Friday, April 26, 2019 Last Updated 17 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 01 Feb 2019 01.38 AM

ബജറ്റില്‍ സ്‌ത്രീശാക്‌തീകരണത്തിനു മുന്‍ഗണന

uploads/news/2019/02/284833/bft3.jpg

സ്‌ത്രീ ശാക്‌തീകരണത്തിനു മുന്‍ഗണന കൊടുക്കുന്നതിനൊപ്പം ഹരിതകേരളം കെട്ടിപ്പടുക്കുന്നതിനു പ്രാധാന്യം കൊടുക്കുന്ന ജനകീയ ബജറ്റാണിത്‌. പ്രളയസെസ്‌ ഏര്‍പ്പെടുത്തിയതിനോടു മുഖംകറുപ്പിക്കുന്നവരുണ്ട്‌. എന്നാല്‍, അവശ്യ-നിത്യോപയോഗ സാധനങ്ങളില്‍ ഏതാനും ചിലതില്‍ മാത്രം ഉണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരെ വലിയതോതില്‍ ബാധിക്കുകയില്ല. പ്രളയസെസ്‌ നേരിട്ടു ബാധിക്കുന്ന സാധനസാമഗ്രികള്‍ സാധാരണക്കാരന്റെ പോക്കറ്റ്‌ കീറാത്തതാണ്‌. അതാകട്ടെ കൂടിയ വരുമാനമുള്ളവരെ ബാധിക്കുന്നതുമാണ്‌. മദ്യത്തിനും ആഢംബരവസ്‌തുക്കള്‍ക്കും സെസ്‌ ഏര്‍പ്പെടുത്തുന്നത്‌ എതിര്‍ക്കപ്പെടേണ്ടതുമില്ല.
മൂന്നു കൊല്ലം മുമ്പു സ്‌ത്രീശാക്‌തീകരണത്തിനായി ബജറ്റില്‍ പദ്ധതികള്‍ വകയിരുത്തിയപ്പോള്‍ 11 ശതമാനം ഫണ്ടാണ്‌ അതിനായി നീക്കിവച്ചത്‌. കഴിഞ്ഞ ബജറ്റില്‍ 14 ശതമാനമായിരുന്നുവെങ്കില്‍ ഇക്കുറിയതു 16 ശതമാനമാക്കിയിട്ടുണ്ട്‌. കുടുംബശ്രീക്ക്‌ 1000 കോടി നീക്കിവച്ചത്‌ സ്‌ത്രീശാക്‌തീകരണം ലക്ഷ്യമാക്കിയാണ്‌.
എന്നാല്‍, സ്‌ത്രീകളുടെ സാമ്പത്തിക ശാക്‌തീകരണം ലക്ഷ്യമാക്കി രൂപംകൊടുത്ത കുടുംബശ്രീ ആ ലക്ഷ്യത്തിലേക്ക്‌ എത്തിയിട്ടില്ല. കൃഷിസംരംഭങ്ങളല്ലാതെ കുടുംബശ്രീ തുടങ്ങിയ സാമ്പത്തികസംരംഭങ്ങള്‍ പരാജയപ്പെട്ടു. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്കു ബ്രാന്‍ഡ്‌ വാല്യൂ ഇല്ലാത്തതാണ്‌ തിരിച്ചടിയായത്‌. ബ്രാന്‍ഡിങ്‌ ഇല്ലാത്തവയ്‌ക്കു വിപണി കണ്ടെത്താന്‍ കഴിയാതെ പോകുന്ന സാഹചര്യമുണ്ട്‌. ബജറ്റില്‍ കുടുംബശ്രീക്ക്‌ ബ്രാന്‍ഡിങ്‌ നല്‍കുമെന്ന പ്രഖ്യാപനം ഈ കുറവു നികത്താനും ബിസിനസ്‌ സംരംഭങ്ങളുടെ വിജയത്തിനും ഇടവരുത്തും.
നവകേരളം ഹരിത കേരളമാകുന്നതിനുള്ള പല സൂചനകളും ഈ ബജറ്റിലുണ്ട്‌. എല്‍.ഇ.ഡി. ബള്‍ബുകള്‍, ഇലക്‌ട്രിക്‌ ബസുകള്‍ എന്നിവ ഹരിതകേരളത്തിലേക്കുള്ള ചുവടുകളാണ്‌.
തിരുവനന്തപുരം-കാസര്‍ഗോഡ്‌ അതിവേഗ റയില്‍പ്പാത ബജറ്റിലെ ദീര്‍ഘവീക്ഷണമുള്ള പദ്ധതിയാണ്‌. മൊബൈല്‍ സെപ്‌ടേജ്‌ പ്ലാന്റ്‌ പദ്ധതിയാണ്‌ ബജറ്റില്‍ ശ്രദ്ധേയമായ മറ്റൊന്ന്‌. കോളിഫോം ബാക്‌ടീരിയ മൂലം കിണറുകള്‍ പോലും മലിനമായിരിക്കുകയാണ്‌. സെപ്‌ടേജ്‌ പ്ലാന്റ്‌ എന്നത്‌ ബിസിനസ്‌ മോഡല്‍ ആകുമ്പോള്‍ ഈ മേഖലയിലേക്കും സംരംഭകര്‍ ഉണ്ടാകും.
കിഫ്‌ബി ഫണ്ടില്‍ കൂടുതല്‍ ബാധ്യതകളുണ്ടാകുമോയെന്നത്‌ ആശങ്ക ജനിപ്പിക്കുന്നതാണ്‌. നികുതിവരുമാനം കൂട്ടണമെന്നതാണ്‌ മറ്റൊരു പ്രധാന കാര്യം. അതിനുള്ള പുതിയ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ അവലംബിച്ചേ തീരൂ. വസ്‌തുനികുതി പിരിച്ചെടുക്കുന്നതു കര്‍ശനമായി പാലിക്കപ്പെടണം. നികുതി ചോര്‍ച്ചയും കര്‍ശനമായി തടയേണ്ടതാണ്‌. കൊടുക്കുന്ന നികുതി ദുരുപയോഗിക്കില്ല എന്ന വിശ്വാസം ജനങ്ങള്‍ക്ക്‌ ഉണ്ടാകണമെങ്കില്‍ സര്‍ക്കാര്‍ മാതൃകകാട്ടണം. സര്‍ക്കാര്‍ ആഢംബരം കുറച്ച്‌ മുണ്ടുമുറുക്കാന്‍ തയാറാകണം.

ഡോ. നിര്‍മലാ പത്‌മനാഭന്‍

(എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജ്‌ ഇക്കണോമിക്‌സ്‌ വിഭാഗം അസോസിയേറ്റ്‌ പ്രഫസറാണു ലേഖിക)

Ads by Google
Friday 01 Feb 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW