Wednesday, April 24, 2019 Last Updated 16 Min 58 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റിയന്‍
Monday 07 Jan 2019 11.54 AM

എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി വില്പന വീണ്ടും പുകയുന്നു; വാഴക്കാലയില്‍ വിറ്റ ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കിയതായി സംശയം

6-3-1976 തീയതിലുള്ള ക്രമ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായ മാര്‍ ജോസഫ് പാറേക്കാട്ടിലിന് പതിച്ചുനല്‍കുന്നുവെന്നാണ്. എറണാകുളം-അങ്കമാലി എന്ന പേരില്‍ അതിരൂപത നിലവില്‍ വരുന്നത് 1992ല്‍ ആണെന്ന കാര്യം തിരക്കിട്ട് വ്യാജരേഖ ഉണ്ടാക്കുന്ന വ്യഗ്രതയില്‍ ബന്ധപ്പെട്ടവര്‍ ഓര്‍ത്തില്ല.
Church land scam
സാജു വര്‍ഗീസ്, കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കോട്ടയം: സീറോ മലബാര്‍ സഭയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്പന വീണ്ടും പുകയുന്നു. അതിരൂപത നേതൃത്വം ഇടനിലക്കാര്‍ വഴി വിറ്റ പ്ലോട്ടുകളില്‍ ഒരെണ്ണത്തിന് പട്ടയമുണ്ടായിരുന്നില്ലെന്നും വ്യാജരേഖ ഉണ്ടാക്കിയാണ് വില്പന നടത്തിയതെന്ന് വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച രേഖകളില്‍ പറയുന്നു.

വാഴക്കാലയില്‍ വിറ്റ 31.97 ആര്‍ സ്ഥലത്തിന്റെ രേഖകളിലാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ഈ പ്ലോട്ട് ആറു പേര്‍ക്കായാണ് ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ വഴി വിറ്റത്. എറണാകുളം ലാന്‍ഡ് ട്രിബ്യൂണല്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ മുഖാന്തിരം 1976-ല്‍ 157ാം നമ്പരായി എറണാകുളം-അങ്കമാലി അതിരൂപതയുടെ പേരില്‍ ഈ സ്ഥലം പതിച്ച് ക്രയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് ആധാരത്തില്‍ പറയുന്നത്. 1975-ലെ 392-ാം നമ്പര്‍ സ്വമേധയായുള്ള നടപടിയെ തുടര്‍ന്നാണിതെന്നും പറയുന്നുണ്ട്.

ഇവിടെയാണ് സംശയം ജനിക്കുന്നത്. 6-3-1976 തീയതിലുള്ള ക്രമ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായ മാര്‍ ജോസഫ് പാറേക്കാട്ടിലിന് പതിച്ചുനല്‍കുന്നുവെന്നാണ്. എറണാകുളം-അങ്കമാലി എന്ന പേരില്‍ അതിരൂപത നിലവില്‍ വരുന്നത് 1992ല്‍ ആണെന്ന കാര്യം തിരക്കിട്ട് വ്യാജരേഖ ഉണ്ടാക്കുന്ന വ്യഗ്രതയില്‍ ബന്ധപ്പെട്ടവര്‍ ഓര്‍ത്തില്ല. അതുവരെ എറണാകുളം രൂപതയാണ് നിലവിലുണ്ടായിരുന്നത്. നിലവിലില്ലാതിരുന്ന അതിരൂപതയുടെ പേരിലാണ് 16 വര്‍ഷം 'മുന്‍കാല പ്രാബല്യത്തോടെ' പട്ടയം തയ്യാറാക്കിയിരിക്കുന്നത്.

Church land scam

അതുമാത്രമല്ല, ഈ ഭൂമിയുടെതായി നല്‍കിയിരിക്കുന്ന സര്‍വേ നമ്പറും സംശയവും വര്‍ധിപ്പിക്കുന്നു. 392/75 നമ്പറിലുള്ള രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എസ്.എം (സ്വമേധയാ) 392/75 നമ്പറിലുള്ള ഫയല്‍ കണ്ടുകിട്ടിയിട്ടില്ലെന്ന് രേഖയില്‍ പറയുന്നു. ഒ.എ (ഒറിജിനല്‍ ആപ്ലിക്കേഷന്‍( 392/75 നമ്പറിലുള്ള പട്ടയ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ഇതുപക്ഷേ 3-3-76ലെ രേഖയാണ്. ഇത് മറ്റൊരാളുടെ പേരിലുള്ളതാണ്. കുമ്പളം വില്ലേജ് ചേപ്പനം കരയില്‍ നടപ്പ് കുടിയാനായ കുഞ്ഞിതാതി എന്നയാള്‍ക്ക് പതിച്ചുനല്‍കിയതാണ് എന്ന് വ്യക്തമാക്കുന്നു.

വ്യാജരേഖ ഉണ്ടാക്കിയവര്‍ക്ക് പറ്റിയ മറ്റൊരു അബദ്ധം ലാന്‍ഡ് ട്രിബ്യൂണലിന്റെ കാര്യത്തിലാണ്. എറണാകുളം ലാന്‍ഡ് ട്രിബ്യൂണല്‍ പതിച്ചുനല്‍കിയെന്നാണ് രേഖയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ 1975ല്‍ ജോസഫ് പാറേക്കാട്ടിലിന് ഭൂമി പതിച്ചുനല്‍കുമ്പോള്‍ എറണാകുളം ലാന്‍ഡ് ട്രിബ്യൂണല്‍ നിലവില്‍ വന്നിരുന്നില്ലെന്നും വൈപ്പിന്‍, ആലങ്ങാട് ലാന്‍ഡ് ട്രിബ്യൂണലുകളാണ് ഉണ്ടായിരുന്നതെന്നും സൂചനയുണ്ട്.

അതിരൂപതയുടെ ഭൂമി വളരെ തിടുക്കത്തില്‍ ഇടനിലക്കാരന്‍ വഴി വിറ്റഴിക്കുകയായിരുന്നു. പതിച്ചുനല്‍കിയ ഭൂമിക്ക് പട്ടയം ഇല്ല എന്ന കാര്യം വില്പനയുടെ സമയത്തായിരിക്കാം ബന്ധപ്പെട്ടവര്‍ അറിഞ്ഞത്. സര്‍ക്കാരില്‍ അപേക്ഷ നല്‍കി പട്ടയം കിട്ടുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാതെ ഇടനിലക്കാരനും ബന്ധപ്പെട്ടവരും നടത്തിയ ഗൂഢാലോചനയാണ് വ്യാജരേഖ ചമയ്ക്കലില്‍ എത്തിച്ചേര്‍ന്നത് എന്നു വേണം കരുതാന്‍. അന്നത്തെ ഉദ്യോഗസ്ഥരും ഇതിനു കൂട്ടുനിന്നിട്ടാവണം.

അതിരൂപതയിലെ വിവിധ പ്ലോട്ടുകള്‍ കുറഞ്ഞവിലയ്ക്ക് വിറ്റതില്‍ വലിയ ക്രമക്കേട് നടന്നുവെന്ന് കാണിച്ച് ഹൈക്കോടതിയില്‍ എത്തിയ കേസ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും ഇടനിലക്കാരനേയും മറ്റു രണ്ട് വൈദികരേയും പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജസ്റ്റീസ് കെമാല്‍ പാഷ ഉത്തരവിട്ടതും പിന്നീട് ചീഫ് ജസ്റ്റീസ് ആയിരുന്ന ആന്റണി ഡൊമനിക് സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയതും കഴിഞ്ഞവര്‍ഷം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.


അതിരൂപതയുടെ വിഷയത്തില്‍ പിന്നീട് വത്തിക്കാന്‍ ഇടപെടല്‍ വരികയും കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ അതിരുപതയുടെ മെത്രാപ്പോലീത്താ സ്ഥാനത്തുനിന്ന് നീക്കി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുകയും ചെയ്തിരുന്നു. വത്തിക്കാന്‍ നിര്‍ദേശപ്രകാരം അതിരുപതയുടെ സ്ഥലമിടപാടുകള്‍ പരിശോധിക്കാന്‍ അഞ്ചംഗ പ്രത്യേക സമിതിയെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയോഗിക്കുകയും ചെയ്തിരുന്നു. ഇടപാടുകള്‍ പരിശോധിക്കാന്‍ രാജ്യാന്തര കണ്‍സള്‍ട്ടന്‍സിയായ കെ.പി.എം.ജിയേയും കഴിഞ്ഞദിവസം അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലപ്പെടുത്തി.

അതിരൂപതയെ പ്രതിസന്ധിയിലാക്കിയ അതിഭീമമായ കടങ്ങള്‍ വീട്ടുന്നതിന് കുറച്ച് സ്ഥലങ്ങള്‍ വില്‍ക്കാനും വത്തിക്കാന്‍ അഡ്മിനിട്രേറ്ററോട് നിര്‍ദേശിച്ചിരുന്നു. അതുപ്രകാരം അതിരൂപതയുടെ 12 ഏക്കറോളം സ്ഥലം ഒരു വ്യവസായിക്ക് വില്‍ക്കാന്‍ ധാരണയായി എങ്കിലും അതിരൂപതയിലെ എല്ലാ ആലോചനാ സമിതികളും മരവിപ്പിച്ച് നിര്‍ത്തിയുള്ള ഇടപാട് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി ഇടപാട് സ്‌റ്റേ ചെയ്തിരുന്നു. ഭൂമി വില്പനയ്ക്ക് മാര്‍പാപ്പയുടെ അനുമതി ഉണ്ടെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചുവെങ്കിലും ഇന്ത്യന്‍ പൗരനല്ലാത്ത മാര്‍പാപ്പയ്ക്ക് രാജ്യത്തെ ഭൂമിയുടെ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സ്‌റ്റേ നല്‍കിയത്.

-ബീനാ സെബാസ്റ്റിയന്‍

Ads by Google
ബീനാ സെബാസ്റ്റിയന്‍
Monday 07 Jan 2019 11.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW