Wednesday, June 26, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.35 AM

ലക്ഷം ലൈക്ക്‌, 50 ലക്ഷം രൂപയായി; ഉനൈറിന്‌ ഇനി പപ്പടം വില്‍ക്കേണ്ട

uploads/news/2019/01/279516/10.jpg

മലപ്പുറം: കണ്ണുകളില്‍ ഇരുളുകയറി, ഊന്നുവടിയുടെ സഹായത്തോടെ പപ്പടം വിറ്റുനടന്ന ഉനൈറിനെ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പലതുള്ളി പെരുവെള്ളമായി പ്രവഹിച്ചത്‌ അരക്കോടി രൂപ. 16-ാം വയസിലുണ്ടായ ബൈക്കപകടത്തില്‍ കൈകാലുകള്‍ക്കു ബലക്ഷയം സംഭവിച്ച എടക്കര കരുനെച്ചിയിലെ നെച്ചിക്കാടന്‍ ഉനൈര്‍ (40), ഒരു കൈയില്‍ ഊന്നുവടിയും മറുകൈയില്‍ പപ്പടക്കെട്ടുമായി നിത്യേന 10 കിലോമീറ്ററോളം നടന്നാണു പപ്പടം വിറ്റിരുന്നത്‌.
ശാരീരിക അവശതകള്‍ക്കിടയിലും കുടുംബം പോറ്റാന്‍ കഷ്‌ടപ്പെടുന്ന ഉനൈറിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണു സഹായങ്ങള്‍ എത്തിത്തുടങ്ങിയത്‌. ദിവസങ്ങള്‍ക്കുള്ളില്‍ ഫെയ്‌സ്‌ബുക്കില്‍ മാത്രം ഒരുലക്ഷം പേര്‍ വീഡിയോ കണ്ടു. അറുപതിനായിരത്തോളം പേര്‍ ഷെയര്‍ ചെയ്‌തു. വിഡിയോദൃശ്യത്തില്‍ ചേര്‍ത്തിരുന്ന ബാങ്ക്‌ അക്കൗണ്ടിലേക്കുള്ള സഹായപ്രവാഹം ഏതാനും ദിവസങ്ങള്‍കൊണ്ട്‌ അരക്കോടി കടക്കുകയായിരുന്നു.
50 ശതമാനത്തില്‍ താഴെ മാത്രം കാഴ്‌ചശക്‌തിയുള്ള ഉനൈറിന്റെ പപ്പടവില്‍പ്പന സുശാന്ത്‌ നിലമ്പൂരെന്ന ജീവകാരുണ്യപ്രവര്‍ത്തകനാണു യാത്രയ്‌ക്കിടെ പകര്‍ത്തി പ്രചരിപ്പിച്ചത്‌.
മാതാവും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയമാണ്‌ ഉനൈര്‍. ഒന്‍പതുമാസം മുമ്പ്‌ പിതാവ്‌ അബ്‌ദുള്ള മരിച്ചു. രാവിലെ ചുങ്കത്തറയില്‍ പോയി പപ്പടം വാങ്ങി, ഉള്‍പ്രദേശങ്ങളില്‍ നടന്നുവില്‍ക്കുകയായിരുന്നു പതിവ്‌. കിട്ടിയിരുന്നതാകട്ടെ 250-300 രൂപ മാത്രം. സമീപവീടുകളില്‍ ജോലിക്കുപോയി, ഉനൈറിനു ചെറിയ കൈത്താങ്ങായിരുന്ന ഉമ്മ ഫാത്തിമയ്‌ക്ക്‌ ഇതിനിടെ രക്‌താര്‍ബുദം ബാധിച്ചു. മൂന്നുമാസമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലാണ്‌. സന്മനസുള്ളവര്‍ നല്‍കിയ പണം കൊണ്ട്‌ ഉമ്മയുടെ രോഗം ഭേദമാക്കണമെന്നാണ്‌ ഉനൈറിന്റെ ആദ്യത്തെ ആഗ്രഹം. വീടിനടുത്ത്‌ ഒരു പെട്ടിക്കട നടത്തണമെങ്കില്‍പോലും സഹായത്തിന്‌ ഉമ്മ വേണം. അഞ്ചു സെന്റിലെ പഴയ ഓടിട്ട വീട്‌ അറ്റകുറ്റപ്പണി നടത്തണം. കൊച്ചുകൊച്ച്‌ ആഗ്രഹങ്ങളുണ്ടെങ്കിലും കുറച്ചു തുക തന്നെക്കാള്‍ കഷ്‌ടപ്പെടുന്ന പാവപ്പെട്ട രോഗികള്‍ക്കു നല്‍കണമെന്നു പറയുമ്പോള്‍ ഉനൈര്‍ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയാകുന്നു.
മറ്റുള്ളവരോടു സഹായം അഭ്യര്‍ഥിച്ചുകൂടേ എന്ന ചോദ്യത്തിന്‌, വീഡിയോയില്‍ ഉനൈര്‍ നല്‍കിയ മറുപടി ഇതായിരുന്നു: "പടച്ചോന്‍ നമുക്കു കൈയും കാലുമൊക്കെ തന്നില്ലേ?, പിന്നെങ്ങനെയാണു മറ്റൊരു മനുഷ്യനോടു ചോദിക്കുന്നത്‌. അതു രണ്ടാം നമ്പറല്ലേ. എന്റെ കൈയും കാലും കൊണ്ട്‌ ഞാന്‍ അധ്വാനിച്ച്‌ ജീവിക്കും"- ഉനൈറിന്റെ ഈ മറുപടിക്കാണു ലക്ഷം പേര്‍ ലൈക്കടിച്ചത്‌. സഹായിച്ചവരോട്‌ ഏറെ നന്ദിയുണ്ടെന്നും അവര്‍ക്കായി പ്രാര്‍ഥിക്കാന്‍ മാത്രമേ തനിക്കാകൂ എന്നും ഉനൈര്‍ പ്രതികരിച്ചു.

Ads by Google
Friday 11 Jan 2019 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW