Monday, March 04, 2019 Last Updated 9 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.30 AM

അയോധ്യക്കേസ്‌: ജസ്‌റ്റിസ്‌ ലളിത്‌ പിന്മാറി

uploads/news/2019/01/279487/2.jpg

ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്കക്കേസ്‌ കേള്‍ക്കാനായി നിശ്‌ചയിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍നിന്ന്‌ ജസ്‌്റ്റിസ്‌ യു.യു. ലളിത്‌ പിന്മാറി. ബാബ്‌റി മസ്‌ജിദ്‌ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ വിഷയത്തില്‍ അദ്ദേഹം നേരത്തേ യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ അഭിഭാഷകനായിരുന്നെന്നു സുന്നി വഖഫ്‌ ബോര്‍ഡിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ്‌ ധവാന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണു തീരുമാനം.
അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി നിര്‍മോഹി അഖാര, സുന്നി വഖഫ്‌ ബോര്‍ഡ്‌, രാംലല്ല എന്നിവര്‍ക്കു തുല്യമായി വിഭജിക്കാനുള്ള അലാഹാബാദ്‌ ഹൈക്കോടതിവിധിക്കെതിരേയുള്ള 14 അപ്പീലുകളാണു സുപ്രീം കോടതിയിലുള്ളത്‌. ഇവയില്‍ വാദത്തിനുള്ള തീയതിയും സമയക്രമവും നിശ്‌ചയിക്കാനായാണ്‌ ഇന്നലെ ഭരണഘടനാ ബെഞ്ച്‌ ചേര്‍ന്നത്‌. ജസ്‌റ്റിസ്‌ ലളിത്‌ കേസ്‌ കേള്‍ക്കുന്നതിനോടു വിയോജിപ്പില്ലെന്നും അദ്ദേഹം സ്വയം തീരുമാനമെടുക്കട്ടെ എന്നും രാജീവ്‌ ധവാന്‍ അറിയിച്ചതോടെ ജഡ്‌ജിമാര്‍ പരസ്‌പരം കൂടിയാലോചന നടത്തി. തുടര്‍ന്ന്‌, താന്‍ പിന്മാറുകയാണെന്നു ജസ്‌റ്റിസ്‌ ലളിത്‌ അറിയിച്ചു.
വാദത്തിനുള്ള തീയതിയും സമയക്രമവും നിശ്‌ചയിക്കാനായി ഭരണഘടനാ ബെഞ്ച്‌ ഇനി 29-നു ചേരും. അപ്പോഴേക്കും ജസ്‌റ്റിസ്‌ ലളിതിന്റെ സ്‌ഥാനത്തു മറ്റൊരു ജഡ്‌ജിയെ തീരുമാനിച്ച്‌ ബെഞ്ച്‌ ചീഫ്‌ ജസ്‌റ്റിസ്‌ പുനഃസംഘടിപ്പിക്കും. കല്യാണ്‍ സിങ്ങിന്റെ കേസിനു ഭൂമി ഉടമാവകാശക്കേസിന്റെ ന്യായാന്യായങ്ങളുമായി നേരിട്ടു ബന്ധമില്ലെങ്കിലും താന്‍ കേസ്‌ കേള്‍ക്കുന്നത്‌ ഉചിതമല്ലെന്നു ജസ്‌റ്റിസ്‌ ലളിത്‌ നിലപാടെടുത്തതായി ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ വിശദീകരിച്ചു.
ചീഫ്‌ ജസ്‌റ്റിസ്‌ ഗൊഗോയ്‌, ജസ്‌റ്റിസുമാരായ എസ്‌.എ. ബോബ്‌ഡെ, എന്‍.വി. രമണ, ഡി.വൈ ചന്ദ്രചൂഡ്‌ എന്നിവരാണു ബെഞ്ചിലെ മറ്റംഗങ്ങള്‍. കേസുമായി ബന്ധപ്പെട്ട്‌ അറബി, സംസ്‌കൃതം, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളിലുള്ള രേഖളുടെ ഇംഗ്ലീഷ്‌ പരിഭാഷ തയാറാക്കാന്‍ കോടതി നിര്‍ദേശിച്ചു.
മസ്‌ജിദിലെ നമസ്‌കാരം ഇസ്ലാമിന്റെ അനിവാര്യ ഘടകമല്ലെന്ന ഇസ്‌മയില്‍ ഫറൂഖി കേസ്‌ വിധിയില്‍ അഞ്ചംഗ ബെഞ്ചിന്റെ പരാമര്‍ശം ഈ കേസിനെ ബാധിച്ചേക്കാമെന്നതിനാല്‍ അക്കാര്യം വിപുലമായ ബെഞ്ചിനു വിടണമെന്ന രാജീവ്‌ ധവാന്റെ ആവശ്യം നേരത്തേ മൂന്നംഗ ബെഞ്ച്‌ നിരസിച്ചിരുന്നു. ഭൂമിതര്‍ക്കക്കേസ്‌ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടതു നടപടിക്രമം പാലിച്ചല്ലെന്നു ധവാന്‍ ഇന്നലെ ചൂണ്ടിക്കാട്ടി.

Ads by Google
Friday 11 Jan 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW