Saturday, June 29, 2019 Last Updated 7 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 01.29 AM

സംഗീതം 'കുട്ടി'ക്കളിയല്ല

uploads/news/2019/02/285202/sun5.jpg

പുല്ലാങ്കുഴല്‍ വിദഗ്‌ദ്ധനായ എബി ജോസഫിന്റെയും പിന്നണി ഗായിക ദീപയുടെയും മകനായ തേജസില്‍ സംഗീതം ജന്മനാ വന്നുചേര്‍ന്നതാണ്‌. കളിപ്പാട്ടവുമായി ചങ്ങാത്തം കൂടേണ്ട പ്രായത്തില്‍ മകന്‍ വീട്ടിലെ കീബോര്‍ഡില്‍ വിരലോടിക്കുന്നത്‌ കൗതുകത്തോടെ നോക്കിനിന്ന മാതാപിതാക്കള്‍, യാനിയെപ്പോലുള്ള ലോകപ്രശസ്‌ത സംഗീത സംവിധായകരുടെ കോമ്പസിഷനുകള്‍ കേള്‍പ്പിച്ച്‌ ആ താല്‌പര്യം പ്രോത്സാഹിപ്പിച്ചു. നാലാം വയസ്‌ മുതല്‍ കേള്‍ക്കുന്ന പാട്ടുകളെല്ലാം തേജസ്സ്‌ തന്റെ പിയാനോയില്‍ വായിച്ചു തുടങ്ങി. പിയാനോ, കീബോര്‍ഡ്‌, ഗിറ്റാര്‍, വയലിന്‍ എന്നീ നാല്‌ സംഗീതോപകരണങ്ങള്‍ വരുതിയിലാക്കിയ ക്രെഡിറ്റ്‌ ഇന്ന്‌ തേജസിന്റെ പേരിലുണ്ട്‌. റോയല്‍ സ്‌കൂള്‍ ഓഫ്‌ മ്യൂസിക്‌ ലണ്ടന്റെ ഗ്രേഡ്‌ 5 ഈ പ്രായത്തില്‍ നേടിയതും ഊണിലും ഉറക്കത്തിലും സംഗീതം ഉപാസിക്കുന്നതുകൊണ്ടാകാം.
അമേരിക്കയിലെ വിസ്‌കോണ്‍സില്‍ സര്‍വകലാശാലയിലെ സംഗീത വിഭാഗം മേധാവി ഡോ. ജെയിംസ്‌ ബെഞ്ചമിന്‍ കിഞ്ചനെ ഒരു സംഗീത പരിപാടിക്കിടയില്‍ പരിചയപ്പെടാന്‍ കഴിഞ്ഞതാണ്‌ തേജസിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്‌. ചുരുങ്ങിയ നേരത്തെ കൂടിക്കാഴ്‌ചകൊണ്ട്‌ തന്നെ തേജസിലെ അസാധാരണമായ സംഗീതാഭിനിവേശം മനസ്സിലാക്കിയ അദ്ദേഹം, തന്റെ വിസിറ്റിംഗ്‌ കാര്‍ഡ്‌ നല്‍കുകയും തേജസ്‌ സംഗീതം ചെയ്‌ത ഗാനങ്ങള്‍ കേള്‍ക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തു. ഗാനങ്ങള്‍ ഓരോന്നും ഹൃദയത്തോട്‌ ചേര്‍ന്നുനില്‍ക്കുന്നു എന്നാണ്‌ കിഞ്ചന്‍ അഭിപ്രായപ്പെട്ടത്‌. ഫോണിലൂടെ അവര്‍ക്കിടയില്‍ ഇപ്പോഴും ഗുരുശിഷ്യ ബന്ധം നിലനില്‍ക്കുന്നുണ്ട്‌.
ഇന്ത്യയിലുള്ള ഒരുകുട്ടി കമ്പോസ്‌ ചെയ്‌തതാണെന്ന്‌ പറഞ്ഞ്‌ തേജസിന്റെ പാട്ട്‌ ശിഷ്യഗണങ്ങളെ കേള്‍പ്പിച്ച കിഞ്ചന്‍, തന്റെ ശിഷ്യന്മാരോടും സ്വന്തമായി സംഗീതം സൃഷ്‌ടിക്കാന്‍ ഉപദേശിച്ചു. ഗാനത്തിന്റെ വരികള്‍ തേജസിനോട്‌ ഇംഗ്ലീഷില്‍ എഴുതിവാങ്ങി. അമേരിക്കന്‍ വിദ്യാര്‍ഥികളെക്കൊണ്ടത്‌ പാടിച്ച്‌ തേജസിന്‌ വീഡിയോ അയച്ചുകൊടുക്കുകയും ചെയ്‌തു. ഗാനങ്ങളുടെ റെക്കോര്‍ഡിങ്‌ വീഡിയോ യൂട്യൂബില്‍ കണ്ട്‌ അത്ഭുതത്തോടെ പ്രമുഖര്‍ വിളിച്ച്‌ അഭിനന്ദിച്ചതോടെ കോട്ടയം ഹോളിഫാമിലി സ്‌കൂളിലും തേജസ്‌ ഒരു കുട്ടിത്താരമായി.
മുതിര്‍ന്നവര്‍പോലും നെഞ്ചിടിപ്പോടെയാണ്‌ വിദ്യാധരന്‍ മാഷിന്റെയും ശരത്തിന്റെയും സംഗീതസംവിധാനത്തില്‍ പാടുന്നത്‌. സംഗീതത്തില്‍ അത്രത്തോളം അവഗാഹമുള്ളവരെക്കൊണ്ട്‌ താന്‍ ചിട്ടപ്പെടുത്തിയ ഗാനം പാടിക്കുമ്പോള്‍ ഒരു സംവിധായകനുവേണ്ട കമാന്‍ഡിങ്‌ പവര്‍ തേജസില്‍ കാണാം. ഗായിക കെ.എസ്‌. ചിത്രയുടെ ഉടമസ്‌ഥതയിലുള്ള 'ഓഡിയോ ട്രാക്‌സ്' എന്ന ചെന്നൈയിലെ സ്‌റ്റുഡിയോയിലായിരുന്നു ശരത്‌ പാടിയ 'ആവണിപ്പൂ' എന്ന ആല്‍ബത്തിലെ ഗാനം റെക്കോര്‍ഡ്‌ ചെയ്‌തത്‌.
അന്തരിച്ച മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയ്‌ക്കുള്ള ആദരസൂചകമായിറക്കിയ ഗാനവും ക്രിസോസ്‌റ്റം തിരുമേനിക്ക്‌ പിറന്നാള്‍ സമ്മാനമായി ചിട്ടപ്പെടുത്തിയ സ്‌നേഹപുഷ്‌പമെന്ന സംഗീത ആല്‍ബവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സംഗീതപുസ്‌തകത്തില്‍ ഇളയരാജ നല്‍കിയ ഓട്ടോഗ്രാഫ്‌ നിധിപോലെ സൂക്ഷിക്കുന്ന തേജസിന്റെ അടുത്ത ആഗ്രഹം സിനിമാഗാനത്തിന്‌ സംഗീതം പകരണമെന്നാണ്‌. പതിനൊന്നാം വയസ്സില്‍ ആദ്യഗാനത്തിന്‌ സംഗീതം നല്‍കിയതില്‍ നിന്നുണ്ടായ ആത്മവിശ്വാസമാണ്‌ ഈ ആഗ്രഹത്തിന്‌ പിന്നില്‍. എന്നെങ്കിലുമൊരിക്കല്‍ യാനിയെ നേരില്‍ കാണണമെന്നതാണ്‌ ഏറ്റവും വലിയ സ്വപ്‌നം.

Ads by Google
Sunday 03 Feb 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW