Friday, June 21, 2019 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jan 2019 10.34 AM

ഒരു സിനിമാക്കഥ പോലെ ബിബിന്‍ ജോര്‍ജിന്റെ ജീവിതം

'''ഒരു സിനിമാക്കഥ പോലെയാണ് ബിബിന്‍ ജോര്‍ജിന്റെ ജീവിതം. ശാരീരിക പരിമിതികളെ അതിജീവിച്ച് കഠിനാധ്വാനംകൊണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്ന ബിബിന്റെ ന്യൂ ഇയര്‍ പ്രതീക്ഷകളും സ്വപ്നങ്ങളും. ''
uploads/news/2019/01/282646/bibinINW230119.jpg

കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവോളം കിട്ടൂ എന്ന ചൊല്ല് തിരുത്തിക്കുറിക്കുന്നതാണ് ബിബിന്‍ ജോര്‍ജിന്റെ ജീവിതം. സിനിമയില്‍ ചെറിയൊരു വേഷമെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച ബിബിന് ദൈവം കൊടുത്തതാകട്ടെ ഡബിള്‍ പ്രമോഷനും.

തിരക്കഥാകൃത്തായും നടനായും ഒരുപോലെ തിളങ്ങുകയാണ് ബിബിന്‍. 2018 ബിബിന് സമ്മാനിച്ചത് കൈനിറയെ നേട്ടങ്ങളാണ്. ആദ്യമായി നായകനായി വെള്ളിത്തിരയില്‍ ചുവടുറപ്പിച്ചതിനൊപ്പം ജീവിത സഖിയായി ഫി ലോമിനയും ബിബിന്റെ ജീവിതത്തിലെത്തി. പുതുവര്‍ഷത്തിലെ പുതിയ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമായി ബിബിന്‍ ജോര്‍ജ്.

പുതുവര്‍ഷ പ്രതീക്ഷകള്‍?


2018 ലും നല്ല വര്‍ഷമായിരിക്കണം 2019. നായകനായി അടുത്ത ചിത്രം വരുന്നുണ്ട്. ഇനി നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണ്. അതിനുവേണ്ടിയുള്ള അന്തരീക്ഷം ദൈവമൊരുക്കി തരണം. കഷ്ടപ്പെടാന്‍ മനസുണ്ടാക്കണം. 2019ല്‍ ഒരു യമണ്ടന്‍ പ്രേമകഥ റിലീസ് ആകും. അതിന്റെ ആകാംക്ഷയിലാണ് ഞാനും വിഷ്ണുവും.

ദുല്‍ഖറിനോട് കഥ പറയാന്‍ പോകുമ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. കഥ കേട്ടശേഷം മമ്മൂക്കയും ദുല്‍ഖറും നല്ല അഭിപ്രായമാണ് പറഞ്ഞത്. വ്യത്യസ്തമായൊരു കഥയാണത്. ചിത്രത്തിനായി കട്ട വെയിറ്റിംഗാണ്. ഈ വര്‍ഷത്തെ ആദ്യത്തെ പ്രതീക്ഷയാണീ ചിത്രം. ഞാന്‍ പോസിറ്റീവായി ചിന്തിക്കുന്ന ആളാണ്. ഇനിയെല്ലാം നല്ലതായിട്ടേ സംഭവിക്കൂ എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.

ഓര്‍മ്മയിലെന്നുമുള്ള പുതുവര്‍ഷ ആഘോഷങ്ങള്‍?


കുറച്ചു വര്‍ഷം മുമ്പു വരെ ന്യൂ ഇയറിന് സ്‌റ്റേജ് പ്രോഗ്രാമുകളൊക്കെയുണ്ടാകും. ഇപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പമാണ് ആഘോഷം. സിനിമയില്‍ എത്തും മുമ്പ് മിമിക്രി പ്രോഗ്രാമുകളുമായാണു ഞാനും വിഷ് ണുവും ന്യൂ ഇയര്‍ ആഘോഷിച്ചിരുന്നത്. സ്‌റ്റേജുകള്‍ സമ്മാനിച്ച അനുഭവങ്ങളില്‍ മറക്കാനാവാത്ത ഒന്നുണ്ട്. ഒരു ന്യൂ ഇയറിന് ഞങ്ങള്‍ക്ക് കോഴിക്കോട് മിമിക്രി പ്രോഗ്രാമുണ്ടായിരുന്നു.

കഷ്ടകാലമെന്നല്ലാതെ എന്ത് പറയാന്‍ പ്രോഗ്രാം നല്ല വൃത്തിയായി പൊളിഞ്ഞു. ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ ഒരുവിധം റയില്‍വേ സ്റ്റേഷനിലെത്തി. പാതിരാത്രിയായപ്പോള്‍ സ്റ്റേഷനില്‍ കിടന്ന് ഹാപ്പി ന്യൂ ഇയര്‍ എന്നുറക്കെ വിളിച്ച് പറഞ്ഞ് സമാധാനിച്ചു. ഓര്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും ആ സംഭവം ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയില്ല.

uploads/news/2019/01/282646/bibinINW230119a.jpg

സിനിമയെ സ്നേഹിച്ചു തുടങ്ങിയത്?


മൂന്നാംക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ഒരു സിനിമാനടനാവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നായകനാകണമെന്ന ആഗ്രഹം ആരോടെങ്കിലും പറഞ്ഞാലും എന്റെ അവസ്ഥ വച്ച് കേള്‍ക്കുന്നവര്‍ കളിയാക്കുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ സിനിമയില്‍ ചെറിയൊരു വേഷമെങ്കിലും ചെയ്യണമെന്നേ പറയൂ. ആ തിരിച്ചറിവിലാണ് എഴുത്തിലൂടെ സിനിമയിലെത്താന്‍ ശ്രമം തുടങ്ങുന്നത്. എങ്കിലും അവസരങ്ങള്‍ ചോദിച്ചു കയറി ഇറങ്ങുന്ന പരിപാടി അവസാനിപ്പിച്ചില്ല.

അന്നൊക്കെ ഞാന്‍ എഴുതിയ സ്‌ക്രിപ്റ്റ് കാണിച്ചുകൊണ്ടാണ് ചാന്‍സ് ചോദിച്ചിരുന്നത്. ഈശ്വരാധീനം കൊണ്ട് 18 വയസില്‍ തന്നെ ഞാന്‍ മിനിസ്‌ക്രീനിലെത്തി. സിനിമാലയിലൂടെ സ്‌ക്രിപ്റ്റ് എഴുതിക്കൊണ്ടും ഡയലോഗൊന്നുമില്ലാത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റായുമൊക്കെയാണ് തുടക്കം. പിന്നീട് എഴുത്ത് ശക്തമായി. രസികരാജ, കളീം ചിരീം, ആടാം പാടാം തുടങ്ങി ബഡായി ബംഗ്ലാവ് വരെ എഴുതിയിട്ടുണ്ട്. പിന്നീടാണ് 2015 ല്‍ ആദ്യ സിനിമയായ അമര്‍ അക്ബര്‍ അന്തോണിയിലേക്ക് വന്നത്.

സിനിമയില്‍ ചെറിയൊരു വേഷം ആഗ്രഹിച്ച് നായകവേഷത്തിലെത്തിയപ്പോള്‍?


അമര്‍ അക്ബര്‍ അന്തോണിയില്‍ ഞാനും വിഷ്ണുവും നായകന്മാരാകണമെന്നായിരുന്നു ഞങ്ങളാഗ്രഹിച്ചത്. ജയസൂര്യ അവതരിപ്പിച്ച കഥാപാത്രം എന്നെ ഉദ്ദേശിച്ചാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.

ആ സിനിമയ്ക്കുശേഷം അത്തരമൊരു കഥാപാത്രം ഇനി ഉണ്ടാവില്ലെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് വെല്‍കം ടു സെന്‍ട്രല്‍ ജയിലില്‍ ദിലീപേട്ടനെ തല്ലുന്ന ഒരു സീനിലേക്ക് അഭിനയിക്കാന്‍ വിളിക്കുന്നത്. ആ ഒരു സീന്‍ കണ്ടാണ് റാഫി സാര്‍ റോള്‍ മോഡല്‍സ് എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ വിളിച്ചത്.

ആ സിനിമ ക്ലിക്കായി. ആ സിനിമ കണ്ടിട്ടാണ് ഒരു പഴയ ബോംബ് കഥയുടെ തിരക്കഥാകൃത്തുക്കള്‍ എന്നെ വിളിക്കുന്നത്. എന്റെ സ്‌ക്രിപ്റ്റില്‍ വിശ്വസിച്ച് ഒരു അവസരം തന്ന നാദിര്‍ഷിക്ക, ആദ്യത്തെ പേയ്മെന്റ് കൈയില്‍ വച്ച് തന്ന ഡോ. സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി ചേട്ടന്‍ ഇവരോടൊന്നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

ഒരു പുതുമുഖ നായകനെന്ന രീതിയില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്ത് വളരെ കംഫര്‍ട്ടബിളായി അഭിനയിക്കാനുള്ള സ്വാതന്ത്ര്യം തന്നത് ഷാഫി സാറും ക്യാമറാമാന്‍ വിനോദ് ഇല്ലംപള്ളിയുമാണ്. ഫൈറ്റ് സീനും സോങ്ങിലെ ഡാന്‍സുമൊക്കെ ചെയ്യാന്‍ ഒരു പഴയ ബോംബ് കഥയുടെ ഫുള്‍ ടീം തന്ന സപ്പോര്‍ട്ട് വളരെ വലുതായിരുന്നു.

സിനിമതന്നെയാണ് പാഷന്‍ എന്ന് ഉറപ്പിച്ചത്?


കുട്ടിക്കാലം മുതല്‍ സിനിമ തന്നെയായിരുന്നു ജീവിതലക്ഷ്യം. ഡിഗ്രിയും ബി.എഡും എം.ഫിലുമൊക്കെ ചെയ്തപ്പോഴും ഗേള്‍സ് സ്‌കൂളില്‍ അധ്യാപകനായപ്പോഴും സിനിമയിലേക്കുള്ള വഴി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടേയിരുന്നു. ആ പരിശ്രമം വിജയം കണ്ടു, പിന്നീട് സിനിമയിലെത്തി അഭിനയത്തിലും സ്‌ക്രിപ്റ്റിലുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം നേടി.
uploads/news/2019/01/282646/bibinINW230119b.jpg

അതൊക്കെ വലിയൊരു മിറക്കിളാണ്. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ദൈവത്തിന്റെ തീരുമാനമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം അപ്പച്ചന്റെ മരണത്തോടെ കലാരംഗത്ത് തുടരാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അപ്പച്ചനോടായിരുന്നു കൂടുതല്‍ അടുപ്പം.

ഇനി ആര്‍ക്കുവേണ്ടി, ആരെ കാണിക്കാനാണ് ഇതെല്ലാം എന്നു വിചാരിച്ച് എല്ലാം വിടാനൊരുങ്ങിയതാണ്. അമ്മച്ചിയാണ് പിന്നെയും എന്നെ സപ്പോര്‍ട്ട് ചെയ്ത് കലാരംഗത്തേക്ക് കൊണ്ടുവരുന്നത്.

ജീവിതത്തില്‍ സൗഹൃദങ്ങള്‍ക്കുള്ള സ്ഥാനം?


രണ്ട് രീതിയിലാണ് സൗഹൃദങ്ങള്‍ എന്നെ സ്വാധീനിച്ചത്. എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തവരും കളിയാക്കിയവരുമുണ്ട്. അവരോടെല്ലാം എനിക്കിപ്പോഴും സ്നേഹമേയുള്ളൂ. എല്ലാവരേയും ഒരുപോലെ കാണാനാണ് അപ്പച്ചിയും അമ്മച്ചിയും പഠിപ്പിച്ചത്.
ഇന്നെനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്.

സൗഹൃദങ്ങള്‍ തന്നെയാണ് എന്റെ ജീവിതം. അവരില്‍ സമൂഹത്തില്‍ പലതരത്തിലുള്ള ജോലി ചെയ്യുന്നവരുണ്ട്. സ്‌ക്രിപ്റ്റ് വായിച്ച് ഇവര്‍ ഒ.കെ. പറഞ്ഞാലേ ഞങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് പോവുകയുള്ളു. എന്നെ സപ്പോര്‍ട്ട് ചെയ്യുന്നതും അവരാണ്. സിനിമയില്‍ നിന്നുള്ള സൗഹൃദങ്ങള്‍ വളരെ കുറവാണ്. സിനിമയും പ്രശസ്തിയുമൊന്നും എന്നുമുണ്ടാവില്ല, പക്ഷേ ഈ സൗഹൃദങ്ങള്‍ എന്നും എനിക്കൊപ്പമുണ്ടാകും.

നടന്‍, തിരക്കഥാകൃത്ത് ഇതില്‍ കൂടുതല്‍ ആസ്വദിക്കുന്നത് ?


അഭിനയിക്കുന്നത് തന്നെയാണ് എളുപ്പം. കുറച്ച് സിനിമയില്‍ അഭിനയിച്ച് ആ ട്രാക്കിലെത്തിയാല്‍ പിന്നെ പ്രശ്നമില്ല. പക്ഷേ എഴുത്ത് അങ്ങനെയല്ല, ചില സമയത്ത് വലിയ ടെന്‍ഷനാണ്. പക്ഷേ എഴുതാനുള്ളൊരു കഴിവ് ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്. എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ലത്. എഴുത്ത് ഓരോ തവണയും ചലഞ്ചാണെങ്കിലും വളരെയധികം ആസ്വദിച്ച് ചെയ്യുന്നൊരു കാര്യം കൂടിയാണത്.

ഫിലോമിന ജീവിത സഖിയായി വന്നപ്പോള്‍?


ഒരു പഴയ ബോംബ് കഥയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വിവാഹം ഉറപ്പിക്കുന്നത്. പടം റിലീസായ ശേഷമായിരുന്നു വിവാഹം.
അറേഞ്ച്ഡ് മാരേജാണ് ഞങ്ങളുടേത്.
uploads/news/2019/01/282646/bibinINW230119c.jpg
ബിബിന്‍ വിഷ്ണു

മുഴുവന്‍ സമയവും വീട്ടില്‍ ഉണ്ടാകുന്ന ആളല്ല ഞാനെന്നും സിനിമയുടെ തിരക്കുകളെക്കുറിച്ചുമൊക്കെ നേരത്തെ തന്നെ ഫിലോമിനയോട് പറഞ്ഞിരുന്നു. എന്നെ മനസിലാക്കുന്ന ആളു തന്നെയാണ് എന്റെ നല്ലപാതിയായത്. തിരക്കിനിടയില്‍ ഇടയ്ക്ക് വിളിച്ച് ശല്യം ചെയ്യുന്ന സ്വഭാവമൊന്നുമല്ല, വളരെ സപ്പോര്‍ട്ടീവാണ്.

പുതിയ ചിത്രങ്ങള്‍?


വിഷ്ണുവും ഞാനും ചേര്‍ന്നെഴുതിയ ഒരു യമണ്ടന്‍ പ്രേമകഥയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ആ സിനിമയില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്. ഞാന്‍ നായകനാകുന്ന ഒരു ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നു. ഇനിയുള്ള ആഗ്രഹങ്ങളിലൊന്ന് സംവിധാനമാണ്. ആ മേഖലയിലേക്ക് കടന്നുവരാനുള്ള ആഗ്രഹം ഞങ്ങളുടെ മനസിലുണ്ട്.

ബിബിന്‍ന്‍വിഷ്ണു കൂട്ട് കെട്ട്


ആറാംക്ലാസ് മുതലുള്ള സൗഹൃദമാണ് ഞങ്ങളുടേത്. എന്റെ നാട്ടില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കാന്‍ വന്നപ്പോഴാണ് വിഷ്ണുവിനെ പരിചയപ്പെടുന്നത്.

പിന്നീട് ഞങ്ങള്‍ ഒരുമിച്ച് കുറേ സ്‌റ്റേജുകള്‍ പങ്കിട്ടു, മഹാരാജാസ് കേളജില്‍ ഒരുമിച്ച് പഠിച്ചു. ആ സമയത്താണ് കൊച്ചിന്‍ ഹോളിവുഡ് എന്നൊരു ട്രൂപ്പ് തുടങ്ങുന്നത്. ഞങ്ങള്‍ രണ്ടുപേരുടേയും വൈബ് ഒന്നാണെന്ന് മനസിലായതോടെയാണ് ഒരുമിച്ച് സ്‌ക്രിപ്റ്റ് എഴുതാന്‍ തുട
ങ്ങിയത്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW