ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയും ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ രംഗത്തേക്ക്. തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണിന്റെ ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് ഷാവോമി. ഷാവോമി സഹസ്ഥാപകനും പ്രസിഡന്റുമായ ലിന് ബിന്‍ ആണ് ഷാവോമിയുടെ ഫോള്‍ഡബിള്‍ ഫോണ്‍ ആരാധകര്‍ക്കായി പരിചയപ്പെടുത്തുന്നത്. 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഷാവോമി വക്താവ് ഡോണോവന്‍ സങ് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
ഷാവോമി ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണിന്റെ മാതൃകാ രൂപമാണ് വീഡിയോയില്‍ അവതരിപ്പിക്കുന്നത്. ഫോള്‍ഡബിള്‍ സ്ക്രീനുമായുള്ള സാംസങിന്റെ സ്മാര്‍ട്ഫോണ്‍ ഈ വര്‍ഷം വിപണിയിലെത്താനിരിക്കെയാണ് ഷവോമിയുടെ ഈ മുന്നേറ്റം. രണ്ട് മടക്കുകള്‍ സാധ്യമാകും വിധമാണ് ഈ സ്മാര്‍ട്ഫോണിന്റെ രൂപകല്പന. ഇതോടെ ലോകത്തെ ആദ്യ ഡബിള്‍ ഫോള്‍ഡിങ് മൊബൈല്‍ഫോണ്‍ ആയിരിക്കും ഷാവോമിയുടേത്.
ടാബ് ലെറ്റിന്റെ വലിപ്പമുള്ള ഉപകരണം സ്ക്രീനിന്റെ രണ്ട് വശങ്ങളില് നിന്നും മടക്കി സ്മാര്‍ട് ഫോണ്‍ രൂപത്തിലേക്ക് മാറ്റാന്‍ സാധിക്കുന്നതാണ്. ഫോണിനെ എന്ത് വിളിക്കണമെന്നും ഷാവോമി തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഷാവോമി ഡ്യുവല്‍ ഫ്ളെക്സ്, ഷാവോമി എംഐ ഫ്ളെക്സ് എന്നീ പേരുകള്‍ ലിന് ബിന്നിന്റെ പരിഗണനിയിലുണ്ട്. അതേസമയം, ഫോണ്‍ എന്ന് വിപണിയില്‍ എത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല.