പമ്പ: മകരവിളക്കിന് ശേഷം ശബരിമലയില്‍ വിവാദം തുടരുകയാണ്. രണ്ട് യുവതികള്‍ ശബരിമലദര്‍ശനത്തിനെത്തി. ഇവരെ നീലിമലയില്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്തും ശാനിലയുമാണ് ദര്‍ശനത്തിനെത്തിയത്. പ്രതിഷേധവുമായി എത്തിയ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് യുവതികള്‍.
പുലര്‍ച്ചെ നാലരയോടെയാണ് ഇവരെ നീലിമലയില്‍ തടഞ്ഞത്. നീലിമലയിലും പരിസരത്തും പ്രതിഷേധം ശക്തമാകുകയാണ്. സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് എത്തിയതെന്ന് യുവതികള്‍ വ്യക്തമാക്കി. മാലയിട്ട് വൃതംനോറ്റ് വന്നത് തിരിച്ചുപോകാനല്ലെന്ന നിലപാടിലാണ് യുവതികള്‍. പ്രതിഷേധം ഉണ്ടായപ്പോള്‍ അവരെ മാറ്റുവാന്‍ പോലീസ് തയ്യാറായില്ലെന്നും യുവതികള്‍ ആരോപിക്കുന്നു. രണ്ട് മണിക്കൂറുകളായി ഇവരെ തടഞ്ഞുവെച്ചിരിക്കുകയാണ്.