Tuesday, June 25, 2019 Last Updated 48 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Jan 2019 12.55 PM

മുന്നാക്കസംവരണം എതിര്‍ത്ത് വെള്ളാപ്പള്ളി, മിണ്ടാതെ തുഷാര്‍ ; ശബരിമലയില്‍ ഉടക്കിയ സിപിഎമ്മും എന്‍എസ്എസും ഒരുമിച്ചു ; ബിഡിജെഎസും ബിജെപിയും ഇടഞ്ഞു ; എന്‍ഡിഎയും ഇടതുപക്ഷവും ഊരാക്കുടുക്കില്‍...!!

uploads/news/2019/01/278814/vellappally-modi.jpg

തിരുവനന്തപുരം: നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സവര്‍ണ്ണ ജാതിയില്‍ പെട്ടവര്‍ക്ക് കൂടി ഗുണകരമാകുന്ന രീതിയില്‍ കേന്ദ്രം കൊണ്ടു വന്ന 10 ശതമാനം സാമ്പത്തിക സംവരണം കേരളത്തിലെ മുന്നണി ബന്ധങ്ങള്‍ തകര്‍ക്കുന്നു. ബിഡിജെഎസ് സാമുദായികരാഷ്ട്രീയ പാര്‍ട്ടികളും എന്‍എസ്എസ്, എസ്എന്‍ഡിപി പോലെയുള്ള സമുദായങ്ങളും വിഷയം ഏറ്റെടുത്തതോടെ ബിജെപിയും സിപിഎമ്മും ഒരുപോലെ വെട്ടിലായിരിക്കുകയാണ്.

ബിഡിജെഎസിനെയും എന്‍എസ്എസിനെയും സ്വന്തം കളത്തില്‍ ഇറക്കാന്‍ മത്സരിക്കുന്ന ബിജെപിയ്ക്കും സിപിഎമ്മിനുമാണ് കേന്ദ്രസര്‍ക്കാരിന്റെ സംവരണം ഊരാക്കുടുക്കായിരിക്കുന്നത്. ബിഡിജെഎസിനെ മുന്‍ നിര്‍ത്തി കേരളത്തില്‍ ഒരു സീറ്റെങ്കിലും പിടിക്കാന്‍ മോഹിക്കുന്ന ബിജെപിയ്‌ക്കെതിരേ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഭരണഘടന ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതി നിഷേധവുമെന്നു അദ്ദേഹം തുറന്നടിച്ചു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറണം. മുന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ജനസംഖ്യ ആനുപാതികമായി കിട്ടേണ്ടതിനേക്കാള്‍ ആനുകൂല്യം ഇതിനകം ലഭിച്ചിട്ടുണ്ടെന്നും അതുകൂടി സര്‍ക്കാര്‍ പഠിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല ജ്യോതിയെ തള്ളി നേരത്തേ സിപിഎമ്മിന്റെ നവോത്ഥാന മതിലില്‍ ചേര്‍ന്ന് രാഷ്ട്രീയ നിലപാടില്‍ കൃത്യ സൂചന നല്‍കിയ വെള്ളാപ്പള്ളി തൊട്ടുപിന്നാലെ ശബരിമലയില്‍ സിപിഎം സ്ത്രീകളെ കയറ്റിയതിനെതിരേ രംഗത്ത് വരികയും ചെയ്തിരുന്നു.

പ്രീതി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ വഞ്ചിച്ചെന്ന പ്രസ്താവന പുറത്തുവിടുകയും ചെയ്തിരുന്നു. വെള്ളാപ്പള്ളി സിപിഎമ്മിനും ബിജെപിയ്ക്കും അനുകൂലമായി തരംപോലെ മാറിമറിയുകയാണെങ്കിലും ബിഡിജെഎസ് തലവനായ മകന്‍ തുഷാര്‍ നിലപാട് വ്യക്തമാക്കുന്നേയില്ല. ബിജെപിയെയും എന്‍എസ്എസിനെയും തുടര്‍ച്ചയായി വെള്ളാപ്പള്ളി വിമര്‍ശിക്കുമ്പോഴും തുഷാര്‍ സംവരണ വിഷയത്തില്‍ വാ തുുറന്നിട്ടില്ല. ബിജെപിയെ തള്ളിയ വെള്ളാപ്പള്ളി മുന്നോക്ക സംവരണത്തെ സിപിഎം സ്വാഗതം ചെയ്തിരിക്കുന്നതിനെ എങ്ങിനെ എടുക്കും എന്നും അറിയേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ നേരത്തേ മുഖ്യമന്ത്രി തന്നെയാണ് സ്വാഗതം ചെയ്തത്.

ബിജെപി പാളയത്തില്‍ എന്ന് കരുതുന്ന എസ്എന്‍ഡിപിയ്ക്കും എന്‍എസ്എസിനും സംവരണകാര്യത്തില്‍ വിരുദ്ധാഭിപ്രായമാണ്. ശബരിമലയില്‍ ജ്യോതിയെ പിന്തുണച്ച് വനിതാമതിലിനെ തള്ളിയ എന്‍എസ്എസ് ശത്രുപാളയത്താണെങ്കിലും സംവരണ വിഷയത്തില്‍ അഭിപ്രായ ഐക്യമുണ്ട്. സംവരണ വിഷയം ഉയര്‍ത്തി ബിഡിജെഎസും എസ്എന്‍ഡിപിയും ഇളകിപ്പോകുമോ എന്നതാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ ആശങ്ക. ബിഡിജെഎസിനെയും എന്‍എസ്എസിനെയും മുന്‍ നിര്‍ത്തി കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന ധാരണയിലാണ് ബിജെപി. ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളുമായി മറ്റു ഘടകകക്ഷികളും രംഗത്തു വരികയാണ്.

അതിനിടെ എന്‍.ഡി.എയുടെ അടിയന്തരയോഗം ഇന്നു കൊച്ചിയില്‍ ചേരുന്നുണ്ട്. ഘടകകക്ഷികളെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ യോഗത്തിലുണ്ടാകും. ശബരിമല വിഷയത്തില്‍ മുന്നണിക്കുണ്ടായ മേല്‍െക്കെ നിലനിര്‍ത്താനായാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇടയ്ക്ക് ഇടഞ്ഞു നിന്ന ബി.ഡി.ജെ.എസ്. മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിക്കഴിഞ്ഞു. വനിതാമതിലിന്റെ മറവില്‍ ശബരിമല യുവതീപ്രവേശം സാധ്യമാക്കിയതിനെതിരേ ആഞ്ഞടിച്ച തുഷാര്‍, കേന്ദ്ര സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചിരിക്കുകയാണ്. ഇതോടൊപ്പം കേരളത്തിലെ എന്‍.ഡി.എയെ ശക്തിപ്പെടുത്താനുള്ള അഭിപ്രായങ്ങള്‍ അദ്ദേഹം ബി.ജെ.പി. കേന്ദ്രനേതൃത്വത്തെ അറിയിക്കാനും ശ്രമിക്കുന്നുണ്ട്.

നേരത്തേ സി.കെ. ജാനുവിന്റെ ജെ.ആര്‍.എസ് വിട്ടതിന് പിന്നാലെ ജെ.എസ്.എസ്-രാജന്‍ബാബു വിഭാഗവും എന്‍ഡിഎ വിടുമെന്ന ഭീഷണി ഉയര്‍ത്തുന്നുണ്ട്. മുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപവുമാണ് ഘടകകക്ഷികള്‍ക്ക്. എന്‍.ഡി.എ ബന്ധത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ജെ.എസ്.എസ്. സംസ്ഥാന സെന്റര്‍ യോഗം ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്‍ബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്‍ഡിഎ വിട്ട ജാനു ഇടതുപക്ഷത്തേക്ക് ചാഞ്ഞപ്പോള്‍ രാജന്‍ബാബുവിന് നോട്ടം യു.ഡി.എഫിലേക്കാണ്. ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളുമായി പി.സി. തോമസിന്റെ കേരളാ കോണ്‍ഗ്രസും കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW