Friday, June 21, 2019 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Jan 2019 03.49 PM

ശൈത്യകാല ചര്‍മ്മ സംരക്ഷണം

''സൗന്ദര്യം മുഖത്തിനുമാത്രമല്ല നമ്മുടെ ചര്‍മ്മം, കൈകള്‍, കാലുകള്‍, തലമുടി ഇവയുടെയൊക്കെ ഭംഗി ഒത്തുചേരുന്നതാണ്. ''
uploads/news/2019/01/278832/beautytips080119a.jpg

ശൈതൃകാലത്തെ തണുത്ത കാറ്റില്‍ അന്തരീക്ഷത്തിന്റെ താപനില കുറയുന്നു. കാലാവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നതിലൂടെ ശരീരത്തിന്റെ മൃദുലത നഷ്ടമായേക്കാം. ഇതുമൂലം ചര്‍മ്മം എണ്ണമയമില്ലാതാകുന്നു, തൊലി ചുളുങ്ങി വരള്‍ ച്ച അനുഭവപ്പെടും. സൗന്ദര്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയമാണിത്.

1. ചൂടുവെള്ളത്തില്‍ കുളിക്കുക


തണുപ്പ് കാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് ഇളം ചൂടു വെള്ളത്തില്‍ മുഖം, കൈ എന്നിവ കഴുകുന്നതിലൂടെ ചര്‍മ്മത്തിലെ എണ്ണമയം നിലനിര്‍ത്താം.

2. സോപ്പിന്റെ ഉപയോഗം കുറയ്ക്കാം


സോപ്പിന്റെ ഉപയോഗം കഴിവതും കുറയ്ക്കാം. സോപ്പിനു പകരം പയറുപൊടിയോ കടലമാവോ തേങ്ങാപിണ്ണാക്കോ ഉപയോഗിക്കാം. ഇത് ശരീരത്തില്‍ എണ്ണമയം നിലനിര്‍ത്താന്‍ സഹായിക്കും.

3. എണ്ണ തേച്ച് കുളിക്കുക


കഴിവതും എല്ലാ ദിവസങ്ങളിലും ശരീരം മുഴുവനായും എണ്ണ പുരട്ടി അഞ്ച് മിനിറ്റിന് ശേഷം കുളിക്കുക. ബേബി ഓയില്‍ രാത്രിയില്‍ പുരട്ടി കുളിക്കുന്നത് നന്നായിരിക്കും. വിറ്റാമിന്‍ ഡി ഗുളിക പൊടിച്ച് ദേഹത്തു പുരട്ടുന്നതും നന്നായിരിക്കും. ഇത് അള്‍ട്രാ വയലറ്റിന്റെ ക്ഷതം കുറയ്ക്കുന്നു. കൂടാതെ ചര്‍മ്മ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.

4. േമായ്‌സ്ച്ചറൈസര്‍


പെട്രോളിയം അടങ്ങിയ മോയ്‌സ്ച്ചറുകള്‍ ഒഴിവാക്കുക. ഓയില്‍ അടങ്ങിയിട്ടുള്ളവയാണ് നല്ലത്. ശരിയായ മോയ്‌സ്ച്ചറൈ സര്‍ തെരഞ്ഞെടുത്തില്ലെങ്കില്‍ ചര്‍മത്തിന് ദോഷമായേക്കാം.

5. ശരീര സംരക്ഷണം


ശരീരം പൂര്‍ണ്ണമായും മൂടുന്ന വസ്ത്രം ധരിച്ച് പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീം പുരട്ടാന്‍ മറക്കേണ്ട. ചര്‍മ്മം വരണ്ടുപോകാതിരിക്കാന്‍ ഇത് സഹായിക്കും. കഴിവതും തണുപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കാതിരിക്കാന്‍ ശ്രമിക്കുക. തണുപ്പ് ചര്‍മ്മത്തെ വരണ്ടതാക്കുന്നു.

6. ഭംഗിയുള്ള പാദങ്ങള്‍ക്ക്


ആഴ്ചയില്‍ ഒരുതവണ മൈലാഞ്ചി അരച്ച് ഉപ്പൂറ്റിയില്‍ തേക്കുന്നത് കാല്‍ വരണ്ടുകീറാതിരിക്കാന്‍ സഹായിക്കും. കുളിക്കുമ്പോള്‍ കാലുകള്‍ നന്നായി ഉരച്ചുകഴുകുക. കുളികഴിഞ്ഞ് ടവ്വല്‍ കൊണ്ട് വൃത്തിയാക്കുക. ആഴ്ചയിലൊരിക്കല്‍ 10 മിനിറ്റ് ചെറു ചൂടുവെള്ളത്തില്‍ കാല്‍ മുക്കിവയ്ക്കുക. ഇടയ്ക്ക് മോയ്‌സ്ച്ചറൈസിങ് ക്രീം ഉപയോഗിച്ച് കാല്‍ മസ്സാജ് ചെയ്യുന്നത് നന്നായിരിക്കും.

7. മുഖം മൃദുവാക്കാന്‍

a. ഒലിവ് ഓയിലും തേനും മുട്ടയുടെ മഞ്ഞക്കരുവും ചേര്‍ത്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിമാറ്റാം.

b. 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, നാല് ടേബിള്‍ സ്പൂണ്‍ കടലമാവ്, പാല്‍ അല്ലെങ്കില്‍ വെള്ളം കൂടി ചേര്‍ത്ത് ഇളക്കുക. കുഴമ്പുപരുവമാക്കി മുഖത്തു പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

c .ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡാ, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ തേങ്ങ എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

d. വെളിച്ചെണ്ണ ചെറുചൂടോടെ മുഖത്തും കഴുത്തിലും മസ്സാജ് ചെയ്യുക. നേരം വെളുക്കുമ്പോള്‍ കഴുകിക്കളയാം.

8. അധര കാന്തിയ്ക്ക്


തണുപ്പ് കാലത്ത് ചുണ്ടുകളില്‍ വരള്‍ച്ച അനുഭവപ്പെടുന്നത് സാധാരണമാണ്. ചുണ്ടുകളില്‍ വെണ്ണ പുരട്ടാം. പച്ച വെളിച്ചെണ്ണ തേച്ച് മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ലിപ്പ്ബാമുകള്‍ ഉപയോഗിക്കുക. ചുണ്ട് ഇടക്കിടെ നനയ്ക്കാതിരിക്കുക. അതു ചുണ്ടിന്റെ വരള്‍ച്ച കൂട്ടുകയേയുള്ളു.

ശൈത്യകാലത്ത് കൈകളില്‍ വരള്‍ച്ച അനുഭവപ്പെടുന്നത് പതിവാണ്. വീട്ടുജോലി ചെയ്യുമ്പോള്‍ കൈയ്യുറ ധരിക്കുന്നത് നന്നായിരിക്കും. ഗ്ലിസറിനും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം കൊണ്ട് നന്നായി മസ്സാജ് ചെയ്താല്‍ കൈകള്‍ മൃദുലമാകും.

നല്ല വ്യായാമം അത്യാവശ്യമാണ്. ഭക്ഷണ ക്രമീകരണവും ശരിയായിട്ടുള്ള ഉറക്കവും സൗന്ദര്യ വര്‍ദ്ധനവിന് സഹായിക്കുന്നു. ഉറക്കം കുറയുന്നതൂമൂലം തൊലിയില്‍ ചുളിവുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

സിജില്‍ പി ജിമ്മിച്ചന്‍

Ads by Google
Tuesday 08 Jan 2019 03.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW