Tuesday, May 21, 2019 Last Updated 8 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Jan 2019 07.17 AM

30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പ് ; കാരണം പാകിസ്താന്‍ വഴിയെത്തിയ വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ്; വരള്‍ച്ചയുടെ സൂചനയല്ല

uploads/news/2019/01/278760/snow.jpg

തിരുവനന്തപുരം: മലയോര പ്രദേശങ്ങളില്‍ പൂജ്യത്തിന് താഴെ വരെ താപനില എത്തുന്ന രീതിയില്‍ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന കൊടും തണുപ്പ് വരാനിരിക്കുന്ന വരള്‍ച്ചയുടെ സൂചനയല്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ തണുപ്പ് കുറയുമെന്നും ശക്തമായ ശൈത്യം വേനലില്‍ നേരിടാനിരിക്കുന്ന കൊടും വരള്‍ച്ചയുടെ സൂചനയാണെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.

കാലാവസ്ഥ മാറ്റത്തിന് പ്രളയവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി വഴിയെത്തിയ വെസ്റ്റേണ്‍ ഡിസ്ററര്‍ബന്‍സ് അഥവാ പടിഞ്ഞാറന്‍ കാറ്റാണ് കൊടും തണുപ്പിന് കാരണം. പശ്ചിമഘട്ട പര്‍വ്വതനിരകള്‍ വരണ്ട കാറ്റ് ആഗിരണം ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസമാണ് തണുപ്പു കൂടാന്‍ കാരണം. മഴ മേഘങ്ങള്‍ അകന്ന് ആകാശം തെളിഞ്ഞതും കാറ്റിന് കരുത്തേകിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ തണുപ്പ് കൂടിയതില്‍ അസാധാരണമായി ഒന്നുമില്ലെന്നും സാധാരണ വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം വീശാറുള്ള കാറ്റ് ഇത്തവണ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നെന്നും അവര്‍ പറയുന്നു.

അതേസമയം കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും വലിയ തണുപ്പാണ് കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. കടുത്ത മൂടല്‍മഞ്ഞ് ഉണ്ടായിരിക്കുന്ന മലയോര പ്രദേശങ്ങള്‍ പതിവില്ലാത്ത വിധം തണുത്തുവിറയ്ക്കുകയാണ്. സാധാരണ നിലയില്‍ ഒന്നോ, രണ്ടോ ഡിഗ്രി കുറയുന്നതിന് പകരം ഈ വര്‍ഷം നാലു ഡിഗ്രിയോളമാണ് അന്തരീക്ഷ ഊഷ്മാവ് താഴ്ന്നത്. മൂന്നാറില്‍ തണുപ്പ് പൂജ്യത്തിലും താഴെ മൈനസ് മൂന്നായി.

സാധാരണ ജനമേഖലകളില്‍ പുനലൂരിലാണ് ഈ വര്‍ഷത്തെ റെക്കോഡ് തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 16.2 ഡിഗ്രി. ശബരിമലയില്‍ 16 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്ന തണുപ്പ്. 8.5 ഡിഗ്രി വരെ വയനാടും മൈനസ് രണ്ടായി മൂന്നാറിലും കൊടുശൈത്യം അനുഭവപ്പെട്ടിരുന്നു. ഉച്ചയോടെ വരണ്ട കാലാവസ്ഥയിലേക്ക് മാറുന്ന ഹൈറേഞ്ച് മേഖലകളില്‍ രാത്രി ഏഴോടെ നല്ല തണുപ്പ് അനുഭവപ്പെടും. പുലര്‍ച്ചെയോടെ കൊടും തണുപ്പാകും. 19ഡിഗ്രിയാണ് ശരാശരി കുറഞ്ഞ താപനില. തിരുവനന്തപുരം,കണ്ണൂര്‍, ആലപ്പുഴ, കോട്ടയം,കോഴിക്കോട് മേഖലകളില്‍ പുലര്‍ച്ചെ കടുത്ത തണുപ്പുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് 23.8 ഡിഗ്രി സെല്‍ഷ്യസാണ് കൂടിയ രാത്രി താപനില.

ഇളംകാറ്റിലാണ് തണുപ്പ് കൂടുന്നത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വാഹനപ്പെരുപ്പവും കാരണം നഗരങ്ങളില്‍ ഉയര്‍ന്ന തണുപ്പ് അനുഭവപ്പെടുന്നില്ല. ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തണുപ്പ് അനുഭവപ്പെടാറുണ്ട്. ഡിസംബറില്‍ തുടങ്ങിയ ശൈത്യകാലം ഫെബ്രുവരിയില്‍ തീരും.

ബംഗലൂരുവില്‍ ശീതതരംഗം പ്രഖ്യാപിച്ചിരിക്കുകയാണ്. മുപ്പതുവര്‍ഷം മുമ്പ് കോട്ടയത്ത് രേഖപ്പെടുത്തിയ 17 ഡിഗ്രിയായിരുന്നു 30 വര്‍ഷ കാലയളവില്‍ സാധാരണ ജനമേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ തണുപ്പ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍; ശക്തമായ കാറ്റു വീശുന്നതിനാല്‍ തണുപ്പ് ഉയരാതെ നില്‍ക്കുന്നുണ്ട്. മൂന്നാര്‍, വയനാട് എന്നിവിടങ്ങളില്‍ 16 ഡിഗ്രിയില്‍ നിന്ന് ആറുദിവസം തുടര്‍ച്ചയായി ശരാശരി 11 ഡിഗ്രിയായി താപനില താഴ്ന്നാല്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ശീതതരംഗം പ്രഖ്യാപിച്ചേക്കും. വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്കും.

Ads by Google
Ads by Google
Loading...
TRENDING NOW