Thursday, January 10, 2019 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 03.25 PM

World Wide Dishes...

uploads/news/2019/01/279423/mdmcokry100119.jpg

''ഓരോ രാജ്യങ്ങളില്‍ ഓരോ സംസ്‌കാരമാണ്. ആഘോഷങ്ങളും അതുപോലെതന്നെ. ആറ് രാജ്യങ്ങളില്‍ ആഘോഷങ്ങളില്‍ വിളമ്പുന്ന വിഭവങ്ങളെ പരിചയപ്പെടാം...''

ഗോള്‍ഡണ്‍ ക്രിസ്മസ് റോസ്റ്റ് ഡക്ക് (ജര്‍മനി)

ആവശ്യമുളള സാധനങ്ങള്‍
താറാവ് - 1 1/2 കിലോ
നാരങ്ങ - ഒരെണ്ണം വലുത് (തൊലി ഗ്രേറ്റ് ചെയ്‌തെടുക്കുക, നീര് പിഴിഞ്ഞ് വയ്ക്കുക. )
ചൈനീസ് ഫൈവ് സ്പൈസ് പൗഡര്‍ - (കറുവാപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം, തക്കോലം, കുരുമുളക് ഇവ ഒരു ടീസ്പൂണ്‍ വീതം ഒന്നിച്ച് പൊടിച്ചത്)
ഒലിവ് ഓയില്‍ - 4 ടേബിള്‍ സ്പൂണ്‍
തേന്‍ - 2 ടേബിള്‍ സ്പൂണ്‍
തൈം - 2 ടീസ്പൂണ്‍
പച്ചക്കറി അരിഞ്ഞത് - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
പാഴ്സ്‌ലി ഇല - ഒരു പിടി
പച്ചക്കറി അരിഞ്ഞത് - ഒരു കപ്പ്

തയാറാക്കുന്ന വിധം


ഓവന്‍ 150 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക.
താറാവ് വൃത്തിയാക്കി അതിന്റെ വയറിന്റെ ഭാഗം കത്തികൊണ്ട് വരഞ്ഞ് ഉള്‍വശം വൃത്തിയാക്കി കഴുകിയെടുക്കുക. താറാവിന്റെ നെഞ്ചിന്റെയും കാലിന്റെയും ഭാഗങ്ങളും കത്തികൊണ്ട് വരയണം.ഒരു ബൗളില്‍ നാരങ്ങയുടെ നീര് പിഴിഞ്ഞതും പാകത്തിന് ഉപ്പും ചെനീസ് ഫൈവ് സ്പൈസ് പൗഡറും ചേര്‍ത്തിളക്കുക. ഇത് വരഞ്ഞുവച്ച താറാവിന്റെ പുറത്തും അകത്തും തേച്ചുപിടിപ്പിക്കുക.

പാഴ്സ്‌ലി ഇല, തൈം, നാരങ്ങാത്തൊലി ചീകിയത്, പച്ചക്കറികള്‍ അരിഞ്ഞത്, പാകത്തിന് ഉപ്പ് ഇവ ഒരുമിച്ച് മിക്‌സ് ചെയ്ത് താറാവിന്റെ ഉള്ളില്‍ നിറച്ച് വയര്‍ തുന്നിക്കെട്ടി അര മണിക്കൂര്‍ ഉപ്പും പുളിയും പിടിക്കാനായി ഫ്രിഡ്ജില്‍ വയ്ക്കുക. ശേഷം ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍വച്ച് ചൂടാക്കി കുറച്ച് ഒലിവ് ഓയില്‍ ഒഴിച്ച് താറാവ് മറിച്ചും തിരിച്ചുമിട്ട് ബ്രൗണ്‍ നിറത്തില്‍ മൊരിച്ചെടുക്കുക. തേനും തൈമും ഒരുമിച്ചിളക്കി താറാവിനുമുകളില്‍ പുരട്ടി ഒരു ഫോയില്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് ഓവനില്‍ വച്ച് വേവിച്ചെടുക്കാം.

(സെന്റ് നിക്കോളാസിനെയാണല്ലോ സാന്താക്ലോസെന്ന് പറയുന്നത്. അതുകൊണ്ട് സാന്താക്ലോസിന്റെ ദിനമായ ഡിസംബര്‍ ആറിനാണ് ജര്‍മനിയില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ തുടക്കം. കുട്ടികള്‍ വീടിന്റെ പ്രധാന വാതിലിന് പുറത്ത് ഷൂവോ ചെരുപ്പോ വയ്ക്കും, കുട്ടികള്‍ ഉണ്ടെന്നറിഞ്ഞാല്‍ ക്രിസ്മസ് അപ്പൂപ്പന്‍ അവര്‍ക്ക് സമ്മാനം നല്‍കാന്‍ വരുമെന്ന വിശ്വാസത്തോടെ.

സെന്റ് മാര്‍ട്ടിന്‍സ് ഡേയുമായി ബന്ധപ്പെട്ടാണ് ഇവിടുത്തുകാര്‍ ഗൂസ് എന്ന വിഭവം തയാറാക്കുന്നത്. പിന്നീടീ വിഭവം ക്രിസ്മസ് ആഘോഷങ്ങളിലേക്കും കടന്നുവന്നു. നമ്മുടെ നാട്ടില്‍ ഗൂസ് ലഭ്യമല്ലാത്തതുകൊണ്ടാണ് ഈ വിഭവം താറാവ് ഉപയോഗിച്ച് തയാറാക്കുന്നത്). ആപ്പിള്‍, ചെസ്നട്ട്, സവാള, പ്ലം, കറിവേപ്പില ഇവയൊക്കെ ഗൂസിനുള്ളില്‍ നിറയ്ക്കാം.

ബാക്കലാവോ (മെക്‌സിക്ക)


ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കമീന്‍ - ഒരു കപ്പ്
പച്ചമുളക് - ഒരെണ്ണം
തക്കാളി - 2 എണ്ണം
ഒലിവ് ഓയില്‍ - 1/2 കപ്പ്
സവാള അരിഞ്ഞത് - ഒരെണ്ണം
വെളുത്തുള്ളി അരിഞ്ഞത് - 3 അല്ലി
ബേലീഫ് - ഒരെണ്ണം
കറുവാപ്പട്ടപ്പൊടി - ഒരു നുള്ള്
കുരുമുളകുപൊടി - ഒരു നുള്ള്
മുളകുപൊടി - 200 ഗ്രാം
ബദാം അരിഞ്ഞത് - 1/2 കപ്പ്
ഉണക്കമുന്തിരി - 1/4 കപ്പ്
ക്യാപ്സിക്കം അരിഞ്ഞത് - 1/2 കപ്പ്
പാഴ്സ്‌ലി ഇല അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
ഉരുളക്കിഴങ്ങ് - 2 എണ്ണം (വേവിച്ച് തൊലി കളഞ്ഞത്)
ഉപ്പ് - പാകത്തിന്
uploads/news/2019/01/279423/mdmcokry100119e.jpg

തയാറാക്കുന്ന വിധം


ഉണക്കമീന്‍ അല്‍പ്പസമയം വെള്ളത്തിലിട്ടുവയ്ക്കുക. ശേഷം വ്യത്തിയാക്കി വേവിച്ച് മുള്ള് നീക്കി മാറ്റിവയ്ക്കാം. പച്ചമുളകും തക്കാളിയും മിക്സിയില്‍ ഒന്നിച്ചരച്ചുവയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റുക. വഴന്നുവരുമ്പോള്‍ തക്കാളി അരച്ചത് ചേര്‍ത്ത് ചെറിയ തീയില്‍ ചൂടാക്കുക.

അരപ്പ് കട്ടിയായിത്തുടങ്ങുമ്പോള്‍ വേവിച്ച ഉണക്കമീന്‍, ബേലീഫ്, കറുവാപ്പട്ടപ്പൊടി, കുരുമുളകുപൊടി, ക്യാപ്സിക്കം അരിഞ്ഞത്, ബദാം, ഉണക്കമുന്തിരി, പാഴ്സ്ലി ലീഫ് ഇവ ചേര്‍ത്ത് ഇടത്തരം തീയില്‍ 15 മിനിറ്റ് അടച്ചുവച്ച് വേവിക്കുക. ശേഷം ഉരുളക്കിഴങ്ങ് ചേര്‍ക്കുക. ചൂടാകുമ്പോള്‍ അടുപ്പില്‍നിന്നിറക്കാം. ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ത്ത് ചൂടോടെ വിളമ്പാം.

(മെക്‌സിക്കയിലെ പ്രധാനപ്പെട്ട ക്രിസ്മസ് വിഭവമാണിത്. ക്രിസ്മസ് രാത്രിയില്‍ കുടുംബത്തിലുള്ള എല്ലാവരും ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കണമെന്ന് ഇവിടുത്തുകാര്‍ക്ക് നിര്‍ബന്ധമാണ്. ഭക്ഷണത്തിന് അവരുടെയിടയില്‍ പ്രധാന സ്ഥാനവുമുണ്ട്. )

കോസ്റ്റ റിച്ചന്‍ ക്രിസ്മസ് തമേല്‍ (കോസ്റ്ററിക്ക)


ആവശ്യമുള്ള സാധനങ്ങള്‍
വാഴയില ആവശ്യത്തിന്
പോര്‍ക്ക് - 1/2 കിലോ
ബസ്മതി അരി വേവിച്ചത് - 2 കപ്പ്
വെളുത്തുള്ളി - 6 അല്ലി (ചതച്ചത്)
കുരുമുളക് - ഒരു ടീസ്പൂണ്‍ (ചതച്ചത്)
ജീരകം - 1/4 ടീസ്പൂണ്‍ (ചതച്ചത്)
സവാള - 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഉരുളക്കിഴങ്ങ്- ചതുരത്തിലരിഞ്ഞത് - 2 കപ്പ്
ചോളപ്പൊടി - 2 കപ്പ്
ജീരകപ്പൊടി - 1/2 ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉണക്കമുന്തിരി, ഉണക്കിയ പ്ലം - 1/4 കപ്പ് വീതം
ഉപ്പ് - പാകത്തിന്
ഒലിവ് ഓയില്‍ - ഒരു ടേബിള്‍ സ്പൂണ്‍
uploads/news/2019/01/279423/mdmcokry100119c.jpg

തയാറാക്കുന്ന വിധം


ഇറച്ചി ഇടത്തരം കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്കിടുക. ചതച്ചുവച്ച വെളുത്തുള്ളി, കുരുമുളക്, ജീരകം ഇവയും സവാളയും പാകത്തിന് വെള്ളവും ഉപ്പും ഇറച്ചിയിലേക്ക് ചേര്‍ത്ത് വേവിച്ചെടുക്കുക. വേവിച്ച ശേഷം ഇറച്ചിയും ഇറച്ചി വെന്ത വെള്ളവും പ്രത്യേകം മാറ്റിവയ്ക്കുക.
ഉരുളക്കിഴങ്ങ് അല്‍പ്പം ഉപ്പ് ചേര്‍ത്ത് വേവിക്കുക. പാകത്തിന് ഉപ്പ്, ജീരകപ്പൊടി, മുളകുപൊടി, ചോളപ്പൊടി, ഒലിവ് ഓയില്‍, ചിക്കന്‍ വെന്ത വെള്ളം ഇവ ഒരു പാത്രത്തിലെടുത്ത് കൈകൊണ്ട് കുഴച്ചെടുക്കുക.

വാഴയില ചതുരത്തില്‍ മുറിച്ച് വാട്ടിയെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് മാവ് കുഴച്ചതുവച്ച് പരത്തി അതിനു നടുവില്‍ കുറച്ച് ഉരുളക്കിഴങ്ങ് വേവിച്ചത്, കുറച്ച് ബസ്മതി റൈസ്, രണ്ട് ടേബിള്‍ സ്പൂണ്‍ ഇറച്ചി, കുറച്ച് ഉണക്കമുന്തിരി, ഉണക്കിയ പ്ലം ഇവയും വച്ച് അടപോലെ മടക്കി അപ്പച്ചെമ്പില്‍വച്ച് ആവികയറ്റി വേവിച്ചെടുക്കാം.

(മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ് കോസ്റ്ററിക്ക. ഇവിടുത്തുകാര്‍ ക്രിസ്മസിന് തയാറാക്കുന്ന വ്യത്യസ്തമായ ഒരു വിഭവമാണ് തമേല്‍സ്. ഈ വിഭവം പല തരത്തില്‍ തയാറാക്കാം. വളരെ ആരോഗ്യപ്രദമായ വിഭവമാണിത്. വേവിച്ച ക്യാരറ്റ്, ഗ്രീന്‍പീസ്, ചുവന്ന ക്യാപ്സിക്കം ഇവയെല്ലാം ഇതില്‍ ഫില്ലിംഗായി ഉപയോഗിക്കാറുണ്ട്)

ക്ലാസിക്ക് ക്രിസ്മസ് പുഡ്ഡിംഗ് (ഇംഗ്ലണ്ട് )


ആവശ്യമുള്ള സാധനങ്ങള്‍
പുഡ്ഡിംഗിന്
ബദാം - 50 ഗ്രാം (അരിഞ്ഞത്)
ആപ്പിള്‍ - 2 എണ്ണം വലുത് (തൊലികളഞ്ഞ് ചെറുതായി അരിഞ്ഞത് )
ലമണ്‍ പീല്‍ -200 ഗ്രാം
ജാതിക്ക പൊടിച്ചത് -ഒരെണ്ണം
ഉണക്ക മുന്തിരി - 1/2 കിലോ
മൈദ - 140 ഗ്രാം
ബ്രഡ്ഡ് പൊടിച്ചത് - 100 ഗ്രാം
ബ്രൗണ്‍ ഷുഗര്‍ - 100 ഗ്രാം
മുട്ട - 3 എണ്ണം
ബ്രാന്‍ഡി - 2 ടേബിള്‍ സ്്പൂണ്‍
ബട്ടര്‍ - 250 ഗ്രാം

ബ്രാന്‍ഡി ബട്ടര്‍ തയാറാക്കാന്‍
ബട്ടര്‍ - 175 ഗ്രാം
ഓറഞ്ച്തൊലി ചിരകിയത് - ഒരെണ്ണത്തിന്റെ പകുതിയുടേത്
ഐസിംഗ് ഷുഗര്‍ - 5 ടേബിള്‍ സ്പൂണ്‍
ബ്രാന്‍ഡി - 4 ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചെറുതായി കനംകുറച്ചരിഞ്ഞത് - 2 കഷണം

തയാറാക്കുന്ന വിധം


ബട്ടര്‍ പുരട്ടിയ ഒരു ബൗളിലേക്ക് ബദാം അരിഞ്ഞത്, ആപ്പിള്‍, ലമണ്‍ പീല്‍, ജാതിക്ക പൊടിച്ചത്, ഉണക്കമുന്തിരി, മൈദ, ബ്രഡ്ഡ് പൊടിച്ചത്, ബ്രൗണ്‍ ഷുഗര്‍, മുട്ട, രണ്ട് ടേബിള്‍ സ്പൂണ്‍ ബ്രാന്‍ഡി ഇവയെടുത്ത് എല്ലാം കൂടി നന്നായി ഇളക്കി മിക്സ് ചെയ്യുക.

ശേഷം ഈ ബൗള്‍ ഒരു ഫോയില്‍ പേപ്പര്‍കൊണ്ട് പൊതിഞ്ഞ് കുറഞ്ഞ തീയില്‍ കൂടുതല്‍ സമയം ആവി കയറ്റിയെടുക്കുക. ശേഷം തണുക്കാന്‍ വയ്ക്കുക. ശേഷം ക്രിസ്മസ് ദിവസത്തേക്കായി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

uploads/news/2019/01/279423/mdmcokry100119a.jpg

**** ബ്രാന്‍ഡി ബട്ടര്‍ തയാറാക്കുന്ന വിധം
ബട്ടര്‍, ഓറഞ്ച് തൊലി, ഐസിംഗ് ഷുഗര്‍ ഇവ ഒരു ബൗളിലെടുത്ത് അടിച്ചുയോജിപ്പിക്കുക. ഇതിലേക്ക് ഇഞ്ചി അരിഞ്ഞതും ബ്രാന്‍ഡിയും ചേര്‍ത്തിളക്കി ഒരാഴ്ച ഫ്രിഡ്ജില്‍ വയ്ക്കാം.

ക്രിസ്മസ് ദിവസം കേക്ക് പുറത്തെടുത്ത് ചൂടാകുന്നതുവരെ ആവികയറ്റിയെടുക്കുക. മൂന്ന് ടേബിള്‍ സ്പൂണ്‍ ബ്രാന്‍ഡി ഒരു പാത്രത്തിലെടുത്ത് അതിലേക്ക് കേക്ക് വച്ച് ലൈറ്റര്‍ കൊണ്ട് തീ കൊടുത്ത് ചൂടാക്കിയശേഷം ബ്രാന്‍ഡി ബട്ടര്‍ പുഡ്ഡിംഗിനുമുകളില്‍ പുരട്ടി വിളമ്പാം.

(ഈ പ്ലം പുഡ്ഡിംഗില്‍ നിന്നാണ് പ്ലം കേക്ക് ഉണ്ടാകുന്നത്. ഫിഗ്ഗി പുഡ്ഡിംഗ്, പ്ലം പുഡ്ഡിംഗ് എന്നിങ്ങനെ ചില പേരുകളും കൂടി ഈ പുഡ്ഡിംഗിനുണ്ട്. ഇംഗ്ലണ്ടിലെ പരമ്പരാഗത ക്രിസ്മസ് വിഭവം കൂടിയാണിത്.)

പോളിഷ് കൊട്ടാക്കി (പോളണ്ട്)


ആവശ്യമുള്ള സാധനങ്ങള്‍
ക്രീം ചീസ് - 1 1/4 കപ്പ്
ബട്ടര്‍ - 1 1/2 കപ്പ്
മൈദ - 3 കപ്പ്
ജാം - 2 കപ്പ്
പഞ്ചസാരപ്പൊടി - അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം


ഒരു വലിയ ബൗളില്‍ ക്രീം ചീസ്, ബട്ടര്‍ ഇവയെടുത്ത് എഗ്ഗ് ബീറ്റര്‍ കൊണ്ട് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് മൈദ ചേര്‍ത്ത് കുഴയ്ക്കുക. കുഴച്ചെടുത്ത മാവ് ക്ലിന്റ് ഫിലിം കൊണ്ട് മൂടി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ഓവന്‍ 175 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക.
uploads/news/2019/01/279423/mdmcokry100119b.jpg

ഒരു സിലിക്കോണ്‍ മാറ്റിലേക്ക് മാവ് വച്ച് ചപ്പാത്തിക്കോല്‍കൊണ്ട് ചതുരത്തില്‍ ഇടത്തരം കനത്തില്‍ പരത്തിയെടുക്കുക. ശേഷം പരത്തിയെടുത്തതില്‍ നിന്ന് രണ്ട് ഇഞ്ച് ചതുര കഷണങ്ങളായി മുറിച്ചെടുത്ത് ഓരോന്നിന്റെയും നടുവില്‍ ഒരു സ്പൂണ്‍ വീതം ജാം വച്ച് ചതുരത്തിന്റെ രണ്ട് വശങ്ങള്‍ മാത്രം നടുവിലേക്ക് മടക്കി മൈദകൊണ്ട് ഒട്ടിക്കുക. (ഡയമണ്ട് ഷേപ്പില്‍) ഒരു മുട്ട അടിച്ചെടുത്ത് അത് ഓരോന്നിന്റെയും മുകളില്‍ പുരട്ടി ഓവനില്‍ വച്ച് 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. പഞ്ചസാരപ്പൊടി വിതറി അലങ്കരിച്ച് വിളമ്പാം.

(പോളണ്ടിലെ പ്രധാനപ്പെട്ട വിഭവമാണ് പോളിഷ് കൊട്ടാക്കി. ഫ്രൂട്ട് ജാം വച്ച് മടക്കി തയാറാക്കുന്ന ഈ വിഭവം ഇവിടുത്തെ പ്രധാനപ്പെട്ട സ്വീറ്റ് റോളാണ്. പൈനാപ്പിള്‍, പാഷന്‍ ഫ്രൂട്ട് ഇവയുടെയെല്ലാം ജാം ഉപയോഗിക്കാം.)

സാഫ്രോണ്‍ ബണ്‍ (സ്വീഡണ്‍)


ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ - 3/4 കപ്പ്
കുങ്കുമപ്പൂവ് - 1/2 ടീസ്പൂണ്‍
പഞ്ചസാര - ഒരു ടീസ്പൂണ്‍, 1/4 കപ്പ്
ഡ്രൈ യീസ്റ്റ് - 7 ഗ്രാം
മൈദ -- 4 കപ്പ്
ഉപ്പ് - 1/2 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂണ്‍
കട്ടത്തൈര് - 1/4 കപ്പ്
മുട്ട - 2 എണ്ണം
ബട്ടര്‍ - ആവശ്യത്തിന്
ഉണക്കമുന്തിരി - കുറച്ച്
uploads/news/2019/01/279423/mdmcokry100119d.jpg

തയാറാക്കുന്ന വിധം


പാലും കുങ്കുമപ്പൂവും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് പഞ്ചസാര അലിയുന്നതുവരെ ചൂടാക്കുക. ചൂട് മാറിക്കഴിയുമ്പോള്‍ പാലിലേക്ക് യീസ്റ്റ് ചേര്‍ത്ത് 10 മിനിറ്റ് പൊങ്ങാന്‍ വയ്ക്കാം.

ഒരു ബൗളില്‍ 3 1/2 കപ്പ് മൈദ, 1/4 കപ്പ് പഞ്ചസാര, ഉപ്പ്, ഏലയ്ക്കാപ്പൊടി, യീസറ്റ് ചേര്‍ത്ത് പൊങ്ങിയ പാല്‍, മുട്ട, ബട്ടര്‍, കട്ടത്തെര് ഇവയെല്ലാം ഒരുമിച്ചെടുത്ത് ഇലക്ട്രിക് മിക്‌സര്‍ കൊണ്ട് നന്നായി യോജിപ്പിച്ചെടുക്കുക. ഇതൊരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ് രണ്ട് മണിക്കൂര്‍ മാറ്റി വയ്ക്കാം.

ശേഷം മാവ് രണ്ട് ഇഞ്ച് വലിപ്പത്തിലുള്ള ബോളുകളായി ഉരുട്ടിയെടുത്ത് 14 ഇഞ്ച് നീളത്തില്‍ നീട്ടിയെടുക്കാം. ഇനി ഓരോ അറ്റത്തുനിന്നും മടക്കി എസ് ആകൃതിയിലാക്കിയെടുക്കുക. ഇനി രണ്ട് മടക്കിലും ഓരോ ഉണക്കമുന്തിരിയും വയ്ക്കാം. ശേഷം മുട്ട അടിച്ചെടുത്തത് മുകളില്‍ ബ്രഷ് ചെയ്ത് 200 ഡിഗ്രി സെല്‍ഷ്യസില്‍ 10 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

( സ്വീഡനിലെ പ്രധാനപ്പെട്ട ഒരു മധുര വിഭവമാണ് സാഫ്രോണ്‍ ബണ്‍. മഞ്ഞനിറത്തിലുള്ളതും മധുരം നിറഞ്ഞതുമായ ഈ ബണ്‍ എസ് ആകൃതിയിലാണ് തയാറാക്കുന്നത്. ക്രിസ്മസ് ദിവസം കുടുംബത്തിലെ മൂത്ത പെണ്‍കുട്ടി ഇത് മറ്റുള്ളവര്‍ക്ക് വിളമ്പണമെന്നാണ് ഇവരുടെ ആചാരം.)

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Thursday 10 Jan 2019 03.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW