Thursday, July 18, 2019 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jan 2019 12.25 PM

രാവിലെ സ്‌കൂളിലേക്ക് ഇറങ്ങിയ മോനാണ്; അവര്‍ ഒന്നടങ്കം കരയുകയാണ്; രണ്ട് പേരെ വിളിച്ച് നെഞ്ചിനുള്ളിലെ സംഘര്‍ഷം മറച്ച് വെച്ച് വിവരം പറഞ്ഞു: ഡോക്ടറുടെ ഞെട്ടിക്കുന്ന കുറിപ്പ്

facebook post

ചികിത്സിക്കുന്ന ഓരോ രോഗികളും പെട്ടെന്നു തന്നെ സുഖം പ്രാപിക്കണമെന്നും എപ്പോഴും ആയുര്‍ ആരോഗ്യത്തോടെ ഇരിക്കണമെന്നുമാണ് ഓരോ ഡോക്ടര്‍മാരും ആഗ്രഹിക്കുന്നതും. എന്നാല്‍ ചിലപ്പോഴൊക്കെ രോഗികള്‍ മരണത്തിലേക്ക് വീഴുന്നത് നിസാഹയമായി നോക്കി നില്‍ക്കേണ്ട അവസ്ഥ ഡോക്ടര്‍മാര്‍ക്ക് ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ 17കാരന്റെ അപകടമരണം കണ്ടു നില്‍ക്കേണ്ടി വന്ന അനുഭവം പങ്കു വെച്ചിരിക്കുകയാണ് ഡോക്ടറായ ഷിംന അസീസ്. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

തുടക്കംതൊട്ടേ പിഴച്ച ഒരു ദിവസമായിരുന്നു. വൈകിയുണര്‍ന്നു. ആകെ തിരക്ക് കൂട്ടി, തുള്ളിപ്പിടച്ച്...

ഓപിയില്‍ എത്തിയപ്പോഴാണ് കണ്ണട എടുക്കാന്‍ മറന്നതോര്‍ത്തത്. ഫോണ്‍ ചാര്‍ജ് ചെയ്യാനും വിട്ട് പോയിരുന്നു. ഓട്ടോയില്‍ അഞ്ച് മിനിറ്റ് കൊണ്ട് പോയിട്ട് വരാനുള്ള ദൂരമേയുള്ളൂ വീട്ടിലേക്ക്. ടീ ബ്രേക്കില്‍ ഓടിപ്പോയി കണ്ണടയും ചാര്‍ജറും എടുത്തിട്ട് വരാമെന്ന് കരുതി കാഷ്വാലിറ്റിക്കടുത്തുള്ള ഓട്ടോസ്റ്റാന്‍ഡ് ലക്ഷ്യമാക്കി നടന്നു.

നടക്കുന്നതിനിടയില്‍ സെക്കന്റ് കസിന്‍ മുന്നിലേക്ക് കടന്നു വന്നു. ആളുടെ ഭാര്യാബന്ധു ബൈക്ക് ആക്‌സിഡന്റായി അകത്ത് കിടപ്പുണ്ടെന്ന് പറഞ്ഞു. വേറെ എങ്ങോട്ടേലും കൊണ്ട് പോകണോ എന്ന് നോക്കി പറയാമോ എന്ന് വല്ലാത്ത വേവലാതിയോടെ ചോദിച്ചു. ഓടി അകത്ത് കയറി നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയാണ് പതിനേഴുകാരന്‍. ദേഹമാസകലം കുഴലുകളുമായി അവനെ രക്ഷിക്കാന്‍ ഡോക്ടര്‍മാരും സ്റ്റാഫും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. കാഷ്വാലിറ്റി ഡ്യൂട്ടിയുള്ള സുഹൃത്തായ ഡോക്ടര്‍ മുഖത്തേക്ക് തിരിഞ്ഞ് നോക്കി 'expired' എന്ന് മാത്രം പറഞ്ഞു. എന്റെ പിറകിലെ അടഞ്ഞ വാതിലിനപ്പുറത്ത് വിവരമറിയാന്‍ എന്നെ കാത്ത് ആരൊക്കെയോ !

നീണ്ടൊരു വര മാത്രമെഴുതിയ ചലനമറ്റ ഇസിജി രേഖയുമായി അവര്‍ക്ക് മുന്നിലേക്ക് വിവരം പറയാനിറങ്ങി. രാവിലെ സ്‌കൂളിലേക്ക് ഇറങ്ങിയ മോനാണ്. ബന്ധുക്കള്‍ ഒന്നടങ്കം കരയുകയാണ്. രണ്ട് പേരെ വിളിച്ച് നെഞ്ചിനുള്ളിലെ സംഘര്‍ഷം മറച്ച് വെച്ച് വിവരം പറഞ്ഞു. പരസ്പരം കെട്ടിപ്പിടിച്ചു കരയുന്നവരെ കണ്ട് പല തവണ കണ്ണ് നിറഞ്ഞത് എങ്ങനെയോ മറച്ചു പിടിച്ചു. ഡോക്ടര്‍മാരും നേഴ്‌സുമാരുമെല്ലാം അങ്ങോട്ടുമിങ്ങോട്ടും നോക്കി നെടുവീര്‍പ്പിടുന്നുണ്ട്.

തിരിച്ച് മുറിക്കകത്ത് കേറി. ഡ്രസിംഗ് റൂമിലെ ചേട്ടന്‍മാര് അവന്റെ ദേഹം വൃത്തിയാക്കുന്നു. അവരുടെയെല്ലാം മുഖം മ്ലാനമാണ്. നിറയേ ഒടിവുകളുള്ള ശരീരം വല്ലാതെ ബ്ലീഡ് ചെയ്യുന്നുണ്ടായിരുന്നു. വാരിയെല്ലുകള്‍ പൊട്ടിയ നെഞ്ചകവും കവിളും ചുണ്ടും മൂക്കും ചോരയൊലിക്കുന്നത് തുടച്ച് പഞ്ഞി വെച്ച് കെട്ടുന്നതിനിടക്ക് എന്റെ വസ്ത്രവും അങ്ങിങ്ങ് ചുവക്കുന്നുണ്ടായിരുന്നു. ജീവനോടെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ പ്ലസ്ടുക്കാരനെ അവസാനയാത്ര അയക്കാനായിരുന്നോ സാധാരണ പോകാറുള്ള ആശുപത്രി കവാടത്തിനടുത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ പോകാതെ ഞാന്‍ മറുപുറത്തൂടെ ഇറങ്ങിയത്? കാഷ്വാലിറ്റി ഡ്യൂട്ടി ഇല്ലാത്ത ആളായിട്ടും... നിയോഗങ്ങള്‍ !

മുക്കാല്‍ മണിക്കൂറോളം അവനോടൊപ്പം ചിലവഴിച്ച് മോര്‍ച്ചറിയിലേക്ക് യാത്രയാക്കി. മനസ്സ് മരവിച്ച് ഇറങ്ങുമ്പോള്‍ അവന്റെ മാഷമ്മാരും യൂണിഫോമിട്ട സഹപാഠികളും ആധി പിടിച്ച് ഓടിവരുന്നത് കണ്ടു. അവര്‍ ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാനാകാതെ മോര്‍ച്ചറിക്ക് നേരെ വിരല്‍ ചൂണ്ടി റോഡ് മുറിച്ച് കടന്ന് ഓട്ടോയില്‍ കയറി. എങ്ങനെയോ വീട്ടിലെത്തി, മുഖം കഴുകി, കൈ കഴുകി, ചുരിദാറിന്റെ ടോപ്പ് മാറി വേറെയിട്ടു. തിരിച്ച് പോന്നു...

മറ്റൊരാളുടെ കൂടെ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു അവന്‍. എതിരെ വന്ന വാഹനത്തിലോ മറ്റോ വസ്ത്രം കുടുങ്ങിയെന്നും, അതല്ല വളവില്‍ കാണാതെ മറ്റൊരു വാഹനം ഇടിച്ചതാണെന്നും കേട്ടു, കൂടുതലറിയാന്‍ നിന്നില്ല. തിരിച്ച് കാഷ്വാലിറ്റി വഴി കയറിയതുമില്ല. ആരെയും കാണാന്‍ വയ്യ. എന്നെന്നേക്കുമായി അവനുറങ്ങിയല്ലോ...

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW