മലയാളികള്‍ക്കും തമിഴ് പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ് ശിവദ. സു സു സുധീ വാത്മീകം, നെടുചാലൈ, ചാണക്യതന്ത്രം, ലക്ഷ്യം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശിവദ, ഇപ്പോള്‍ പുതിയ തമിഴ് ചിത്രത്തിലെ കഥാപാത്രത്തിനാവശ്യമായ ശരീരഘടനയ്ക്കുള്ള തയാറെടുപ്പിലാണ്.
അതുകൊണ്ട് എപ്പോഴും നോണ്‍വെജ് ഉണ്ടാകും. പ്രത്യേകിച്ച് മത്സ്യവിഭവങ്ങള്‍. ആലപ്പുഴയില്‍ ചെല്ലുമ്പോള്‍ നോണ്വെജ കഴിക്കുമെങ്കിലും വളരെ കുറച്ച് മാത്രമേ കഴിക്കാറുള്ളൂ. കല്യാണത്തിനു ശേഷമാണ് നോണ്‍വെജ് കഴിച്ചു തുടങ്ങിയതെന്നു പറയാം. ഇപ്പോഴും നിര്‍ബന്ധങ്ങളൊന്നുമില്ല. പച്ചക്കറിയാണ് കൂടുതല്‍ താല്പര്യം.
നോണ്‍വെജില്‍ ഫിഷ് മാത്രമേ കഴിക്കാറുള്ളൂ. പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നത് വളരെ കുറവാണ്. ഷൂട്ടിനു പോകുമ്പോള്‍ എന്തായാലും അവിടുത്തെ ഭക്ഷണം കഴിക്കണം. അതുകൊണ്ട് വീട്ടിലുള്ള സമയം പുറത്തുപോയി കഴിക്കാതെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെ കഴിക്കും. ജങ്ക് ഫുഡ് ഇടയ്ക്ക് കഴിക്കണമെന്ന് ആഗ്രഹം തോന്നുമ്പോള്‍ കഴിക്കാറുണ്ട്.
എന്നാലും കൂടുതലായി കഴിക്കാറില്ല. കഴിക്കണമെന്ന് തോന്നുന്ന ഭക്ഷണങ്ങള്‍ അല്പമാണെങ്കിലും കഴിക്കും. സ്വീറ്റ്സ് ഇഷ്ടമാണ്. ഭക്ഷണത്തിനു ശേഷം സ്വീറ്റ്സ് കഴിക്കണമെന്ന് ചെറിയ നിര്‍ബന്ധമുണ്ട്. സ്വീറ്റ്സ് കഴിച്ചാലും അതിനനുസരിച്ച് വര്‍ക്കൗട്ട് ചെയ്യാറുണ്ട്.
കഴിഞ്ഞ വര്‍ഷം ചെയ്ത ഒരു തമിഴ് ചിത്രത്തിനു വേണ്ടി ശരീരഭാരം കുറയ്ക്കേണ്ടതായി വന്നു. ശരീരഭാരം കുറച്ചെങ്കിലും എന്നെ കണ്ടപ്പോള്‍ അത്ര കുറഞ്ഞതായി അവര്‍ക്ക് തോന്നിയില്ല. അങ്ങനെ പഞ്ചസാര, ഐസ്ക്രീം, ചോക്ക്ലെറ്റ് ഒക്കെ പൂര്‍ണമായും ഒഴിവാക്കി. എന്റെ ആദ്യ തമിഴ് ചിത്രം 'നെടുചാലൈ' ക്ക് വേണ്ടി ശരീരഭാരം കൂട്ടേണ്ടതായിട്ട് വന്നിട്ടുണ്ട്.
ആ സമയം നന്നായി സ്വീറ്റ്സും ഐസ്ക്രീമും കഴിച്ചാണ് വണ്ണം വച്ചത്. ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ് ചിത്രം റിലീസായത്. അപ്പോഴേക്കും ശരീരഭാരം കുറച്ചിരുന്നു. സിനിമയില്‍ നല്ല വണ്ണമുണ്ടായിരുന്നതുകൊണ്ട് പലരും നേരിട്ട് കാണുമ്പോള്‍ ക്ഷീണിച്ചു പോയല്ലോ എന്നു പറഞ്ഞിട്ടുണ്ട്.
കഥാപാത്രത്തിനു വേണ്ടി ശരീരഭാരം വര്‍ധിപ്പിച്ചതായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോള്‍ ഭാരം കുറച്ചു. എന്നെ സംബന്ധിച്ച് ശരീരഭാരം കുറയ്ക്കാന്‍ എളുപ്പമാണ്. പക്ഷേ മുഖത്ത് ക്ഷീണം അറിയില്ല. വെയ്റ്റ് കുറയ്ക്കേണ്ടി വന്ന അവസരത്തിലെല്ലാം ഈ ബുദ്ധിമുട്ടുണ്ടായിരുന്നു.
വര്‍ക്കൗട്ട് ചെയ്ത് അഞ്ച് കിലോ കുറച്ചു. ഫെയ്സ് അപ്പോഴും നന്നായി വണ്ണം തോന്നിക്കുമായിരുന്നു. എത്രയൊക്കെ വണ്ണം കുറയ്ക്കാന്‍ പരിശ്രമിച്ചാലും മുഖം അങ്ങനെ തന്നെയുണ്ടാകും. കുറച്ചു നേരം കിടന്നുറങ്ങിയാല്‍ പോലും അതു മുഖത്ത് അറിയാന്‍ കഴിയും.
മുന്‍പ് ജിം വര്‍ക്കൗട്ടുകള്‍ ചെയ്തിരുന്നു. ഇപ്പോള്‍ കുറച്ചു നാളുകളായി ജിമ്മില്‍ പോകാറില്ല. ജിം വര്‍ക്കൗട്ടുകളെക്കാള്‍ കൂടുതല്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. ക്ലാസിക്കല്‍ പഠിക്കുന്നുണ്ട്. ചെറുപ്പം മുതല്‍ തന്നെ പഠിക്കുന്നുണ്ടായിരുന്നു. ഷൂട്ട് വന്നപ്പോള്‍ നന്നായി ബ്രേക്ക് വന്നു. ഇപ്പോള്‍ ചെന്നൈയില്‍ 'ഭരതകലാനിധി' യിലാണ് പഠിക്കുന്നത്. പ്രധാന വ്യായാമം ഡാന്‍സ് തന്നെയാണ്. പിന്നെ യോഗ ചെയ്യും. ഡാന്‍സ് ക്ലാസില്‍ തന്നെ യോഗയുണ്ട്. ക്ലാസില്‍ പോകാന്‍ സാധിച്ചില്ലെങ്കില്‍ മറ്റു യോഗ സെന്ററുകളില്‍ പോകും. മറ്റ് ഫിസിക്കല്‍ ട്രെയിനിങ് ഒന്നും തന്നെയില്ല.
ബോക്സിങ് വീണ്ടും ട്രെയിന്‍ ചെയ്ത് തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. രണ്ടുമാസമായി തുടര്‍ച്ചയായി ഡാന്‍സ് ക്ലാസില്‍ പോകുന്നുണ്ട്. അതുകൊണ്ട് കൂടുതലും ശ്രദ്ധിക്കുന്നത് ഡാന്‍സിലും യോഗയിലുമാണ്. ആഴ്ചയില്‍ മൂന്ന് ദിവസം ഡാന്‍സും മൂന്ന് ദിവസം യോഗയുമാണ് പ്രാക്ടീസ് ചെയ്യുന്നത്. ഒരു ദിവസം മൂന്ന് മണിക്കൂര്‍ വരെ ഡാന്‍സ് പ്രാക്ടീസ് ചെയ്യാറുണ്ട്. രാവിലെയാണ് ക്ലാസ്.
വളരെ സെന്‍സിറ്റീവ് സ്കിനാണ്. അതുകൊണ്ട് നന്നായി ശ്രദ്ധിക്കാറുണ്ട്. പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണ കൂട്ടുകളെ ഉപയോഗിക്കാറുള്ളൂ. പാര്‍ലറില്‍ പോകുന്നത് മാനിക്യുര്‍, പെഡിക്യുര്‍ ചെയ്യാന്‍ മാത്രമാണ്. ഫേസ്വാഷും മോയ്സ്ചറൈസിങ് ക്രീം മാത്രമേ ഉപയോഗിക്കാറുള്ളൂ. കാഴ്ചയില്‍ വളരെ ക്ലിയര്‍ ആയിട്ടുള്ള സ്കിനാണെങ്കിലും സെന്‍സിറ്റീവാണ്. അതുകൊണ്ട് ഫേഷ്യല്‍ ചെയുന്നതുപോലും വളരെ കുറവാണ്. ചെറുപയര്‍പൊടി മുഖത്ത് പുരട്ടാറാണ് പതിവ്. നന്നായി വെള്ളം കുടിക്കാറുണ്ട്.
ഷൂട്ടിനും ഡാന്‍സ് പ്രോഗ്രാമിനും മേക്കപ്പ് ഉപയോഗിച്ച് ഇടയ്ക്ക് അലര്‍ജി ഉണ്ടായി. അതിനുശേഷം ഡോക്ടര്‍ നല്കിയ ലോഷന്‍ ഉപയോഗിച്ചാണ് മേക്കപ്പ് നീക്കം ചെയ്യുന്നത്. പിന്നെ ഡാന്‍സിനു മേക്കപ്പ് അല്പം കൂടുതല്‍ വേണ്ടി വരാറുണ്ട്. അതു നീക്കം ചെയ്യാന്‍ വെളിച്ചെണ്ണ നന്നായി ഉപയോഗിക്കും.
ഇപ്പോള്‍ മുടിയുടെ അവസ്ഥ കാണുമ്പോള്‍ സങ്കടം വരാറുണ്ട്. കളര്‍ ചെയ്ത് മുടി പോയതാണ്. കളര്‍ ചെയ്യുന്നതൊന്നും എനിക്ക് താല്പര്യമില്ല. സിനിമയ്ക്ക് വേണ്ടി ഒരുപാട് കളര്‍ ചെയ്യേണ്ടി വന്നു. ഷൂട്ടിനു പോകുമ്പോള്‍ എണ്ണ പാടില്ലല്ലോ. അങ്ങനെ ഇടയ്ക്കിടെ ഷാംപൂ ചെയ്തു. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസം എണ്ണ ഉപയോഗിക്കും. മാസത്തില്‍ ഒരിക്കല്‍ തേങ്ങാപ്പാല്‍ ഉപയോഗിച്ച് താളി വീട്ടില്‍ തന്നെ തയാറാക്കി മുടിയില്‍ പുരട്ടും. എല്ലാ ദിവസവും ചെയ്താല്‍ കൂടുതല്‍ നല്ലതാണ്. സമയം കിട്ടാത്തതുകൊണ്ട് മാസത്തില്‍ ഒരിക്കലാണ് ചെയ്യുന്നത്്. തേങ്ങാപ്പാലില്‍ മറ്റു കെമിക്കല്‍സ് ഇല്ലാത്തതുകൊണ്ട് മുടിക്ക് ദോഷം ചെയ്യില്ല. ഇടയ്ക്ക് ഹെന്ന ചെയ്യാറുണ്ട്.
കഴിഞ്ഞ മാസം ഞങ്ങള്‍ അസാം, മേഘാലയ, ഷിലോങ് ഇവിടെയൊക്കെ പോയി. യാത്രകള്‍ പോകുമ്പോള്‍ ഏറ്റവും ബുദ്ധിമുട്ട് ഭക്ഷണകാര്യങ്ങളിലാണ്. വെജിറ്റേറിയന്‍ ഫുഡ് കിട്ടാന്‍ വളരെയധികം പ്രയാസപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ തന്നെയാണ് യാത്രകളെങ്കില്‍ ചപ്പാത്തിയും ഡാല്‍ കറിയും കിട്ടും. അതുകൊണ്ട് വലിയ പ്രശ്നം തോന്നിയില്ല.
പക്ഷേ ന്യൂസിലന്‍ഡ് പോയപ്പോള്‍ കുറച്ചു ബുദ്ധിമുട്ടി. അവിടെയും വെജ് കിട്ടും. എങ്കിലും നോണ്‍ വെജിനേക്കാള്‍ കൂടുതല്‍ തുകയാകുന്നത് വെജ് ഫുഡിനാണ്. നാട്ടില്‍ വെജ് ഫുഡ് കഴിച്ച് ശീലിച്ചിട്ട് അവിടെ പോയി നോണ്വെജിനേക്കാള് വില കൊടുത്ത് ഭക്ഷണം വാങ്ങി കഴിക്കേണ്ടി വന്നിട്ടുണ്ട്.
വീട്ടില്‍ ഭക്ഷണം ഞാന്‍ തന്നെയാണ് ഉണ്ടാക്കുന്നത്. രാവിലെ ഡാന്‍സ് ക്ലാസില്‍ പോകേണ്ടതുകൊണ്ട് ഭക്ഷണം തയാറാക്കിയിട്ടാണ് പോകുക. ഏഴരയ്ക്ക് ഡാന്‍സ് ക്ലാസ് തുടങ്ങുന്നതുകൊണ്ട് ഹെവി ഫുഡ് കഴിക്കാറില്ല. ഒരു ഗ്ലാസ് പാല് കുടിക്കും. ഒന്‍പതരയ്ക്ക് ഡാന്‍സ് ക്ലാസില്‍ ബ്രേക്കുണ്ട്. രാവിലത്തെ ഭക്ഷണം കൊണ്ടുപോകും. ബ്രേക്ക് ടൈമില്‍ അതു കഴിക്കും.
ഇഡ്ഡലി, ദോശ അങ്ങനെ എന്തെങ്കിലും കഴിക്കും. ഉച്ചയ്ക്ക് തിരികെ വന്നിട്ട് ചോറാണ് കഴിക്കുന്നത്. ഒരുപാട് വിഭവങ്ങളൊന്നും ഉണ്ടാകില്ല. മോര്, അവിയല്‍ ഒക്കെ ഇഷ്ടമാണ്. പിന്നെ ഒരു തോരന്‍ ഉണ്ടാകും. തൈരും, നെയ്യും ഇഷ്ടമായതുകൊണ്ട് അതെപ്പോഴും വീട്ടിലുണ്ടാകും. ഒരുപാടൊന്നും കഴിക്കാറില്ല, ആവശ്യത്തിനു മാത്രം. ചായ കുടിക്കാറില്ല. യാത്രയൊക്കെ പോകുമ്പോള്‍ മാത്രമാണ് ചായ കുടിക്കുക. രാത്രിയില്‍ ചപ്പാത്തിയാണ്. ഡയറ്റുള്ള സമയത്ത് ഇടയ്ക്കിടെ ചെറിയ അളവില്‍ ഭക്ഷണവും ജ്യൂസും കഴിക്കും.
ഡയറ്റിലാണെങ്കിലും ഭക്ഷണം ഒഴിവാക്കാറില്ല. വീട്ടില്‍ അമ്മ ഗ്രോ ബാഗില്‍ അത്യാവശ്യം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. അമ്മയില്‍ നിന്ന് എനിക്കും ആ ശീലം കിട്ടിയിട്ടുണ്ട്. വെണ്ടക്ക, കോവക്ക, കാബേജ്, കോളിഫ്ളവര്‍ ഇവയൊക്കെയുണ്ട്. വലിയ കൃഷിക്കാരിയൊന്നുമല്ല. എന്നാലും കൃഷി ചെയ്യാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാന വിനോദം കൃഷിയാണ്. ഉള്ളതാകട്ടെ എന്തായാലും വിഷമില്ലാത്ത പച്ചക്കറി കഴിക്കാല്ലോ.