രാഷ്ട്രീയ വൈര്യത്തിന് ഇരയാകേണ്ടി വന്ന സൈമണ്‍ ബ്രിട്ടോയ്ക്ക് താങ്ങായ് ചുമലും, ഓരോ ചുവടിനും ഊര്‍ജ്ജവും നല്‍കിയത് ഭാര്യ സീന ഭാസ്കറായിരുന്നു. സഖാവിന്റെ ജീവനു പോലും ഉറപ്പില്ലെന്ന് അറിഞ്ഞുകൊണ്ട് വിവാഹത്തിന് സമ്മതം നല്കിയ പെണ്ണ്, ആറു മാസത്തിനപ്പുറം ഈ ബന്ധം നീളില്ലെന്ന് പറഞ്ഞവര്‍ക്കു മുമ്പില്‍ ജീവിച്ചു കാണിക്കുകയായിരുന്നു മനസിന്റെ ചങ്കുറപ്പുകൊണ്ട് സൈമണ്‍ ബ്രിട്ടോയും ഭാര്യയും. സൈമണ്‍ ബ്രിട്ടോയൂടെ മരണശേഷം ഒരു മാഗസീനു നല്കിയ അഭിമുഖത്തിലാണ് സീന ഭാസ്കര്‍ ഇരുവരും പിന്നിട്ട പ്രതിസന്ധികളും, കനല്‍വഴികളും തുറന്നു പറഞ്ഞത്.
വിവാഹം രജിസ്റ്റര്‍ ചെയ്ത് മുറിയെടുക്കാന്‍ കാശില്ലാതെ പകല്‍ മുഴുവന്‍ ഒരു വാഹനത്തില്‍ അലഞ്ഞു നടക്കേണ്ടി വന്നു. ആദ്യ രാത്രി കിടന്നുറങ്ങിയത് ഒരു കമ്പ്യൂട്ടര്‍ സെന്ററിന്റെ വരാന്തയിലാണ്. വിവാഹ ദിനത്തില്‍ ഇനി വരാനിരിക്കുന്ന പ്രതിസന്ധികളുടെ റിഹേഴ്സല്‍ മാത്രമായിരുന്നു അത്. അതേസമയം ഞങ്ങളുടെ ബന്ധം വെറും കൗതുകം എന്ന് പുച്ഛിച്ചവരുടെ വായടപ്പിച്ചത് സഖാവ് നായനാരാണെന്ന് സീന ഭാസ്കര്‍ വെളിപ്പെടുത്തി.
ആണും പെണ്ണും കല്യാണം കഴിക്കുന്നതിന് അനക്കൊക്കെ എന്താടോ...എന്ന ഒറ്റ ചോദ്യം കൊണ്ടാണ് വിമര്‍ശകരുടെ വായടപ്പിച്ചതെന്ന് സീന ഭാസ്കര്‍ പറയുന്നു. വീല്‍ച്ചെയറില്‍ ജീവിതം തള്ളി നീക്കിയ ബ്രിട്ടോയ്ക്കും തനിക്കും ഒപ്പം വിളിപ്പുറത്ത് ഉണ്ടായിരുന്നത് പാര്‍ട്ടി ബന്ധങ്ങള്‍ തന്നെയായിരുന്നുവെന്ന് അവര്‍ പറഞ്ഞൂവെയ്ക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയം കലുഷമായ 1983 കാലത്ത് ഒക്ടോബര്‍ 14 ന് കുത്തേറ്റ് സൈമണ്‍ ബ്രിട്ടോയുടെ അരയ്ക്ക് കീഴ്പ്പോട്ട് തളരുകയായിരുന്നു. 10 വര്‍ഷങ്ങള്‍ക്കു ശേഷം എസ്എഫ്ഐ പ്രവര്‍ത്തകയായ സീന ഭാസ്കറെ ജീവിതസഖിയാക്കി.