Tuesday, July 16, 2019 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 01.29 AM

ഓടനാടിന്റെ ബാക്കിപത്രമായി കൃഷ്‌ണപുരം കൊട്ടാരം

uploads/news/2019/02/285200/sun3.jpg

പോരാട്ടങ്ങളുടെ ഭൂമികയാണ്‌ തിരുവിതാംകൂര്‍. ചരിത്രത്തിലെ വീഥികളില്‍ കുളമ്പടിയൊച്ചകളുമായി പടനിലങ്ങള്‍ ഇതിഹാസങ്ങള്‍ രചിച്ചു. പിടിച്ചെടുക്കലുകളും നഷ്‌ടപ്പെടലുകളും ഒരു കാലത്തിന്റെ സാക്ഷ്യങ്ങളായി. ആത്മാഭിമാനത്തിന്റെ വിജയപതാകകള്‍ ഉയര്‍ത്താന്‍ രാജവംശങ്ങള്‍ പടവെട്ടിയും ഉടമ്പടികള്‍ ഉണ്ടാക്കിയും ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിച്ചു. അത്തരത്തില്‍ പടയോട്ടങ്ങളുടെ രക്‌തപങ്കിലമായ ചരിത്രമാണ്‌ തിരുവിതാംകൂറിന്റെ ഭാഗമായി മാറിയ ഓടനാടിനും ഉള്ളത്‌. മാര്‍ത്താണ്ഡവര്‍മയുടെ രാജ്യവിസ്‌തൃതി വര്‍ധിപ്പിക്കാനുള്ള നയങ്ങളുടെ ഭാഗമായി തെക്ക്‌ ഭാഗത്തുള്ള നാട്ടുരാജ്യങ്ങളുടെമേല്‍ നടപ്പാക്കിയ കുളംതോണ്ടല്‍ നയമാണ്‌ ഓടനാടെന്ന രാജവംശത്തെ ഇല്ലാതാക്കിയത്‌. ഇന്നും അവശേഷിക്കുന്ന ചിലത്‌ മാത്രം ചരിത്രാന്വേഷികളുടെ മുന്നില്‍ കാലത്തിന്റെ ബാക്കി പത്രമായി നിലനില്‍ക്കുന്നു.
കാലം യാഗാശ്വത്തെ പോലെ കുതിച്ചു പായുമ്പോള്‍ ഓടനാടിന്റെ അവശേഷിക്കപ്പെട്ട ചരിത്രം കായംകുളം കൃഷ്‌ണപുരം കൊട്ടാരത്തില്‍ മാത്രമായി ഒതുങ്ങുന്നു. പതിനാറുകെട്ടിന്റെ മാസ്‌മരികത പ്രൗഡിയോടെ ഇന്നും നിലനില്‍ക്കുമ്പോള്‍, ഒരു പക്ഷേ ചരിത്രം തന്റെ ലിഖിതങ്ങളില്‍ മായ്‌ക്കപ്പെടാതെ അവശേഷിപ്പിച്ചതാകാം കൃഷ്‌ണപുരം കൊട്ടാരം. പടയോട്ടങ്ങളിലൂടെ സാമ്രാജ്യ വിസ്‌തൃതി മാത്രമായിരുന്നില്ല മാര്‍ത്താണ്ഡവര്‍മയുടെ ലക്ഷ്യം. ഒരു സാംസ്‌കാരിക ഭൂമിക തന്നെ ഇല്ലാതാക്കിയുള്ള വെട്ടിപ്പിടുത്തമായിരുന്നു അദ്ദേഹത്തിന്റേത്‌. രാജകൊട്ടാരങ്ങളെ തകര്‍ത്തെറിഞ്ഞ്‌, വിലപിടിപ്പുള്ളവയെല്ലാം അപഹരിച്ച്‌, സ്‌ത്രീകളെ വരെ വിറ്റ്‌ തന്റെ പ്രമാദിത്വം അദ്ദേഹം ഉറപ്പാക്കി. നഷ്‌ടപ്പെടുത്തിയവയില്‍ തനിക്ക്‌ താല്‍പര്യമുള്ളവയെ മാത്രം നിലനിര്‍ത്തി. അല്ലെങ്കില്‍ പുതിയവ സൃഷ്‌ടിച്ചു. അത്തരത്തിലുള്ള ചരിത്രമാണ്‌ ഓടനാടിന്റെയും. തിരുവിതാംകൂറെന്ന വിശാലമായ സാമ്രാജ്യത്തിലെ മനോഹരമായ നാട്‌.
നദികളും കായലുകളും പുഞ്ചപ്പാടങ്ങളും എല്ലാം കൊണ്ട്‌ സമൃദ്ധമായ മണ്ണ്‌. തിരുവിതാംകൂറിന്‌ പുറത്തേക്ക്‌ പോലും അറിയപ്പെട്ട അങ്ങാടികള്‍, നാടിന്റെ മഹത്തം വിളിച്ചോതിയ കാര്‍ഷിക പാരമ്പര്യം, ഉജ്‌ജ്വലമായ വാസ്‌തു ശില്‍പ മാതൃകകള്‍ നിറഞ്ഞ നിര്‍മാണങ്ങള്‍, സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉന്നതിയിലേക്ക്‌ വളര്‍ന്ന ജനത. ഇങ്ങനെയെല്ലാം ശ്രേഷ്‌ഠമായ പ്രദേശമായിരുന്നു ഓടനാട്‌ എന്ന ചെറിയ നാട്ടുരാജ്യം. ഇന്നത്തെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകള്‍ ഉള്‍പ്പെട്ട പ്രദേശം. ആദ്യം ഓടനാടെന്നും പിന്നീട്‌ കായംകുളമെന്നും അറിയപ്പെട്ട നാട്ടുരാജ്യം. ചരിത്രം അന്വേഷിച്ചാല്‍ കായംകുളം രാജവംശത്തിന്റെ പിറവി ഇന്നത്തെ കന്യാകുമാരി ജില്ലയിലെ തിരുവട്ടാര്‍ എന്ന പ്രദേശത്ത്‌ താമസിച്ചിരുന്ന വേള്‍ ആയ്‌ എന്നറിയപ്പെട്ട യദുകുല വംശത്തില്‍ നിന്നാണ്‌. പാണ്ഡ്യ-ചോള ആക്രമണങ്ങളില്‍ നിന്നും രക്ഷപെട്ട ഇവര്‍ തിരുവട്ടാറില്‍ നിന്നും തിരുവല്ലയില്‍ എത്തി. പിന്നീട്‌ രണ്ടായി പിരിഞ്ഞ ഈ വംശത്തിന്റെ ഒരു തായ്‌വഴി മാവേലിക്കര കണ്ടിയൂര്‍ മറ്റത്ത്‌ സ്‌ഥാനമുറപ്പിച്ചു. ഇവരിലൂടെയാണ്‌ ഓടനാട്‌ ഉടലെടുക്കുന്നത്‌. ഈ തായ്‌വഴിയുടെ വികാസ പരിണാമമാണ്‌ ഒരു പ്രദേശത്തിന്റെ ഭരണചക്രത്തിലേക്ക്‌ ഇവരെ എത്തിച്ചത്‌.
കൊല്ലവര്‍ഷം ആറ്‌, ഏഴ്‌ നൂറ്റാണ്ടുകളിലെ ചില ചരിത്രരേഖകളില്‍ ഓടനാടിനെ പേരകം, ചിറവ എന്നിങ്ങനെ രണ്ടു തായ്‌വഴികളായി ചിത്രീകരിച്ചിട്ടുണ്ട്‌. 14-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിലും ഓടനാടിനെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. ഓടനാടിന്റെ ആദ്യ തലസ്‌ഥാനം കണ്ടിയൂര്‍ മറ്റമായിരുന്നു. കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തില്‍ കണ്ടെത്തിയ കൊല്ലവര്‍ഷം 121 ലെ ശിലാരേഖയില്‍ ഓടനാട്‌ രാജവംശത്തെ പറ്റി പരാമര്‍ശമില്ല. കണ്ടിയൂര്‍ ക്ഷേത്രത്തില്‍ കോടിക്കുളത്ത്‌ ഇരവികുമാരനും തൃക്കുന്നപ്പോഴല്‍ രാമന്‍ തത്തനും പണ്ടാര വാര്യരും ഉയിരില്‍ കീര്‍ത്തി ഏതാദി തളിയധികാരം നടത്തുന്ന കാലത്ത്‌ ഇടനാട്ട്‌ നാരായണന്‍ ചന്ദ്രശേഖരന്‍ ഒട്ടധികം വസ്‌തു വകകള്‍ കണ്ടിയൂര്‍ ക്ഷേത്രത്തിലേക്ക്‌ ദാനം ചെയ്യുന്നതും ആ വസ്‌തുക്കള്‍ ഓരോരുത്തരെ ഏല്‍പിക്കുന്നതുമാണ്‌ ആ ശാസനത്തിലെ ഉള്ളടക്കം.
കൊല്ല വര്‍ഷം 393 ലെ കണ്ടിയൂര്‍ ക്ഷേത്രത്തിലെ മറ്റൊരു ശിലാരേഖയില്‍ ഓടനാട്‌ രാജാവായ രാമന്‍ കോതവര്‍മന്‍ കണ്ടിയൂരുള്ള കുറുങ്കുടി ഉണ്ണിയച്ചി എന്ന ദേവദാസി വേണാട്ട്‌ രാജാവായ രവി കേരളവര്‍മനോട്‌ അപേക്ഷിച്ചതനുസരിച്ച്‌ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ ജീര്‍ണോദ്ധാരണം കൊല്ല വര്‍ഷം 392-393 കാലത്ത്‌ പൂര്‍ത്തിയാക്കിയതായി പറയുന്നു. ഇത്‌ സൂചിപ്പിക്കുന്നത്‌ കൊല്ല വര്‍ഷം മൂന്നാം നൂറ്റാണ്ടില്‍ ഓടനാട്‌ രാജവംശം കണ്ടിയൂര്‍ തലസ്‌ഥാനമായി നാട്‌ ഭരിച്ചു എന്നതാകാം. കൊല്ല വര്‍ഷം 400 ലെ ചെമ്പ്‌ പട്ടയത്തില്‍ ചേരരാജാവായ വീരരാഘവ ചക്രവര്‍ത്തി മാകോദയം(കൊടുങ്ങല്ലൂര്‍) പട്ടണത്തിലെ വ്യാപാരിയായ ഇരവികോര്‍ത്തന്‌ മണിഗ്രാമപ്പട്ടം നല്‍കിയതായി പറയുന്നു. ഇതിന്‌ ഓടനാട്‌ രാജാവ്‌ സാക്ഷിയായിരുന്നു. ഓടനാട്‌ പ്രബലമായിരുന്നു എന്നതിന്റെ സൂചനയാണിത്‌.
15-ാം നൂറ്റാണ്ടോടെ ഓടനാടിന്റെ തലസ്‌ഥാനം കായംകുളം എരുവയിലേക്ക്‌ മാറ്റി. അതോടെ ഓടനാട്‌ കായംകുളം രാജവംശമായി അറിയപ്പെട്ടു. എരുവ കോയിക്കപ്പടി കോയിക്കലില്‍ രാജകുടുംബത്തിലെ സ്‌ത്രീകളെ പാര്‍പ്പിച്ച്‌ കൊണ്ട്‌ പില്‍കാലത്ത്‌ കായംകുളം കൃഷ്‌ണപുരത്ത്‌ മറ്റൊരു കൊട്ടാരം പണികഴിപ്പിച്ചു. അതോടെ കായംകുളത്തിന്റെ തലസ്‌ഥാനം കൃഷ്‌ണപുരവും തമ്പുരാട്ടിമാരുടെ വാസസ്‌ഥലം എരുവയുമായി. തമിഴ്‌ ബ്രാഹ്‌മണരുമായി കായംകുളം രാജ്യത്തിന്‌ പഴയകാലം മുതല്‍ക്കെ വാണിജ്യബന്ധമുണ്ടായിരുന്നു. 16-ാം നൂറ്റാണ്ടായപ്പോഴേക്കും പോര്‍ച്ച്‌ഗീസുകാരുമായി കച്ചവട ബന്ധം സ്‌ഥാപിച്ചു. നാടിനെ രക്ഷിക്കാന്‍ വീരശൂര പരാക്രമികളായ കുപ്പിണി പട്ടാളം കായംകുളത്തിന്‌ ഉണ്ടായിരുന്നതായി ഡച്ച്‌ രേഖകളിലുണ്ട്‌. വേണാടിന്റെ സാരഥ്യം മാര്‍ത്താണ്ഡവര്‍മ ഏറ്റെടുത്തതോടെ സാമ്രാജ്യ വിസ്‌തൃതിയ്‌ക്കായി ചോരയുടെയും ഇരുമ്പിന്റെയും നയം സ്വീകരിച്ചു. അക്കാലത്ത്‌ ദേശിംഗനാട്‌(കൊല്ലം) ഭരിച്ചിരുന്നത്‌ മാര്‍ത്താണ്ഡവര്‍മയുടെ മാതുലനായ ഉണ്ണിക്കേരളവര്‍മയായിരുന്നു. കായംകുളം രാജാവായ വീരആദിത്യ വര്‍മനുമായി ഉണ്ണിക്കേരളവര്‍മ
ഉണ്ടാക്കിയ സഖ്യത്തെ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി എ.ഡി 1731 ല്‍ കായംകുളത്ത്‌ നിന്നും ഒരു രാജകുമാരിയെ ദേശിംഗനാട്ടിലേക്ക്‌ ദത്തെടുത്തു. തിരുവിതാംകൂറിന്‌ അവകാശപ്പെട്ട കല്ലടയുടെ ഒരു ഭാഗം ഉണ്ണിക്കേരളവര്‍മ കൈവശപ്പെടുത്തുകയും ചെയ്‌തു. അനന്തരാവകാശികളില്ലാതെ വന്നാല്‍ ദേശിംഗനാട്‌ കൈവശപ്പെടുത്താമെന്ന മാര്‍ത്താണ്ഡവര്‍മയുടെ മോഹം കായംകുളത്ത്‌ നിന്നുള്ള ദത്തെടുക്കല്‍ മൂലം തടസപ്പെട്ടു. ദത്ത്‌ അസ്‌ഥിരപ്പെടുത്തണമെന്ന മാര്‍ത്താണ്ഡവര്‍മയുടെ ആവശ്യം ഉണ്ണിക്കേരളവര്‍മ നിരസിച്ചു. ഇതോടെ മാര്‍ത്താണ്ഡവര്‍മ ദളവ അറുമുഖംപിള്ളയുടെ നേതൃത്വത്തില്‍ കൊല്ലത്തേക്ക്‌ പട നയിച്ചു. പരാജയപ്പെട്ട ഉണ്ണിക്കേരളവര്‍മ ദത്ത്‌ റദ്ദ്‌ ചെയ്യാമെന്നും കോട്ടകള്‍ പൊളിച്ചു മാറ്റി മാര്‍ത്താണ്ഡവര്‍മയുമായുള്ള സൗഹൃദം തുടരാമെന്നും ഉടമ്പടിയുണ്ടാക്കി. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ ഉണ്ണിക്കേരളവര്‍മയെ തടവുകാരനാക്കി തിരുവനന്തപുരത്ത്‌ വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ താമസിപ്പിച്ചു. ഈ സംഭവം കായംകുളം രാജാവിനെ ഭയപ്പെടുത്തി.
അദ്ദേഹം കൊച്ചി, പുറക്കാട്‌ രാജവംശങ്ങളുമായി ചേര്‍ന്ന്‌ തിരുവിതാംകൂറിനെതിരെ സഖ്യമുണ്ടാക്കി. ഒപ്പം തടവിലായിരുന്ന ഉണ്ണിക്കേരളവര്‍മയുമായി രഹസ്യബന്ധം പുലര്‍ത്തി. അദ്ദേഹത്തെ തടവില്‍ നിന്നും രക്ഷപെടുത്തി. ഇത്‌ മനസിലാക്കിയ മാര്‍ത്താണ്ഡവര്‍മയ്‌ക്ക് കായംകുളത്തോട്‌ പക വര്‍ധിച്ചു. കായംകുളത്തെ കീഴ്‌പ്പെടുത്താന്‍ ആയിരത്തോളം കുതിരപ്പട്ടാളവും സന്നാഹവുമായി 1734 ല്‍ നൂറനാട്‌ പടനിലത്ത്‌ വച്ച്‌ ഏറ്റുമുട്ടി. യുദ്ധത്തില്‍ കായംകുളം രാജാവ്‌ വീരആദിത്യ വര്‍മന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ സഹോദരന്‍ യുദ്ധത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
യുദ്ധത്തില്‍ തിരുവിതാംകൂര്‍ പിന്‍വാങ്ങി. പിന്നീട്‌ ഇളയിടത്ത്‌(കൊട്ടാരക്കര) സ്വരൂപത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ടു. ഡച്ചുകാരുടെ സഹായത്തോടെ ഇളയിടത്ത്‌ റാണി 1741 ല്‍ ഇളയിടത്ത്‌ സ്വരൂപത്തിന്റെ ഭരണാധികാരിയായി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ഇളയിടത്ത്‌ സ്വരൂപം മാര്‍ത്താണ്ഡവര്‍മയ്‌ക്ക് മുന്നില്‍ അടിയറവ്‌ പറഞ്ഞു. ഇതിന്‌ ശേഷമായിരുന്നു പ്രസിദ്ധമായ കുളച്ചല്‍ യുദ്ധം. ഡച്ചുകാര്‍ക്കുമേല്‍ വിജയം നേടിയതോടെ കായംകുളത്തെ കീഴ്‌പ്പെടുത്തണമെന്ന ആഗ്രഹം മാര്‍ത്താണ്ഡവര്‍മയില്‍ ശക്‌തമായി. 1742 ല്‍ രാമയ്യന്‍ ദളവയുടെ നേതൃത്വത്തിലുള്ള സൈന്യം കൊല്ലത്തെ ഡച്ചുകോട്ട ആക്രമിച്ചു. യുദ്ധത്തില്‍ കായംകുളത്തിന്റെ സഹായത്തോടെ ഡച്ചുകാര്‍ മാര്‍ത്താണ്ഡവര്‍മയെ പരാജയപ്പെടുത്തി.
കായംകുളം കിളിമാനൂര്‍ രാജ്യം പിടിച്ചെടുത്തു. ശക്‌തമായ യുദ്ധത്തില്‍ കിളിമാനൂരിനെ തിരിച്ചു പിടിച്ച മാര്‍ത്താണ്ഡവര്‍മ കായംകുളത്തെയും പരാജയപ്പെടുത്തി. 1742 ല്‍ മാന്നാര്‍ കോവിലകത്ത്‌ വച്ച്‌ നടത്തിയ ഉടമ്പടി പ്രകാരം ദേശിംഗനാടിന്റെ ആധിപത്യത്തിലായിരുന്ന മുഴുവന്‍ പ്രദേശങ്ങളും തിരുവിതാംകൂറിന്‌ കായംകുളം രാജാവ്‌ വിട്ടുകൊടുത്തു. മാന്നാര്‍ ഉടമ്പടിയിലെ വ്യവസ്‌ഥകള്‍ പാലിക്കാന്‍ കായംകുളം രാജാവ്‌ തയാറായില്ല. അതിനാല്‍ മാര്‍ത്താണ്ഡവര്‍മ ഒരു വലിയ സൈന്യത്തെ കായംകുളത്തേക്ക്‌ അയച്ചു. സഖ്യകക്ഷികള്‍ കായംകുളത്തെ സഹായിക്കാന്‍ തയാറായില്ല. നിരാശനായ രാജാവ്‌ രാജ്യവും സ്വത്തും ഉപേക്ഷിച്ച്‌ പലായനം ചെയ്‌തു. ഇതിന്‌ ശേഷമാണ്‌ കായംകുളത്ത്‌ കൃഷ്‌ണപുരം കൊട്ടാരം നിര്‍മിച്ചത്‌. തിരുവിതാംകൂര്‍ ശൈലിയിലുള്ള കൊട്ടാരത്തിന്റെ പ്രത്യേകത ശ്രീപത്മനാഭപുരം കൊട്ടാരത്തിന്റെ മാതൃകയിലാണ്‌ നിര്‍മാണം എന്നതാണ്‌. 1750 നും 1753 നും ഇടയില്‍ നിര്‍മാണം ആരംഭിച്ച്‌ 1761 നും 1764 നും ഇടയില്‍ വിപുലീകരിച്ചതായുമായാണ്‌ ചരിത്രം.
പാരമ്പര്യവിധിപ്രകാരണമാണ്‌ കൊട്ടാരം പതിനാറു കെട്ടായി നിര്‍മിച്ചത്‌. കൃഷ്‌ണപുരം കോട്ടപ്പറമ്പില്‍ ഈശാനഖണ്ഡത്തില്‍ പടിപ്പുരയോടു കൂടിയ ചുറ്റുമതിലോട്‌ കൂടിയാണ്‌ ഇതിന്റെ നിര്‍മാണം. രണ്ടു നിലകളിലായി പൂമുഖം, കോവണിത്തളം, നീരാഴിക്കെട്ട്‌, നെല്ലറ, മടപ്പള്ളി, മന്ത്രശാല, അടുക്കള, അതിഥി മുറി, കിടപ്പുമുറികള്‍ എന്നിവയോടെ 22 മുറികളാണ്‌ ഇവിടെയുള്ളത്‌. പത്മനാഭപുരം കൊട്ടാരത്തിലേത്‌ പോലെ കിളിവാതിലുകളും കൊട്ടാരത്തിനുണ്ട്‌. നീരാഴിക്കെട്ടിലെ തേവാരമുറിയില്‍ വരച്ചിട്ടുള്ള ഗജേന്ദ്രമോക്ഷം ചുവര്‍ചിത്രം ഇവിടുത്തെ പ്രത്യേകതയാണ്‌. കേരളത്തില്‍ ഒറ്റച്ചുവരിലുള്ള ഏറ്റവും വലിയ ചുവര്‍ചിത്രമാണിത്‌.
പ്രഭാതത്തിലെ സ്‌നാനം കഴിഞ്ഞ്‌ മടങ്ങി വരുന്ന രാജാവിന്‌ നീരാഴിക്കെട്ടിന്റെ കമാനം കടന്ന്‌ തേവാര ഭാഗത്ത്‌ കിഴക്ക്‌ അഭിമുഖമായി ഇരിക്കുമ്പോള്‍ ദൃഷ്‌ടി ഗോചരമാകത്തക്ക വിധത്തിലാണ്‌ 154 ചതുശ്ര അടി വിസ്‌തൃതിയില്‍ ചിത്രം വരച്ചിട്ടുള്ളത്‌. രാജഭരണം അവസാനിച്ചതോടെ കൃഷ്‌ണപുരം കൊട്ടാരവും വളപ്പും 1960 ല്‍ പുരാവസ്‌തു വകുപ്പ്‌ ഏറ്റെടുത്ത്‌ സംരക്ഷിത സ്‌മാരകമാക്കി. ഇന്ന്‌ ചരിത്ര വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും പ്രയോജനമാകത്തക്ക തരത്തില്‍ ഇത്‌ മ്യൂസിയമാക്കിയിട്ടുണ്ട്‌. അത്യപൂര്‍വമായ ശിലാ വിഗ്രഹങ്ങളും ചരിത്ര സ്‌മാരകങ്ങളും കായംകുളം വാളും എല്ലാം ശേഖരിച്ച്‌ കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകള്‍ നമ്മെ ബോധ്യപ്പെടുത്തുകയാണ്‌ ഇന്ന്‌ കൃഷ്‌ണപുരം കൊട്ടാരം.

അനില്‍ ചെട്ടികുളങ്ങര

Ads by Google
Sunday 03 Feb 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW