രാമപുരം: എണ്ണൂറു വര്‍ഷത്തോളം പഴക്കമുള്ള വിശുദ്ധ അന്തോനീസിന്റെ ഭൗതികദേഹത്തിന്റെ ഒരംശം മുണ്ടാങ്കല്‍ സെന്റ് അന്റണീസ് തീര്‍ത്ഥാടനദേവാലയത്തില്‍ പ്രതിഷ്ഠിക്കും. ഇറ്റലിയിലെ പാദുവായിലെ ബസലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ ശരീരത്തിന്റെ ഭാഗമായ തിരുശേഷിപ്പ് അടുത്ത രണ്ടിനു രാവിലെ പത്തിനാണ് ദേവാലയത്തില്‍ സ്ഥിരമായി പ്രതിഷ്ഠിക്കുക. പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കും. തപാല്‍വകുപ്പ് പ്രത്യേകം തപാല്‍ കവര്‍ പുറത്തിറക്കും. വിശുദ്ധ അന്തോനീസിന്റെയും സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദേവാലയത്തിന്റെയും സെന്റ് ഡോമിനിക്ക് പള്ളിയുടെയും ചിത്രങ്ങളും തിരുശേഷിപ്പ് പ്രതിഷ്ഠയുടെയും തീര്‍ത്ഥാടന ദേവാലയത്തിന്റെയും ലഘു വിവരണങ്ങളും ഉള്‍പ്പെടുത്തിയാണ് പ്രത്യേക കവര്‍ പുറത്തിറക്കുന്നത്. കവറിന്റെ പ്രകാശനം ഒന്നിന് ഉച്ചയ്ക്ക് 12-നു നടക്കും. സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദേവാലയത്തിന്റെ ഫോട്ടോ പതിച്ച മൈസ്റ്റാമ്പും അന്നു പ്രകാശനം ചെയ്യും.
വിശുദ്ധ ഡോമിനിക്കിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ നാളെ മുതല്‍ ഫെബ്രുവരി 11 വരെ നടക്കും.
1231-ല്‍ ചരമമടഞ്ഞ വിശുദ്ധന്റെ ഭൗതികാവശിഷ്ടം 1263-ല്‍ പുതിയതായി നിര്‍മ്മിക്കപ്പെട്ട ബസലിക്കായിലേക്കു മാറ്റിസ്ഥാപിച്ചിരുന്നു. ഇറ്റലിയിലെ ബസലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന ശരീരഭാഗം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ദര്‍ശനത്തിനും പൊതുവണക്കത്തിനുമായി വിവിധ രാജ്യങ്ങളില്‍ കൊണ്ടുപോകുക പതിവാണ്. അതിനുശേഷം തിരികെ ഇറ്റലിയിലെത്തിക്കുകയും ചെയ്യും. 2017 മാര്‍ച്ച് 13-നു മുണ്ടാങ്കല്‍ പള്ളിയില്‍ തിരുശേഷിപ്പ് കൊണ്ടുവന്നിരുന്നു.
വിശ്വന് രാമപുരം