Friday, June 21, 2019 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jan 2019 09.10 AM

സിനിമയില്‍ തന്റെ ദിവസം വരാന്‍ ജോജു കാത്തിരുന്നത് നീണ്ട 24 വര്‍ഷങ്ങള്‍... ജോര്‍ ജോജു ജോര്‍

''വില്ലനായും ഹാസ്യതാരമായും ക്യാരക്ടര്‍ റോളുകളിലും ഒരുപോലെ തിളങ്ങി നായകവേഷത്തിലെത്തി നില്‍ക്കുന്ന ജോജു ജോര്‍ജിന്റെ അഭിനയ നാള്‍വഴികളിലൂടെ...
uploads/news/2019/01/280919/jojujorge160119.jpg

ജോജു ജോര്‍ജിന് അഭിനയം വെറുമൊരു ആഗ്രഹം മാത്രമല്ല. മനസിന്റെ ഉള്ളില്‍ തട്ടിയ അഭിനിവേശം തന്നെയാണ്. 24 വര്‍ഷക്കാലത്തെ നീണ്ട യാത്രയാണ് ജോജുവെന്ന മനുഷ്യന് ലക്ഷ്യത്തിലെത്താന്‍ ദൈവം കല്‍പ്പിച്ചത്.

ചെറുപ്പംമുതല്‍ അഭിനയമെന്ന കലയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ജോജുവിന്റെ തുടക്കം വെറുമൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ്. അവിടെനിന്ന് സഹനത്തിന്റെയും ക്ഷമയുടേയും നീണ്ട കുറേ വര്‍ഷങ്ങളാണ് ലക്ഷ്യത്തിലെത്താന്‍ ജോജു കാത്തിരുന്നത്.

എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവന്‍ അവരുടെ സഹായത്തിനെത്തുംം.

ലോക പ്രശസ്ത നോവലിസ്റ്റായ പൗലോ കൊയ്ലോയുടെ ഈ വാക്കുകള്‍ ജോജു ജോര്‍ജ് എന്ന നടനെ സംബന്ധിച്ചിടത്തോളം നൂറു ശതമാനം ശരിയാണ്. കലയെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും സുന്ദരമായ ഒരു ആനന്ദവും മറ്റെങ്ങും ലഭിക്കാത്ത ആത്മസംതൃപ്തിയും ലഭിക്കുമെന്നത് സത്യം തന്നെ...

ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് നായകനിലേക്കുള്ള യാത്ര?


കഴിഞ്ഞ നാളുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തില്‍ സംഭവിച്ചതെല്ലാം സംഭവിക്കേണ്ടതുതന്നെയാണെന്നേ പറയാനാവൂ. നടനാവണമെന്നതു തന്നെയായിരുന്നു എന്റെ ആഗ്രഹം. സിനിമ എന്താണെന്നുപോലുമറിയാത്തൊരു പ്രായത്തിലാണ് അഭിനയമോഹവുമായി ഞാന്‍ സിനിമയിലെത്തുന്നത്. ഈ യാത്രയുടെ ഓരോ ഘട്ടത്തിലും ഓരോ കാര്യങ്ങള്‍ പഠിച്ചു.

ആദ്യം ഒരു ഡയലോഗ് പറയാന്‍ പഠിച്ചു, പിന്നെയത് രണ്ടായി. ചെറിയ കഥാപാത്രം ചെയ്തു, പിന്നെയത് കുറച്ചുകൂടി വലുതായി, നല്ലൊരു അവസരങ്ങള്‍ക്കായി വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇവിടം വരെയെത്തി. ദൈവാനുഗ്രഹം തന്നെയാണത്.

ഞാന്‍ ആദ്യമായി ടൈറ്റില്‍ റോള്‍ ചെയ്യുന്ന കഥാപാത്രമാണ് ജോസഫ്. ഒരു ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രം. ടൈറ്റില്‍ റോള്‍ ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

പക്ഷേ ആ കഥാപാത്രം ജനങ്ങള്‍ അംഗീകരിക്കുക, സിനിമ നന്നായി ഓടുക, ഹിറ്റാവുക അതൊക്കെ ആ സിനിമയുടെ ഫുള്‍ ടീമിന് കിട്ടുന്ന കൈയടിയാണ്. പ്രേക്ഷകര്‍ സിനിമയില്‍ കൂടുതല്‍ കാണുന്നത് നടനെയാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ അംഗീകാരങ്ങള്‍ കിട്ടുന്നതും അഭിനേതാവിനാണ്.

uploads/news/2019/01/280919/jojujorge160119a.jpg

ജോസഫ് എന്ന സിനിമയുടെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ പത്മകുമാറിനും തിരക്കഥാകൃത്തിനും സംഗീതസംവിധായകനും എഡിറ്റര്‍ക്കും എന്തിനേറെ ഡിസ്ട്രിബ്യൂട്ടര്‍ക്കുവരെ അവകാശപ്പെട്ടതാണ്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തോരുടെയും കഷ്ടപ്പാടുകള്‍ ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍ ഉണ്ട്.

ജോസഫിലേക്കെത്തിയത്? കഥാപാത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍?


ജോസഫ് എനിക്കു ചുറ്റും കുറേ നാളായി കറങ്ങിനടന്ന പ്രോജക്ടാണ്. രണ്ടു വര്‍ഷം മുമ്പാണ് ഈ കഥ ഞാന്‍ കേള്‍ക്കുന്നത്. കഥ ഇഷ്ടപ്പെട്ടെങ്കിലും നിര്‍മ്മാതാവിനെ കിട്ടാത്തതുകൊണ്ട് അന്നീ സിനിമ നടന്നില്ല.

പിന്നീട് പപ്പേട്ടനാണ് (സംവിധായകന്‍ പത്മകുമാര്‍) വിളിച്ച് ഇങ്ങനെയൊരു കഥാപാത്രമുണ്ട്, ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. പപ്പേട്ടന് ധൈര്യമുണ്ടെങ്കില്‍ ചെയ്യാമെന്ന് ഞാനും പറഞ്ഞു. പിന്നീട് സ്‌ക്രിപ്റ്റ് വിശദമായി വായിച്ചു, അതിനുവേണ്ട പ്രിപ്പറേഷന്‍സ് നടത്തി.

ഈ കഥാപാത്രം യാതൊരു പ്രിപ്പറേഷനുമില്ലാതെ ചെയ്യാന്‍ പറ്റില്ല. എന്റെ ഗുരുസ്ഥാനത്തുള്ള പലരോടും ചോദിച്ച് അഭിപ്രായമറിഞ്ഞായിരുന്നു തയാറെടുപ്പുക ള്‍. ഇതുപോലെ ഒരു കഥാപാത്രം എന്റെ അഭിനയജീവിതത്തില്‍ കിട്ടുമെന്ന് തന്നെ കരുതിയിരുന്നില്ല. ഏത് നടനും ആഗ്രഹിക്കുന്ന കഥാപാത്രമാണ് ജോസഫിലേത്.

ആക്ഷന്‍ ഹീറോ ബിജുവില്‍ കുറച്ച് പ്രായമുള്ളൊരു പോലീസുകാരനായാണ് അഭിനയിച്ചത്. ജോസഫില്‍ അതിലും പ്രായമുള്ള കഥാപാത്രമാണ്. ജോസഫ് എന്ന കഥാപാത്രത്തിന്റെ അപ്പിയറന്‍സും കുറച്ച് വ്യത്യസ്തമായിരുന്നു. പപ്പേട്ടനും മേക്കപ് മാന്‍ റോഷനുമൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

ജോസഫ് എന്ന സിനിമയിലൂടെ ഗായകനുമായി?


പണ്ട് പാടവരമ്പത്തിലൂടെ എന്ന പാട്ടില്‍ എന്റെ ലിപ്സിങ്കാണ് വേണ്ടത്. അങ്ങനെയാണ് ആ പാട്ട് പാടി നോക്കുന്നത്. ഞാന്‍ പാടിയത് ഒകെയാണെന്ന് തോന്നിയപ്പോള്‍ സിനിമയിലും അത് മതിയെന്ന് വച്ചു. അങ്ങനെ ഞാനൊരു ഗായകനായി.

സിനിമയില്‍ തന്റെ ദിവസം വരും എന്ന പ്രതീക്ഷയില്‍ നീണ്ട 24 വര്‍ഷത്തോളം കാത്തിരിക്കാന്‍ തയാറായിരുന്നു?


സിനിമയാണ് എന്റെ മേഖലയെന്ന ഉറപ്പായിരുന്നില്ല, രക്ഷപെടും എന്നുള്ള വിശ്വാസമായിരുന്നു എന്നെ മുന്നോട്ട് നയിച്ചത്. സിനിമയില്‍ എന്തെങ്കിലുമാവണമെന്നുള്ളത് പത്താംക്ലാസ് മുതലുള്ള ആഗ്രഹമായിരുന്നു. ഞാനതിന് വേണ്ടി ശ്രമിച്ചുകൊണ്ടേയിരുന്നു.

എനിക്കൊരു സമയം വരും എന്നതിനേക്കാള്‍ സിനിമ എനിക്കത്ര ഇഷ്ടമായിരുന്നു. അത്രയും ലഹരി തരുന്ന വേറൊന്നുമില്ലെന്നാണ് എന്റെ വിശ്വാസം. നല്ല സിനിമ കാണുന്നതും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതും പഠിക്കുന്നതുമൊക്കെ തന്നെയാണ് എനിക്ക് ഏറ്റവും താല്‍പര്യമുള്ള കാര്യം.

uploads/news/2019/01/280919/jojujorge160119c.jpg
ജോജു ജോര്‍ജ് (ജോസഫ് എന്ന ചിത്രത്തില്‍ നിന്ന്)

നടനെന്ന നിലയില്‍ ജീവിതത്തിലെ ടേണിങ് പോയിന്റ് എന്ന് വിശ്വസിക്കുന്നത്?


കരിയറിലെ ഓരോ സമയത്തും ഓരോ ഗുരുക്കന്മാരെ കിട്ടിയെന്നതാണ് ഏറ്റവും വലിയ ടേണിങ് പോയിന്റ്. ഞാന്‍ പോകുന്ന വഴികള്‍, കഥാപാത്രങ്ങള്‍ക്കുവേണ്ടി എങ്ങനെ ചിന്തിക്കണം എന്നതിനെക്കുറിച്ചൊക്കെ പറഞ്ഞുതരാന്‍ ഓരോ ഘട്ടത്തിലും ഓരോ ഗുരുക്കന്മാരുണ്ടായിരുന്നു. ഇതൊന്നും ഞാന്‍ പ്ലാന്‍ ചെയ്തതല്ല. ദൈവാനുഗ്രഹമെന്നോണം സംഭവിച്ചതാണ്.

ജോസഫടക്കമുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ എനിക്ക് അറിയാത്ത കാര്യങ്ങള്‍ മനസിലാകുന്ന രീതിയില്‍ പറഞ്ഞു തന്ന് ഗൈഡ് ചെയ്യാന്‍ ഗുരുക്കന്മാരുണ്ടായിരുന്നു. അങ്ങനെയുള്ള ആളുകളെ എന്റെ ലൈഫില്‍ പല സമയത്തും പല ഘട്ടങ്ങളിലും കണ്ടുമുട്ടിയിട്ടുണ്ട്. അതാണെന്റെ ഏറ്റവും വലിയ നേട്ടവും ഭാഗ്യവുമായി കാണുന്നത്.

സിനിമയില്‍ കൈ പിടിച്ചുയര്‍ത്തിയവര്‍?


മമ്മൂക്ക, അനൂപ് മേനോന്‍, ബിജു മേനോന്‍, ലാല്‍ജോസ് സാര്‍ അങ്ങനെ ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ട്. എനിക്ക് മാത്രമല്ല, സിനിമയിലുള്ള എല്ലാവര്‍ക്കും ആരുടെയെങ്കിലുമൊക്കെ സഹായങ്ങള്‍ കിട്ടിയിട്ടുണ്ട്. ആരുടെയെങ്കിലും സഹായവും സപ്പോര്‍ട്ടുമില്ലാതെ ഒരാള്‍ക്ക് ഒറ്റയ് ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റില്ലല്ലോ.

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയിലെ വേഷം കരിയറില്‍ ബ്രേക്ക് നല്‍കി, സംസ്ഥാന അവാര്‍ഡ് കിട്ടിയെങ്കിലും ലുക്കാ ചുപ്പി, ഒരു സെക്കന്‍ ക്ലാസ് യാത്ര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടാനായില്ല?


വളരെ അപ്രതീക്ഷിതമായിട്ടാണ് ലാല്‍ ജോസ് സാറിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമ കിട്ടുന്നതും ആ സിനിമ ഹിറ്റാകുന്നതും. സാര്‍ ചെയ്യുന്ന സിനിമയിലൊരു വേഷമുണ്ട്, ചെയ്യുന്നോ എന്നെന്നോട് ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. ആ സിനിമ എന്റെ ജീവിതത്തില്‍ ഭീകരമായൊരു മാറ്റമാണുണ്ടാക്കിയത്. സിനിമ കൊണ്ട് ജീവിക്കാമെന്ന് തോന്നിപ്പിച്ചത് ആ സിനിമയാണ്.

അവിടം മുതലാണ് എനിക്ക് കൃത്യമായ പ്രതിഫലം കിട്ടുന്നത്. അവിടുന്നങ്ങോട്ട് കരിയറില്‍ വലിയ പ്രശ്നങ്ങളുണ്ടായിട്ടില്ല. കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു ആ സിനിമ. ലുക്കാ ചുപ്പി, ഒരു സെക്കന്‍ ക്ലാസ് യാത്ര എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടിയത് തന്നെ വലിയ കാര്യമല്ലേ? സിനിമ ശ്രദ്ധിക്കപ്പെട്ടില്ല എന്നത് വിഷയമുള്ള കാര്യമല്ലല്ലോ.

uploads/news/2019/01/280919/jojujorge160119b.jpg

പിന്നീട് തുടര്‍ച്ചയായി ലഭിച്ചതെല്ലാം കോമഡി വേഷങ്ങളായിരുന്നു?


കരിയറില്‍ ടേണിങ് പോയിന്റായ ഓരോ സിനിമയും ഞാന്‍ ഡിസൈന്‍ ചെയ്തതല്ല. അതെല്ലാം എന്നിലേക്ക് വന്ന് ചേര്‍ന്നതാണ്. എന്നാല്‍ കഴിയും വിധം നന്നായി ചെയ്യാന്‍ ശ്രമിച്ചു. അതങ്ങനെ തന്നെയാണ് സംഭവിക്കേണ്ടിയിരുന്നത്. പ്രകൃതിയാല്‍ തന്നെയുള്ളൊരു തീരുമാനങ്ങളാണ്് എന്റെ കാര്യത്തില്‍ സംഭവിച്ചത്. ആ രീതിയിലാണ് ഞാനതെല്ലാം ഉള്‍ക്കൊള്ളുന്നതും.

ഇതുവരെ ഒരു കാര്യവും ജീവിതത്തില്‍ മോശമായിട്ടില്ല. എല്ലാം നല്ല രീതിയില്‍ സംഭവിച്ചു. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ. ഇതില്‍ കൂടുതല്‍ ആഗ്രഹങ്ങളും എനിക്കില്ല. എക്സൈറ്റ്മെന്റോടു കൂടിയാണ് ഞാന്‍ ജീവിതത്തെ കാണുന്നത്. ഞാനൊരു സാധാരണക്കാരനാണ്. പ്രേക്ഷകര്‍ കാണുന്നതുപോലെ തന്നെയാണ് ജോസഫ് അടക്കമുള്ള സിനിമകള്‍ ഞാന്‍ തിയേറ്ററില്‍ പോയിരുന്ന് കണ്ട് ആസ്വദിക്കുന്നത്.

പോലീസ് വേഷങ്ങളില്‍ തന്നെ വ്യത്യസ്തമായ സ്വഭാവമുള്ള കഥാപാത്രങ്ങളായി അഭിനയിച്ചതിനെക്കുറിച്ച്?


ആക്ഷന്‍ ഹീറോ ബിജുവിലെ മിനി എന്ന കഥാപാത്രം കോമഡി ടൈപ്പായിരുന്നു, പൂമരത്തിലേതും ഒരു സാധാ പോലീസ് വേഷമായിരുന്നു. ഞാന്‍ മേരിക്കുട്ടിയില്‍ വന്നപ്പോള്‍ വില്ലനായ പോലീസുകാരനായി, ജോസഫിലേതാകട്ടെ ഒരു സീരിയസ് റോളും.

സംവിധായകരുടെ മിടുക്കും വ്യത്യസ്തമായ സ്‌ക്രിപ്റ്റുമാണ് ഈ കഥാപാത്രങ്ങളുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അവര്‍ പറഞ്ഞുതന്നതുപോലെ ആത്മാര്‍ത്ഥമായി ചെയ്യാന്‍ ഞാന്‍ ശ്രമിച്ചെന്ന് മാത്രം.

ഒരേ വേഷങ്ങളായാലും തിരക്കഥാകൃത്ത് വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചാല്‍ മാത്രമേ അഭിനേതാക്കള്‍ക്ക് അത്തരം കഥാപാത്രങ്ങള്‍ കിട്ടുകയുള്ളൂ. തിരക്കഥയെ മുന്‍നിര്‍ത്തിയാണ് ഞാന്‍ സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്. സിനിമയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്റെ റിട്ടണ്‍ ഫോമാണല്ലോ തിരക്കഥ.

തിരക്കഥയില്‍ പ്രാധാന്യമുള്ള ഏത് വേഷമായാലും ഞാന്‍ ചെയ്യും. അതിപ്പോ ഹ്യൂമറായാലും വില്ലനായാലും വ്യത്യസ്ത സ്വഭാവമുള്ള വേഷങ്ങള്‍ ഞാന്‍ ചെയ്യും. പക്ഷേ എനിക്ക് കിട്ടിയ കഥാപാത്രങ്ങളൊക്കെ വ്യത്യസ്ത സ്വഭാവമുള്ളതായിരുന്നു. അതെല്ലാം എനിക്ക് ഗുണം ചെയ്തു.

uploads/news/2019/01/280919/jojujorge160119e.jpg

രാമന്റെ ഏദന്‍ തോട്ടം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലെ നെഗറ്റീവ് ഇമേജുള്ള കഥാപാത്രങ്ങളും കരിയറില്‍ നിര്‍ണ്ണായകമായില്ലേ?


മുമ്പും ഞാന്‍ വില്ലന്‍ വേഷങ്ങളും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ ഒരു സിനിമ വിജയമാകുമ്പോള്‍ മാത്രമേ അതിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടൂ. രഞ്ജിത് ശങ്കറിന്റെ ഈ രണ്ട് സിനിമകളും വിജയമായതാണ്. ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതാണെന്റെ ഭാഗ്യം. ആ സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കും കിട്ടിയ റിസല്‍ട്ട് സംവിധായകന്റെ കൈയിലുള്ള കാര്യമാണ്. അദ്ദേഹമാണ് ഓരോ നടനേയും കഥാപാത്രമായി മാറ്റിയെടുക്കുന്നത്.

നിര്‍മ്മാതാവാകാനുള്ള തീരുമാനത്തിന് പിന്നില്‍?


ഒന്നുമാലോചിക്കാതെയുള്ളൊരു ചാട്ടമാണ് എന്റെ ജീവിതത്തിലെ ഏത് കാര്യത്തിലും സംഭവിച്ചിട്ടുള്ളത്. ചെയ്യുന്ന സമയത്ത് അതിനു പിന്നിലുള്ള റിസ്‌കിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലല്ലോ. ഏത് കാര്യമായാലും ചെയ്തു കഴിഞ്ഞാണ് അതെത്രമാത്രം റിസ്‌കായിരുന്നെന്ന് മനസിലാകുന്നത്. പക്ഷേ ഇതുവരെ ചെയ്തതൊന്നും അപകടങ്ങളായില്ല. എല്ലാം നല്ലതായി തന്നെ സംഭവിച്ചു.

നാടും കുട്ടിക്കാലവുമൊക്കെ ജീവിതത്തില്‍ എത്രത്തോളം സ്വധീനിച്ചിട്ടുണ്ട്?


നാടും കുട്ടിക്കാല അനുഭവങ്ങളുമൊക്കെയാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം. എന്റെ അപ്പന്റെയും അമ്മയുടേയും മകനായി ജനിക്കാന്‍ കഴിഞ്ഞതും ആ നാട്ടില്‍ ജീവിക്കാന്‍ കഴിഞ്ഞതും നാട്ടിലെ എല്ലാ ആഘോഷങ്ങളിലും എല്ലാ സ്വാതന്ത്ര്യത്തോടെ പങ്കെടുക്കാന്‍ കഴിഞ്ഞതുമൊക്കെയാണ് ഏറ്റവും കളര്‍ഫുള്ളായ അടിസ്ഥാനമായി ഞാന്‍ കാണുന്നത്. അന്നു കിട്ടിയ എനര്‍ജിയൊക്കെയാണ് ഇന്നും മനസിലുള്ളത്.

ഒരുപാട് കാര്യങ്ങള്‍ കണ്ടും അനുഭവിച്ചും അതിലൂടെ കടന്നുപോയുമൊക്കെ ജീവിതത്തില്‍ ഒരുപാട് എക്സ്പീരിയന്‍സുള്ളൊരാളാണ് ഞാന്‍. അങ്ങനെ ജീവിക്കാന്‍ പറ്റിയതുതന്നെയാണ് ഏറ്റവും വലിയ സമ്പത്തായി കരുതുന്നത്. ആ അനുഭവങ്ങളൊന്നുമില്ലായിരുന്നെങ്കില്‍ ഞാന്‍ വേറൊരു മനുഷ്യനായിപ്പോയേനെ.

സിനിമ എന്ന സ്വപ്നം കൈയ്യെത്തിപ്പിടിക്കുന്നതിനിടയില്‍ കുടുംബത്തിന്റെ സപ്പോര്‍ട്ട്?


എല്ലാ സമയത്തും വീട്ടുകാരെ കണ്‍വീന്‍സ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നു. 15 വയസ് മുതല്‍ 35 വയസുവരെ എല്ലാം ശരിയാകും അല്ലെങ്കില്‍ ഞാന്‍ ശരിയാക്കും എന്ന് അപ്പനമ്മമാരേയും ഭാര്യയേയും പറഞ്ഞ് മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

അവരെ കണ്‍വീന്‍സ് ചെയ്യാന്‍ ഞാന്‍ മിടുക്കനായതുകൊണ്ടാവാം അല്ലെങ്കില്‍ അവരതിന് നിന്നു തന്നതുമാവാം. എന്നാലും കടംമേടിച്ചിട്ടാണെങ്കിലും ഞാന്‍ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുമായിരുന്നു. സിനിമയുടെ പുറകേ നടന്ന് ഒരിക്കലും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല.

ഇതിനിടയില്‍ ഹോട്ടല്‍ ബിസിനസിലേക്ക് തിരിഞ്ഞത്?


ഭക്ഷണത്തോടുള്ള താല്‍പര്യം കൊണ്ടുമാത്രം സംഭവിച്ചതാണത്. സിനിമ കഴിഞ്ഞാല്‍ എനിക്ക് ചെയ്യാന്‍ താല്‍പര്യമുള്ളൊരു കാര്യം ഹോട്ടല്‍ ബിസിനസാണ്.
uploads/news/2019/01/280919/jojujorge160119d.jpg

സൗഹൃദങ്ങളില്‍ ജീവിക്കുന്ന ആളാണ്?


എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളും ദു:ഖങ്ങളും സൗഹൃദ് ബന്ധങ്ങളാണ്. സുഹൃത്തുക്കള്‍ തരുന്ന സന്തോഷവും സങ്കടവുമൊക്കെതന്നെയാണ് ജീവിതത്തിലെ പാഠങ്ങളും ടേണിങ് പോയിന്റുകളുമെല്ലാം. സൗഹൃദങ്ങളില്ലാതെ നിലനില്‍പ്പില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

സുഹൃത്തുക്കളുടെ ചുറ്റുപാടിലാണ് ഞാന്‍ നില്‍ക്കാറുള്ളത്. അല്ലെങ്കിലെന്തോ ഭയം പോലെയാണ്. ജീവിതത്തില്‍ നല്ല കുറേ സുഹൃത്തുക്കളെ കിട്ടി. അതൊരു ഭാഗ്യം. അഭിമാനത്തോടെ കാണുന്ന കാര്യമാണത്.

2018 സമ്മാനിച്ചത്?


രസകരമായ കാര്യമെന്താണെന്നു വച്ചാല്‍ 2018 ല്‍ അഞ്ച് പോലീസ് വേഷങ്ങള്‍ ചെയ്തു എന്നതാണ്. ജോസഫ് എനിക്ക് സമ്മാനിച്ച വര്‍ഷമാണ് 2018. ഞാന്‍ ഏറെ ബഹുമാനിക്കുന്ന സാമൂഹിക, സാംസ്‌കാരിക മേഖലകളിലുള്ള പ്രശസ്ത വ്യക്തിത്വങ്ങള്‍ പോലും ജോസഫ് കണ്ടശേഷം എന്നെ വിളിച്ച് അഭിനന്ദിച്ചു, സാധാരണക്കാരായ ജനങ്ങളും എന്റെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ച് സംസാരിച്ചു.

എനിക്ക് പരിചയമുള്ള, ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുള്ള എല്ലാവരും തന്നെ എന്നെ വിളിച്ചെന്ന് പറയാം. അത്രയധികം സ്വാധീനമുണ്ടാക്കിയ സിനിമയാണ് ജോസഫ്. എല്ലാംകൊണ്ടും വലിയൊരു കൂടിച്ചേരലുണ്ടാക്കിയ സിനിമയാണത്.

പുതിയ പ്രോജക്ടുകള്‍?


സനല്‍ കുമാര്‍ സാറിന്റെ ചോല എന്ന സിനിമയാണ് ഇനി റിലീസാകാനുള്ളത്. അതൊരു ഔട്ട്സ്റ്റാന്‍ഡിംഗ് സിനിമയായിരിക്കും. ഞാന്‍ സപ്പോര്‍ട്ടീവ് റോളുകള്‍ ചെയ്ത സിനിമകളും റിലീസ് ചെയ്യാനുണ്ട്. ഇപ്പോള്‍ രസകരമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ ഒരു എക്സൈറ്റ്മെന്റിലാണ് ഞാനിപ്പോ ള്‍.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW