Tuesday, June 25, 2019 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jan 2019 10.57 AM

വാര്‍ദ്ധക്യം ജീവിതത്തിന്റെ പൂര്‍ണ്ണവിരാമല്ല; വിദ്യാവനത്തിലെ ഈ മുത്തശ്ശി പറയുന്നു

'' വാര്‍ദ്ധക്യം ജീവിതത്തിന്റെ പൂര്‍ണ്ണവിരാമമായി കണ്ട് ഒതുങ്ങിക്കൂടുന്ന ഭൂരിപക്ഷത്തിനിടയില്‍ തിളങ്ങുന്ന മനസ്സും അവശത ഏല്‍ക്കാത്ത ശരീരവുമായി ജീവിതം സന്ദേശമാക്കിക്കൊണ്ട് ഒരാള്‍, പ്രേമ രംഗാചാരി... ''
uploads/news/2019/01/281183/vidhyavanampremaachri1701.jpg

പ്രേമ രംഗാചാരി എന്നും ആനക്കട്ടിയിലെ പ്രഭാതങ്ങളെ വരവേല്‍ക്കുന്നത് ചിരിക്കുന്ന കുരുന്നു മുഖങ്ങള്‍ മനസ്സില്‍ കണ്ടാണ്. എത്ര പെട്ടന്നാണ് ഈ കുട്ടികള്‍ ചിരിക്കാന്‍ പഠിച്ചതെന്ന് സന്തോഷത്തോടെ അവര്‍ ഓര്‍ക്കും.

ജീവിതത്തിലെ പല പ്രതിസന്ധികളിലും ചിരിക്കുന്ന ഈ കുഞ്ഞുമുഖങ്ങളാണ് പ്രേമയ്ക്ക് ആത്മവിശ്വാസം നല്‍കിയത്.

വാര്‍ദ്ധക്യം ജീവിതത്തിന്റെ പൂര്‍ണ്ണവിരാമമായി കണ്ട് ഒതുങ്ങിക്കൂടുന്ന ഭൂരിപക്ഷത്തിനിടയില്‍ തിളങ്ങുന്ന മനസ്സും അവശത ഏല്‍ക്കാത്ത ശരീരവുമായി ജീവിതം സന്ദേശമാക്കിക്കൊണ്ട് ഒരാള്‍, അതാണ് പ്രേമരംഗാചാരി. വിദ്യാവനത്തിലെ ജീവാത്മാവും പരമാത്മാവുമായ പ്രേമരംഗാചാരി അവരുടെ ജീവിതത്തിലേക്ക്.

പിന്നിട്ട വഴികള്‍...


സംഗീതത്തില്‍ ബിരുദവും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും കഴിഞ്ഞ് ചെന്നൈ എത്തിരാജ് കോളജില്‍ ഇംഗ്ലീഷ് അധ്യാപികയായ ശേഷമായിരുന്നു ഓട്ടോമൊബൈല്‍ ബിസ്സിനസ്സുകാരനായ രംഗാചാരിയുമായുള്ള പ്രേമയുടെ വിവാഹം.

കുടുംബവും കുട്ടികളുമായാല്‍ വീട്ടിലേക്ക് ഒതുങ്ങുന്നവരാണ് അധികം സ്ത്രീകളും. പിന്നീടൊരു തിരിച്ചുവരവ് ഉണ്ടായെന്നു വരില്ല. എന്നാല്‍ അമ്മയായി ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു പ്രീപ്രൈമറി സ്‌കൂള്‍ ആരംഭിച്ചുകൊണ്ടാണ് പ്രേമ തന്റെ പൊതുജീവിതം ആരംഭിക്കുന്നത്.

സ്‌കൂളിനൊപ്പം ഒരു ഫൈന്‍ആര്‍ട്സ് ഇന്‍സ്റ്റിട്യൂഷനും നടത്തി. ധാരാളം കുട്ടികളുമായി നല്ലരീതിയില്‍ തുടര്‍ന്നിട്ടും ഒറ്റയ്ക്കു നോക്കിനടത്താനുള്ള ബുദ്ധിമുട്ട് കൊണ്ട് അത് അവസാനിപ്പിക്കേണ്ടി വന്നു.

uploads/news/2019/01/281183/vidhyavanampremaachri1701c.jpg

എങ്കിലും പുതിയ കര്‍മമേഖലകള്‍ തേടുകയായിരുന്നു അവര്‍. ആ വഴി ചെന്നവസാനിച്ചത് തഞ്ചാവൂര്‍, കുംഭകോണം തുടങ്ങിയ ചരിത്ര ഭൂമികകളിലാണ്.

തമിഴ്നാട്ടിലെ ആ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് മതിയായ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അതുമനസിലാക്കി അവിടങ്ങളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രേമ മുന്‍കൈയെടുത്തു.

60 ല്‍ ഓക്സ്ഫഡിലേക്ക്...


വിശ്രമത്തിലേക്കു കടക്കാനുള്ള വയസ്സാണ് ഷഷ്ടിപൂര്‍ത്തിയെന്ന് പൊതുവെ കണക്കാക്കാറുണ്ട്. എന്നാല്‍ പ്രേമയ്ക്ക് 60-ാം പിറന്നാള്‍ പുതിയൊരു നാന്ദിയായി. പുതിയ അറിവുകള്‍ തേടിയുള്ള യാത്രയുടെ തുടക്കം.

മാതൃഭാഷ ഇംഗ്ലീഷ് അല്ലാത്തവരെ എങ്ങനെ ഇംഗ്ലീഷ് പഠിപ്പിക്കാം എന്ന വിഷയത്തില്‍ വിശ്വപ്രസിദ്ധമായ ഓക്സ്ഫാഡ് യൂണിവേഴ്സിറ്റി നടത്തുന്ന കോഴ്‌സ് പഠിക്കാന്‍ ഇംഗ്ലണ്ടിലേക്ക്... മൂന്നുമാസത്തെ കോഴ്‌സില്‍ കൂടെ ഉണ്ടായിരുന്നവരാകട്ടെ ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ് ഭാഷക്കാര്‍.

ഇംഗ്ലീഷില്‍ മാത്രം അവരുമായി സംവദിച്ചാണ് പ്രേമ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ഏറെ വ്യത്യസ്തമായിരുന്ന അവിടുത്തെ പഠിപ്പിക്കല്‍ രീതി അറിയാനും പഠിക്കാനും പ്രേമയ്ക്ക് താല്പര്യം തോന്നി. ഓക്സ്ഫാഡിലെ അനുഭവം എന്നും ഏറെ പ്രിയപ്പെട്ടതാണെന്ന് പ്രേമ പറയുന്നു.

ആനക്കട്ടിയിലേക്ക്...


ഓക്സ്ഫഡില്‍ നിന്നും മടങ്ങിയെത്തിയ പ്രേമയെ കാത്തിരുന്നതും നാടകീയ വഴിത്തിരുവുകളാണ്. ആനക്കട്ടിയിലെ ബാലവാടികളില്‍ വോളണ്ടിയര്‍ സേവനം ചെയ്യാന്‍ തീരുമാനിക്കുന്നതോടെയാണത്. കാടിനുള്ളിലെ ബാലവാടി, അവിടുത്തെ അന്തരീക്ഷം, കുട്ടികള്‍, അതെല്ലാം കണ്ടറിയാനുള്ള ആവേശത്തിലാണ് പ്രേമ ആനക്കട്ടിയിലെത്തുന്നത്. ബാലവാടി അധ്യാപകരെ പരിശീലിപ്പിക്കുകയാണ് ആദ്യം ചെയ്തത്.

അധികം വിദ്യാഭ്യാസമില്ലാത്തവരായിരുന്നു അവരെല്ലാം. എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് അവര്‍ക്ക് വലിയ നിശ്ചയമുണ്ടായിരുന്നില്ല. കുട്ടികളെ എന്ത്, എങ്ങനെ പഠിപ്പിക്കണം എന്നതില്‍ അവര്‍ക്ക് പരിശീലനം നല്‍കുകയാണ് പ്രേമ ചെയ്തത്.

uploads/news/2019/01/281183/vidhyavanampremaachri1701a.jpg

വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ആനക്കട്ടിയിലെത്തുന്ന പ്രേമ നാട്ടുക്കാര്‍ക്കിടയില്‍ പെട്ടെന്ന് സുപരിചിതയായി. അപ്പോഴാണ് ആനക്കട്ടിയിലെ വിദ്യാഭ്യാസ പ്രശ്‌നം പ്രേമയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

അടുത്ത് ഒരു സ്‌കൂള്‍ ഇല്ലാത്തതും അകലെയുള്ള സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ പഠനം പൂര്‍ത്തീകരിക്കാതെ വരുന്നതും നാട്ടുകാരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്തുകൊണ്ട് കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കാതെ മടങ്ങുന്നു എന്ന അന്വേഷണത്തില്‍ വ്യക്തമായ വസ്തുതകളുടെ തിരിച്ചറിവിലും ബോധ്യത്തിലും നിന്നാണ് വിദ്യാവനത്തിന്റെ ജനനം.

വിദ്യാവനം


നിറത്തിന്റെയും ഭാഷയുടെയും പേരില്‍ തങ്ങളെ മാറ്റിനിര്‍ത്തുന്ന ഒരു സമൂഹത്തിനെതിരെ ശബ്ദമുയര്‍ത്താനാവാതെ വിദ്യാലയത്തിന്റെ പടിയിറങ്ങേണ്ടി വരുന്നവരാണ് ആദിവാസികുട്ടികള്‍. ഇതിനൊരു പ്രതിവിധി ആരാഞ്ഞാണ് പേമാ രംഗാചാരി ജീവിതത്തില്‍ 'വിദ്യാവനം' എന്ന പുതിയ ഒരു അധ്യായം എഴുതിച്ചേര്‍ക്കുന്നത്.

ഒന്നിനും കൊള്ളാത്തവര്‍ എന്ന് ഒരു വിഭാഗത്തെ മുഴുവന്‍ മാറ്റിനിര്‍ത്തുമ്പോള്‍ അവര്‍ എന്തുകൊണ്ട് അങ്ങനെയായി എന്ന് ആരും ചിന്തിക്കുന്നില്ല. ആദിവാസി ഭാഷയ്‌ക്കോ ഗോത്ര സംസ്കാരത്തിനോ യാതൊരു മൂല്യവും നല്‍കാതെ, മറ്റൊരു ഭാഷയില്‍, മറ്റൊരു സംസ്‌കാരം പഠിപ്പിക്കുന്ന രീതിയാണ് ആദിവാസി കുട്ടികളെ സ്‌കൂളില്‍ നിന്നും അകറ്റിനിര്‍ത്തുന്നതെന്ന കണ്ടെത്തല്‍ വിദ്യാവനത്തിന് കൂടുതല്‍ ഊര്‍ജം നല്‍കി.

അടുത്തുള്ള ശിരുവാണിയെക്കുറിച്ച് പഠിപ്പിക്കാതെ എങ്ങോ ഉള്ള ആമസോണിനെക്കുറിച്ചും നൈല്‍ നദിയെക്കുറിച്ചും പഠിപ്പിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ജീവിത പരിസരവുമായി ബന്ധമില്ലാത്ത, മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കഴിയാത്ത വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ല''. പ്രേമ പറയുന്നു.

വിദ്യാവനം ആരംഭിക്കുമ്പോള്‍ നേരിട്ട പ്രധാന പ്രശ്നം അവിടുത്തെ കുട്ടികളുടെ ജീവിത പരിസരത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും മനസ്സിലാക്കുക എന്നതായിരുന്നു. ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന എനിക്ക് അതേപ്പറ്റി ഒരു രൂപവും ഉണ്ടായിരുന്നില്ല. അതു മനസ്സിലാക്കുക എനിക്കേറെ ഇഷ്ടപ്പെട്ടൊരു വെല്ലുവിളി തന്നെയായി'' അവര്‍ പറയുന്നു.

uploads/news/2019/01/281183/vidhyavanampremaachri1701b.jpg

20 കുട്ടികളുമായി 2007ലാണ് വിദ്യാവനം ആരംഭിക്കുന്നത്. നിരന്തര നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് ഏതു രീതിയില്‍ വിദ്യാഭ്യാസം നല്‍കണം എന്ന് തീരുമാനിച്ചത്. പാഠപുസ്തകമോ സിലബസ്സോ ഇല്ലാത്ത പഠനരീതിയില്‍ ആദ്യം രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും പിന്നീട് പൂര്‍ണ പിന്തുണ നല്‍കി. ഇന്ന് വിദ്യാവനത്തില്‍ 137 ആണ്‍കുട്ടികളും 138 പെണ്‍കുട്ടികളുമായി 275 കുട്ടികള്‍ പഠിക്കുന്നു.

പത്താം ക്ലാസ് വരെയാണ് ഇവിടെയുള്ളത്. ഒരു മാസത്തേക്ക് ഒരാശയം തെരഞ്ഞെടുക്കുകയും ആ ആശയത്തിലൂടെ ശാസ്ത്രം, സാഹിത്യം, കണക്ക് തുടങ്ങി എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതുമാണ് ഇവിടുത്തെ രീതി. ഇവിടെ പഠിച്ച കുട്ടികള്‍ പത്താം ക്ലാസ് പബ്ലിക് പരീക്ഷ എഴുതുകയും ഉന്നത വിജയം നേടുകയും ചെയ്തു. തമിഴിനും ഇംഗ്ലീഷിനും ഒരേ പ്രാധാന്യം നല്‍കിയുള്ള പഠനരീതി രണ്ടു ഭാഷയും ഒരേപോലെ കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നു.

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെയും രവീന്ദ്രനാഥ ടാഗോറിന്റെയും ആശയങ്ങളാണ് തനിക്ക് പ്രചോദനമേകിയതെന്ന് പ്രേമ പറയുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയുള്ള ഒരു പഠനരീതിയാണ് വിദ്യാവനത്തിലേത്.

ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനും കൈമാറുന്നതിനും ഇത് ഏറെ സഹായിക്കുന്നുണ്ടെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. പഠനത്തോടൊപ്പം നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയവയ്‌ക്കെല്ലാം ഇവിടെ പ്രാധാന്യം നല്‍കുന്നുണ്ട്. അത് പഠിപ്പിക്കാന്‍ പ്രത്യേകം അധ്യാപകരുമുണ്ട്.

സര്‍ക്കാരിന്റെ ഔദ്യോഗികാംഗീകാരം ലഭിക്കാത്തതാണ് വിദ്യാവനത്തിന്റെ പ്രധാന പ്രശ്‌നം. അംഗീകാരം ലഭിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമത്തിലാണവര്‍. വൈകാതെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും. അംഗീകാരം ലഭിച്ചാല്‍ വിദ്യാവനം ഒരു സി.ബി.എസ്.ഇ സ്‌കൂള്‍ ആക്കി മാറ്റണമെന്നതാണ് പ്രേമരംഗാചാരിയുടെ സ്വപ്നം.

ഹരിത മാനവ്

Ads by Google
Thursday 17 Jan 2019 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW