Friday, June 21, 2019 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 07 Jan 2019 10.57 AM

മോളിക്കുട്ടിയെ പെണ്ണുകാണാനെത്തിയ ‘പരിഷ്‌കാരി’ സിനിമയുടെ 50-ാം വര്‍ഷത്തിലേക്ക്

''കുഞ്ചന്‍... അഭിമാനത്തോടെ മലയാള സിനിമാലോകം പറയുന്ന പേരുകളിലൊന്ന്. തന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വര്‍ഷത്തിലേക്ക് കടക്കുന്ന കുഞ്ചന്റെ വിശേഷങ്ങള്‍... ''
uploads/news/2019/01/278487/KunchanINW070119.jpg

കോട്ടയം കുഞ്ഞച്ചനിലെ കുട്ടിയപ്പനെ ആരും മറക്കാനിടയില്ല. മോളിക്കുട്ടിയെ പെണ്ണുകാണാനെത്തിയ പരിഷ്‌കാരിയെ... തലനിറയെ എണ്ണ പുരട്ടി 36 ഇഞ്ച് ബെല്ലും പാള ബല്‍റ്റും സ്വര്‍ണ്ണപ്പല്ലും ഒക്കെ ഫിറ്റ് ചെയ്‌തെത്തിയ കുട്ടിയപ്പനെ ഓര്‍മിപ്പിക്കുമ്പോള്‍ കുഞ്ചന്‍ ഇപ്പോഴും ആസ്വദിച്ച് ചിരിക്കും.

കുഞ്ചന്റെ ഭാഷയില്‍ പറഞ്ഞാല്‍ കൊച്ചിയിലെ ന്യൂജെന്‍ പിള്ളേര് ഇപ്പോഴും അതൊക്കെ പറഞ്ഞ് എന്റെ പിന്നാലെ കൂടുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാ...

സിനിമാ ജീവിതത്തിന്റെ 50-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും വലിയ പടവുകള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കിയവന്റെ യാതൊരു മേല്‍ക്കോയ്മയും ഈ കലാകാരന്റെ പെരുമാറ്റത്തിലില്ല. ജീവിതത്തിന്റെ ഇല്ലായ്മയില്‍നിന്ന് പിടിച്ചുകയറിയവന്റെ കരുത്തുറ്റ മനസും അതിലെ അഹങ്കാരമില്ലാത്ത ഹൃദയവുമാണ് ഇന്നും കുഞ്ചന്റെയുള്ളില്‍. സ്വന്തം തൊഴിലായ അഭിനയം തനിക്കു വച്ചുനീട്ടിയ സൗഭാഗ്യങ്ങളെക്കുറിച്ചും അതിലേക്ക് എത്തിപ്പെട്ട വഴികളെക്കുറിച്ചും കുഞ്ചന്‍ മനസുതുറക്കുന്നു.

സിനിമാ ജീവിതത്തിന്റെ 50-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്?


വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. ദൈവാധീനം എന്നുതന്നെ പറയാം. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടേയും പിന്തു ണ ഒന്നുകൊണ്ട് മാത്രമാണ് ഇവിടെവരെ എത്താന്‍ സാധിച്ചത്. ഇനി കിട്ടുന്നതൊക്കെ എന്നെ സംബന്ധിച്ച് ബോണസാണ്. ദൈവത്തിന് നന്ദി. അത്രമാത്രം.

ആഗ്രഹങ്ങളിനിയും ബാക്കിയില്ലേ?


ആഗ്രഹങ്ങളില്ലാത്ത മനുഷ്യരില്ല. പക്ഷേ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകിട്ടണമെന്ന് വാശിപിടിക്കാനാവില്ലല്ലോ. എങ്കിലും ഇവിടവരെയെത്തിച്ചതിന് വീണ്ടും ദൈവത്തിന് നന്ദി പറയുന്നു. 1952 മുതല്‍ അഭിനയിച്ചു തുടങ്ങിയതാണ്. ധാരാളം നടീനടന്‍മാരുടേയും സംവിധായകരുടേയും ഒപ്പം വര്‍ക്ക് ചെയ്തു. പക്ഷേ എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്ത് എന്റെ കുടുംബമാണെന്ന് കരുതാനാണ് എനിക്കിഷ്ടം. നമ്മുടെ കുടുംബം ശരിയല്ലെങ്കില്‍ ഒന്നും ശരിയാവില്ല. എനിക്ക് രണ്ട് മക്കളാണ് ശ്വേതയും സ്വാതിയും. ഭാര്യ ശോഭ. മൂത്ത മകള്‍ ലണ്ടനില്‍ പോയി ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിച്ചു. ഇപ്പോള്‍ അമ്മയെ സഹായിക്കുന്നു. അവളുടെ വിവാഹം കഴിഞ്ഞ് കുഞ്ഞൊക്കെയായി. ഇളയവള്‍ സ്വാതി ഹൈദരാബാദ് എന്‍. ഐ. എഫ്. ടിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ആലിയാ ഭട്ടിനൊപ്പം വര്‍ക്ക് ചെയ്യുന്നു.

കോയമ്പത്തൂര് നിന്നുമാണ് സിനിമ വിളിക്കുന്നത്?


സിനിമാനടനാവണമെന്ന് ആഗ്രഹിച്ചതല്ല. മട്ടാഞ്ചേരി ടി. ഡി ഹൈസ്‌കൂളിലാണ് പഠിച്ചത്. പഠിക്കാന്‍ മിടുക്കനല്ലായിരുന്നെങ്കിലും സ്‌കൂളിലെ കലാപരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു. അതുമാത്രമാണ് കലാപരമായി ആകെയുളള അടിത്തറ. പഠനമൊക്ക കഴിഞ്ഞ് കോയമ്പത്തൂര് എനിക്കൊരു ചെറിയ ജോലി കിട്ടി.

അവിടുത്തെ മഹിളാ സമാജം, മലയാള സമാജം ഇവിടെയൊക്കെ നടത്തിയ പ്രോഗ്രാമുകളില്‍ തട്ടിക്കൂട്ട് ഡാന്‍സും മറ്റ് കലാപരിപാടികളുമൊക്കെ അവതരിപ്പിച്ചിരുന്നു. അങ്ങനെ വലുതല്ലെങ്കിലും ചെറിയൊരു കലാകാരനായി അവിടങ്ങളില്‍ അറിയപ്പെട്ടു. അങ്ങനെയിരിക്കുമ്പോഴാണ് തമിഴനായ ഒരു സുഹൃത്തുവഴി അദ്ദേഹം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. അന്ന് ഞാന്‍ തീരെ മെലിഞ്ഞിട്ടാണ്. 20 വയസ്സ് പ്രായം. ഈ തമിഴന്‍ സുഹൃത്ത് ഒരിക്കല്‍ എന്നോട് പറഞ്ഞു. പാത്താല്‍ നീ നാഗേഷ് (തമിഴിലെ അന്നത്തെ വലിയ നടനാണ്)മാതിരിയേയിരിക്ക്. ഉനക്ക് ആക്ട് പണ്ണമുടിയുമാ..

uploads/news/2019/01/278487/KunchanINW070119a.jpg

അന്നത്തെ വലിയ തുകയായ 250 രൂപയാണ് പ്രതിഫലം. ഞാന്‍ കണ്ണുമടച്ച് സമ്മതിച്ചു. ഡോക്യുമെന്ററിയുടെ പേര് സ്നേക്ക് പാര്‍ക്ക്. ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് എല്ലാം കൈവിട്ട് പോയത്. ഷോട്ട് എടുക്കാന്‍ തുടങ്ങി. ഒരു മരത്തില്‍ എന്നെ കെട്ടിയിട്ടിരിക്കുകയാണ്. ഒരു തോര്‍ത്ത് മാത്രം ഉടുത്തിട്ടുണ്ട്. ചുറ്റിലും കുറേ പാമ്പുകള്‍. അതുങ്ങളാണ് എന്നോടൊപ്പമുള്ള കഥാപാത്രങ്ങള്‍. ഞാന്‍ കരഞ്ഞു നിലവിളിക്കാന്‍ തുടങ്ങി. എന്നെ അഴിച്ചുവിടെന്നുപറഞ്ഞ് ബഹളം വച്ചു.

നീ അഭിനയിക്കാന്‍ സമ്മതിച്ചതാണ് പോകാന്‍ പറ്റില്ലന്ന് ഡയറക്ടര്‍. ഒടുവില്‍ എങ്ങനെയോ അഭിനയിച്ചുതീര്‍ത്തു. 250 രൂപ പ്രതിഫലവും കിട്ടി. ആ ഡോക്യുമെന്ററി പല രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. ആ തമിഴ് സുഹൃത്തുവഴിതന്നെയാണ് ബിഗ് സ്ക്രീനിലേക്ക് ഒരു വഴി തുറന്നു കിട്ടുന്നതും.

ബിഗ് സ്‌ക്രീനിലെ ആദ്യത്തെ അഭിനയ അനുഭവം നിരാശപ്പെടുത്തിയോ?


ഞാന്‍ മദ്രാസിലെത്തി. എന്‍. തമ്പി എന്നൊരു സംവിധായകനൊപ്പം മനൈവി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. വളരെ പ്രതീക്ഷയോടെയാണ് അഭിനയിച്ചതെങ്കിലും നിരാശയായിരുന്നു ഫലം. ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് മലയാളത്തിലാണ് അഭിനയിച്ചത്. റസ്റ്റ് ഹൗസ് എന്ന ചിത്രത്തില്‍.
മദ്രാസിലെ താമസവും മറ്റും വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. സിനിമക്കാര്‍ക്ക് ആരും വീട് വാടകയ്ക്ക് തരില്ല.

കൃത്യമായി വാടക കൊടുക്കില്ലാത്തതുതന്നെ കാരണം. ആ സമയത്ത് എന്നെ സഹായിച്ചതും ജീവിക്കാന്‍ പ്രചോദനമായതുമെല്ലാം ബന്ധു കൂടിയായ പ്രഫ. വിദ്യാധരനാണ്. എന്നെ ഞാനാക്കിത്തീര്‍ത്തത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം എന്നെയും താമസിപ്പിച്ചിരിക്കുകയായിരുന്നു.

1989 - 90 കാലം കൈനിറയെ സിനിമയുണ്ടായിരുന്ന കാലമാണ്. അക്കാലത്തെക്കുറിച്ച് ?


ആ കാലത്തൊക്കെ ഒരു പടം കഴിഞ്ഞ് അടുത്തതില്‍ ഉടനെ ജോയിന്‍ ചെയ്യുകയാണ്. ഞാന്‍, ജോസ്, ലാലു അലക്സ്, രവികുമാര്‍ അങ്ങനെ കുറച്ചുപേരുണ്ട്. അന്നൊക്കെ വളരെ ബിസിയാണ്. സര്‍ക്കസുകാരൊക്കെ പോകുന്നതുപോലെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക്. അത്യാവശ്യം പച്ചപിടിച്ചുതുടങ്ങിയ കാലഘട്ടമായിരുന്നു അത്.

ഫ്രീക്കനായിരുന്നല്ലോ?


ഞാന്‍ ജനിച്ചുവളര്‍ന്നത് ഫോര്‍ട്ട് കൊച്ചിയിലാണ്. ധാരാളം കലാകാരന്‍മാര്‍ ജനിച്ചുവളര്‍ന്ന സ്ഥലം. ധാരാളം ആംഗ്ലോ ഇന്ത്യന്‍സ് താമസിക്കുന്ന സ്ഥലവും കൂടിയാണല്ലോ. ഫോര്‍ട്ട് കൊച്ചില്‍ ജനിച്ചുവളര്‍ന്നതുകൊണ്ട് ആംഗ്ലോ ഇന്ത്യന്‍ ക്യാരക്‌ടേഴ്സ് കിട്ടിയിട്ടുണ്ട്. കാരണം അവരുടെ ജീവിത രീതികളും ശൈലികളുമൊക്കെ എന്നെ സ്വാധീനിച്ചിരുന്നു.

ഏയ് ഓട്ടോയില്‍ ഹേയ് മുണ്ടാ....എന്നുപറഞ്ഞ് സ്‌കൂട്ടറിലെത്തി കളിയാക്കി പോകുന്ന ഫ്രീക്കന്റെ വേഷം ചെയ്തിരുന്നു. പിന്നെ കോട്ടയം കുഞ്ഞച്ചനിലെ പെണ്ണുകാണാന്‍ വരുന്ന പരിഷ്‌കാരി. അങ്ങനെ ഇംഗ്ലീഷും മലയാളവും കലര്‍ത്തി പറയുന്ന കുറേ കഥാപാത്രങ്ങള്‍.

അതൊക്കെ ഇന്നത്തെ തലമുറയിലെ കുട്ടികളെയും ആകര്‍ഷിക്കുന്നു എന്നത് അതിശയകരവും സന്തോഷവുമാണ്. കോട്ടയം കുഞ്ഞച്ചനിലെ കഥാപാത്രം ചെയ്തിട്ട് 28 വര്‍ഷം കഴിഞ്ഞിട്ടും കുട്ടിയപ്പാ എന്നുവിളിച്ച് ഇന്നും വഴിയേ പോകുമ്പോള്‍ പിള്ളേര്‍ സെറ്റ് കളിയാക്കും.

കൊമേഡിയനില്‍ നിന്ന് സീരിയസ് വേഷങ്ങളിലേക്കും ചുവടുമാറ്റം നടത്തിയല്ലോ?


ജോഷിസാറിന്റെ പടങ്ങളിലെല്ലാം സീരിയസ് വേഷങ്ങള്‍ ചെയ്തു. ലേലം, മുംബൈ പോലീസ്...സീരിയസ് റോള്‍ ചെയ്യുമ്പോള്‍ കൊമേഡിയന്‍ എന്ന നിലയില്‍ ഒരുപാട് ശ്രദ്ധിക്കാനുണ്ട്. ഓരോ ചലനങ്ങളും ശ്രദ്ധിക്കേണ്ടതായി വരും.

കുഞ്ചനെന്ന പേരിട്ടത് തിക്കുറിശ്ശിയാണ്..?


നഗരം സാഗരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ്ബെംഗളുരുവില്‍ നടക്കുന്നു. എന്റെ യഥാര്‍ഥ പേര് മോഹന്‍ എന്നാണ്. അന്ന് ചട്ടക്കാരി സിനിമയില്‍ മറ്റൊരു മോഹന്‍ അഭിനയിക്കുന്നുണ്ട്. നടി ലക്ഷ്മിയെ കല്യാണം കഴിച്ച മോഹന്‍ ഞാനാണോ എന്നുവരെ ചിലര്‍ തമാശയ്ക്ക് പറഞ്ഞിരുന്നു. അതുകൊണ്ട് തിക്കുറിശ്ശി മാമനാണ് പറഞ്ഞത്.

എടാ രണ്ട് മോഹനും കൂടി കണ്‍ഫ്യൂഷനാകും അതുകൊണ്ട് നിന്റെ പേര് മാറ്റാം.. പുള്ളി ന്യൂമറോളജിയൊക്കെ നോക്കിയിട്ട് എനിക്ക് കുഞ്ചന്‍ എന്ന് പേരിട്ടു. അദ്ദേഹം ഒരുപാട് ആളുകള്‍ക്ക് പേരിട്ടയാളാണല്ലോ. ബഹദൂര്‍, പ്രേനസീര്‍, പ്രയദര്‍ശന്‍, ജയഭാരതി. അദ്ദേഹം പേരിട്ടവരാരും മോശക്കാരായിട്ടുമില്ല.

uploads/news/2019/01/278487/KunchanINW070119c.jpg

കമല്‍ ഹാസനുമായി വളരെ അടുത്ത ബന്ധമാണല്ലോ?


കമല്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വ്യക്തിത്വമാണ്. അദ്ദേഹത്തോടൊപ്പം മന്‍മദനമ്പ് എന്ന ചിത്രത്തിലഭിനയിച്ചത് ഒരു നിമിത്തമായിട്ടാണ് എനിക്ക് തോന്നുന്നത്. എന്റെ കല്യാണത്തിന് ഞാനദ്ദേഹത്തെ വിളിച്ചിരുന്നു. അന്നദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എനിക്കൊരു കാര്‍ഡ് അയച്ചിരുന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ഐ.ആം സ്റ്റില്‍ ബാച്ച്ലര്‍...ഗുഡ് ബൈ.. ആ കാര്‍ഡ് ഞാന്‍ സൂക്ഷിച്ച് വച്ചിരുന്നു.

25 വര്‍ഷങ്ങള്‍ക്ക് ശേഷം മകളുടെ വിവാഹം വന്നപ്പോള്‍ അദ്ദേഹത്തെ ക്ഷണിക്കാനായി ഞാന്‍ ആ കാര്‍ഡുമായാണ് പോയത്. കമലിന്റെ ഓഫീസില്‍ ചെന്നു. ഞാന്‍ പറഞ്ഞു മകളുടെ കല്യാണമാണ് വരണം.. കാര്‍ഡ് നീട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു. നീ ഇപ്പോഴും ഇന്ത കാര്‍ഡ് വച്ചിരിക്കാ.... അപ്പോള്‍ മന്‍മദനമ്പിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ പോവുകയാണ്.

ഞാന്‍ ഒരു പടം എടുക്കത്. ഉനക്ക് ആക്ട് പണ്ണ മുടിയുമാ.... അതിശയിച്ചുപോയി. ഞാന്‍ പറഞ്ഞു ഒ.കെ എനിക്ക് സന്തോഷം. കമല്‍ ഹാസന്‍ ചോദിച്ചു. എടാ, അപ്പോള്‍ കല്യാണമോ..??ഞാന്‍ പറഞ്ഞു. കല്യാണം വേണമെങ്കില്‍ മാറ്റിവയ്ക്കാം. പക്ഷേ നിങ്ങളുടെ കൂടെ അഭിനയിക്കാന്‍ പറ്റുമോ... അങ്ങനെ ഞാന്‍ ആ പടത്തില്‍ അഭിനയിച്ചു. മഞ്ജുപിള്ളയേയും ആ പടത്തില്‍ റക്കമെന്‍ഡ് ചെയ്തത് ഞാനാണ്

ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിത്വം ?


ഏറ്റവും സ്വാധീനിച്ച വ്യക്തിത്വം പ്രേം നസീര്‍ സാറാണ്. അദ്ദേഹത്തെ പൂവിട്ട് തൊഴണം. പുതിയ ജനറേഷനിലെ കുട്ടികള്‍ അദ്ദേഹത്തെ മാതൃകയാക്കണം എന്നേ ഞാന്‍ പറയൂ. ക്യത്യനിഷ്ടതയടക്കം എല്ലാ കാര്യത്തിലും അദ്ദേഹം പെര്‍ഫക്ടാണ്. സ്നേഹപൂര്‍വ്വമേ എന്ത് പ്രശ്നവും കൈകാര്യം ചെയ്യുകയുള്ളൂ. അന്ന് മൂന്നും നാലും പടങ്ങളൊക്കെയാണ് ഒരു ദിവസം അദ്ദേഹം ചെയ്തിരുന്നത്. അതൊക്കെ ചരിത്രം തന്നെ.

ഒരിക്കല്‍ നസീര്‍ സാറിനൊപ്പം ശശികുമാര്‍ സാര്‍ ഡയറക്ട് ചെയ്യുന്ന തിരുവാഭരണം എന്നൊരു പടം ചെയ്യുകയാണ്. നടി മീനയുടെ മകന്റെ വേഷമായിരുന്നു എനിക്ക്. ഞാനും സാധന എന്ന നടിയുമാണ് ഒന്നിച്ചഭിനയിക്കുന്നത്. സാധനയും ഞാനും മീന്‍പിടിക്കുന്ന ഷോട്ടാണ്. അടയാറിലെ ചെറിയ അരുവിയാണ് ലൊക്കേഷന്‍. തോര്‍ത്ത് വിരിച്ച് മീന്‍ പിടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിലേക്ക് ഒരു പാമ്പ് വന്നുകയറണം, അത് കണ്ട് ഞങ്ങള്‍ പേടിക്കുന്നു, അതാണെടുക്കുന്നത്.

അതിനുവേണ്ടി ഒരു പാമ്പിനെ വാടകയ്ക്കെടുത്ത് കൊണ്ടുവന്നിട്ടുണ്ട്. റിഹേഴ്സല്‍ എടുത്തുകൊണ്ടിരിക്കുകയാണ്. പാമ്പിനെ തോര്‍ത്തിലേക്കിടുമ്പോള്‍ എന്റെ കൈയുടെ നേരെയാണ് അത് ചാടി വന്നത്. ഞാന്‍ പേടിച്ച് കൈവിട്ടുകളഞ്ഞു. ശശികുമാര്‍ സാറെന്നെ വഴക്കുപറയാന്‍ തുടങ്ങി. എന്താ കുട്ടി കാണിക്കുന്നത്. ഷോട്ട് നശിപ്പിച്ചല്ലോ. നസീര്‍ സാറിന്റെ കോള്‍ഷീറ്റിന് ഞാനെവിടെപ്പോകും?? എന്നെല്ലാം പറഞ്ഞു.

നസീര്‍ സാര്‍ നോക്കി നില്‍ക്കുന്നു. ഞാന്‍ കരച്ചില്‍ തുടങ്ങി. ഞാന്‍ വെപ്രാളത്തില്‍ അവിടെയെല്ലാം പരതി. അതാ കല്ലിനടിയില്‍ ഇരിക്കുന്നു പാമ്പ്. മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്നുവിചാരിച്ച് ഞാന്‍ കേറിയതിനെ പിടിച്ചു. പക്ഷേ എന്റെ പിടുത്തത്തിന്റെ ശക്തികൊണ്ട് പാമ്പ് ചത്തുപോയി.

വീണ്ടും എന്റെ ദയനീയ അവസ്ഥ കണ്ടിട്ട് നസീര്‍ സാര്‍ പറഞ്ഞു. ശശിസാര്‍ ഞാന്‍ നാളെ ഒരു മണിക്കൂര്‍ തരാം. ആ കുഞ്ഞിനെ ഇനി വിഷമിപ്പിക്കേണ്ട.. അത്രയും നല്ല മനസുള്ള വ്യക്തിയാണദ്ദേഹം. എന്റെ അടുത്തുവന്ന് ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല.

ഒരു സിനിമക്കാരനെ വിവാഹം കഴിക്കുന്നതിന് തയാറാകാതിരുന്ന പെണ്ണുങ്ങളുണ്ടായിരിക്കുമല്ലോ?


സിനിമക്കാര്‍ക്ക് അന്ന് ആരും പെണ്ണ് കൊടുക്കില്ല. കാരണം ജോലി സ്ഥിരതയില്ല. വ്യത്തികെട്ടവനാണ് അങ്ങനെയൊക്കെയാണു പറച്ചില്‍. ഓരോ സിനിമയിലും ഓരോ വേഷമല്ലേ. ചിലതില്‍ പിച്ചക്കാരന്‍, ചിലതില്‍ തല്ലുകൊള്ളി, ചിലതില്‍ ഭ്രാന്തന്‍. കല്യാണമാലോചിച്ചു ചെല്ലുമ്പോള്‍ ബ്രോക്കര്‍ പറയും ചെറുക്കന്‍ ഇന്ന സിനിമയിലൊക്കെയാണെന്ന്. അയ്യേ ആ പിച്ചക്കാരനോ അവനെ വേണ്ട.. എന്നായിരിക്കും മറുപടി.

ഒടുവില്‍ എന്റെ ജേഷ്ഠന്റെ മകള്‍ ഒരു കല്യാണക്കാര്യവുമായി വന്നു. ഒരു ബ്യൂട്ടീഷ്യനുണ്ട്, ശോഭയെന്നാണ് പേര്.. ഞാന്‍ പറഞ്ഞു. ഓ ബ്യൂട്ടീഷ്യനോ... അത് ശരിയാകുമോ?? എന്റെ വിചാരം. ബ്യൂട്ടീഷ്യന്‍ എന്നൊക്കെ പറഞ്ഞാല്‍ ഹൈ ഹീലൊക്കെയിട്ട് ലിപ്സ്റ്റിക്കും തേച്ച്, മുടിയൊക്കെ പൊക്കികെട്ടിവച്ച രൂപമാണെന്നാണ്. എങ്കിലും പെണ്ണുകാണാന്‍ പോയി. എന്റെയൊരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു.

uploads/news/2019/01/278487/KunchanINW070119d.jpg

എന്റെ ധാരണയൊക്കെ തെറ്റിച്ചുകൊണ്ടാണ് ശോഭ മുന്നിലേക്ക് വന്നത്. ഒരു സാധാരണ പെണ്‍കുട്ടി. എനിക്കിഷ്ടപ്പെട്ടു. ഞാന്‍ അവളോട് തുറന്നുപറഞ്ഞു. സിനിമയാണ് എന്റെ ജോലി. ചിലപ്പോള്‍ ബിരിയാണിയായിരിക്കും കഴിക്കാന്‍, ചിലപ്പോള്‍ കഞ്ഞിയായിരിക്കും. ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോ?? ശോഭ പറഞ്ഞു.

എനിക്ക് ആലോചിക്കണം.. അങ്ങനെ 15 ദിവസം കഴിഞ്ഞപ്പോള്‍ ശോഭയുടെ അച്ഛന്‍ വന്നു പറഞ്ഞു. കുട്ടിക്ക് സമ്മതമാണ്..
കല്യാണമൊക്കെ ഉറപ്പിച്ച് കഴിഞ്ഞ് എന്റെയൊരു സിനിമ റിലീസ് ചെയ്തു. നായകന്‍ എന്ന ചിത്രം. ആ ചിത്രത്തില്‍ ഞാന്‍ ക്യാബറേ വേഷത്തില്‍ നില്‍ക്കുന്ന ഒരു കട്ടൗട്ട് ശോഭയുടെ സ്ഥാപനത്തിന്റെ മുന്നില്‍ വച്ചിട്ടുണ്ടായിരുന്നു.

ഞാന്‍ രാത്രിക്ക് രാത്രി ആ കട്ടൗട്ട് പൊളിച്ച് ഒടിച്ചുനുറുക്കി കായലിലെറിഞ്ഞു. അതൊക്കെ രസമുളള ഓര്‍മയാണ്. 32 വര്‍ഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഞാന്‍ ആരെങ്കിലുമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിനൊരു കാരണക്കാരി ശോഭകൂടിയാണ്.

കുഞ്ചനെ കുഞ്ചനാക്കുന്നത്?


നമ്മള്‍ എല്ലാ സാഹചര്യത്തിലും ജീവിക്കണം. ഞാന്‍ ജീവിതത്തില്‍ ഇങ്ങനെയായിപ്പോയി, എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല എന്നൊന്നും വിചാരിക്കരുത്. എല്ലാ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കുമ്പോഴാണ് അത് വിജയിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ സ്നേഹിച്ചും പരിഗണിച്ചും ജീവിക്കുക. നമ്മള്‍ ചെയ്യാനുള്ള ധര്‍മങ്ങളും കര്‍മ്മങ്ങളും ചെയ്യുക.

ഞാന്‍ ഞാനിയി ജീവിക്കുക. മറ്റുള്ളവരെപ്പോലെയാകാതിരിക്കുക. മമ്മൂട്ടി എന്റെ അയല്‍ക്കാരനാണ്. അയാളുടെ വീട്ടില്‍ അഞ്ച് കാറുണ്ട്, എന്റെ വീട്ടില്‍ ആറെണ്ണമെങ്കിലും വേണ്ടേ, എന്നല്ല ചിന്തിക്കേണ്ടത്. ഇനിയും വേണം, ഇനിയും വേണം എന്നു തോന്നുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്.

കേരളത്തില്‍ ആത്മഹത്യകളുണ്ടാകാനുള്ള കാരണവുമതാണ്. ലോണെടുത്ത് കണ്ടതെല്ലാം വാങ്ങിച്ചുകൂട്ടും. എന്നിട്ട് അതൊന്നും തിരിച്ചടയ്ക്കാനാവാതെ എല്ലാവരും കൂടി ആത്മഹത്യ ചെയ്യും. പണത്തിന്റെയും ഭക്ഷണത്തിന്റെയും വില അറിഞ്ഞുവേണം കുട്ടികളും വളരാന്‍.

അന്നത്തെ സൗഹൃദങ്ങളെക്കുറിച്ച് ?


സംവിധായകന്‍ ഭരതന്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. ഒരു ഷൂട്ടിംഗ് സ്ഥലത്തുവച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഒരുമിച്ച് കുറേക്കാലം താമസിച്ചിട്ടുണ്ട്. പട്ടിണിയും പരിവട്ടവും ഒക്കെയാണെങ്കിലും ആ സൗഹൃദത്തിന് ഒരു സുഖമുണ്ടായിരുന്നു. അന്ന് പവിത്രന്‍, ബാലു മഹീന്ദ്ര, ജോണ്‍ എബ്രഹാം അങ്ങനെ ഞങ്ങള്‍ അഞ്ചാറുപേരുണ്ട് ഒരു മുറി പങ്കിട്ടിരുന്നവര്‍.

മദ്രാസില്‍ ഞങ്ങള്‍ താമസിക്കുന്നതിന് കുറച്ചകലെ ഒരു മിലിട്ടറി ഓഫീസുണ്ട്. അവിടെ എന്തെങ്കിലും പ്രോഗ്രാമിന് വിളിച്ച് കലാപരിപാടി അവതരിപ്പിച്ചുകഴിയുമ്പോള്‍ അവര്‍ 50 രൂപയും ഒരു ബോട്ടില്‍ റമ്മും തരും. അതുംകൊണ്ട് താമസ സ്ഥലത്ത് വരുമ്പോള്‍ ഉത്സവമാണ്. ഞാന്‍ കുറച്ച് ബീഫും മുളകുപൊടിയും മസാലപ്പൊടിയും ഒക്കെ കൊണ്ടുവരും.

ഞങ്ങളുടെ റൂമില്‍ ഒരു മണ്ണെണ്ണ സ്റ്റൗ ഉണ്ട്. അതൊരു കഥാപാത്രമായിരുന്നു. അതിന്റെ ഒരു വശമേ കത്തൂ. ഈ ബീഫ് പാകപ്പെടുത്തി ചട്ടിയിലിട്ട് വേവാന്‍ തുടങ്ങുമ്പോഴേ ഓരോരുത്തരും എടുത്ത് കഴിക്കാന്‍ തുടങ്ങും. വിശപ്പിന്റെ ആധിക്യം കൊണ്ടാണിത്. മണ്ണെണ്ണ പുകയുടെ സ്വാദും കൂടിയുണ്ടാവും. ആ ടേസ്‌റ്റൊന്നും എന്റെ ഈ ഡൈനിംഗ് ടേബിളില്‍ എന്തുണ്ടെങ്കിലും അതിനൊന്നും കിട്ടില്ല. അത്തരം സൗഹൃദങ്ങളൊന്നും ഇപ്പോഴില്ല.

uploads/news/2019/01/278487/KunchanINW070119b.jpg

സിനിമക്കാരനായില്ലെങ്കില്‍..?


എന്റെ ജാതകപ്രകാരം അഡ്വക്കറ്റ് ആകുമെന്നായിരുന്നു. ഇതിപ്പോ എവിടെ ചെന്നാലും ഇരിക്കാന്‍ ഒരു സീറ്റുണ്ട്. അത് കളയാതെ സൂക്ഷിക്കാന്‍ ശ്രമിക്കണം.

ആരാധകര്‍ ധാരാളമുണ്ടാവുമല്ലോ?


ആരാധകര്‍ പല സ്വഭാവക്കാരാണ്. ചിലര്‍ ഉപദ്രവിക്കും. ചിലര്‍ സ്‌നേഹപൂര്‍വ്വം പെരുമാറും. ഇവരെയെല്ലാം വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യണം. ഒരു അനുഭവം ഓര്‍ക്കുകയാണ്.ആറാം തമ്പുരാന്റെ സെറ്റില്‍ ഞാനും മഞ്ജുവാര്യരും കൂടിയിരിക്കുമ്പോള്‍ രണ്ട് പിള്ളേര് ഞങ്ങളുടെ അടുത്തേക്ക് വന്നു. മഞ്ജുവിന് ഈ സംഭവം ഓര്‍മയുണ്ടോന്നറിയില്ല. അതിലൊരുത്തന്‍. മഞ്ജുചേച്ചിയെ മനസിലായി.

പക്ഷേ നിങ്ങളെ മനസിലായില്ലല്ലോ.. ഞാന്‍ പറഞ്ഞു. എന്നെ മനസിലായില്ലേ?.. ഞാന്‍ മഞ്ജു വാര്യരുടെ ബ്രദര്‍ കുഞ്ചുവാര്യര്‍.. ചേട്ടന്‍ കുഞ്ചേട്ടനല്ലേ എന്ന് അവന്‍മാര്‍.... ഞാന്‍ നല്ല ചീത്തയും പറഞ്ഞ് വിട്ടു.

ചിലരുപറയും ഞങ്ങളുടെ കാശുകൊണ്ടൊക്കെയാ ജീവിക്കുന്നത് അത് മറക്കല്ലേ എന്ന്. ആഥിത്യ മര്യാദയുടെ കാര്യത്തില്‍ മലബാറിലെ ജനങ്ങള്‍ കഴിഞ്ഞേ മറ്റാരുമുളളൂ. അവരെപ്പോലെ സ്നേഹിക്കുന്നയാളുകളെ നമുക്ക് മറ്റെങ്ങും കാണാന്‍ കഴിയില്ല.

അയല്‍ക്കാരനായ മമ്മൂട്ടിയുമായുള്ള സൗഹൃദം?


മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമുണ്ട്. ഞാന്‍ ഇടയ്ക്ക് അങ്ങോട്ട് പോകും, അവര്‍ ഇടയ്ക്ക് ഇങ്ങോട്ട് വരും. ബിരിയാണിവച്ച് അങ്ങോട്ടുമിങ്ങോട്ടും കൊടുക്കുന്ന പരിപാടിയൊന്നുമില്ല. മമ്മൂട്ടി 10 പ്രാവശ്യം വിളിക്കുമ്പോള്‍ ഒരു തവണ അങ്ങോട്ടുപോകും. ഒരുപാടൊരുപാട് ഇല്ലാത്തതുകൊണ്ട് ഇന്നും ആ ബന്ധം നന്നായി നിലനില്‍ക്കുന്നു.

മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?


ഇപ്പോഴത്തെ തലമുറയ്ക്കാണ് പ്രശ്‌നങ്ങളൊക്കെ. അവനവന്റെ പല്ലുകുത്തി നമ്മള്‍ തന്നെ നാറ്റിക്കുക, എന്ന നിലവാരത്തില്‍ പൊയ്ക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ ഒരു മനുഷ്യനോട് എങ്ങനെ പെരുമാറുന്നോ അതനുസരിച്ചായിരിക്കും തിരിച്ചുള്ള പെരുമാറ്റവും.

നമ്മുടെ ബോഡീ ഗാര്‍ഡ് നമ്മള്‍ തന്നെയാണ്. അത് ഞാനെന്റെ പെണ്‍മക്കളോടും പറഞ്ഞുകൊടുക്കാറുണ്ട്. അല്ലാതെ അച്ഛനും അമ്മയ്ക്കും എത്രകാലം പെണ്‍മക്കള്‍ക്ക് കാവലാകാന്‍ സാധിക്കും. അത് മനസിലാക്കി ജീവിക്കണം.

ഷെറിങ് പവിത്രന്‍

Ads by Google
Monday 07 Jan 2019 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW