Friday, January 11, 2019 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.21 AM

രഞ്‌ജിയില്‍ കേരളം ഹിമാലയം കടന്നു

uploads/news/2019/01/279465/2.jpg

നദൗന്‍: ഹിമാചല്‍ പ്രദേശിനെതിരേ തകര്‍പ്പന്‍ ജയവുമായി കേരളം രഞ്‌ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എലൈറ്റ്‌ ബി ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ കേരളം അഞ്ചു വിക്കറ്റിനാണു ജയിച്ചത്‌. തുടര്‍ച്ചയായി രണ്ടാം തവണയാണു കേരളം രഞ്‌ജി ക്വാര്‍ട്ടറില്‍ കളിക്കുന്നത്‌. സ്‌കോര്‍: ഹിമാചല്‍ പ്രദേശ്‌ ഒന്നാം ഇന്നിങ്‌സ് 297, രണ്ടാം ഇന്നിങ്‌സ് എട്ടിന്‌ 285 ഡിക്ലയേഡ്‌. കേരളം ഒന്നാം ഇന്നിങ്‌സ് 286, രണ്ടാം ഇന്നിങ്‌സ് അഞ്ചിന്‌ 299.
297 റണ്ണിന്റെ ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തെ ഓപ്പണര്‍ വിനൂപ്‌ മനോഹരന്‍ (143 പന്തില്‍ 96), നായകന്‍ സച്ചിന്‍ ബേബി (134 പന്തില്‍ 92), സഞ്‌ജു സാംസണ്‍ (53 പന്തില്‍ രണ്ട്‌ സിക്‌സറുകളും അഞ്ച്‌ ഫോറുമടക്കം പുറത്താകാതെ 61) എന്നിവര്‍ കരയ്‌ക്കെത്തിച്ചു. അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ കേരളത്തിനു ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകുമായിരുന്നില്ല. രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള ഹിമാചലിന്റെ അതിബുദ്ധിയും കേരളത്തെ തുണച്ചു. കേരളം എട്ടു കളികളില്‍നിന്ന്‌ 26 പോയിന്റുമായി ബി ഗ്രൂപ്പില്‍ ഒന്നാമതെത്തി.
സീസണില്‍ നാല്‌ ജയവും മൂന്ന്‌ തോല്‍വിയും ഒരു സമനിലയുമാണ്‌ കേരളത്തിന്റെ അക്കൗണ്ടില്‍. കേരളം ഒന്നാം ഇന്നിങ്‌സ് ലീഡ്‌ നേടാനുള്ള അവസരം നഷ്‌ടപ്പെടുത്തി. ആറിന്‌ 268 റണ്ണെന്ന നിലയില്‍നിന്ന്‌ കേരളം 286 ഓള്‍ഔട്ടായിരുന്നു. 18 റണ്ണെടുക്കുന്നതിനിടെ അവര്‍ അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തി. 11 റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായാണു ഹിമാചല്‍ രണ്ടാം ഇന്നിങ്‌സിന്‌ ഇറങ്ങിയത്‌.
ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള അതിബുദ്ധിയാണു കേരളത്തിനു ജയിക്കാനുള്ള അവസരം നല്‍കിയത്‌. കൂടാതെ ബാറ്റിങ്ങ്‌ ലൈനപ്പില്‍ കാര്യമായ അഴിച്ചുപണി നടത്തിയതും അനുകൂലമായി. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ പി.രാഹുലിനൊപ്പം ഓള്‍റൗണ്ടര്‍ വിനൂപ്‌ മനോഹരന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തു. മൂന്നാമനായി സിജോമോന്‍ ജോസഫിനെ (23) ഇറക്കിയതും വിജയിച്ചു.
രാഹുല്‍ 14 റണ്ണിനു പുറത്തായതോടെ ഒത്തുചേര്‍ന്ന വിനൂപ്‌-സിജോ സഖ്യം 16.1 ഓവറില്‍ ഇരുവരും 73 റണ്‍ ചേര്‍ന്ന്‌ കൂട്ടിച്ചേര്‍ത്തു. സിജോമോന്‍ പുറത്തായതോടെ നായകന്‍ സച്ചിന്‍ ബേബി ക്രീസിലെത്തി. 101 റണ്‍ കൂട്ടുകെട്ടുമായി സച്ചിനും വിനൂപും മുന്നേറി. സെഞ്ചുറിക്ക്‌ നാല്‌ റണ്‍ അകലെ വിനൂപ്‌ പുറത്തായി. ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുമ്പോഴേയ്‌ക്കും മുഹമ്മദ്‌ അസ്‌ഹറുദ്ദീനും (0) മടങ്ങി. സഞ്‌ജു സാംസണ്‍ ക്രീസിലെത്തിയതോടെ കേരളത്തിനു വീണ്ടും പ്രതീക്ഷയായി. അഞ്ചാം വിക്കറ്റില്‍ സച്ചിനും സഞ്‌ജുവും ചേര്‍ന്ന്‌ 88 റണ്‍ കൂട്ടിച്ചേര്‍ത്തു. ജയത്തിന്‌ തൊട്ടരികെ സച്ചിന്‍ പുറത്തായി. കൂട്ടായെത്തിയ വിഷ്‌ണു വിനോദിനെ (0) കാവല്‍ക്കാരനാക്കി സഞ്‌ജു കേരളത്തെ ലക്ഷ്യത്തിലെത്തിച്ചു.

Ads by Google
Friday 11 Jan 2019 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW