Wednesday, June 26, 2019 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.38 AM

കടല്‍ വിഴുങ്ങുന്ന ആലപ്പാടിന്‌ അതിജീവനത്തിനായുള്ള പോരാട്ടം

uploads/news/2019/01/279519/2.jpg

ഉരുക്കുകൈകള്‍ കാര്‍ന്നെടുക്കുന്ന കരിമണലിനൊപ്പം കടലിലേക്ക്‌ ഊര്‍ന്നിറങ്ങുന്ന ആലപ്പാട്‌ പഞ്ചായത്തില്‍നിന്ന്‌ അതിജീവത്തിനായുള്ള മുറവിളിയുയരുന്നു. അറബിക്കടലിനും കായംകുളം കായലിനും (ടി.എസ്‌. കനാല്‍) മധ്യേ ശരാശരി 100 മീറ്റര്‍ വീതിയിലേക്കു ചുരുങ്ങിയ ഈ തീരഭൂമിയില്‍ കാല്‍ലക്ഷം പേരാണ്‌ പിറന്ന മണ്ണ്‌ സംരക്ഷിക്കാനായി പോരാടുന്നത്‌.
"കരിമണല്‍ ഖനനം അവസാനിപ്പിക്കുക ആലപ്പാടിനെ രക്ഷിക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തി ചെറിയഴീക്കല്‍ ക്ഷേത്രത്തിനു സമീപം സമരമാരംഭിച്ചിട്ട്‌ ഇന്ന്‌ 72 ദിവസം പിന്നിടുന്നു. അധികൃതര്‍ ഈ വിലാപം കേട്ടതായി നടിക്കുന്നില്ല.
ഒടുവില്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ ചെറിയഴീക്കല്‍ മുതല്‍ കരുനാഗപ്പള്ളിവരെ നാലു കി.മീ. നീളത്തില്‍ 16-ന്‌ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഒരുങ്ങുകയാണ്‌ നാട്ടുകാര്‍. ജനകീയ പ്രക്ഷോഭം ശക്‌തമായിട്ടും കരിമണല്‍ ഖനനത്തിനു ചുക്കാന്‍ പിടിക്കുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ്‌ ലിമിറ്റഡ്‌ അധികൃതര്‍ക്ക്‌ കുലുക്കമില്ല.
അടുത്ത ഒരു വര്‍ഷത്തേക്കു പരമാവധി മണല്‍ ഖനനം ചെയ്യാന്‍ കോപ്പുകൂട്ടുന്ന ഈ പൊതുമേഖലാ സ്‌ഥാപനം ആവശ്യപ്പെടുന്നത്‌ ഭൂമി അവര്‍ക്കു നല്‍കിയിട്ട്‌ നാടുവിടുക എന്നാണെന്ന്‌ സമരക്കാര്‍ ആരോപിക്കുന്നു.
2004 ഡിസംബര്‍ 26-ന്‌ സുനാമി ആഞ്ഞടിച്ചപ്പോള്‍ 129 പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ട മണ്ണാണിത്‌. 60 വര്‍ഷം മുമ്പ്‌ മൂന്നു കിലോമീറ്ററിലധികം വീതിയുണ്ടായിരുന്ന ഇവിടെ ഇപ്പോഴുള്ള ശരാശരി വീതി 95 മീറ്ററാണെന്നു പഞ്ചായത്ത്‌ അധികൃതര്‍ നിയമസഭാ അന്വേഷക സമിതിക്കു സമര്‍പ്പിച്ച റിപ്പോട്ടില്‍ പറയുന്നു.
വെള്ളനാതുരുത്തിലെ സമരപ്പന്തലിനു സമീപമെത്തിയാല്‍ കടലിനും കായലിനും മധ്യേ ഭൂമിയുടെ വീതി കേവലം 20 മീറ്ററായി ചുരുങ്ങുന്നതു കാണാം. കടല്‍ത്തിര കരകവിഞ്ഞ്‌ കായലില്‍ പതിക്കുന്നതു കണ്ടാല്‍ ആരും നെഞ്ചില്‍ കൈവച്ചുപോകും. 1955 -ല്‍ ലിത്തോ മാപ്പ്‌ പ്രകാരം 89.5 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട്‌ പഞ്ചായത്തിന്‌ ഇന്ന്‌ കേവലം 7.9 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണു വിസ്‌തൃതി.
1930-കളില്‍ ബ്രിട്ടീഷുകാരാണ്‌ ഈ പ്രദേശങ്ങളിലെ തീരങ്ങളില്‍ ഖനനം തുടങ്ങിയത്‌. ഇല്‍മനൈറ്റ്‌, സിലിക്കോണ്‍, റൂട്ടൈല്‍, ഗാര്‍നെറ്റ്‌, മോണോസൈറ്റ്‌,സിലിക്കഎന്നീ ധാതുക്കളുടെ നിക്ഷേപത്തിലായിരുന്നു വെള്ളക്കാരുടെ കണ്ണ്‌. മണ്ണില്‍ കോടികള്‍ വിലമതിക്കുന്ന ധാതുനിക്ഷേപം കണ്ടതോടെ പല സ്വകാര്യ കമ്പനികളും ഇവിടേക്കു ചേക്കേറി. ഇപ്പോള്‍ പൊതുമേഖലാ സ്‌ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ ഏര്‍ത്‌സ്‌ ലിമിറ്റഡ്‌ (ഐ.ആര്‍.ഇ.എല്‍), കേരളാ മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡ്‌ (കെ.എം.എം.എല്‍) എന്നിവരുടെ നേതൃത്വത്തിലാണു ഖനനം നടക്കുന്നത്‌.
കരിമണല്‍ കടത്തിനെതിരായി പ്രക്ഷോഭമുണ്ടായ പല വേളകളിലും പോലീസ്‌ സംവിധാനങ്ങളും ഭരണകൂടങ്ങളും കരിമണല്‍ ഖനനത്തിന്‌ അനുകൂല നിലപാടാണ്‌ സ്വീകരിച്ചതെന്ന്‌ സമരക്കാര്‍ പറയുന്നു. ഐ.ആര്‍.ഇ.എല്‍. പൊതുമേഖലാ സ്‌ഥാപനമാണെങ്കിലും അവര്‍ ഖനനം ചെയ്യുന്ന മണല്‍ ചെല്ലുന്നതു വിദേശ -സ്വദേശ സ്വകാര്യ കുത്തകകളിലേക്കാണെന്നതിനു നാട്ടുകാര്‍ തെളിവു നിരത്തുന്നു.
പൊതുമേഖലയുടെ പേരില്‍ തീരത്തുനിന്നു മണല്‍ ഖനനം നടത്തി ധാതുസമ്പത്ത്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ എത്തിച്ചുകൊടുക്കുന്നതും വെള്ളമണല്‍ മറിച്ചു വില്‍ക്കുന്നതും ഐ.ആര്‍.ഇ.എല്ലാണെന്ന്‌ അവര്‍ സമര്‍ഥിക്കുന്നു.
കരയില്‍ തീര്‍ക്കുന്ന കുഴിയിലേക്കു കടല്‍ കൊണ്ടുവന്നു നിക്ഷേപിക്കുന്ന മണല്‍ കൊണ്ടുപോകുന്നതാണ്‌ ഐ.ആര്‍.ഇ.എല്ലിന്റെ ഖനന രീതി. മറ്റു തീരങ്ങളില്‍നിന്ന്‌ ഒലിച്ചുവരുന്ന മണലാണ്‌ കമ്പനി കോരിയെടുക്കുന്നത്‌.
കടല്‍ മണല്‍ നിക്ഷപിക്കുകയും തിരികെ കൊണ്ടുപോകുകയും ചെയ്യുന്നതിനു സ്വാഭാവികതയുണ്ട്‌. എന്നാല്‍ ഇതു കോരിക്കൊണ്ടു പോകുന്നതു തീരങ്ങളുടെ സന്തുലിനാവസ്‌ഥയെ ബാധിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ മണല്‍ എടുക്കുന്നത്‌ ശാസ്‌ത്രീയമാണെന്നും. കടലില്‍നിന്നു കോരുന്നതിനെ മാത്രമാണ്‌ സീ വാഷിങ്‌ എന്ന്‌ വിളിക്കുന്നതെന്നുമാണ്‌ കമ്പനിയുടെ വാദം.
കരയില്‍നിന്നു കവരുന്ന മണല്‍ ഊറ്റി ധാതുക്കള്‍ വേര്‍തിരിച്ചെടുത്ത ശേഷം കുഴി നികത്തുന്നതാണ്‌ ശാസ്‌ത്രീയ ഖനനം. ഇപ്പോള്‍ ആലപ്പാട്‌ തീരങ്ങളില്‍ ഇതല്ല നടക്കുന്നതെന്ന്‌ സേവ്‌ ആലപ്പാട്‌ പ്രവര്‍ത്തകര്‍ ആരോപിക്കുമ്പോഴും ഇവിടെ നടക്കുന്നത്‌ ശാസ്‌ത്രീയ ഖനനമാണെന്നും സീ വാഷിങ്‌ ചെറിയ തോതിലേയുള്ളൂ എന്നുമാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെലീന പറയുന്നത്‌.
പൊതുമേഖലാ സ്‌ഥാപനമായ ഐ.ആര്‍.ഇ.എല്ലിനെ തടയാന്‍ പഞ്ചായത്തിന്‌ അധികാരമില്ല. കരയുടെ വിസ്‌തൃതി കുറയുന്നതു സ്വാഭാവിക പ്രതിഭാസമാണ്‌. കേരളത്തില്‍ അങ്ങോളമിങ്ങോളം തീരദേശം കടലെടുക്കാറുണ്ടെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചൂണ്ടിക്കാട്ടുന്നു.
ഖനനം നിര്‍ത്താനാവശ്യപ്പെട്ട്‌ പല തവണ നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ഖനനം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട്‌ ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പഞ്ചായത്തിനെ സ്വാധീനിച്ച്‌ കമ്പനികള്‍ ഖനനം തുടരുകയാണെന്ന്‌ സേവ്‌ ആലപ്പാട്‌ എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Friday 11 Jan 2019 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW