Sunday, July 14, 2019 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 25 Jan 2019 05.24 PM

സിനിമാ ലോകം അംഗീകരിക്കാതെ പോയതിന്റെ വേദനകള്‍ പങ്കുവെച്ച ആ അഭിമുഖം ഇന്നും കണ്ണീരോര്‍മ്മ: കല്‍പ്പനയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് മൂന്നു വര്‍ഷം

Memoir, Kalpana

മലയാളത്തിന്റെ പ്രിയനടി 2016 ജനുവരി 25ന് ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു വിട പറഞ്ഞത്. മൂന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കല്‍പനയെ തേടി ഒടുവില്‍ ദേശീയ പുരസ്‌കാരവും എത്തിയിരുന്നു. തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്രപുരസ്‌കാരം കല്‍പനയ്ക്ക് ലഭിച്ചത്. എന്നാല്‍ അര്‍ഹതപ്പെട്ട ഒരു അംഗീകാരവും നടി എന്ന നിലയില്‍ കല്‍പനയ്ക്ക് സിനിമലോകം നല്‍കിയിട്ടില്ല. മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയ ശേഷം പ്രമുഖ ചാനലിന്റെ അഭിമുഖത്തില്‍ കല്‍പന ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

'' ഇത്രയും പടങ്ങള്‍ ചെയ്തിട്ടും ഹ്യൂമര്‍ ഇത്രയൊക്കെ ചെയ്തിട്ടും എനിക്ക് ഒരു അംഗീകാരവും ആരും തന്നിട്ടില്ല. എല്ലാവരും പറയും ഹ്യൂമര്‍ ഭയങ്കര പാടാ, എടുത്തു മറിക്കണം, കോമഡിക്ക് വാല്യൂ ഒന്നും ഇവിടെ ആരും തന്നിട്ടൊന്നുമില്ല. എന്നാല്‍ അങ്ങനെയാണെങ്കില്‍ ഇവിടെ ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് പല പ്രാവശ്യം കിട്ടേണ്ടത് ജഗതിയ്ക്കാണ്. ജഗതിയായിരുന്നു വാങ്ങേണ്ടിയിരുന്നത്. എവിടെ കിട്ടി. എവിടെ പ്രാധാന്യമുണ്ട്. തമിഴ്‌നാട്ടില്‍ പോലും പറയുന്നത് സിരിപ്പ് നടികൈ എന്നാണ്. നമ്മുടെ നാട്ടില്‍ അതില്ലല്ലോ. ഹ്യൂമര്‍ വേഷങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരു വാല്യൂവും ഒരുഭാഷയിലും ഇല്ല. സര്‍ക്കസിലെ കോമാളിക്ക് ഒരു വാല്യൂവും ആരും കൊടുത്തിട്ടില്ല. സദ്യ പൂര്‍ണ്ണമാകണമെങ്കില്‍ പായസം വേണം ആ മധുരമാണ് ഹാസ്യം എന്നു പറയുന്നത്. നായികാനായകന്മാരോട് തോന്നാത്ത ഇഷ്ടം ജനങ്ങള്‍ക്ക് തങ്ങളെ പോലുള്ള കോമഡി താരങ്ങളോട് ഉണ്ട്. ജനങ്ങള്‍ക്ക് എപ്പോഴും അടുപ്പം തോന്നാറാണുള്ളത്. അതുപോലെ അവര്‍ ബഹുമാനവും നല്‍കുന്നുണ്ട്. ജഗതിയെ ജഗതി ചേട്ടന്‍ എന്നാണ് വിളിക്കുന്നത്. എത്ര പ്രായമുള്ള ആളും കല്‍പന ചേച്ചി എന്നാണ് വിളിക്കുന്നത്. അതൊക്കെ ജനങ്ങള്‍ തരുന്ന സ്‌നേഹമാണ്. പ്രസിഡന്റിന്റെ കൈയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിയത് ഒരു അനുഭവമായിരുന്നു.'' കല്‍പനയുടെ വാക്കുകളായിരുന്നു ഇത്.

മകളെ കുറിച്ചും കല്‍പന തുറന്നു പറഞ്ഞിരുന്നു '' മകളെന്ന നിലയില്‍ അവള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കും. എവിടെയങ്കിലും പോയാല്‍ നല്ല രീതിയില്‍ വസ്ത്രം ധരിക്കണമെന്നും നന്നായി സംസാരിക്കുമ്പോള്‍ ശ്രദ്ധിയ്ക്കണമെന്നും അവള്‍ പറയും. വളരെ അടക്കമുള്ള കുട്ടിയാണ്. സംസാരം വളരെ കുറവാണ്. കാര്യ കാരണത്തിലേ സംസാക്കൂ. ഇന്ന് അവള്‍ എന്റെ ഗുരുവാണ്.''

കേരളത്തില്‍ ഉണ്ടാകുന്ന പീഡനങ്ങളെ കുറിച്ചും കല്‍പന തുറന്ന് പറഞ്ഞു '' കടുത്ത ശിക്ഷവേണം, കടുത്തശിക്ഷ ഇത്തരക്കാര്‍ക്ക് കൊടുത്താല്‍ മാത്രമേ ഭയം ഉണ്ടാകുകയുള്ളൂ. അറബ് രാജ്യങ്ങളില്‍ സ്ത്രീകളെ നോക്കാന്‍ പോലും ഭയമാണ്. നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍ കടുത്ത ശിക്ഷ ഇല്ല. രാജാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്ന പ്രാകൃതശിക്ഷ പോലുള്ള തത്തുല്യ ശിക്ഷ കൊടുക്കണം. ആയിരം അമ്മമാര്‍ ഒന്നിച്ച് പ്രതികരിയ്ക്കണം.'' കല്‍പന പറയുന്നു.

'' സിനിമയില്‍ എട്ട് വയസ്സിലാണ് ഞാന്‍ എത്തിയത്. അന്ന് ഞാന്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന ആളുകള്‍ ഇന്ന് സിനിമയില്‍ ഇല്ല. ഫിലോമിന അമ്മ, മീനാമ്മ, കെപിഎസി ലളിത ചേച്ചി, കവിയൂര്‍ പൊന്നമ്മ അമ്മ എന്നീ അമ്മമാരൊക്കെയായി അന്ന് വളരെ കൂട്ടായിരുന്നു. ഇന്‍ഡസ്ട്രിയില്‍ അധികം സൗഹൃദങ്ങള്‍ ഇന്ന് ആരുമില്ല. എന്റെ ബലം എന്റെ അമ്മയും, സഹോദങ്ങളുമായിരുന്നു. എന്റെ അച്ഛന്‍ ആരെയും ഭയക്കുന്ന ആളല്ലായിരുന്നു. ഒരാള്‍ ദൂഷ്യമായി പറഞ്ഞാല്‍ ശ്രദ്ധിക്കാന്‍ പോകേണ്ട എന്ന് അമ്മ പറയാറുണ്ട്. നല്ലത് പറഞ്ഞാല്‍ അത് സ്വീകരിക്കുവെന്നും അമ്മ പറയാറുണ്ട്. അമ്മയോട് പറയാറുണ്ട് ബഹളില്‍ നിന്ന് ഒഴിഞ്ഞ് ഗ്രാമത്തില്‍ എവിടെയെങ്കിലും പോയി താമസിക്കാമെന്ന്. ഇഷ്ടനടന്മാര്‍ അങ്ങനെ ഒരു നടനെ മാത്രമായി പറയാന്‍ സാധിക്കില്ല. തിലകന്‍ സര്‍ എന്നെ ഭ്രമിച്ച നടനാണ്. നെടുമുടി വേണു, മുരളി, ജഗതി, ഗോപി സര്‍, നെടുമുടി വേണു. തമിഴില്‍ നാഗേഷ് സര്‍, ശിവാജി സര്‍, കമല്‍ഹാസന്‍ എന്നിങ്ങനെ ഒരുപാട് പേരുണ്ട്. ഇങ്ങനെ ചില ആര്‍ട്ടിസ്റ്റുകളോട് അദ്ഭുതം തോന്നിയിട്ടുണ്ട്.'' കല്‍പന പറയുന്നു.

എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത് 1983ല്‍ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെയാണ് കല്‍പ്പന അഭിനയരംഗത്തെത്തുന്നത്. മലയാളചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് ചിലര്‍ കല്‍പ്പനയെ വിശേഷിപ്പിക്കുന്നത്. ഭാഗ്യരാജിനൊപ്പം 'ചിന്നവീട്' എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ച കല്‍പ്പന 'സതി ലീലാവതി' ഉള്‍പ്പടെ നിരവധി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. കന്നടയിലും, തെലുങ്കിലും അവരുടെ വേഷപ്പകര്‍ച്ചകളുണ്ടായി. സ്വഭാവനടി എന്ന നിലയില്‍ തെന്നിന്ത്യയില്‍ അവര്‍ ചെയ്ത വേഷങ്ങളെല്ലാം വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. ഉഷ ഉതുപ്പ് അഭിനയിച്ച ഒരു സംഗീത ആല്‍ബത്തില്‍ ഉതുപ്പിനോടൊപ്പം കല്‍പ്പന അഭിനയിച്ചിരുന്നു. ഞാന്‍ കല്‍പ്പന എന്നൊരു മലയാള പുസ്തകം കല്‍പ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Ads by Google
Friday 25 Jan 2019 05.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW