക്ക്‌ കഠിനമായ നീരസവും കോപവും തോന്നി. എന്നാല്‍ ആദ്യരാത്രിയില്‍ത്തന്നെ അനാവശ്യമായി എന്തെങ്കിലും പറഞ്ഞ്‌ പ്രകോപനമുണ്ടാക്കേണ്ട എന്നയാള്‍ തീരുമാനിക്കുകയും അല്ല ഭാമാ ഇതുവരെ പണിതീര്‍ന്നില്ലേ, നമുക്ക്‌ കിടക്കണ്ടേ എന്ന്‌ സ്‌നേഹത്തോടെയും മര്യാദയോടെയും ആരായുകയും ചെയ്‌തു. ഏതായാലും ഇത്തവണ അവള്‍ തലയുയര്‍ത്തുകയും ഹരിഹരനെ നോക്കി മന്ദഹസിക്കുകയും ചെയ്‌തു. അപ്പോഴാണ്‌ ഭാമ ഉടുത്തസാരി മാറിയിട്ടുപോലുമില്ലെന്ന്‌ ഹരിഹരന്‍ അറിയുന്നത്‌.
അയ്യയ്യോ...ഇതെന്താ ഭാമാ...ഉച്ചയ്‌ക്കുടുത്ത സാരിപോലും മാറിയില്ലല്ലോ... ഇതുടുത്തെങ്ങിനെയാണു കെടക്കുക? എന്നയാള്‍ അത്ഭുതപ്പെട്ടു. അയാളുടെ ചോദ്യത്തിനവള്‍ മറുപടിയൊന്നും പറഞ്ഞില്ല. പകരം ചൂണ്ടുവിരല്‍ ചുണ്ടിനുമേല്‍ വച്ച്‌ ശ്ശ്‌ശ്ശ്ശ്ശ്‌...എന്നു മാത്രം പറഞ്ഞു.
ഹരിഹരസുതനു ചെറുതല്ലാത്ത ദേഷ്യം വന്നെങ്കിലും അയാള്‍ നിയന്ത്രിച്ചു.
ഹരീ കെടക്കരുതേ...എനിക്കൊരുപാടുകാര്യങ്ങള്‍ പറയാനുണ്ട്‌...ഇന്ന്‌ ഡെഡ്‌ ലൈനാണ്‌...പ്ര?ജക്‌റ്റ് ഇന്നു തീര്‍ത്തില്ലേല്‍ ടീമില്‍നിന്ന്‌ ഞാനൗട്ടാകും...സൊ പ്ലീസ്‌...ഇതു പറയുമ്പോള്‍ സ്‌ക്രീനിലെ ധവള പ്രകാശത്തില്‍ അവളുടെ മുഖം തിളങ്ങുകയും വിരലുകള്‍ കീബോര്‍ഡില്‍ ആരോടോ പകതീര്‍ക്കുകയും ചെയ്‌തുകൊണ്ടിരുന്നു.
ഒന്നും മിണ്ടാനാവാതെ ഹരിഹരന്‍ ഒറ്റയ്‌ക്ക് കിടക്കയില്‍ ഇരുന്നു. പിന്നെ മുല്ലപ്പൂക്കള്‍ ഓരോന്നായെടുത്ത്‌ മണക്കുകയും കുറച്ച്‌ സമയം കിടക്കുകയും വീണ്ടും എണീറ്റിരിക്കുകയും ചെയ്‌തു. ഇടയ്‌ക്ക് വല്ലാതെ ദേഷ്യം തോന്നിയപ്പോള്‍ അഞ്ചാറു മുല്ലപ്പൂക്കള്‍ കശക്കി ദൂരെയെറിഞ്ഞു. ബലാത്സംഗത്തെക്കുറിച്ചുപോലും ചിന്തിച്ചു. പക്ഷേ പെട്ടെന്നയാള്‍ ഉറങ്ങിപ്പോയി. ഉറക്കത്തില്‍ വസ്‌ത്രങ്ങളെല്ലാം ഉരിഞ്ഞു കളഞ്ഞ്‌ ഭാമ ഒട്ടിക്കിടന്നു. അയാള്‍ അവളുടെ ചുണ്ടുകളില്‍ ആഞ്ഞു ചുംബിച്ചുകൊണ്ടിരുന്നു. ആദ്യം ചുണ്ടുകളില്‍, പിന്നെ മുഖത്ത്‌, കഴുത്തില്‍, മാറത്ത്‌, അടിവയറില്‍...അങ്ങനെ അയാള്‍ ചുംബനങ്ങള്‍ കൊണ്ടവളെ വീര്‍പ്പുമുട്ടിച്ചു. അടിവയറില്‍ ചുംബിച്ചപ്പോള്‍ അവള്‍ക്ക്‌ വല്ലാതെ ഇക്കിളിയെടുത്തു. അവള്‍ ചിരി തുടങ്ങിയപ്പോള്‍ അയാള്‍ പെട്ടെന്ന്‌ വാ പൊത്തിപ്പിടിച്ചു. തൊട്ടടുത്ത മുറിയിലാണ്‌ അയാളുടെ പെങ്ങള്‍ ഉറങ്ങുന്നത്‌. അവളെങ്ങാനും കേട്ടാല്‍...ഛെ...നാണക്കേട്‌ ചിരി ഒട്ടൊന്നടങ്ങിയപ്പോള്‍ അയാള്‍ ചോദിക്കുകയാണ്‌...തങ്കം...കമ്പ്യുട്ടര്‍ എഞ്ചിനീയറായ നിനക്ക്‌ എന്തുകൊണ്ടാണെന്നെ ഇഷ്‌ടമായത്‌?
അവള്‍ ഒന്നു തിരിഞ്ഞു കിടന്നു. പിന്നെ അയാളുടെ കൈകള്‍ തന്റെ കയ്യിലെടുത്ത്‌ തലോടിക്കൊണ്ടു പറഞ്ഞു
...അതു നിന്റെ ജോലി സര്‍ക്കാര്‍ ജോലിയായതുകൊണ്ട്‌...നിനക്കിഷ്‌ടം പോലെ അവധി...സ്വാതന്ത്ര്യം...പിന്നെ റിട്ടയര്‍ ചെയ്‌താല്‍ പെന്‍ഷനും.
അപ്പോള്‍ നിനക്കോ? ...എന്നേക്കാള്‍ ശമ്പളം!...സൗകര്യങ്ങള്‍! ...ശീതികരിച്ച ആപ്പീസുകള്‍!!...വര്‍ഷത്തിലൊരിക്കല്‍ വിദേശ സന്ദര്‍ശനം!!...അങ്ങനെയങ്ങനെ...എത്രനാളത്തേക്ക്‌ ഹരീ...ഞങ്ങളൊക്കെ ഹ്രസ്വകാലനാണ്യവിളകളാണ്‌ ...കപ്പളം പോലെ പെട്ടെന്ന്‌ മൂപ്പെത്തും...അപ്പോള്‍ അവളുടെ തിരുനെറ്റിയിലേക്കിറങ്ങിക്കിടന്ന ഏതാനും മുടിയിഴകള്‍ നരച്ചതായി അയാള്‍ കണ്ടു.
.മൂപ്പെത്തിയാല്‍ ആദായം കുറയും. അപ്പോള്‍ വെട്ടിക്കളഞ്ഞ്‌ അടുത്ത തൈ നടും...പക്ഷേ അപ്പോഴും നിനക്ക്‌ ജോലിയുണ്ടായിരിക്കുമല്ലോ. അല്ലേ...?
തെല്ലുനേരം അവള്‍ നിര്‍ത്തി.
അയാള്‍ വീണ്ടും അവളെ ചുംബിക്കാന്‍ ശ്രമിക്കെ പെട്ടെന്നവള്‍ എണീറ്റു.
അതോടെ ഹരിഹരന്റെ ഉറക്കവും പോയി.
ഉറക്കമുണര്‍ന്ന ഹരിഹരന്‍ കാണുന്നത്‌ ലാപ്‌ടോപ്പുമായി മല്ലിടുന്ന ഭാമയെയാണ്‌. ക്ലോക്കില്‍ ചെറിയ സൂചി രണ്ടെന്ന അക്കത്തിലായിരുന്നു. പുറത്ത്‌ അതേ സമയം ഉറക്കമുണര്‍ന്ന കോഴി നീട്ടിക്കൂവുന്നത്‌ അയാള്‍ കേട്ടു. കൂടാതെ കൂമന്‍, പുള്ള്‌ തുടങ്ങിയവയൊക്കെ ചിറകടിച്ച്‌ പറക്കുന്നതിന്റെ ശബ്‌ദങ്ങളും രാത്രിയുടെ നിശ്ശബ്‌ദതയെ ഭഞ്‌ജിച്ച്‌ കൊണ്ടിരുന്നു.
ഇപ്രാവശ്യം ലാപ്‌ടോപ്‌ മേശപ്പുറത്ത്‌ വച്ച്‌ അവള്‍ എണീറ്റു. ഹരിഹരന്‍ ആശ്വാസം കൊണ്ടു. മൂന്ന്‌...നാല്‌...അഞ്ച്‌...ആറ്‌...അയാള്‍ കണക്കുകൂട്ടി.ഇനിയും മൂന്നുനാലു മണിക്കൂറുകള്‍ബാക്കിയാണ്‌. ഇപ്പോള്‍ കിടന്നാലും മതി.പക്ഷേ അയാളെ നിരാശപ്പെടുത്തി അവള്‍ ബാഗ്‌ തുറന്നു. കൊക്കകോളയുടെ കുപ്പി തുറന്ന്‌ വായിലൊഴിച്ചു. പിന്നെ ലെയ്‌സിന്റെ കവര്‍പൊട്ടിച്ച്‌ ഏതാനും എണ്ണം വായിലേക്കിട്ടുചവച്ചുകൊണ്ടിരുന്നു.
ഹരി നല്ല ആളാ...ഒരുപാടു കാര്യം പറയാനുണ്ടെന്ന്‌ പറഞ്ഞിട്ടും ഉറങ്ങിക്കളഞ്ഞല്ലോ...കൂര്‍ക്കം വലിക്കുന്നതെനിക്കു കേള്‍ക്കാമായിരുന്നു...ലെയ്‌സ് നീട്ടിക്കൊണ്ടവള്‍ പറഞ്ഞു.
ഹരിഹരന്‍ മറുപടിയൊന്നും പറഞ്ഞില്ല.
രക്ഷപ്പെട്ടൂ ഹരീ...പ്രോജക്‌റ്റ് ഞാന്‍ തല്ലിക്കൂട്ടി അയച്ചു. ഹോ...ഈ മുടിഞ്ഞ ഡെഡ്‌ലൈന്‍. ഇപ്പഴാ ആശ്വാസമായേ. ഇനി മെസ്സേജ്‌ വന്നാല്‍ കെടക്കാം...
ഹരിഹരന്‍ അപ്പോഴും നിലത്തോട്ടു നോക്കിയിരിക്കുകയായിരുന്നു.
ഉറക്കം വരുന്നില്ലെങ്കില്‍ നമുക്കല്‌പസമയം സംസാരിച്ചിരിക്കാം. മെസ്സേജ്‌ വരുന്നവരെ
ഹരിഹരനും ഭാമയുടെ നിര്‍ദ്ദേശം ഇഷ്‌ടപ്പെട്ടു. സമയം രാത്രി രണ്ടുമണിയായാലെന്ത്‌? ഭാര്യയ്‌ക്കും ഭര്‍ത്താവിനും തമ്മില്‍ മിണ്ടുന്നതിനു സമയമൊന്നും നിശ്‌ചയിച്ചിട്ടില്ലല്ലോ.
അവള്‍ കൊക്കകോള നീട്ടിയെങ്കിലും ഹരിഹരന്‍ വാങ്ങിയില്ല.
ഹരീ...ഇനിമുതല്‍ നമ്മള്‍ പ്രണയിക്കാന്‍ പോകുകയാണ്‌. മനസ്സിലായോ?
ഉറക്കച്ചടവില്‍ തലകുലുക്കിയെങ്കിലും അയാള്‍ക്കൊന്നും മനസ്സിലായില്ല.
നമ്മള്‍ ഇപ്പോള്‍ മുതല്‍ പ്രണയിച്ചുകൊണ്ടേയിരിക്കും. അതായത്‌ നമ്മള്‍ വിവാഹിതരായിട്ടില്ല എന്നു സങ്കല്‍പ്പിക്കുക. വിവാഹിതരാകാന്‍ കാത്തിരിക്കുന്ന യുവതീയുവാക്കള്‍ക്ക്‌ എന്തൊരാവേശമായിരിക്കും. ആ ആവേശം ഒട്ടും ചോരാതെ നമ്മുടെ മനസ്സുകള്‍ എന്നും ഇണചേര്‍ന്നു കൊണ്ടിരിക്കും.. എന്താ മനസ്സിലായോ?
ഇപ്രാവശ്യം ഹരിഹരന്‍ തലകുലുക്കിയില്ല. സത്യമാണോ സ്വപ്‌നമാണോ എന്നറിയാതെ അയാള്‍ കണ്ണുതിരുമ്മി നോക്കി.
ഹരീ...വിവാഹിതരാവുന്നതോടെ ആദ്യത്തെ ഏതാനും ദിവസം മാത്രമേ ചൂരും ചൂടുമൊക്കെ കാണൂ. ദിവസങ്ങള്‍ കഴിയുന്നതോടെ പുതുമ നഷ്‌ടപ്പെട്ട്‌ എല്ലാം യാന്ത്രികമാവുന്നു. ശരിയല്ലേ...നമ്മള്‍ വിചാരിച്ചാലേ അതിനൊരു മാറ്റം വരുത്താന്‍ കഴിയൂ.
അയാള്‍ വല്ലാതെ കണ്ണുമിഴിച്ചിരുന്നു.
അതിനൊരു പരിഹാരം...നമ്മള്‍ വിവാഹിതരായില്ലെന്ന്‌ കരുതുക. നമ്മള്‍ എന്നും ഒരുമിച്ചു താമസിക്കുകയില്ല. വല്ലപ്പോഴും മാത്രം. പക്ഷേ നമ്മള്‍ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കും. വീഡിയോ കോളിങ്ങിലൂടെ. അങ്ങനെ നമ്മള്‍ എന്നും പുതുപുത്തനായിരിക്കും..
ഹരീ...കരിമ്പിന്‍ തുണ്ട്‌ ഇടയ്‌ക്കിടെ മാത്രമേ കടിക്കാവൂ. ഒറ്റയടിക്ക്‌ നീരുമുഴുവന്‍ ഊറ്റിയെടുത്താല്‍ പിന്നെ ചണ്ടി മാത്രമേ ബാക്കി കാണൂ. മനസ്സിലായോ?
ഇതേസമയം അകലെയെവിടെയോ ഒരു പട്ടി കാലന്‍ കൂവുന്നതു കേട്ട്‌ അയാള്‍ അസ്വസ്‌ഥനായി.
ഞാന്‍ ഒരു പ്രിക്കോഷനും എടുത്തിട്ടുണ്ട്‌. അഞ്ചു വര്‍ഷത്തേക്കെങ്കിലും ഞാന്‍ ഗര്‍ഭിണിയാവില്ല. നമ്മള്‍ വല്ലപ്പൊഴുമേ ഒരുമിച്ചുണ്ടാവൂവെങ്കിലും പ്രിക്കോഷനെടുക്കുന്നതല്ലേ ഹരീ ബുദ്ധി. നിങ്ങള്‍ ആണുങ്ങള്‍ക്ക്‌ അബദ്ധം പറ്റിയെന്നൊക്കെ പറയാം. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ ചുമക്കുകയല്ലേ മാര്‍ഗ്ഗമുള്ളൂ. അതുകൊണ്ട്‌ അബദ്ധം പറ്റരുതല്ലോ..
നോക്കൂ ഹരീ...നമ്മള്‍ ആദ്യരാത്രിയും നീട്ടിനീട്ടി വയ്‌ക്കുകയാണ്‌. കടിക്കാത്ത കരിമ്പിന്‍ തുണ്ട്‌ പോലെ. നാളെയും നമുക്ക്‌ ആദ്യരാത്രിയായിരിക്കും. നിയന്ത്രിച്ചാല്‍ മറ്റന്നാളും അതിനടുത്ത ദിവസവും. തൊട്ടടുത്ത ദിവസം എനിക്കു ജോയിന്‍ ചെയ്യണം. പിന്നെ ഒരുമാസം കഴിഞ്ഞല്ലേ നമ്മള്‍ കാണൂ. രണ്ടു ദിവസം നിയന്ത്രിച്ചാല്‍ ഒരുമാസം കഴിഞ്ഞും നമുക്കാദ്യരാത്രിയായിരിക്കും.
എന്നും ആദ്യ രാത്രിയെപ്പറ്റി സ്വപ്‌നം കണ്ടുറങ്ങാന്‍ കഴിയുക. എത്ര മനോഹരമാണത്‌.!!!
ഹരി കരുതുന്നുണ്ടാവും എത്രനാള്‍ കാത്തിരുന്നിട്ടാണു വിവാഹം കഴിച്ചത...എന്നിട്ട്‌...ഇപ്പോള്‍....പക്ഷേ നിരാശപ്പെടേണ്ട...കാഷ്വല്‍ റിലേഷന്‍സുണ്ടാവുമല്ലോ...അതൊന്നും വേണ്ടെന്നു വയ്‌ക്കണ്ട... ജസ്‌റ്റ് ഫിസിക്കല്‍ നീഡ്‌സ്...നമുക്കത്‌ അണ്ടര്‍സ്‌റ്റാന്‍ഡ്‌ ചെയ്യാന്‍ പറ്റണം. അത്തരത്തിലുള്ള ബന്ധങ്ങള്‍ക്ക്‌ നാം അനാവശ്യഗൗരവം കൊടുക്കാതിരുന്നാ മതി
ഇതിനോടകം അവള്‍ കൊക്കകോള പകുതിയും തീര്‍ത്തു കഴിഞ്ഞിരുന്നു.
ഈ സമയം പട്ടിയുടെ ഓരിയിടല്‍ അസഹ്യമായി. ഹരിഹരന്‍ വീണ്ടും കട്ടിലിലേക്കു ചാഞ്ഞു. പെട്ടെന്ന്‌ സ്‌ഥലകാല ബോധം നഷ്‌ടപ്പെട്ട അയാള്‍ അവിവാഹിതനായ യുവാവായി മാറുകയും ഭാമ അയാളുടെ സഹോദരിയായിത്തീരുകയും ചെയ്‌തു. എനിക്ക്‌ വല്ലാതെ ഉറക്കം വരുന്നു നീ അമ്മേടെ മുറിയില്‍ പോയിക്കെടക്ക്‌ എന്നയാള്‍ ഇടയെ്‌ക്കപ്പൊഴോ ഭാമയോട്‌ പറയുകയും ചെയ്‌തു. മഴ പെയ്യാനാരംഭിച്ചു. കൊള്ളിയാന്‍ നാണമില്ലാതെ മുറിക്കുള്ളിലേക്കെത്തിനോക്കിയിട്ട്‌ നിരാശയോടെ പിന്‍വാങ്ങി. മഴ നനഞ്ഞു വരുന്ന ഭാമയെ അയാള്‍ കണ്ടു. ഉടുത്തിരുന്ന വസ്‌ത്രം നനഞ്ഞൊട്ടി അവളുടെ അഴകാകെ പുറത്തുചാടിയിരുന്നു. എന്നാല്‍ അയാളാകട്ടെ അവളുടെ തലതുവര്‍ത്തുകയും രാസ്‌നാദിപ്പൊടി തിരുമ്മുകയും ചെയ്‌തു. കൂടാതെ തണുപ്പകറ്റാന്‍ കമ്പിളിപുതപ്പിക്കുകയും കട്ടന്‍ കാപ്പി ഉണ്ടാക്കി കൊടുക്കുകയും ചെയ്‌തു
ഹരിഹരന്‍ അസ്വസ്‌ഥനായി തിരിഞ്ഞും മറിഞ്ഞും കിടക്കവേ പെട്ടെന്ന്‌ ഒരു ശബ്‌ദം കേട്ടയാള്‍ എണീറ്റു. അത്ഭുതമെന്നു പറയട്ടെ ലാപ്‌ടോപ്‌ മേശപ്പുറത്ത്‌ തുറന്നു തന്നെയിരുന്നു. എന്നാല്‍ ഭാമ അവിടെങ്ങും ഉണ്ടായിരുന്നില്ല. മുറിയാകെ പരതിയെങ്കിലും അവളെ എവിടേയും കണ്ടില്ല. പെട്ടെന്നയാള്‍ക്ക്‌ ടോയ്‌ലറ്റ്‌ ഓര്‍മ്മവന്നു. എന്നാല്‍ അവള്‍ അതിനുള്ളിലും ഉണ്ടായിരുന്നില്ല. ഹരീ...എന്നൊരു ശബ്‌ദം കേട്ട്‌ നോക്കിയ ഹരിഹരന്‍ അമ്പരന്നു പോയി.
ഭാമ ലാപ്‌ടോപ്പിനുള്ളില്‍ കുടുങ്ങിയിരിക്കുന്നു.
തെളിഞ്ഞ്‌ നില്‍ക്കുന്ന സ്‌ക്രീനില്‍ അവളെ കാണാം. അവളാകട്ടെ കൈ ഉയര്‍ത്തികാണിക്കുന്നുണ്ട്‌. എന്തെല്ലാമോ വിളിച്ചു പറയുന്നുണ്ടെങ്കിലും ഒന്നും വ്യക്‌തമല്ല. എങ്ങനെ അവള്‍ സ്‌ക്രീനിനുള്ളില്‍ പെട്ടു എന്നത്‌ എത്ര ആലോചിച്ചിട്ടും ഹരിഹരനു പിടികിട്ടിയില്ല. അവളുടെ കയ്യില്‍ പിടിച്ച്‌ പുറത്തേക്കിടാന്‍ അയാള്‍ ശ്രമിക്കായ്‌കയല്ല. പക്ഷേ സ്‌ക്രീനില്‍ തൊടാന്‍ മാത്രമേ അയാള്‍ക്കായുള്ളൂ. ഭാമാാ...ഭാമാാ...അയാള്‍ ഉറക്കെ നിലവിളിക്കാന്‍ ശ്രമിച്ചു. വീട്ടുകാരുണര്‍ന്നാല്‍ നാണക്കേടാകുമല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ വായ പൂട്ടി.അയാള്‍ ഇരുകൈകളും നീട്ടി. അവളും.പക്ഷേ കമ്പ്യുട്ടര്‍ സ്‌ക്രീന്‍ ഇടയില്‍ ഒരു മതില്‍ തീര്‍ത്തു. അവരുടെ കൈകള്‍ സ്‌പര്‍ശിച്ചതേയില്ല. പെട്ടെന്ന്‌ കറന്റ്‌ പോയി. ലാപ്‌ടോപ്പിനുള്ളില്‍ നിന്നും ഭാമയുടെ നിലവിളി ഹരിഹരന്‍ കേട്ടു.
അവളുടെ കണ്ണുകള്‍ മിഴിച്ചിരുന്നു. സ്‌ക്രീനില്‍ കുടുങ്ങിയ ഭാമയെ ഒഴിവാക്കാനാവാതെ കമ്പ്യുട്ടര്‍ വിറങ്ങലിച്ചു നിന്നു.എങ്ങു നിന്നോ കാലന്‍ കോഴി കൂവി. എല്ലാറ്റിനും സാക്ഷിയായി നിന്ന ഭിത്തിയിലെ ഘടികാരം നാലുപ്രാവശ്യം നെഞ്ചത്തടിച്ചു.ചുവരില്‍ തൂക്കിയിട്ടിരുന്ന വിവാഹമാലയിലെ പൂക്കളില്‍ അപ്പോഴുംതേന്‍ നിറഞ്ഞു നിന്നു. അവളുടെ നിലവിളി അവിടമാകെ മുഴങ്ങി. നിലവിളി കേട്ട ഹരിഹരന്റെ പെങ്ങള്‍ ഒരു ഗൂഢസ്‌മിതത്തോടെ കിടക്കയില്‍ തിരിഞ്ഞുകിടന്നു.

ഗോപന്‍ പാലക്കോട്ട്‌

Ads by Google
Sunday 03 Feb 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW