Wednesday, June 12, 2019 Last Updated 15 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 21 Jan 2019 03.27 PM

സമ്പത്തിന് എങ്ങനെ നാശം സംഭവിക്കുന്നു? തുടര്‍ന്ന് എങ്ങനെയാണ് സാമ്പത്തിക പുരോഗതിയുണ്ടാകുക?

സാമ്പത്തിക പ്രതിസന്ധി ഒരു ആത്മവിചാരണ - ജ്യോതിഷപഠനത്തിലൂടെ .....
uploads/news/2019/01/282168/joythi210119a.jpg

ജീവിതത്തിന്റെ നിഗൂഢമായ അവസ്ഥാന്തരങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ജ്യോതിഷം ചെയ്യുന്നത്. ഓരോ വ്യക്തിയുടെയും ജനനസമയത്തെ ഗ്രഹങ്ങളുടെ സ്ഥാനമാണ് അയാളുടെ ജീവിതഗതിയെ നിയന്ത്രിക്കുക. ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക സ്ഥലത്ത് ഒരു വ്യക്തി പിറക്കാന്‍ കാരണം പോയ ജന്മങ്ങളില്‍ അയാള്‍ ചെയ്തിരുന്ന കര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലാണ്.

ഓരോ വ്യക്തിയുടെയും ചെയ്തികളെ നിരീക്ഷിച്ചു രേഖപ്പെടുത്തുന്ന ഒരു പരമശക്തിയാണ് ഈ സര്‍വ്വപ്രപഞ്ചത്തിനും അധിപതിയെന്ന് ഭാരതീയ ജ്യോതിഷം വിശ്വസിക്കുന്നു. തന്റെ ജന്മജന്മാന്തരങ്ങളിലൂടെ ആര്‍ജ്ജിച്ച കര്‍മ്മഫലങ്ങളുടെ പാതയിലൂടെ ഓരോ വ്യക്തിയും സഞ്ചരിക്കുമ്പോള്‍ ഒരു മുന്നറിയിപ്പു തന്നെയാണ് ജാതകം നല്‍കുന്നത്. അതായത് സ്വയം ആത്മവിചാരണയ്ക്കുള്ള മുന്നറിയിപ്പ്.

ഭാരതത്തിലെ പുരാതന ജ്യോതിശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനായ ശ്രീ വരാഹമിഹിരാചാര്യന്‍ ഹോരാശാസ്ത്രം എന്ന ജ്യോതിഷഗ്രന്ഥത്തില്‍ പതിനാറാം അധ്യായത്തില്‍ ചില ഗ്രഹങ്ങള്‍ ജാതകത്തില്‍ ചില പ്രത്യേക രാശികളില്‍ നില്‍ക്കുമ്പോള്‍ പറയുന്ന ചില ഫലങ്ങളുണ്ട്.

ചൂതുകളി, മദ്യപാനം, മറ്റുള്ളവരുടെ ധനത്തെ അപഹരിക്കുക, അസത്യത്തില്‍ താല്‍പര്യം, തന്റെ ദുരാചാരങ്ങളെ ആസകലം മറച്ചുവച്ച് താന്‍ എത്രയും ധാര്‍മ്മികനെന്ന് നടിക്കുന്നവനായിട്ടും അസത്യം പറയുകവരെയുള്ള സ്വഭാവ വൈചിത്ര്യങ്ങളുടെ സാധ്യതകളെക്കുറിച്ചും പരസ്ത്രീകളില്‍ സക്തനായിട്ടും പരസ്ത്രീകള്‍ നിമിത്തം ഉണ്ടായ ധനനാശത്തോടുകൂടിയവനായിട്ടും കുലദോഷ കര്‍ത്താവായും ഭവിക്കുക തുടങ്ങിയ അനേകം ഫലാനുഭവങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

ഈ ഫലനിര്‍ണ്ണയത്തിന് ഗ്രഹങ്ങളുടെ സ്ഥാനങ്ങളും മറ്റും ഗണിതശാസ്ത്രത്തിലൂടെ നിര്‍ണ്ണയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
മഹാഭാരതത്തില്‍ ഒരു രംഗമുണ്ട്. കള്ളച്ചൂതില്‍ തോറ്റ് രാജ്യവും ധനവും വാഹനങ്ങളും തന്നെതന്നെയും പത്‌നിയേയും പണയംവച്ച് പരാജിതനായി പന്ത്രണ്ടുവര്‍ഷം കാട്ടിലും ഒരു വര്‍ഷം നാട്ടിലും അജ്ഞാതവാസത്തിന് പോകേണ്ടി വന്ന പാണ്ഡവരുടെ കഥ.

അന്നോളം സമ്പന്നതയുടെ സമൃദ്ധിയില്‍ ജീവിച്ച് ഒരു നിമിഷം കൊണ്ട് സമസ്തവും നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ. ആരവങ്ങളും ആര്‍പ്പുവിളികളുമില്ലാതെ കാട്ടിലേക്കുള്ള യാത്ര. വിജയത്തിന് അവകാശികള്‍ ഏറെയുണ്ടാവും. പരാജയം പലപ്പോഴും ഏകനാണ് അനാഥനാണ്.

സമ്പത്തിന് എങ്ങനെ നാശം സംഭവിക്കുന്നു? തുടര്‍ന്ന് എങ്ങനെയാണ് സാമ്പത്തിക പുരോഗതിയുണ്ടാകുക?


ധനം സംരക്ഷിക്കപ്പെടുമെന്നതിനെക്കുറിച്ച് സുഭാഷിതത്തില്‍ പറയുന്ന ഒരു തത്വമുണ്ട്.ധനത്തിന് മൂന്ന് അവസ്ഥകളുണ്ട്. ദാനം, ഭോഗം, നാശം. ആവശ്യത്തിന് ദാനം ചെയ്യുകയോ, അനുഭവിക്കുകയോ ചെയ്യാത്ത ധനം നശിക്കും.

മനുഷ്യജീവിതത്തില്‍ ഏറ്റവും ഭയാനകമായ അവസ്ഥയില്‍ ഒന്നാണ് ദാരിദ്ര്യം. അതിന്റെ കാരണം കണ്ടെത്തുകയാണ് വേദാംഗമായ ജ്യോതിഷത്തിലൂടെ. മുന്‍ജന്മങ്ങളുടെ കര്‍മ്മഫലം കൊണ്ടാണോ സാമ്പത്തികനാശം സംഭവിക്കുന്നത് എന്ന് അറിയുന്നതിന് ജാതകത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഈ ജന്മത്തില്‍ ചെയ്തുപോയ എന്ത് പാപകര്‍മ്മമാണ് ധന നഷ്ടത്തിന് കാരണമെന്ന് ചിന്തിക്കുന്നതിന് പ്രശ്‌ന ചിന്ത ആവശ്യമാണ്.

പ്രശ്‌നം ജാതകവുമായി യോജിച്ചു കണ്ടാല്‍ പൂര്‍വ്വജന്മ കര്‍മ്മഫലമാണ് അനുഭവിക്കുന്നതെന്ന് പ്രത്യേകം പറയണം. ദൃഢമായ കര്‍മ്മം കൊണ്ടു നേടിയതും അദൃഢമായ കര്‍മ്മം കൊണ്ടു നേടിയതും എന്നിങ്ങനെ ശുഭാശുഭഫലങ്ങള്‍ രണ്ടുവിധമാണ്.

അതുതന്നെ മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മ്മം കൊണ്ടും എന്നിങ്ങനെ മൂന്നുവിധമാണ്. അതിന്റെ ഭേദം പറയപ്പെടുന്നു. ദൃഢകര്‍മ്മം അറിഞ്ഞുകൊണ്ട് ധൈര്യപൂര്‍വ്വം ചെയ്ത പ്രവൃത്തി അദൃഢകര്‍മ്മം; അറിവില്ലാതെ ചെയ്തുപോയ പ്രവൃത്തി.

ഇതില്‍ വാക്കുകൊണ്ട് സംഭവിക്കുന്ന ദുഷ്‌കൃതം (വാഗ്‌ദോഷം) കൂടുതലായി ധനനഷ്ടത്തിന് കാരണമാണെന്നും പറയുന്നു.
ശക്തിയേറിയ പുണ്യപാപങ്ങളുടെ ഫലം ഈ ജന്മത്തില്‍ തന്നെ അനുഭവിക്കുമെന്നാണ് ആപ്തവാക്യം. ഇത്തരം അതിശക്തമായ പാപങ്ങള്‍ പലപ്പോഴും സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസ്സമാവുകയും ക്രമേണ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യും.

ജീവിതയാത്രയില്‍ ഉയര്‍ച്ചയും താഴ്ചയും ഉള്ളതുപോലെ സാമ്പത്തികരംഗത്തും ഉയര്‍ച്ചതാഴ്ചകള്‍ സംഭവിക്കാറുണ്ട്. പ്രത്യേക കാലഘട്ടങ്ങളില്‍ സംഭവിക്കുന്ന ലോകമഹായുദ്ധങ്ങള്‍ ആഗോളസാമ്പത്തികമാന്ദ്യം, പ്രകൃതിക്ഷോഭം, മഹാരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, ഭീകരാക്രമണങ്ങള്‍ എന്നിവ എല്ലാ വരുമാനമാര്‍ഗങ്ങളും തടസ്സപ്പെടുത്തുന്ന സംഭവങ്ങളും സമൂഹത്തില്‍ സംഭവിക്കാറുണ്ട്. അവിടെയാണ് ജ്യോതിഷത്തിലെ രാജ്യപ്രശ്‌നത്തിന്റെ പ്രസക്തി.

സ്ത്രീശാപവും ധനനഷ്ടവും


രവീന്ദ്രന്‍ എന്നാണ് അയാളുടെ പേര്. കണ്ണില്‍നിന്നും അടര്‍ന്നുവീഴുന്ന കണ്ണീര്‍ക്കണങ്ങള്‍ കഥ പറയുന്നുണ്ടായിരുന്നു. ഒരു വീടെന്ന സ്വപ്നത്തിനുവേണ്ടി ലോണ്‍ എടുത്തതും വീടുപണികള്‍ക്കിടയില്‍ ബിസിനസ്സില്‍ സംഭവിച്ച തകര്‍ച്ചയും പിന്നീട് അടവുകളുടെ താളം പിഴച്ചതും പിന്നെ പലിശയായി പലിശയുടെ പലിശയായി ഇപ്പോള്‍ ഇതാ ജപ്തിയുടെ വക്കിലെത്തിനില്‍ക്കുന്നു.

അറുപത്തിനാലു വയസ്സായി ഇനി എന്താണ് എന്റെ ഭാവി. തേങ്ങലുകള്‍ അടക്കിപ്പിടിച്ചു. ജാതകം തന്നു.
ആ ജാതകത്തിന് ഒരു കഥ പറയാനുണ്ടായിരുന്നു. സമ്പന്നതയുടെ കൊടുമുടിയില്‍ ആര്‍ഭാടത്തിന്റെ ആലസ്യത്തില്‍ ജീവിതം ആസ്വദിക്കുന്ന വ്യക്തിത്വം, അനേകം ബിസിനസുകള്‍, കാറുകള്‍, വീടുകള്‍, ഫ്‌ളാറ്റുകള്‍, അതിലേറെ നല്ല സമയം. അതേ, എല്ലാ ജ്യോത്സ്യന്മാരും പറയുന്നത് ഇതുതന്നെയാണ്. ജാതകത്തില്‍ നല്ല കാലം. രാജയോഗങ്ങളും മറ്റും ഉണ്ടത്രെ. പക്ഷേ, എന്റെ അവസ്ഥ എല്ലാവര്‍ക്കും ഇടയില്‍ അറിയപ്പെടുന്ന പണക്കാരന്‍. എന്നാല്‍ ആരും അറിയാത്ത ഭിക്ഷക്കാരന്‍.

പ്രശ്‌നചിന്തയിലേക്ക് പ്രവേശിച്ചു. പ്രശ്‌നത്തില്‍ മുഴുവന്‍ ദുര്‍ലക്ഷണങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. ആരൂഢാധിപന് ബലഹീനതയും അഷ്ടമാധിപന്‍ ബലവാനായും വരുന്ന കാലം പലതരത്തിലുള്ള ആപത്തും ഉണ്ടാവുമെന്നാണ് ശാസ്ത്രം.ഈ ജന്മത്തില്‍ ചെയ്തുപോയ അതിശക്തമായ എന്ത് പാപകര്‍മ്മമാണ് അയാളുടെ തകര്‍ച്ചയ്ക്ക് കാരണം.

തുടര്‍ന്നുള്ള ജ്യോതിഷചിന്തയില്‍ ഒരു ചതിയുടെ വഞ്ചനയുടെ ചുരുളഴിയുകയായിരുന്നു. അന്ന് അദ്ദേഹത്തിന് 40 വയസ്സായിരുന്നു. താമസിക്കുന്ന സ്ഥലത്തെ അയല്‍ക്കാരിയുമായുണ്ടായ വഴിതര്‍ക്കം പിന്നീട് കേസായി. കോടതിയായി. ഒടുവില്‍ ആ സ്ത്രീ മനോദുഃഖത്തോടുകൂടി തന്റെ വീടും പറമ്പും സമ്പന്നനായ രവീന്ദ്രന് വിറ്റു. രജിസ്റ്റര്‍ കഴിഞ്ഞ അന്നുതന്നെ അവര്‍ ആ വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങുകയും ചെയ്തു. ആ സ്ത്രീശാപമാണ്, ആ ഹത്യാദുരിതമാണ് അയാളേയും ഈ 64-ാം വയസ്സില്‍ ആത്മഹത്യയുടെ വക്കില്‍ കൊടിയ കടത്തിന്റെ ബാധ്യതയില്‍ പ്രകൃതിയെത്തിച്ചത്. ഭാരതീയ ദര്‍ശനങ്ങളും സ്മൃതികളും പറയുന്നത് ഇപ്രകാരമാണ്.

എവിടെയാണോ സ്ത്രീകള്‍ പൂജിക്കപ്പെടുന്നത് അവിടെയാണ് ദേവതാപ്രസാദവും ഉയര്‍ച്ചയും അഭിവൃദ്ധിയും നാള്‍ക്കുനാള്‍ ഉണ്ടാവുക. എവിടെയാണ് സ്ത്രീകളെ നിന്ദിക്കുന്നത് അവിടെ ഐശ്വര്യം നിശ്ശേഷം നശിക്കും. ആ കുലം തന്നെ നിശ്ശേഷം ഇല്ലാതാകും.തുടര്‍ന്നുള്ള അന്വേഷണം ഇതിനുള്ള പരിഹാരമായിരുന്നു.

തന്ത്രശാസ്ത്രവും ജ്യോതിശാസ്ത്രവും തലനാരിഴ കീറിമുറിച്ച് സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രായശ്ചിത്തങ്ങള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ, വ്രതശുദ്ധിയോടുകൂടിയുള്ള പൂജകളും പ്രാര്‍ത്ഥനകളും വ്രതങ്ങളും തീര്‍ത്ഥാടനങ്ങളും കൂടാതെ ആ സാധുസ്ത്രീയുടെ ഭൂമി ആ കുടുംബത്തിനു തന്നെ നല്‍കണമെന്നും പ്രശ്‌നവിധിയില്‍ തെളിഞ്ഞു.ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഒരു ദിവസം രവീന്ദ്രന്‍ വീണ്ടും കാണാന്‍ വന്നു. അയാള്‍ക്ക് പറയാനുണ്ടായിരുന്നത് ആശ്ചര്യജനകമായ ഒരു അനുഭവം ആയിരുന്നു.

പൂജകളും ഹോമങ്ങളും എല്ലാം കഴിഞ്ഞു ഭൂമിവരെ ദാനം ചെയ്തു. ജീവിതത്തില്‍ സംഭവിച്ചുപോയ ആ തെറ്റുകള്‍ക്ക് വികാരതീവ്രമായ പ്രായശ്ചിത്തം. തെറ്റിനെ തെറ്റുകൊണ്ടല്ല ശരികൊണ്ട് നേരിടണമെന്ന പുതിയ പാഠം വെട്ടിപ്പിടിക്കുന്നതില്‍ മാത്രമല്ല വിട്ടുകൊടുക്കുന്നതിലും സമാധാനം എന്ന പുതിയ അനുഭവം. അപ്പോഴും ഒരു കാര്യം അലട്ടുന്നുണ്ടായിരുന്നു.

ഇനി എങ്ങനെ ബാങ്കിന്റെ അടവുകള്‍ അടയ്ക്കും. തന്റെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം നല്‍കും. അങ്ങനെ ഇരിക്കുമ്പോഴാണ് പഴയ ഒരു സുഹൃത്തിന്റെ ഫോണ്‍കോള്‍ ലണ്ടനില്‍നിന്നും വന്നത്. എന്റെ എല്ലാ കഥകളും കേട്ടശേഷം അവര്‍ പറഞ്ഞു. ഇത്രയേ ഉള്ളൂ നിന്റെ പ്രശ്‌നം. ഇതെല്ലാം ഒന്നു നേരത്തെ പറയരുതാത്തതെന്തേ?

ഭഗവാന്‍ ശ്രീകൃഷ്ണന്റെ അടുത്ത് ഒരു പിടി അവിലുമായി ചെന്ന കുചേലന്റെ അവസ്ഥയായിരുന്നു എന്റേത്. എല്ലാ കടങ്ങളും വീട്ടി ബിസിനസ് നന്നായി പോവുന്നുണ്ട് എന്ന സന്തോഷവാര്‍ത്തയായിരുന്നു അയാള്‍ക്ക് പിന്നീട് പറയാന്‍ ഉണ്ടായിരുന്നത്.നമുക്ക് പറ്റിയ തെറ്റുകളും കുറ്റങ്ങളും നമ്മള്‍ മനസ്സിലാക്കണം. അല്ലാതെ അതെല്ലാം ലോകത്തിന്റെ മുകളില്‍ കെട്ടിവച്ച് പ്രായശ്ചിത്തം ചെയ്തിട്ട് കാര്യമില്ല. പ്രായശ്ചിത്തം എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ഇതാണ്. തന്റെ പേരിലുള്ള കുറ്റമോ, പാപമോ തീരുന്നതിനായി ചെയ്യുന്ന പ്രവൃത്തി.

അവലംബം: പ്രശ്‌നമാര്‍ഗം, ഹോരാശാസ്ത്രം,
ഭാരതപര്യടനം

കടലുണ്ടി ഷിജു പണിക്കര്‍
മൊ: 9895287447

Ads by Google
Monday 21 Jan 2019 03.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW