Saturday, June 22, 2019 Last Updated 23 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 01.29 AM

ശബരീശന്‌ മുന്നില്‍ കൊച്ചുമ്മന്‍ മുതലാളിയുടെ കര്‍മ്മകാണ്ഡം

uploads/news/2019/02/285203/sun1.jpg

വര്‍ഷം 1902. ശബരീശ സന്നിധി അഗ്നി വിഴുങ്ങിയ കാലം. കലിയുഗ വരദന്റെ കാനന ക്ഷേത്രത്തില്‍ തീ പടര്‍ന്ന വാര്‍ത്ത ശ്രീമൂലം തിരുനാള്‍ അറിയുന്നത്‌ ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌. ദിവാന്‍ കെ. കൃഷ്‌ണസ്വാമി റാവുവിന്‌ രാജശാസനം ലഭിച്ചതോടെ അനന്തപുരി അങ്കലാപ്പിലായി. പ്രത്യേക രാജസഭകൂടി അടിയന്തര നടപടികളെപ്പറ്റി ചര്‍ച്ച ആരംഭിച്ചു. സന്നിധാനത്ത്‌ അഗ്നി പടരാനുള്ള കാരണം അജ്‌ഞാതം. സമസ്യയ്‌ക്ക് ഉത്തരം തേടി കാടുകയറിയവരില്‍ നിന്നും യാഥാര്‍ഥ്യം മനസിലാക്കാനും രാജാവിന്‌ കഴിഞ്ഞില്ല. എന്തായാലും അഗ്നിക്കിരയായ ക്ഷേത്രം പുനര്‍നിര്‍മ്മിച്ച്‌ പ്രതിഷ്‌ഠാപനം നടത്താന്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷേ എല്ലാത്തിനും കാലതാമസം തടസമായി.
നിര്‍മ്മാണത്തിനായി വിജ്‌ഞാപനം പുറപ്പെടുവിച്ചെങ്കിലും അതീവ ക്ലേശകരമായ ജോലി ഏറ്റെടുക്കാന്‍ കരാറുകാരാരും മുന്നോട്ടുവന്നില്ല എന്നതാണ്‌ പ്രശ്‌നം. തിരുവിതാംകൂറിലും സമീപരാജ്യങ്ങളായ കൊച്ചി, മലബാര്‍ മേഖലയിലും ചങ്കുറപ്പുള്ളവര്‍ ധാരാളം ഉണ്ടായിരുന്ന കാലം. എങ്കിലും കടുവാക്കൂട്ടങ്ങള്‍ വിഹരിക്കുന്ന വനാന്തരത്തിലൂടെ ക്ഷേത്രനിര്‍മ്മാണ സാമഗ്രികള്‍ ശബരിമലയില്‍ എത്തിക്കുക എന്ന ഭഗീരഥ യജ്‌ഞത്തിന്‌ ആരും തയ്യാറാകാഞ്ഞതോടെ രാജാവിന്‌ അങ്കലാപ്പ്‌ ഏറിവന്നു.
1888-ല്‍ തിരുവിതാംകൂര്‍ ലജിസ്ലേറ്റിവ്‌ കൗണ്‍സില്‍ സ്‌ഥാപിതമായതോടെ രാജാവിന്‌ ജനങ്ങളോടുളള പ്രീതി അതിര്‍ത്തികടന്ന്‌ ഭാരതത്തിന്റെ നെറുകയില്‍ എത്തി. ഈ നേരത്തുണ്ടായ കാലക്കേടിന്‌ മറുമരുന്നുതേടി മഹാരാജാവ്‌ ഏറെ ഉറക്കമിളച്ചു. ഒടുവില്‍ എത്രയും വേഗം ശബരിമല സന്നിധാനം പുനര്‍നിര്‍മ്മിക്കാനുള്ള നടപടിക്കായി രാജാവ്‌ തന്റെ ഉറ്റ സേവകനായ ശങ്കരന്‍ തമ്പിയെ തന്നെ ചുമതലപ്പെടുത്തി.
അക്കാലത്ത്‌ തലമൂത്ത കരാറുകാരനായിരുന്ന മാവേലിക്കര പോളച്ചിറയ്‌ക്കല്‍ കൊച്ചുമ്മന്‍ മുതലാളിയുടെ രൂപമാണ്‌ ശങ്കരന്‍ തമ്പിയുടെ മനസില്‍ ആദ്യം ഉദിച്ചത്‌. ചിത്രമെഴുത്തുകാരന്‍ കോയിത്തമ്പുരാന്‍ സാക്ഷാല്‍ ഭീമസേനന്റെ ചിത്രം വരയ്‌ക്കാനായി തെരഞ്ഞെടുത്ത പ്രതിരൂപമായിരുന്നു കൊച്ചുമ്മന്‍ മുതലാളിയെന്ന്‌ ശങ്കരന്‍ തമ്പി കേട്ടിട്ടുണ്ട്‌. പിന്നെ താമസിച്ചില്ല. കൊച്ചുമ്മന്‍ മുതലാളിയെ നേരില്‍ കാണാന്‍ തന്നെ ശങ്കരന്‍ തമ്പി തീര്‍ച്ചപ്പെടുത്തി. കാര്യം അറിയിച്ചപ്പോള്‍ കൊട്ടാരം നിര്‍മ്മാതാവായ കൊച്ചുമ്മന്‍ മുതലാളിക്ക്‌ ശങ്ക ഏറിവന്നു. കൊടുംകാട്ടിലാണ്‌ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്‌. അതും അയ്യപ്പസ്വാമിയുടെ ആലയം. തെല്ലുപാളിച്ച പാടില്ലെന്നാണ്‌ രാജശാസനം. ത്രേതായുഗത്തില്‍ പരശുരാമനാല്‍ നിര്‍മ്മിതമായ ക്ഷേത്രത്തിന്‌ തച്ചുശാസ്‌ത്ര വിധിപ്രകാരം ഇളവുതട്ടാന്‍ പാടില്ല. അഞ്ഞൂറോളം വരുന്ന പണിക്കാരെയും കൊണ്ട്‌ കാട്ടാറും മലയും കാടും താണ്ടി കല്ലുംമുള്ളും ചവിട്ടി ശബരിമലയില്‍ എത്തിവേണം നിര്‍മ്മാണം. ഒപ്പം വന്യമൃഗങ്ങളുടെ ആക്രമണവും ഉണ്ടാകാം. ആനക്കാട്ടില്‍ ആനയെവെല്ലുന്ന കടുവാ-കരടികളോടാണ്‌ പൊരുതേണ്ടത്‌. ഒപ്പം മലമ്പനിയുടെ ആക്രമണം കൂടിയായാല്‍ പറയുകയും വേണ്ട. മരസാമാനങ്ങള്‍, പിത്തള, ചെമ്പ്‌ പാളികള്‍ എന്നിവ സന്നിധാനത്ത്‌ എത്തിക്കുക എന്നതുതന്നെ അതീവ ക്ലേശകരം. എല്ലാം തലച്ചുമടുകളായി വേണം എത്തിക്കാന്‍ എന്നതും ഏറെ ദുഷ്‌ക്കരം.
പമ്പാ നദിയിലൂടെയുള്ള യാത്ര അധികം പറ്റില്ല. അത്തിക്കയം വരെ ഒരു കണക്കിന്‌ എത്തിച്ചാല്‍ മുന്നോട്ടുള്ള യാത്രയില്‍ നദിയില്‍ പാറക്കൂട്ടങ്ങള്‍ ഏറെയാണ്‌. ഒപ്പം കുത്തൊഴുക്കും. വനത്തില്‍ ഇടത്താവളമൊരുക്കാനും ബുദ്ധിമുട്ട്‌്. രാവിന്റെ മറവില്‍ പുലികളും പന്നിക്കൂട്ടങ്ങളും ചിലപ്പോള്‍ കടുവകളും ഒന്നിച്ചാക്രമിച്ചേക്കാം. കാല്‍ തൊട്ടുപോയാല്‍ മുടിവരെ ഇഴഞ്ഞു കയറാന്‍ സാധ്യതയുള്ള തോട്ടപ്പുഴുക്കളുടെ കാര്യം ചിന്തിക്ക വയ്യ. നൂറു നൂറു ചിന്തകള്‍ കൊച്ചുമ്മന്‍ മുതലാളിയുടെ മനസിലേക്ക്‌ ഓടിയെത്തിയപ്പോഴേക്കും തലയ്‌ക്ക് ഭാരം ഏറി വന്നു എന്നുതന്നെ പറയാം.
ശങ്കരന്‍ തമ്പി വിടുന്ന മട്ടില്ല. ഒടുവില്‍ എല്ലാം മനസില്‍ ഒതുക്കി കൊച്ചുമ്മന്‍ മുതലാളി ക്ഷേത്രനിര്‍മ്മാണം ഏറ്റെടുത്തതോടെ ശ്രീമൂലം തിരുനാളിന്‌ ആശ്വാസമായി.
കൊല്ലവര്‍ഷം 1079-ാം ആണ്ട്‌ മകരത്തില്‍ കൊച്ചുമ്മന്‍ മുതലാളി ക്ഷേത്ര നിര്‍മ്മാണത്തിനായി കോപ്പുകൂട്ടി. കൊല്ലം പുതുക്കുളങ്ങര കൊട്ടാരവളപ്പില്‍ വച്ചായിരുന്നു നിര്‍മ്മാണത്തിന്‌ തുടക്കം. തച്ചുശില്‍പ്പികളില്‍ അധികവും കൊല്ലം ദേശക്കാര്‍ തന്നെ. ശിലാ ശില്‍പ്പങ്ങളുടെ നിര്‍മ്മാണത്തിനായി ചെങ്ങന്നൂരു നിന്നും ശില്‍പ്പികള്‍ എത്തി. ആവശ്യത്തിനുള്ള തേക്ക്‌, പ്ലാവ്‌, ചെമ്പ്‌, പിത്തള എന്നിവ കൊട്ടാരം കല്‍പ്പിച്ചുനല്‍കി. കല്ലില്‍ തീര്‍ത്ത ശില്‍പ്പങ്ങളും തടിയില്‍ തീര്‍ത്ത മേക്കൂട്ടും എല്ലാമായി അവശ്യം വേണ്ടവ സജ്‌ജമാക്കിയതോടെ ക്ഷേത്രരൂപം കായല്‍ തീരത്ത്‌ തല്ലിക്കൂട്ടി. പുറം ചെമ്പുമേഞ്ഞശേഷം അകം പിത്തളയില്‍ പൊതിഞ്ഞു. തച്ചുശാസ്‌ത്ര വിധി പ്രകാരം എല്ലാം പൂര്‍ത്തിയായതോടെ സാധനങ്ങള്‍ ശബരിമലയില്‍ എത്തിക്കാനുള്ള നീക്കവും ആരംഭിച്ചു.
ഇതോടെ ശങ്കരന്‍ തമ്പിയും മുതലാളിയും രാജാവിനെ മുഖം കാണിച്ച്‌ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ശ്രീമൂലം തിരുനാള്‍ പരിവാര സമേതം കൊല്ലത്തെത്തി തൃക്കണ്‍ പാര്‍ത്ത്‌ സന്തുഷ്‌ടനായി മടങ്ങി. അനന്തരം ഉരുപ്പടികള്‍ അഴിച്ച്‌ കേടുകൂടാതെ വള്ളത്തിലേക്ക്‌ നീക്കി.
കായലും പുഴയും തോടും താണ്ടി കെട്ടുവള്ളത്തില്‍ ക്ഷേത്ര ഉരുപ്പടികള്‍ കോട്ടയം കോടിമത കടവില്‍ എത്തിച്ചു. ഉരുപ്പടികള്‍ റാന്നിവഴി പമ്പാ നദിയിലൂടെ പമ്പയില്‍ എത്തിച്ച്‌ നീലിമല താണ്ടി സന്നിധാനത്ത്‌ കൊണ്ടുവരാനായിരുന്നു കരാറെങ്കിലും കൂടുതല്‍ സൗകര്യത്തിനുവേണ്ടി മുണ്ടക്കയം വഴി എത്തിക്കാനാണ്‌ കൊച്ചുമ്മന്‍ മുതലാളി തയ്യാറായത്‌.
എട്ടുദിവസം കൊണ്ട്‌ ഉരുപ്പടികള്‍ എല്ലാം കാളവണ്ടിയിലും മറ്റ്‌ മാര്‍ഗങ്ങളിലൂടെയും പടിഞ്ഞാറെ പാറത്തോട്ടത്തില്‍ എത്തിച്ചു. മുതലാളിക്ക്‌ പണ്ടേ പരിചിതമായ മാര്‍ഗം. ഒപ്പം തോട്ടം മുതലാളി ധ്വരയുമായി നാളുകള്‍ക്കുമുമ്പേയുള്ള ചങ്ങാത്തവും തുടര്‍യാത്രയ്‌ക്ക് ഉപകരിച്ചു. ഇരുനൂറില്‍ അധികം വരുന്ന ജോലിക്കാരും തോട്ടം ജോലിക്കാരില്‍ നിന്നും മാനേജര്‍ ധ്വര തരപ്പെടുത്തികൊടുത്ത ഇരുനൂറ്റി അമ്പതുപേരും അടങ്ങുന്ന സംഘം തലച്ചുമടായി ഉരുപ്പടികളേന്തി കൊടും വനത്തിലുടെ യാത്ര ആരംഭിച്ചു. സംഘത്തിനുള്ള ഭക്ഷണവും താമസവും ധ്വരതന്നെ ഏര്‍പ്പാടാക്കി.
നിര്‍മ്മാണ സാമഗ്രികള്‍ക്കൊപ്പം കരിങ്കല്‍ സാധനങ്ങളും മരം ഉരുപ്പടികളും അടിച്ചുകീറി ഉറപ്പിക്കുന്നതിനുള്ള മര ആപ്പും ചുറ്റികയും ഉളിയും പാരയും വരെ കൈവശം കരുതിയാണ്‌ യാത്ര. കാടു വകഞ്ഞ്‌ ഏറ്റവും മുന്നില്‍ മുതലാളിയുടെ അംഗരക്ഷകരായ പട്ടാണി സാഹിബും തമ്പിപിള്ളയും വഴികാട്ടി. തൊട്ടുപിന്നില്‍ മുതലാളിക്കൊപ്പം സുഹൃത്തായ കൊച്ചുവീട്ടില്‍ കുഞ്ഞുവറീതും നീങ്ങി. ഏറ്റവും പിന്നിലായി വേലക്കാര്‍, പണിക്കാര്‍, ചുമട്ടുകാര്‍ എന്നിവരടങ്ങുന്ന വന്‍ സംഘവും ചുവടുവച്ചു.
'അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം ശബരിമാമല ശാസ്‌താവേ പാഹിമാം' എന്നുള്ള ശരണസ്‌തുതികളും ഉന്തിവിടയ്യ, തള്ളിവിടയ്യ, തൂക്കിവിടയ്യ എന്ന വായ്‌ത്താരിയും കൊടുംകാട്ടില്‍ മുഴങ്ങി. രാവ്‌ ഏറും മുമ്പ്‌ പണിക്കാരുമായി മുതലാളി ഒന്നാം താവളത്തില്‍ എത്തി. അവിടെ വച്ച്‌ ഭക്ഷണം പാകം ചെയ്‌ത് രാത്രി വസിച്ചു. അടുത്ത ദിവസവും അവിടെ തന്നെയാകും വിശ്രമം. മൂന്നാം പക്കം വീണ്ടും യാത്ര തുടരും. അങ്ങനെ ശരണം വിളിച്ചും ഇടയ്‌ക്ക് കൂടാരങ്ങള്‍ കെട്ടി വിശ്രമിച്ചുമുള്ള യാത്ര.
പാമ്പനാര്‍ തോട്ടത്തില്‍ എത്തിയപ്പോള്‍ തൃശൂര്‍ സ്വദേശിയെന്ന്‌ സ്വയം വിശേഷിപ്പിച്ച്‌ ഒരു സന്യാസിയും കൂടെ കൂടി. തന്നെ കൂടി ശബരിമലയിലേക്ക്‌ കൊണ്ടുപോകണമെന്നുള്ള അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കാന്‍ മുതലാളി തയ്യാറായില്ല. മുന്നോട്ടുള്ള യാത്രയ്‌ക്കിടയില്‍ സന്യാസി ഉറഞ്ഞു തുള്ളാന്‍ തുടങ്ങി. ചുമടുകാര്‍ക്ക്‌ ഇനി ഭാരം തോന്നില്ലെന്ന്‌ സന്യാസി വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒരു മായാശക്‌തി എന്നപോലെ ചുമടുകാര്‍ക്ക്‌ അത്‌ പ്രത്യക്ഷത്തില്‍ അനുഭവിക്കാന്‍ കഴിഞ്ഞു. വന്‍ പാറത്തൂണുകള്‍ ചുമക്കുന്നവര്‍ക്കുപോലും ഭാരം നിസാരമായി തോന്നി. ശബരിമല ശാസ്‌താവുതന്നെയാകാം സന്യാസിയായി തങ്ങള്‍ക്കുമുന്നില്‍ എത്തിയതെന്ന്‌ ജോലിക്കാര്‍ വിശ്വസിച്ചു.
ഇതിനിടെ കാട്ടാനക്കൂട്ടങ്ങളും കടുവകളും യാത്രയെ പലകുറി തടസപ്പെടുത്തി. അപ്പോഴൊക്കെ ശബരിമല ശാസ്‌താവിന്റെ അനുഗ്രഹം കൊണ്ടാവണം തടസങ്ങള്‍ എല്ലാം വഴിമാറുന്ന കാഴ്‌ചയാണ്‌ മുതലാളി കണ്ടത്‌. ഇടയ്‌ക്ക് അംഗരക്ഷകനായ കുഞ്ഞുവറീതിന്റെ വിലക്കുകളെയും മറികടന്ന്‌ മുതലാളി തന്നെ മുന്നില്‍ കയറി നടന്ന സാഹചര്യങ്ങളും ഉണ്ടായി. വല്ലാത്ത ഒരു ആവേശമായിരുന്നു കൊച്ചുമ്മന്‍ മുതലാളിക്ക്‌.
സന്നിധാനത്തെത്തി ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചിട്ടും മുതലാളി നാട്ടിലേക്ക്‌ മടങ്ങാന്‍ തയ്യാറായില്ല. ദിവസങ്ങള്‍ ചെല്ലുന്തോറും നിര്‍മ്മാണം പുരോഗമിച്ചുവന്നു. ഈ അവസരത്തില്‍ കൊല്ലവര്‍ഷം 1082-ല്‍ മുതലാളിക്ക്‌ ഉണ്ടായിരുന്ന പ്രമേഹരോഗം മൂര്‍ഛിച്ചതുമൂലം അദ്ദേഹത്തിന്‌ ശബരിമലയില്‍ നിന്നും മടങ്ങേണ്ടിവന്നു. വൈകാതെ അദ്ദേഹം ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി. അതോടെ ആറ്റുങ്കുഴി രാമന്‍പിള്ള എന്നയാള്‍ മുതലാളിയുടെ ആള്‍പേരായി ശബരിമലയില്‍ താമസിച്ച്‌ ക്ഷേത്ര നിര്‍മ്മാണത്തിന്‌ മേല്‍നോട്ടം വഹിച്ചു. നിര്‍മ്മാണം പുരോഗമിക്കവേ 1082 മിഥുനം 10ന്‌ ധീരനായ മുതലാളി മരണമടഞ്ഞു.
കൊച്ചുമ്മന്‍ മുതലാളിയുടെ മരണത്തോടെ ക്ഷേത്ര നിര്‍മ്മാണത്തിന്‌ മേല്‍നോട്ടം വഹിക്കാന്‍ ആളുകള്‍ ഇല്ലാതായി. മുതലാളിയുടെ ഭാര്യ അക്കമ്മ ക്ഷേത്രനിര്‍മ്മാണം തടസമില്ലാതെ നടത്താന്‍ ഏറെ പരിശ്രമിച്ചു. ജാമാതാവും തഴക്കര എം. എസ്‌. ഇംഗ്ലീഷ്‌ ഹൈസ്‌കൂള്‍ ലോക്കല്‍ മാനേജരുമായ വടക്കേത്തലയ്‌ക്കല്‍ സ്‌കറിയാ കത്തനാരെ 1085-ല്‍ മുക്‌ത്യാര്‍ നാമാവായി നിയമിച്ചു.
നിര്‍മ്മാണത്തിന്‌ മേല്‍നോട്ടം വഹിക്കാന്‍ ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍ എം.സി. നാരായണപിള്ളയെ സര്‍ക്കാര്‍ പ്രത്യേകം നിയമിക്കുകയും ചെയ്‌തതോടെ കൊച്ചുമ്മന്‍ മുതലാളി തുടങ്ങിവച്ച ശബരിമല ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായി. ശ്രീമൂലം തിരുനാള്‍ മഹാരാജാവിനും വിജയമുഹൂര്‍ത്തം സുദിനമായി ഭവിച്ചു.
1910-ല്‍ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയായ ശേഷം അടങ്കല്‍ അനുസരിച്ചുള്ള തുക കൊച്ചുമ്മന്‍ മുതലാളിയുടെ കുടുംബത്തിന്‌ ലഭിക്കാന്‍ തടസം നേരിട്ടത്‌ പില്‍ക്കാല ചരിത്രം. കോട്ടയം മുണ്ടക്കയം വഴി ഉരുപ്പടികള്‍ എത്തിച്ചപ്പോള്‍ തുക ഏറി എന്ന കാരണം പറഞ്ഞാണ്‌ മരാമത്ത്‌ വകുപ്പ്‌ പണം തടഞ്ഞത്‌.
ഇതില്‍ കാര്യമായ നഷ്‌ടം കുടുംബത്തിന്‌ സംഭവിച്ചെങ്കിലും കൊച്ചുമ്മന്‍ മുതലാളിയുടെ ധീരത ശബരിമലയുടെ മതേതര സങ്കല്‍പ്പത്തിന്‌ കൂടുതല്‍ കരുത്തുപകരുന്നുവെന്നതാണ്‌ സത്യം.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Sunday 03 Feb 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW