തൃശൂര്‍: ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വിവിധ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് 'എസ്.ഐ.ബി. സ്കോളര്‍ മെറിറ്റ് സ്കോളര്‍ഷിപ്പ്' പദ്ധതിയുടെ മൂന്നാം പതിപ്പ് അവതരിപ്പിച്ചു.
സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികം തടസമായി നില്ക്കുന്ന കേരളത്തിലെ മിടുക്കരായ വിദ്യാര്‍ഥികളെ കണ്ടെത്താനും അവരുടെ ബിരുദ പഠനത്തിന് കൈത്താങ്ങാകാനുമായി രൂപകല്പന ചെയ്ത മെറിറ്റ് സ്കോളര്‍ഷിപ്പ് പദ്ധതിയായ എസ്.ഐ.ബി. സ്കോളറിന് മുന്‍ വര്‍ഷങ്ങളില്‍ കേരളത്തിലെ വിദ്യാര്‍ഥികളില്‍നിന്നും അക്കാദമിക് സമൂഹത്തില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഉദ്ഘാടന ചടങ്ങ് ബാങ്കിന്റെ 90-ാം വാര്‍ഷിക ദിനമായ ഇന്നലെ തൃശൂരില്‍ നടന്നു. ഔദ്യോഗിക ഉദ്ഘാടനം ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ യുമായ വി.ജി. മാത്യു നിര്‍വഹിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഏറെ പ്രാധാന്യം കല്പിക്കുന്ന സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിലൊന്നാണ് എസ്.ഐ.ബി. സ്കോളര്‍. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ള മിടുക്കരായ വിദ്യാര്‍ഥികളുടെ അക്കാദമിക് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എസ്.ഐ.ബി. സ്കോളര്‍ സഹായിക്കും.
നാളിതുവരെ കേരളത്തിലുടനീളമുള്ള 104 വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതി കൈത്താങ്ങേകിയിട്ടുണ്ട്, ഉദ്ഘാടന വേളയില്‍ വി.ജി. മാത്യു പറഞ്ഞു. ചടങ്ങില്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്), തോമസ് ജോസഫ് കെ. സ്വാഗതം ആശംസിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ക്രെഡിറ്റ്), ജി. ശിവകുമാര്‍, എസ്.ഐ.ബി. ഫൗണ്ടേഷന്റെ എക്സ്റ്റേഷണല്‍ ട്രസ്റ്റി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐ.എ.എസ്. (റിട്ട.) എന്നിവര്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു.
സീനിയര്‍ ജനറല്‍ മാനേജരും സി.ഐ.ഒ യുമായ റാഫേല്‍ ടി.ജെ. നന്ദി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി കേരളത്തിലെ നിരവധി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് 2016 ലാണ് എസ്.ഐ.ബി. സ്കോളര്‍ പദ്ധതി അവതരിപ്പിച്ചത്.
സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രം പഠിച്ച, വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായ കുടുംബങ്ങളില്‍നിന്നുള്ള മിടുക്കരായ വിദ്യാര്‍ഥികള്‍ക്കാണ് എസ്.ഐ.ബി. സ്കോളര്‍ പദ്ധതി പ്രയോജനപ്പെടുത്തിയത്.