Monday, March 04, 2019 Last Updated 29 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 07 Jan 2019 02.35 PM

ഭാര്യ അറിയാതെ ഭര്‍ത്താക്കന്‍മാര്‍ വിവാഹമോചനം നേടുന്നു; മൊഴിചൊല്ലിയാല്‍ എസ്.എം.എസിലൂടെ അറിയിക്കണം; സൗദിയില്‍ സ്ത്രീപക്ഷ നവോത്ഥാനം വരുന്ന വഴി

uploads/news/2019/01/278513/Gulf070119b.jpg

റിയാദ്: സൗദി അറേബ്യയില്‍ വിവാഹമോചനത്തിനു ടെക്‌സ്റ്റ് മെസേജ് (എസ്.എം.എസ്/വാട്‌സ്ആപ്) നിര്‍ബന്ധമാക്കി നിയമപരിഷ്‌കാരം. സ്ത്രീകളുടെ അറിവില്ലാതെതന്നെ അവരെ മൊഴി ചൊല്ലുന്നതു തടയാനാണു പുതിയ പരിഷ്‌കാരം! നിയമപ്രകാരം, വിവാഹമോചനം നേടുന്ന പുരുഷന്‍മാര്‍ അക്കാര്യം ടെക്‌സ്റ്റ് സന്ദേശം മുഖേന പങ്കാളിയെ അറിയിക്കണം.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ രാജ്യത്തു നടപ്പാക്കുന്ന സാമൂഹികനവോത്ഥാനങ്ങളുടെ ഭാഗമായാണു പുതിയ നിയമം. വിവാഹമോചനത്തിന്റെ കാര്യത്തില്‍ പുരുഷാധിപത്യനിയമങ്ങളാണ് ഇപ്പോഴും സൗദിയില്‍ നിലനില്‍ക്കുന്നത്. ഇപ്പോഴത്തെ നിയമപരിഷ്‌കാരപ്രകാരം, മൊഴിചൊല്ലപ്പെട്ട വിവരം സ്ത്രീക്കു രേഖാമൂലം അറിയാമെന്നു മാത്രം. ജീവനാംശം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ പരിഷ്‌കാരം സ്ത്രീകള്‍ക്കു പ്രയോജനപ്രദമാകുമെന്നു സൗദി അധികൃതര്‍ അവകാശപ്പെടുന്നു. തങ്ങളുടെ അറിവില്ലാതെ ഭര്‍ത്താക്കന്‍മാര്‍ വിവാഹമോചനം നേടിയതിനെതിരേ നിരവധി വനിതകള്‍ സൗദി കോടതികളില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

'വിഷന്‍ 2030' എന്ന പേരില്‍ മുഹമ്മദ് രാജകുമാരന്‍ നിരവധി സാമൂഹികപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം സ്ത്രീകള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതു വന്‍വാര്‍ത്തയായിരുന്നു. മൊഴിചൊല്ലപ്പെടുന്ന സ്ത്രീകള്‍ക്കു കോടതിയെ സമീപിക്കാതെതന്നെ കുട്ടികളുടെ അവകാശം വിട്ടുനല്‍കിക്കൊണ്ടുള്ള നിയമവും കഴിഞ്ഞവര്‍ഷം നടപ്പാക്കി. ഇതുപ്രകാരം, കുട്ടിയുടെ അവകാശമുന്നയിച്ച് മാതാവ് കോടതിയില്‍ ഒരു അപേക്ഷ നല്‍കിയാല്‍ മാത്രം മതി.

വിവാഹം, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, രാജ്യത്തിനു പുറത്തേക്കുള്ള സഞ്ചാരം, ജയില്‍ മോചനം തുടങ്ങിയ കാര്യങ്ങളില്‍ സൗദി സ്ത്രീകള്‍ക്ക് ഇപ്പോഴും പുരുഷരക്ഷാകര്‍ത്താവിന്റെ (ഭര്‍ത്താവ്/പിതാവ്/മകന്‍/സഹോദരന്‍) അനുവാദം ആവശ്യമാണ്. കഴിഞ്ഞ പതിറ്റാണ്ടിനിടെ സൗദിയില്‍ വിവാഹമോചനനിരക്ക് കുതിച്ചുയരുകയാണുണ്ടായത്. 2005-ല്‍ 21 ശതമാനമായിരുന്നത് ഇപ്പോള്‍ 45 ശതമാനമാണ്. 2017-ല്‍ മാത്രം രാജ്യത്തെ കോടതികളില്‍ 53,675 വിവാഹമോചനക്കേസുകള്‍ സമര്‍പ്പിക്കപ്പെട്ടു. ഇവയില്‍ 6,163 എണ്ണം അനുവദിക്കപ്പെട്ടു. മുന്‍വര്‍ഷത്തേക്കാള്‍ 846 എണ്ണം അധികം.

Ads by Google
Monday 07 Jan 2019 02.35 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW