മറ്റൊരാളുപയോഗിച്ച സാരിയുടുത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കലക്ടര്‍ വസുകിക്ക് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു കിട്ടിയത്. വര്‍ക്കലയില്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീന്‍പ്രൊട്ടോക്കോളിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് കലക്ടര്‍ വാസുകി ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇത്തരം വസ്ത്രങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
ആ സാരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. വര്‍ക്കല മുനിസിപ്പാലിറ്റിയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയില്‍ നിന്ന് വാങ്ങിയ സാരിയാണ് വസ്ത്രങ്ങളുടെ പുനരുപയോഗം എന്ന സന്ദേശം നല്‍കുന്നതിനായി കലക്ടര്‍ ധരിച്ചത്. 50 രൂപ വിലയ്ക്കാണ് കലക്ടര്‍ ആ സാരി അവിടെ നിന്ന് വാങ്ങിയത്. സാരി ഉടുത്തതിനു ശേഷം അന്ന് കലക്ടര്‍ പറഞ്ഞത് ഇങ്ങനെയാണ്; '' മറ്റുള്ളവര്‍ ഉപയോഗിച്ച സാരി ഉപയോഗിക്കുന്നതില്‍ തനിക്ക് അപമാനമൊന്നും തോന്നുന്നില്ല. പഴയത് ഫാഷനബിള്‍ ആണ്. ഞാനുടുത്തിരിക്കുന്ന ഈ സാരിക്ക് നല്ല ലൈഫുണ്ട്. പെട്ടെന്നൊന്നും ഇത് മോശമാകില്ല. ഒരു 15 വര്‍ഷമെങ്കിലും ഈ സാരി എന്നോടൊപ്പമുണ്ടാകും.''. സാരി ലഭിച്ചപ്പോഴേ ഈ സാരി ഉടുക്കുമെന്ന് താന്‍ പറഞ്ഞിരുന്നതായും കലക്ടര്‍ പറയുന്നു. മറ്റുള്ളവര്‍ ഉടുത്ത സാരി ഞാന്‍ ഉടുക്കുന്നതില്‍ എനിക്ക് വിഷമമൊന്നുമില്ല, സങ്കോചവുമില്ല. മറ്റുള്ളവര്‍ ഉപേക്ഷിച്ചതാണെങ്കിലും അത് എത്രത്തോളം ഉപയോഗിക്കാമോ അത്രയും കാലം ഞാന്‍ ഉപയോഗിക്കുകതന്നെ ചെയ്യുമെന്നും കളക്ടര്‍ തുറന്ന് പറഞ്ഞിരുന്നു.
ഓള്‍ഡ് ഈസ് ഫാഷനബിള്‍ എന്ന് ഡോ. കെ.വാസുകി പറഞ്ഞപ്പോള്‍ രണ്ടു രീതിയിലുള്ള പ്രതികരണമുണ്ടായിരുന്നു. ചിലര്‍ ഇതിനെ പ്രോത്സാഹിപ്പിച്ചപ്പോള്‍ മറ്റുചിലര്‍ വിമര്‍ശിച്ചു. മാറിയുടുക്കാന്‍ പുതിയതല്ല, പഴയതു കിട്ടിയാലും ആര്‍ഭാടമാകുന്ന കയ്പുള്ള കാലമാണ് പലരും ഓര്‍ത്തെടുത്തത്. യൂണിഫോം അല്ലാതെ കളര്‍ ഡ്രസ് അനുവദിക്കുന്ന ദിവസങ്ങളില്‍ സ്കൂളില്‍ പോകാന്‍ മടിച്ചത്, ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് അമ്മ കൊണ്ടുവരുന്ന പഴയ വസ്ത്രങ്ങള്‍ മാത്രം മാറിമാറി ധരിച്ചത്, അതിന്റെ പേരില്‍ പലയിടത്തും മാറ്റിനിര്‍ത്തപ്പെട്ടു, എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും വന്നു.