Monday, April 22, 2019 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jan 2019 01.57 AM

സ്‌നേഹത്തിന്റെ ആഴം

uploads/news/2019/01/283334/re4.jpg

ഇറാനില്‍ അബുസെന്‍ ആദം എന്ന വയോവൃദ്ധന്‍ ജീവിച്ചിരുന്നു. മറ്റുള്ളവരോട്‌ മാന്യതയോടും സ്‌നേഹത്തോടും മാത്രമാണ്‌ പെരുമാറ്റം. മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും സന്നദ്ധന്‍. ഒഴിവു സമയങ്ങളില്‍ ഈശ്വരനെ പ്രാര്‍ഥിക്കും. ഒരിക്കല്‍ അദ്ദേഹം ഒരു സ്വപ്‌നം കണ്ടു. ഒരു മാലാഖ തന്റെ പുസ്‌തകത്തില്‍ എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. ആശ്‌ചര്യപ്പെട്ട ആദം, എന്താണ്‌ എഴുതുന്നത്‌ എന്നു ചോദിച്ചു. ദൈവത്തെ സ്‌നേഹിക്കുന്നവരുടെ പേരുകള്‍ ഈ പുസ്‌തകത്തില്‍ ചേര്‍ക്കുകയായിരുന്നു എന്ന്‌ മാലാഖ മറുപടി പറഞ്ഞു.
എന്റെ പേര്‌ പുസ്‌തകത്തില്‍ എത്രാം സ്‌ഥാനത്താണുള്ളത്‌? ആദം ചോദിച്ചു.
താങ്കളുടെ പേര്‌ പുസ്‌തകത്തില്‍ ഇല്ലല്ലോ, മാലാഖ മറുപടി പറഞ്ഞു. ഉറക്കമുണര്‍ന്ന ആദത്തിനു താന്‍ കണ്ട സ്വപ്‌നം മറക്കാന്‍ കഴിഞ്ഞില്ല. ദൈവത്തെ സ്‌നേഹിക്കുന്നവരുടെ പട്ടികയില്‍ തന്റെ പേര്‌ ഇല്ലല്ലോ എന്നോര്‍ത്ത്‌ ആദത്തിനു സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല.
പിറ്റേന്ന്‌ ഉറങ്ങുമ്പോഴും, ആദത്തിന്റെ സ്വപ്‌നത്തില്‍ അതേ മാലാഖ വന്നു. അന്നു മാലാഖ പുസ്‌തകത്തില്‍ എന്തോ കുറിക്കുന്നതു ആദം കണ്ടു. എന്താണ്‌ കുറിക്കുന്നത്‌? ആദം അന്നും മാലാഖയോടു ചോദിച്ചു. ഇന്നു ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരുടെ പേരുകളാണ്‌ എഴുതുന്നത്‌.
മാലാഖ പറഞ്ഞു.
ദൈവത്തെ സ്‌നേഹിക്കുന്നവരുടെ പട്ടികയില്‍ എന്റെ പേരില്ല. പിന്നെയാണോ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരുടെ പട്ടികയില്‍ എന്റെ പേരുണ്ടാകാന്‍ പോകുന്നത്‌ എന്ന സംശയത്തോടെ, ഇതിലും എന്റെ പേരുണ്ടാകാന്‍ വഴിയില്ലല്ലോ എന്നു മാലാഖയോട്‌ ആദം ചോദിച്ചു. ഇതില്‍ ഒന്നാമത്തെ പേര്‌ താങ്കളുടേതാണ്‌. ദൈവഭക്‌തിയോടു കൂടി നിര്‍ത്താതെ സഹജീവികളോടു സ്‌നേഹവും കരുണയും കാട്ടുന്ന താങ്കളല്ലാതെ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്ന വേറെ ആരാണ്‌ ഉണ്ടാവുക എന്നു പറഞ്ഞു കൊണ്ട്‌, മാലാഖ അപ്രത്യക്ഷയായി.
ദൈവത്തെ സ്‌നേഹിച്ച്‌ സഹജീവികളോട്‌ ക്ഷമിക്കുകയും കരുണ കാട്ടുകയും ചെയ്യുന്നവര്‍ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരാണ്‌. ആ വ്യക്‌തികള്‍ക്ക്‌ ഈശ്വര സ്വഭാവം വെളിപ്പെടുത്തി, ദൈവാശ്രയമുള്ളവരായി ജീവിക്കുവാന്‍ ഇടയാകും. മറ്റുള്ളവരാല്‍ നാം എല്ലാവരും മുറിവേറ്റവരാണ്‌. നിങ്ങളുടെ ജീവിതകാലത്തില്‍ ഈ കഴിഞ്ഞ ദിവസം തന്നെ അങ്ങനെ സംഭവിച്ചിട്ടില്ലേ? മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച്‌ ഏഷണി പറയുന്നു, ദേഷ്യപ്പെടുന്നു, ചീത്തവിളിക്കുന്നു, തെറ്റിദ്ധരിക്കുന്നു. ഇങ്ങനെ സംഭവിച്ചിട്ടില്ലേ? ലോകത്തില്‍ ജീവിക്കുന്ന സകല മനുഷ്യരും തുടരെ നേരിടുന്ന അനുഭവമാണ്‌ മറ്റുള്ളവരാല്‍ മുറിപ്പെടുക എന്നുള്ളത്‌.
മറക്കാനാവാത്ത ഒരു സംഭവം എന്റെ ജീവിതത്തില്‍ നേരിട്ടു : ഒരു സ്‌നേഹിതന്‍ എന്റെ കൈയില്‍ ഒരു കത്തു തന്നു. ഒരു സ്‌ത്രീ എഴുതിയ എഴുത്താണ്‌. വേറെ ഒരു രാജ്യത്ത്‌ സംഭവിച്ചതാണ്‌. ഈ സ്‌ത്രീയുടെ ഭര്‍ത്താവിനെ രണ്ടുവര്‍ഷം മുമ്പ്‌ ഒരാള്‍ വെടിവച്ചു കൊന്നു. കൊലപാതകിയെ പോലീസ്‌ പിടിച്ചു ജയിലിലാക്കി. ജീവപര്യന്തം അവനെ ശിക്ഷിച്ചു. മരിച്ചയാളുടെ ഭാര്യയ്‌ക്കും കുഞ്ഞുങ്ങള്‍ക്കും ഒരു വലിയ തുക ലഭിച്ചു.
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഭാര്യ തീരുമാനിച്ചു, തന്റെ ഭര്‍ത്താവിനെ വെടിവച്ചു കൊന്ന മനുഷ്യനെ ജയിലില്‍ പോയി ഒന്നു കാണണമെന്ന്‌. കുഞ്ഞുങ്ങളെയും കൂട്ടിക്കൊണ്ട്‌ ജയിലിലേക്ക്‌ ചെന്ന്‌ കൊലയാളിയെ കണ്ടു.
അവന്റെ കൈയില്‍ ഒരു വേദപുസ്‌തകം ഇരിക്കുന്നു. സ്‌ത്രീയെ കണ്ട മാത്രയില്‍ അയാള്‍ പൊട്ടിക്കരഞ്ഞു. അയാള്‍ അവരോടു പറഞ്ഞു : 'നിങ്ങളുടെ ഭര്‍ത്താവിനെ കൊന്നവനാണു ഞാന്‍. നിങ്ങള്‍ക്ക്‌ എന്നോടു ക്ഷമിക്കാന്‍ കഴിയുമോ? ഞാന്‍ ജയിലില്‍ വന്ന ശേഷം, ഒരാള്‍ വന്ന്‌ യേശു ക്രിസ്‌തുവിന്റെ സ്‌നേഹത്തെപ്പറ്റി പറയുകയും എന്റെ പാപം ഏറ്റു പറഞ്ഞ്‌ ഞാന്‍ യേശുക്രിസ്‌തുവിനെ വിശ്വസിക്കുകയും ചെയ്‌തു. നിങ്ങള്‍ക്ക്‌ ഒരെഴുത്ത്‌ എഴുതണം എന്ന്‌ വിചാരിച്ചു. മേല്‍വിലാസം ഇല്ലാത്തതിനാല്‍ സാധിച്ചില്ല. എന്നോട്‌ ക്ഷമിക്കണം.' ആ സ്‌ത്രീ കൊലപാതകിയോട്‌ പറഞ്ഞു: 'കര്‍ത്താവായ യേശുക്രിസ്‌തു എന്നോടു ക്ഷമിച്ചതു പോലെ ഞാന്‍ നിങ്ങളോടും ക്ഷമിക്കുന്നു.'
അവള്‍ തിരികെ വീട്ടില്‍പോയി ഒരു തീരുമാനം എടുത്തു: എനിക്കു ലഭിച്ച പണത്തിന്റെ ഒരു ഭാഗം ഞാന്‍ മാറ്റി വയ്‌ക്കാന്‍ പോകയാണ്‌. അയാള്‍ ജയിലില്‍ നിന്നും പുറത്തു വരുമ്പോള്‍ സ്‌നേഹിതര്‍ കാണില്ല, ആശ്രയിക്കാന്‍ ആളില്ല, ജോലിയില്ല. ഈ പണത്തില്‍ കുറച്ച്‌ അവനു കൊടുത്താല്‍ ഒരു പുതിയ ജീവിതം ആരംഭിക്കുമല്ലോ.
ഈ വിവരമെല്ലാം കാണിച്ച്‌ എന്റെ സ്‌നേഹിതന്‌ ആ സ്‌ത്രീ എഴുതിയ കത്താണ്‌ അദ്ദേഹം എന്റെ കൈയില്‍ തന്നത്‌. കരുണയുടെ ആഴം, സ്‌നേഹത്തിന്റെ ആഴം, ക്ഷമയുടെ ആഴം, എത്ര വലിയത്‌! ദൈവത്തിന്റെ കാരുണ്യത്താല്‍ അല്ലാതെ നമുക്ക്‌ സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കില്ല. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക്‌ കരുണ ലഭിക്കും എന്ന്‌ ബൈബിള്‍ പറയുന്നു. നാം ദൈവത്തെ സ്‌നേഹിക്കുന്നവര്‍ മാത്രമല്ല ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരും ആയിരിക്കണം.

Ads by Google
Saturday 26 Jan 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW