Saturday, February 09, 2019 Last Updated 30 Min 13 Sec ago English Edition
Todays E paper
Ads by Google
ആര്‍. സുരേഷ്‌
Wednesday 30 Jan 2019 07.34 AM

കെ.എം.മാണി - പി.ജെ. ജോസഫ് ഗ്രൂപ്പുകള്‍ പരസ്യമായി ഏറ്റുമുട്ടി ; കേരളാകോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് ; യുഡിഎഫ് വിടാന്‍ ജോസഫിന് താല്‍പ്പര്യമില്ല, തലവേദന കോണ്‍ഗ്രസിന്

uploads/news/2019/01/284239/km-mani.jpg

തിരുവനന്തപുരം: കെ.എം. മാണി-പി.ജെ. ജോസഫ് ഏറ്റുമുട്ടല്‍ പരസ്യമായതോടെ കേരളാ കോണ്‍ഗ്രസി(എം)ല്‍ പ്രതിസന്ധി രൂക്ഷം. മാണിയുടെ നിഴല്‍ വിട്ട് യു.ഡി.എഫില്‍ത്തന്നെ പ്രത്യേക ഗ്രൂപ്പായി നില്‍ക്കാനാണു ജോസഫ് പക്ഷത്തിന്റെ നീക്കം. ഇടതുമുന്നണിയിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തടസമില്ലെന്നു പറയുമ്പോഴും യു.ഡി.എഫ്. വിടാന്‍ ജോസഫിന് ഉദ്ദേശ്യമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനും തലവേദനയായി.

പ്രശ്‌നപരിഹാരത്തിനു കോണ്‍ഗ്രസ് ശ്രമമാരംഭിച്ചെങ്കിലും കൂടുതല്‍ സീറ്റ് എന്ന ആവശ്യത്തില്‍ ജോസഫ് വിട്ടുവീഴ്ചയ്ക്കില്ല. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്നു ജോസഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വമതപ്രാര്‍ഥന കേരളാ കോണ്‍ഗ്രസി(എം)നെ സംബന്ധിച്ചു നിര്‍ണായകമാണ്. പരിപാടിക്കായി വിവിധ ജില്ലകളില്‍നിന്നു ജോസഫ് പക്ഷക്കാര്‍ തലസ്ഥാനത്തെത്തി. സര്‍വമതപ്രാര്‍ഥനയ്ക്കുശേഷം കൂടിയാലോചിച്ച് കൂട്ടായ്മ ശക്തിപ്പെടുത്തുമെന്നാണു ജോസഫ് വിഭാഗം നല്‍കുന്ന സൂചന.

കേരളാ കോണ്‍ഗ്രസി(എം)ല്‍ ലയിച്ചതു മുതല്‍ ജോസഫ് ആവശ്യപ്പെടുന്നതാണ് ഇടുക്കി ലോക്‌സഭാ സീറ്റ്. ഓരോ തവണയും മാണി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്ത് തങ്ങളെ ചതിക്കുന്നുവെന്നാണു ജോസഫിന്റെ പരാതി. പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിനു പരാതിയുണ്ട്. ജോസ് കെ. മാണിയെ ലോക്‌സഭാംഗത്വം രാജിവയ്പ്പിച്ച് രാജ്യസഭാംഗമാക്കിയതിനു പുറമേ, വര്‍ക്കിങ് ചെയര്‍മാനായ തന്നെ മറികടന്ന് െവെസ് ചെയര്‍മാന്‍ ജോസിനെ നേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ കേരളയാത്ര സംഘടിപ്പിച്ചതിലും ജോസഫിനു പ്രതിഷേധമുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇന്നു നടക്കുന്ന സര്‍വമതപ്രാര്‍ഥന.

ഉമ്മന്‍ ചാണ്ടിക്കു മത്സരിക്കണമെങ്കില്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസിനു വിട്ടുകൊടുക്കണമെന്നാണു ജോസഫിന്റെ നിലപാട്. പകരം ഇടുക്കിയും ചാലക്കുടിയും കിട്ടണം. ഇടുക്കി കിട്ടിയാല്‍ ജോസഫ് മത്സരിക്കും. വിജയിച്ചാല്‍, ഒഴിവുവരുന്ന തൊടുപുഴ നിയമസഭാമണ്ഡലത്തില്‍ മകനെ മത്സരിപ്പിക്കാനാണു നീക്കം. എന്നാല്‍, കോട്ടയം സീറ്റിനു പുറമേ മറ്റൊരു സീറ്റ് കേരളാ കോണ്‍ഗ്രസി(എം)നു നല്‍കാന്‍ കോണ്‍ഗ്രസ് തയാറല്ലെന്നാണു സൂചന. ഇക്കാര്യം മാണിക്കും ജോസഫിനും ബോധ്യമുണ്ട്.

ഒരു സീറ്റേ ലഭിക്കൂവെങ്കില്‍ ജോസഫിന്റെ എതിര്‍പ്പു മറികടന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണു മാണിയുടെ തീരുമാനം. അങ്ങനെ വന്നാല്‍ പഴയ കേരളാ കോണ്‍ഗ്രസ് (ജെ) പുനരുജ്ജീവിപ്പിക്കണമെന്നാണു ജോസഫ് പക്ഷത്തെ ഭൂരിപക്ഷാഭിപ്രായം. എന്നാല്‍, യു.ഡി.എഫ്. വിടാന്‍ ജോസഫിനു താത്പര്യമില്ല. കൂറുമാറ്റനിരോധനനിയമവും തടസമാണ്. എങ്കിലും മാണി വിഭാഗത്തോട് ഇപ്പോള്‍ കര്‍ശന നിലപാട് സ്വീകരിച്ചാല്‍ വിവിധ കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ അസ്വസ്ഥരായ നേതാക്കളും പ്രവര്‍ത്തകരും ഒപ്പം വരുമെന്ന കണക്കുകൂട്ടലും ജോസഫ് വിഭാഗത്തിനുണ്ട്. പി.ജെ. ജോസഫ് പക്ഷത്തെ കരുത്തനായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ് നിലവില്‍ ഇടതുമുന്നണിയിലാണ്.

ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടി, യു.ഡി.എഫില്‍ പ്രത്യേകവിഭാഗമായി നിലകൊള്ളാനാണു ജോസഫിന്റെ നീക്കം. അഥവാ ഇടുക്കി സീറ്റ് കൂടി കേരളാ കോണ്‍ഗ്രസി(എം)നു ലഭിച്ചാല്‍ ജോസഫ് തന്നെയാകും സ്ഥാനാര്‍ഥി. അങ്ങനെയെങ്കില്‍ രാഷ്ട്രീയഗുരുനാഥനായ ജോസഫിനെതിരേ മത്സരിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജ് തയാറാവില്ല. ഇത് ഇടതുമുന്നണിയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

Ads by Google
ആര്‍. സുരേഷ്‌
Wednesday 30 Jan 2019 07.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW