Wednesday, June 12, 2019 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 14 Jan 2019 11.14 AM

കടലിന്റെ റാണി

''ആഴക്കടലില്‍ മത്സ്യ ബന്ധനം നടത്തുന്ന ആദ്യ വനിത, രാജ്യത്ത് ആഴക്കടല്‍ മത്സ്യ ബന്ധന ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ വനിത എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയത് മലയാളിയായ രേഖയാണെന്ന് പലര്‍ക്കുമറിയില്ല. ''
uploads/news/2019/01/280414/inspiringlifeRekha140119.jpg

തൃശ്ശൂര്‍ ചേറ്റുവ അഴിമുഖത്തെ കടപ്പുറത്ത് നേരം പുലരുന്നതേയുള്ളൂ, കടലിന്റെ മക്കള്‍ അന്നംതേടിയിറങ്ങാനുള്ള തയാറെടുപ്പിലാണ്. ആര്‍ത്തിരമ്പുന്ന കടലിലേക്കിറങ്ങുന്ന അവര്‍ക്കൊപ്പം ഒരു സ്ത്രീയുമുണ്ട്, രേഖ കാര്‍ത്തികേയന്‍! ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന പെണ്‍കരുത്ത്.

കടലിനെ പേടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു രേഖയ്ക്ക്. എന്നാല്‍ മത്സ്യത്തൊഴിലാളിയായ കാര്‍ത്തികേയന്റെ ജീവിതസഖിയായതോടെ രേഖയ്ക്ക് കടലമ്മ സ്വന്തം അമ്മയെപ്പോലെയായി.

കരകാണാക്കടലില്‍ കൊമ്പന്‍സ്രാവുകളോട് മത്സരിച്ച് വലനിറയെ മീനുമായി മടങ്ങിയെത്തുന്ന രേഖയേയും കാര്‍ത്തികേയനേയും കാത്ത് നാല് പെണ്‍മക്കള്‍ കരയിലുണ്ട്. കടലും കടലമ്മയും പകര്‍ന്നു നല്‍കിയ ധൈര്യത്തില്‍ ജീവിതത്തോട് പൊരുതുന്ന രേഖയുടെ കടല്‍ കാഴ്ചകളിലൂടെ.

ആദ്യ യാത്ര


ഞാനും വളളത്തില്‍ പോന്നോട്ടെയെന്ന് ആദ്യമായി ചോദിക്കുമ്പോള്‍ ഞാന്‍ തമാശ പറഞ്ഞതായിരിക്കുമെന്നാണ് ചേട്ടന്‍ കരുതിയത്. കടലിലേക്കാണ് പോകുന്നത് കുറേ ബുദ്ധിമുട്ടുണ്ടാകുമെന്ന് ചേട്ടന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ മറ്റു ബുദ്ധിമുട്ടുകളെപ്പറ്റിയൊന്നും ചിന്തിച്ചില്ല.

രണ്ടുപേര്‍ക്ക് കയറാവുന്ന ചെറുവഞ്ചിയിലായിരുന്നു ആദ്യ യാത്ര. ബസില്‍ കയറിയാല്‍ പോലും ഛര്‍ദ്ദിക്കുന്ന ആളാണ് ഞാ ന്‍. പിന്നെ കടലില്‍ പോകുമ്പോഴത്തെ കാര്യം പറയാനുണ്ടോ? ആദ്യ യാത്രയില്‍ ഒരുപാട് ദൂരം പോയില്ലെങ്കിലും കടല്‍ച്ചൊരുക്കുമൂലം ഞാന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി.

എങ്കിലും വലയില്‍ മീന്‍ കുടുങ്ങുമ്പോള്‍ അതഴിച്ചിടും പിന്നെയും ഛര്‍ദ്ദിക്കും, അവസാനം ചോര ഛര്‍ദ്ദിച്ചു. ശരീരം തളര്‍ന്നെങ്കിലും മനസ് പതറിയില്ല, പിന്നീട് അതൊരു ശീലമായി. ഇപ്പോള്‍ ആഴക്കടലും കടല്‍ച്ചൊരുക്കുമൊന്നും എന്നെ പേടിപ്പിക്കാറില്ല.

നീന്തലറിയാത്തതിനാല്‍ ആദ്യമൊക്കെ കടലിനെ പേടിയായിരുന്നു. വലിയ തിരമാലകളില്‍ കൂടിയാണ് ബോട്ടിന്റെ മുന്നോട്ടുള്ള യാത്ര. അലറിപ്പാഞ്ഞെത്തുന്ന തിരമാലകളിലൂടെ ബോട്ട് ഓടിക്കാനും വലയിടാനുമൊക്കെ ഞാനിപ്പോള്‍ പഠിച്ചു.

തുടക്കത്തില്‍ വള്ളത്തില്‍ നില്‍ക്കേണ്ടതെങ്ങനെയാണെന്നറിയില്ലായിരുന്നു. ഇപ്പോള്‍ കടലില്‍ പോകാന്‍ ലൈസന്‍സ് കിട്ടിയിട്ടുണ്ട്. ഇനി പുതിയൊരു എന്‍ജിന്‍ വാങ്ങണം. പുതിയ രണ്ട് എന്‍ജിനുണ്ടെങ്കില്‍ ആഴക്കടലില്‍ പോയി മീന്‍ പിടിച്ച് സുരക്ഷിതമായി മടങ്ങിയെത്താം.

uploads/news/2019/01/280414/inspiringlifeRekha140119a.jpg
രേഖ ഭര്‍ത്താവിനൊപ്പം

കടലാഴം


വിസ്മയക്കാഴ്ചകളാണ് ആഴക്കടലിലേത്. കടലിന്റെ ഓരോ ഭാഗത്തും ഓരോ നിറങ്ങളാണ്. ചിലയിടത്ത് കരിനീല, മറ്റു ചിലയിടത്ത് പച്ച, ചുവപ്പ് എന്നിങ്ങനെ. പറക്കുന്ന മത്സ്യങ്ങള്‍, തീച്ചൊറി, ആനച്ചൊറി എന്നിങ്ങനെ വ്യത്യസ്തമായ പല തരം കടല്‍ ജീവികളുമുണ്ട്.

ജല്ലിഫിഷ് പോലുള്ള തീച്ചൊറിയും ആനച്ചൊറിയുമൊക്കെ ശരീരത്ത് തൊട്ടാല്‍ പൊള്ളും, ചൊറിഞ്ഞ് തടിക്കും. വിഷമുള്ള കടല്‍പ്പാമ്പുകളും ഇടിയും മിന്നലും മഴയുമൊക്കെ തരണം ചെയ്താണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്.

കാര്‍ത്തികേയന്റെ നല്ലപാതി


തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലാണ് എന്റെ വീട്. കടലിനോട് അടുത്ത പ്രദേശമൊന്നുമല്ല, അമ്മാവന്റെ വീട്ടില്‍ വരുമ്പോഴാണ് ഞാന്‍ കടല്‍ കാണുന്നത്. അവിടെവച്ചാണ് കാര്‍ത്തികേയന്‍ ചേട്ടനെ കാണുന്നതും പ്രണയത്തിലാകുന്നതും. അന്നെനിക്ക് 18 വയസ്. വ്യത്യസ്ത സമുദായക്കാരായതുകൊണ്ട് ഇരു വീട്ടുകാര്‍ക്കും ഞങ്ങളുടെ വിവാഹത്തിന് എതിര്‍പ്പായിരുന്നു.

വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹം കഴിക്കുമ്പോള്‍ സ്വന്തമായൊരു കൂര പോലുമുണ്ടായിരുന്നി ല്ല. വിവാഹശേഷം സ്വന്തമായൊരു വീടെന്നതായി ഞങ്ങളുടെ സ്വപ്നം. മൂന്ന് സെന്റ് സ്ഥലം വാങ്ങി ഒരു കൂര വച്ചു. ചേട്ടന്‍ ചെറിയ വള്ളത്തില്‍ കടലില്‍ പോയി തുടങ്ങി.

അന്നും എനിക്ക് കടലിനെ പേടിയായിരുന്നെങ്കിലും വള്ളത്തില്‍ മീന്‍ അഴിക്കാനും വല നെയ്യാനും പോകുമായിരുന്നു. പിന്നീട് പഴയൊരു ഫൈബര്‍ ബോട്ട് വാങ്ങി. ഫൈബര്‍ ബോട്ടായപ്പോള്‍ ഒരു ദിവസം കടലില്‍പ്പോയാല്‍ അടുത്ത ദിവസം സഹായികളെ കിട്ടാതായി. അങ്ങനെയാണ് ഞാന്‍ കടലില്‍ പോയി തുടങ്ങുന്നത്. ഇപ്പോള്‍ മൂന്നാമതൊരു സഹായി ഇല്ലെങ്കിലും ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് വള്ളം കടലിലിറക്കും.

കടലമ്മ ചതിക്കില്ല


എനിക്ക് കടലമ്മ അമ്മയെ പോലെയാണ്. അമ്മയുടെ അടുത്തുപോകാന്‍ ഞാന്‍ ആരെ പേടിക്കണം. വീട്ടില്‍ വിഷ്ണുമായയുടെ ഒരു പ്രതിഷ്ഠയുണ്ട്. അവിടെ തിരിവച്ച് പ്രാര്‍ത്ഥിച്ചശേഷമേ കടലിലിറങ്ങൂ. വള്ളമിറക്കുന്നതിന് മുമ്പ് കടലമ്മയെ തൊഴുത് വന്ദിക്കും. അത് ആരും പറഞ്ഞുതരേണ്ട കാര്യമില്ല, ശീലങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

ശരീരവും മനസും ശുദ്ധമാണെങ്കില്‍ ഒന്നും പേടിക്കേണ്ടതില്ല. ആര്‍ത്തവ സമയത്ത് കടലില്‍ പോകാറില്ല. ഞങ്ങള്‍ ആര്‍ക്കും ദ്രോഹമൊന്നും ചെയ്യാറില്ല, പിന്നെയെന്തിന് പേടിക്കണം. കാവലായി കടലമ്മയുള്ളിടത്തോളം കടലിനെ പേടിക്കേണ്ടതില്ല.

തെന്നിമാറിയ അപകടങ്ങള്‍


പല അപകടങ്ങളും കണ്‍മുമ്പില്‍ നിന്ന് മാറിപ്പോയിട്ടുണ്ട്. എന്താപത്തില്‍ പെട്ടാലും കടലമ്മ അവിടെനിന്ന് രക്ഷപെടുത്തി കൊണ്ടുവരും എന്നൊരു വിശ്വാസമുണ്ട്. ഒരിക്കല്‍ കടലില്‍ വലയിട്ടിരിക്കുകയായിരുന്നു. ഭര്‍ത്താവും കൂടെയുള്ള സഹായിയും കിടക്കുകയാണ്. ഞാന്‍ അമരത്തും. മിന്നാമിന്നി (സിഗ്നല്‍) ഇട്ടിട്ടുണ്ടായിരുന്നു. ഇടയ്ക്ക് ഞാന്‍ നോക്കുമ്പോള്‍ ഞങ്ങളുടെ ബോട്ടിന് നേരെ മറ്റൊരു ബോട്ട് വരുന്നു.

മീന്‍ തിരിവ് ചോദിക്കാന്‍ ചെറുവഞ്ചിക്കാന്‍ വരുന്നതാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ മിന്നാമിനുങ്ങും കടന്ന് ബോട്ട് മുന്നോട്ട് വന്നപ്പോള്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു. എന്‍ജിന്‍ നിയന്ത്രിച്ചിരുന്ന ആള്‍ ഉറങ്ങിപ്പോയതാണ്. നിലവിളി കേട്ടതും അവര്‍ ബോട്ട് ദിശ മാറ്റി. പക്ഷേ അവരുടെ ബോട്ട് ഞങ്ങളുടെ ബോട്ടിലിടിച്ചു.

uploads/news/2019/01/280414/inspiringlifeRekha140119b.jpg

അന്ന് കടലില്‍ തീരേണ്ടതായിരുന്നു, കടലമ്മ കാത്തതുകൊണ്ട് ജീവന്‍ തിരികെ കിട്ടി. ആഴക്കടലില്‍ മീനുള്ള ഭാഗത്തെത്തിയാല്‍ വലയിട്ടശേഷം എന്‍ജിന്‍ പൊക്കി വയ്ക്കും. ഒരിക്കല്‍ വലയിട്ടശേഷം എന്‍ജിന്‍ പൊക്കിവച്ച് നോക്കുമ്പോള്‍ വള്ളത്തില്‍ പങ്ക ഇല്ലായിരുന്നു.

പിന്നെ അതിലുണ്ടായിരുന്ന മുളയില്‍ തുണി ചുറ്റി വീശിക്കാണിച്ചു. അതുവഴി പോയ മറ്റൊരു വള്ളം അടുത്തെത്തി. അവരോട് കാര്യം പറഞ്ഞപ്പോള്‍ അവരുടെ എന്‍ജിന്‍ എടുത്ത് വള്ളത്തില്‍ വച്ച്, മറ്റേ വള്ളം ഞങ്ങളുടെ വള്ളത്തില്‍ കെട്ടിയിട്ടിട്ടാണ് കരയിലെത്തിയത്. അങ്ങനെ പ്രതീക്ഷിക്കാത്ത പല അപകടങ്ങളും നേരിട്ടിട്ടുണ്ട്.

കുറ്റപ്പെടുത്തലുകള്‍ ശ്രദ്ധിച്ചില്ല


ഞാന്‍ ഹിന്ദി വിദ്വാന് പഠിക്കുന്ന സമയത്തായിരുന്നു വിവാഹം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. വേറെ എന്തെങ്കിലും ജോലി നോക്കാമായിരുന്നില്ലേ എന്ന് പലരും ചോദിച്ചു. ഓ പെണ്ണാണോ കടലില്‍ പോകുന്നതെന്നന്ന പരിഹാസമായിരുന്നു മറ്റു ചിലര്‍ക്ക്. പിന്നെ സി.എം.എഫ്.ആര്‍.ഐയും കേന്ദ്രമന്ത്രിയുമൊക്കെ ആദരവുമായി എത്തിയതോടെയാണ് നാട്ടുകാരും അംഗീകരിച്ചു തുടങ്ങിയത്.

അന്ന് ഞങ്ങളങ്ങനെ പറഞ്ഞതുകൊണ്ട് ഇപ്പോള്‍ നല്ല നിലയില്‍ എത്തിയില്ലേ എന്നാണ് അവരിപ്പോള്‍ ചോദിക്കുന്നത്. കഠിനാധ്വാനവും ഭാഗ്യവുമുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് പുരുഷനൊപ്പം ഏത് മേഖലയിലും ജോലി ചെയ്യാം. പല ഭാഗത്തുനിന്നും കുറ്റപ്പെടുത്തലുകളും പരിഹാസവുമൊക്കെയുണ്ടാകും. അതൊന്നും കാര്യമാക്കേണ്ട.

ദുരിതങ്ങളേറെ


നേരംപുലരും മുമ്പ് തന്നെ പുറംകടലിലെത്തും. പുറംകടലിലെത്തിയാലുടന്‍ കൊടി ഇടും. ചേട്ടനാണ് എന്‍ജിന്‍ നീക്കുന്നതെങ്കില്‍ ഞാന്‍ വലയിടും. ചിലപ്പോള്‍ തിരിച്ചും. വലയിടുന്നത് എളുപ്പമുള്ള കാര്യമല്ല. വലയിലെ ആയിരം കല്ലുകള്‍ സ്ഥാനം തെറ്റാതെയും എന്‍ജിനില്‍ കുടുങ്ങാതെയും ഒന്നിനുപുറകെ ഒന്നായി കടലിലേക്കെറിയണം.

എന്നിട്ട് വല കയറുകൊണ്ട് ബോട്ടില്‍ കെട്ടിയിടും. വലയില്‍ മീന്‍ നിറഞ്ഞാല്‍ തിരിച്ച് പോരും. കടലില്‍ നിന്ന് വല വലിച്ചെടുക്കുമ്പോള്‍ കാറ്റുണ്ടെങ്കില്‍ വലിയ ബുദ്ധിമുട്ടാവും. ചില ദിവസങ്ങളില്‍ വല നിറയെ മീന്‍ കിട്ടും. ചിലപ്പോള്‍ കാര്യമായിട്ടൊന്നും കിട്ടില്ല. ഹാര്‍ബറിലാണ് മീന്‍ വില്‍ക്കുക. ബോട്ടിലിപ്പോഴുമുള്ളത് പഴയൊരു എന്‍ജിനാണ്. പുതിയ എന്‍ജിനുള്ളവര്‍ക്കേ മണ്ണെണ്ണ പെര്‍മിറ്റ് കിട്ടൂ. ഇരട്ടി വിലയ്ക്കാണ് മണ്ണെണ്ണ വാങ്ങുന്നത്.

ശാരീരിക അസ്വസ്തതകളും കുറവല്ല, സ്ത്രീകള്‍ക്ക് മത്സ്യബന്ധനം അത്ര എളുപ്പമല്ല, വള്ളത്തില്‍ പോയി വരുമ്പോള്‍ ശരീരമാകെ വേദനയായിരിക്കും. എങ്കിലും മക്കളുടെ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ അതൊക്കെ മറക്കും. അവരെ നല്ല രീതിയില്‍ പഠിപ്പിക്കണം. അവര്‍ക്കൊരു ജീവിതമുണ്ടാക്കണം.

പ്രതീക്ഷിക്കാതെയെത്തിയ ഓഖി


ദിവസവും കടലിലേക്കിറങ്ങുമ്പോള്‍ പേടിയാണ്. ഓഖി എന്നൊരു വാക്കുപോലും ഞങ്ങള്‍ കേട്ടിട്ടുണ്ടായിരുന്നില്ല. അന്നും കടലിന് പ്രത്യേകിച്ചൊരു മാറ്റവും കണ്ടില്ല. ചേട്ടന്റെ ഒരു സുഹൃത്ത് വിളിച്ച് കടലിലെന്തോ മാറ്റമുണ്ട് സൂക്ഷിക്കണമെന്ന് പറഞ്ഞു. ഞാനായിരുന്നു എന്‍ജിന്‍ ഓടിച്ചത്. കടലിലെത്തിയപ്പോള്‍ വലിയ ഒരു തിരമാല വരുന്നു.
uploads/news/2019/01/280414/inspiringlifeRekha140119c.jpg
രേഖ കുടുംബത്തോടൊപ്പം

ചേട്ടന്‍ വലയിടുകയായിരുന്നു, വലിയ തിരമാല ഉയരുന്നുണ്ടെന്ന് പറഞ്ഞതും ചേട്ടന്‍ എന്‍ജിന്‍ തിരിച്ച് കരയിലേക്ക് വന്നു. വന്നപ്പോള്‍ കടല്‍ കരയിലേക്ക് കയറുകയാണ്. കരയിലെത്തിയപ്പോഴാണ് കൂടുകൃഷിയെക്കുറിച്ചോര്‍ത്തത്. സി.എം.എഫ്. ആര്‍.ഐ നല്‍കിയതാണ് മത്സ്യ കൂട്. വീട്ടില്‍ നിന്ന് കൂടുകൃഷിക്ക് സമീപമെത്തിയപ്പോള്‍ അത് ഒഴുകിപ്പോകാന്‍ തുടങ്ങിയിരുന്നു.

പെട്ടെന്നു ഞങ്ങള്‍ വള്ളമിറക്കി മൂന്ന്, നാല് മണിക്കൂര്‍ കൊണ്ട് കൂട് വലിച്ച് കരയിലേക്ക് കൊണ്ടുവന്നു. മീനുകളൊക്കെ ഒഴുകിപ്പോയിരുന്നു. പ്രളയമുണ്ടായപ്പോഴും ഇവിടെ നാശനഷ്ടമുണ്ടായി. മരക്കമ്പുകള്‍ കൊണ്ട് മത്സ്യക്കൂടിന്റെ വല കീറി രണ്ടു കിലോ തൂക്കമുള്ള കാളാഞ്ചികളൊക്കെ ഒഴുകിപ്പോയി.

കാത്തിരിക്കുന്ന പെണ്‍മക്കള്‍


നാല് പെണ്‍കുട്ടികളാണ് ഞങ്ങള്‍ക്ക്. മൂത്ത മകള്‍ മായ പ്ലസ്ടുവിന് പഠിക്കുന്നു, രണ്ടാമത്തെ മകള്‍ അഞ്ജലി പത്താംക്ലാസിലും മൂന്നാമത്തെ മകള്‍ ദേവപ്രിയ ആറിലും ഇളയ മകള്‍ ലക്ഷ്മിപ്രിയ മൂന്നാംക്ലാസിലും പഠിക്കുന്നു. കടലില്‍ നിന്ന് 50 മീറ്റര്‍ ദൂരമേ വീട്ടിലേക്കുള്ളൂ. ഓഖി വന്ന് കടല്‍ കയറിയും പുലിമുട്ട് നിര്‍മ്മാണവും വന്നപ്പോഴാണ് വീട് കടലിനോട് അടുത്തായത്.

രണ്ട് വര്‍ഷം മുമ്പ് വരെ ഞങ്ങള്‍ കടലില്‍ പോകുമ്പോള്‍ എന്റെ അമ്മ കൂട്ടിനുണ്ടായിരുന്നു. അമ്മ മരിച്ചതോടെ കുട്ടികള്‍ വീട്ടില്‍ തനിച്ചാണ്. കടലില്‍ പോയാലും അവരെയോര്‍ത്ത് പേടിയാണ്. അടച്ചുറപ്പുള്ള വീടൊന്നുമല്ല ഞങ്ങളുടേത്. അമ്മ ഉണ്ടായിരുന്നപ്പോള്‍ ഒരു ആശ്വാസമുണ്ടായിരുന്നു.

കടലിനോട് ഒരു പരിചയവുമില്ലാതിരുന്ന ഞാന്‍ കടലില്‍ പോകുമ്പോള്‍ അമ്മയ്ക്ക് പേടിയായിരുന്നു. ഞങ്ങള്‍ തിരിച്ചെത്തുംവരെ ഉറങ്ങാതെ കാത്തിരിക്കും. കടലമ്മയെ പ്രാര്‍ത്ഥിച്ചേ കടലിലിറങ്ങാവൂ എന്നാണ് മരിക്കുന്നതിന് മുമ്പ് അമ്മ പറഞ്ഞത്. അമ്മയുടെ പ്രാര്‍ത്ഥന എന്നും കൂടെയുണ്ടാകും.

അശ്വതി അശോക്

Ads by Google
Monday 14 Jan 2019 11.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW