Sunday, March 10, 2019 Last Updated 11 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 01.44 AM

മത്സ്യം 'തൊട്ടുകൂട്ടി'ത്തുടങ്ങാം നവകേരളത്തിന്റെ സാധ്യതകള്‍

uploads/news/2019/01/279349/bft1.jpg

'നാരായണീയ' രചനയ്‌ക്കു മുമ്പ്‌ വാതരോഗം പിടിപെട്ട മേല്‍പ്പത്തൂരിനോടു രോഗശാന്തിക്കു 'മീന്‍തൊട്ടു കൂട്ടാന്‍' (മത്സ്യാവതാരത്തില്‍ തുടങ്ങാന്‍) സമകാലികനായ എഴുത്തച്‌ഛന്‍ പറഞ്ഞതുമുതല്‍, മഹാഭാരതകര്‍ത്താവായ വ്യാസന്റെ ഉത്‌പത്തികഥയില്‍വരെ പരന്നുകിടക്കുന്നു മത്സ്യമേഖലയെക്കുറിച്ചുള്ള മിത്തുകള്‍. മലയാളിക്കു 'ചെമ്മീന്‍' എന്നാല്‍ തകഴിയുടെ മാസ്‌റ്റര്‍പീസ്‌ ആയതും മത്സ്യമേഖലയുമായി ബന്ധപ്പെട്ട മിത്തിന്റെ അടിസ്‌ഥാനത്തിലാണ്‌.
മത്സ്യമേഖലയ്‌ക്കു നമ്മുടെ സമ്പദ്‌വ്യവസ്‌ഥയിലുള്ള സ്വാധീനം വളരെ വലുതാണ്‌. 590 കിലോമീറ്റര്‍ തീരദേശവും 200 നോട്ടിക്കല്‍ മൈല്‍ സമുദ്രമേഖലയും ഉള്‍പ്പെടെ 2,18,536 ചതുരശ്ര കിലോമീറ്റര്‍ നമ്മുടെ മത്സ്യബന്ധനമേഖലയുടെ വൈപുല്യം കാട്ടിത്തരുന്നു. വിശാലമായ സമുദ്രമേഖലയ്‌ക്കു പുറമേ കായലുകളും ഉള്‍നാടന്‍ ജലാശയങ്ങളുമെല്ലാം ചേരുമ്പോള്‍ മത്സ്യവ്യവസായരംഗത്തു കേരളത്തിന്റെ സാധ്യത ഏറെയാണ്‌. സൗദി അറേബ്യന്‍ തീരങ്ങള്‍ കഴിഞ്ഞാല്‍ ഏറെ മത്സ്യസമ്പന്നമായ കേരളതീരം കാലവര്‍ഷത്തിനുശേഷം കടപ്പുറങ്ങളില്‍ സമ്മാനിക്കുന്ന ചാകര എല്ലാ മലയാളികളുടെയും ഉത്സവകാലമാണ്‌. കേരളചരിത്രത്തിലെ പുരാതനതുറമുഖങ്ങള്‍ ക്രമേണ അപ്രത്യക്ഷമാവുകയും ഒരുകാലത്തു നമുക്കുണ്ടായിരുന്ന സമുദ്രാധിപത്യം കുറയുകയും ചെയ്‌തു. താരതമ്യേന വിലകുറഞ്ഞ പോഷകാഹാരമെന്ന നിലയിലും തൊഴില്‍സാധ്യതയുടെ കാര്യത്തിലും സമ്പദ്‌വ്യവസ്‌ഥയില്‍ മത്സ്യമേഖലയുടെ പ്രാധാന്യം ചെറുതല്ല.
മത്സ്യബന്ധനരംഗത്ത്‌ ഇന്ത്യക്കു രണ്ടാംസ്‌ഥാനമുണ്ട്‌. ഇതില്‍ 66 ശതമാനവും ഉള്‍നാടന്‍ മത്സ്യബന്ധനത്തില്‍നിന്നാണ്‌ എന്നതാണു കൗതുകകരം. 14.5 ദശലക്ഷം ആളുകള്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നു. 2016-17 വര്‍ഷത്തെ കയറ്റുമതി വരുമാനം 37,870,90 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ കേരളത്തിന്റെ മത്സ്യോത്‌പാദനം 6.76 ലക്ഷം ടണ്ണായിരുന്നു. എന്നാല്‍, നമ്മുടെ മത്സ്യോത്‌പാദനം വിഭവശേഷിയുടെ പരമാവധിയില്‍ എത്തിയെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ഉള്‍നാടന്‍ മത്സ്യോത്‌പാദനം ദേശീയശരാശരിയെക്കാള്‍ താഴെയാണ്‌. ദേശീയതലത്തില്‍ 66 ശതമാനമെങ്കില്‍ കേരളത്തില്‍ 28%. രാജ്യത്തെ ആകെ ജലാശയങ്ങളുടെ ഏഴുശതമാനവും കേരളത്തിലാണ്‌. ഉള്‍നാടന്‍ മത്സ്യക്കൃഷി സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ നമുക്കു കഴിയുന്നില്ലെന്നാണ്‌ ഇതിനര്‍ത്ഥം. സമുദ്രമത്സ്യലഭ്യത കുറയുമ്പോള്‍, സംസ്‌ഥാനത്തിന്‌ ആശ്രയിക്കാവുന്ന പുതിയ മാര്‍ഗങ്ങള്‍ അവലംബിച്ചില്ലെങ്കില്‍ ഈ രംഗത്തു നാം ഇനിയും പിന്തള്ളപ്പെടും.
മത്സ്യത്തിന്റെ വിലവര്‍ധനയും നല്ല മത്സ്യം ലഭിക്കുന്നതിലെ പ്രശ്‌നങ്ങളും സംസ്‌ഥാനത്തു ഗുരുതരമായ സാമ്പത്തിക-ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന രാസവസ്‌തുക്കള്‍ മൂലം സാധാരണക്കാരുടെ പോഷകാഹാരസാധ്യതകള്‍ കൂടിയാണ്‌ അടയുന്നത്‌. ഉറവിടമാലിന്യസംസ്‌കരണത്തിനും നല്ല മത്സ്യം ലഭ്യമാക്കാനും ഉതകുന്ന പദ്ധതികള്‍ പശ്‌ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങള്‍ നടപ്പാക്കിവരുന്നു. അടുക്കളത്തോട്ടത്തിനൊപ്പം വീടിനോടു ചേര്‍ന്ന "അടുക്കളക്കുളം" എന്ന ആശയം അതിലൊന്നാണ്‌. ചെറിയ കുളങ്ങള്‍ വീടിനോടു ചേര്‍ന്നു നിര്‍മിച്ച്‌, വീട്ടിലെ ഭക്ഷണാവശിഷ്‌ടങ്ങള്‍ മാത്രം നല്‍കി മീന്‍ വളര്‍ത്തുന്ന രീതിയാണിത്‌. കേരളത്തില്‍ അക്വാകള്‍ച്ചറിനു വന്‍സാധ്യതകളാണുള്ളത്‌. ആഗോളതലത്തില്‍ അക്വാകള്‍ച്ചര്‍ 60% വര്‍ധിച്ചു.ആന്ധ്രാപ്രദേശ്‌ ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങള്‍ പ്രതിവര്‍ഷം 15 ലക്ഷം ടണ്‍ മത്സ്യം ഇത്തരത്തില്‍ ഉത്‌പാദിപ്പിക്കുമ്പോള്‍, കേരളത്തിന്റെ വിഹിതം 40,000 ടണ്‍ മാത്രമാണ്‌. 500 ഹെക്‌ടര്‍ ഉള്‍നാടന്‍ ജലാശയം, 65,000 ഹെക്‌ടര്‍ കായല്‍, 21,986 ഹെക്‌ടര്‍ കുളങ്ങള്‍, 42,890 ഹെക്‌ടര്‍ പുഴകള്‍, 85,000 ജലസേചനക്കുളങ്ങള്‍, 2835 ഹെക്‌ടര്‍ സമുദ്രനിരപ്പില്‍നിന്നു താണ പാടശേഖരങ്ങള്‍, 4200 പാറമടകള്‍ എന്നിങ്ങനെ മത്സ്യകൃഷിയുടെ അനന്തസാധ്യതകള്‍ നമുക്കു മുന്നിലുണ്ട്‌. എന്നാല്‍, ഇവ പൂര്‍ണമായി ഉപയോഗപ്പെടുത്താനുള്ള സമഗ്രമായ ഒരു പദ്ധതിയും നിലവിലില്ല. ഒരു നെല്ലും മീനും പദ്ധതിക്കെതിരേ, കളപറിക്കുന്നവരുടെ തൊഴില്‍ നഷ്‌ടപ്പെടുമെന്ന കാരണം പറഞ്ഞ്‌ സമരം ചെയ്‌തവരാണു നമ്മള്‍!
കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യനിര്‍മാര്‍ജനത്തിന്‌ മണ്ണിര കമ്പോസ്‌റ്റിങ്ങും എയ്‌റോബിക്‌ കമ്പോസ്‌റ്റിങ്ങും ഉള്‍പ്പെടെയുള്ള പ്രായോഗികമാര്‍ഗങ്ങളുണ്ട്‌. എന്നാല്‍, ഭൂരിപക്ഷം പേര്‍ക്കും ഇതിലൊന്നും താത്‌പര്യമില്ല. ഉറവിടമാലിന്യസംസ്‌കരണത്തിന്റെ ഉദാത്തമാതൃകയായും മത്സ്യക്കൃഷി വ്യാപിപ്പിക്കാനുള്ള സംവിധാനമായും മുന്നോട്ടുവയ്‌ക്കാവുന്ന ആശയമാണ്‌ കുട്ടനാട്‌ അന്തര്‍ദേശീയ കായല്‍കൃഷി ഗവേഷണകേന്ദ്രം ഡയറക്‌ടര്‍ ഡോ.കെ.ജി. പത്മകുമാറിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത മത്സ്യക്കൃഷി-പച്ചക്കറിക്കൃഷി സമന്വയം. കേരളത്തിനു തികച്ചും അനുയോജ്യമായ സമ്പ്രദായമാണിത്‌. വീടുകളിലെയും വിദ്യാലയങ്ങളിലെയും ഭക്ഷണാവശിഷ്‌ടങ്ങള്‍ പച്ചക്കറിക്കു വളമായും മത്സ്യത്തിനു തീറ്റയായും ഉപയോഗിക്കാം.
അവശിഷ്‌ടങ്ങള്‍ ആഹരിക്കുന്നതും വെള്ളത്തിലെ പ്രാണവായു കുറഞ്ഞാല്‍പോലും അതിജീവിക്കുന്നതുമായ മത്സ്യ ഇനങ്ങളെ അടുക്കളക്കുളങ്ങളില്‍ വളര്‍ത്താം. ഫിഷ്‌ ടാങ്കിലെ മത്സ്യവിസര്‍ജ്യങ്ങള്‍ കലര്‍ന്ന ജൈവജലം പച്ചക്കറിക്കൃഷിക്കും പ്രയോജനപ്പെടുത്തുന്നതിലൂടെ ഭക്ഷ്യസുരക്ഷയ്‌ക്കു പുറമേ ജൈവമാലിന്യനിര്‍മാര്‍ജനവും ഉറപ്പുവരുത്താം. അമോണിയയും ഫോര്‍മാലിനും കലരാത്ത ശുദ്ധമത്സ്യം, കീടനാശിനി കലരാത്ത പച്ചക്കറി...ഇതു രണ്ടും അധികച്ചെലവില്ലാതെ ഉത്‌പാദിപ്പിക്കാം.
മാലിന്യസംസ്‌കരണം മത്സ്യക്കൃഷിയിലൂടെ എന്ന ആശയം നടപ്പാക്കാന്‍ സംസ്‌ഥാനബജറ്റില്‍ കൂടുതല്‍ തുക മാറ്റിവയ്‌ക്കണം. ഫെറോസിമെന്റ്‌ ടാങ്കുകള്‍ ചെലവു കുറഞ്ഞതായതിനാല്‍ സാധാരണക്കാര്‍ക്കും ഈ പദ്ധതി പ്രാപ്യമാകും.
കടലും കായലുമില്ലാത്ത പ്രദേശങ്ങളിലും മത്സ്യകൃഷി വ്യാപിപ്പിക്കാന്‍ ഇതുവഴി സാധിക്കും. മലയാളി മനസുവച്ചാല്‍ കാണാപ്പൊന്നിനു കടലില്‍ പോകേണ്ട; വീട്ടുമുറ്റത്തുതന്നെ ചാകര കൊയ്യാം.

ഡോ. എന്‍. ജയരാജ്‌

Ads by Google
Thursday 10 Jan 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW