Friday, June 21, 2019 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 06 Jan 2019 10.49 PM

മഞ്ഞുതുള്ളിയില്‍ ഒരു കാനനം

uploads/news/2019/01/278315/book.jpg

മഞ്ഞു തുള്ളിയില്‍ കാനനത്തെ പ്രതിഫലിപ്പിക്കുക എന്ന്‌ പറയാറുള്ളത്‌ പോലെ സമകാലീന കേരളത്തിന്റെ പരിച്‌ഛേദം സ്‌തീപക്ഷ കാഴ്‌ചപ്പാടോടെ അതീവ ഹൃദ്യമായി കലിഡോസ്‌കോപ്പ്‌ എന്ന തന്റെ ചെറുനോവലിലൂടെ ഷഹനാസ്‌ എം എ അവതരിപ്പിക്കുന്നു. ചെറുകഥ, നീണ്ടകഥ, നോവെല്ല, നോവല്‍ എന്നിങ്ങനെ നോവല്‍ സാഹിത്യത്തെ വേര്‍തിരിക്കാവുന്നതാണ്‌. ബഷീറിന്റെയും മാധവിക്കുട്ടിയുടെയും കെ ആര്‍ മീരയുടെയും മറ്റും നോവെല്ലകളുടെ പട്ടികയില്‍ സ്‌ഥാനം പിടിക്കാന്‍ പുതു തലമുറക്കാരുമുണ്ട്‌ എന്ന്‌ തെളിയിക്കുന്നതാണ്‌ ഷഹാനയുടെ പ്രഥമ കൃതി. പേരു സൂചിപ്പിക്കുന്നത്‌ പോലെ ചിത്രദര്‍ശിനിക്കുഴലിലൂടെ നിരന്തരം മാറികൊണ്ടിരിക്കുന്ന വര്‍ണ്ണാഭ കാഴ്‌ച കാണുന്നത്‌ പോലെയൊരു അനുഭവമാണ്‌ ദുര്‍ഗ്ഗയെന്ന പ്രധാന കഥാപാത്രത്തിന്റെ ഓര്‍മ്മകള്‍ ചുരുളഴിയുമ്പോള്‍ അനുവാചകര്‍ക്ക്‌ ലഭിക്കുന്നത്‌.
ഇരുളടഞ്ഞ വഴിയിലൂടെ നടക്കുന്നത്‌ പോലെയാണ്‌ ഈ വരാന്തയിലൂടെ ഉള്ള നടത്തം എന്ന നോവലിന്റെ ആദ്യ വാചകം തന്നെ എന്താണ്‌ വരാനിരിക്കുന്നത്‌ എന്നതിന്റെ സൂചന നല്‍കുന്നുണ്ട്‌. അച്‌ഛന്‍ മറ്റൊരാളെ വിവാഹം കഴിച്ച്‌ കുടുംബം വിട്ടു പോകയും അമ്മ ഓര്‍മ്മയായി മാറുകയും സഹോദരിമാര്‍ തങ്ങളുടെ കുടുംബങ്ങള്‍ രൂപീകരിച്ച്‌ അകന്ന്‌ പോവുകയും ചെയ്‌തതോടെ ഏകാന്തയായി ഒറ്റക്ക്‌ കഴിയേണ്ടിവരുന്നു ദുര്‍ഗ്ഗയ്‌ക്ക്. ഭര്‍ത്താവും കുടുംബവുമില്ലാത്ത ഒരു യുവതിക്ക്‌ പുരുഷാധിപത്യ സമൂഹത്തില്‍ തൊഴിലിടം മുതല്‍ തെരുവോരങ്ങളില്‍ വരെ നേരിടേണ്ടിവരുന്ന സൂക്ഷ്‌മവും സ്‌ഥൂലവുമായ വിവേചനങ്ങളും പീഡനങ്ങളും അതിഭാവുകത്വത്തിലേക്ക്‌ വഴുതി വീഴാതെ ഒതുങ്ങിയ വാക്കുകളില്‍ ഷഹനാസ്‌ വരച്ചിടുന്നു.
നോവലിലുടനീളം ഷഹനാസ്‌ ലോഭമില്ലാതെ വാരിവിതറിയ ഹൃദയാഹാരിയായ ഉപമകളും പ്രതീകകളും നോവലിനെ അതീവ വായനാക്ഷമതയുള്ളതാക്കി മാറ്റുന്നു. മഷിത്തണ്ട്‌ പോലെ നേര്‍ത്ത്‌ പോയ വിരലുകള്‍, ഓര്‍മ്മകള്‍ ഒരു ഇരമ്പല്‍, ഏകാന്തതയുടെ ഗുഹകള്‍, ഒഴിഞ്ഞ ഗര്‍ഭപാത്രം, മതത്തിന്റെ നിറമുള്ള രക്‌തം, നൃത്തം ചെയ്യുന്ന തിരകള്‍ , വകഞ്ഞ്‌ മാറ്റിയ ബീജങ്ങള്‍ , സമയത്തെ സമയം കൊണ്ട്‌ ഓര്‍മ്മിപ്പിച്ചവള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ നോക്കുക.
സമകാലീന കേരളം അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളുടെയും സ്‌തീപക്ഷ വായന അതിസൂക്ഷ്‌മതയോടെ ഷഹനാസ്‌ നടത്തുന്നുണ്ട്‌. അണുകുടുംബത്തിനുള്ളിലെ സംഘര്‍ഷങ്ങള്‍, പുരുഷാധിപത്യ മൂല്യങ്ങള്‍ ആന്തരികവല്‍ക്കരിച്ച്‌ ആണ്‍മക്കള്‍ക്കായി കൊതിക്കുന്നു അമ്മമാര്‍, ട്രാന്‍സ്‌ ജെണ്ടറുകള്‍ നേരിടുന്ന വിവേചനങ്ങള്‍, ബാലപീഡനം, കപട രാഷ്‌ടീയം, വര്‍ഗ്ഗീയത തുടങ്ങിയ പല സമസ്യകളും ഒരു കാലിഡോസ്‌കോപ്പിലെന്ന പോലെ നോവലിലൂടെ കടന്നു പോവുന്നു.
നോവലില്‍ പല സന്ദര്‍ഭങ്ങളിലായി വായിക്കേണ്ടിവരുന്ന നൊമ്പരപ്പെടുത്തുകയും ചിന്തിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്ന പല വാചകകളും മനസ്സില്‍ തറച്ച്‌ നില്‍ക്കുന്നതായി വായനക്കാര്‍ക്ക്‌ അനുഭവപ്പെടും:
അമ്മയുടെ ഗര്‍ഭത്തില്‍ തന്നെ ഒളിപ്പിച്ച ഈ മനുഷ്യന്‌ മുന്നില്‍ ഞാനെന്തിന്‌ ഒളിക്കണം...തനിക്കില്ലാത്തതൊക്കെ ആഴത്തില്‍ ചൂണ്ടി കാണിച്ച്‌ തരുന്ന ഈ ലോകത്തില്‍ അവള്‍ പലപ്പോഴും തോറ്റ്‌ പോവാതിരിക്കാന്‍ ശ്രമിച്ച്‌ കൊണ്ടേ യിരുന്നു ... മതം എന്നത്‌ സ്‌നേഹമല്ല ഒരു ഭ്രാന്താണ്‌ എന്ന്‌ തെളിയിച്ച്‌ കൊണ്ടേയിരിക്കുന്നു...ചില ഓര്‍മ്മകള്‍ അങ്ങനെ അകന്ന്‌ അകന്ന്‌ പോവുന്നത്‌ നോക്കി നില്‍ക്കുന്നത്‌ തന്നെ എന്ത്‌ രസമാണ്‌...വേറിട്ട്‌ നില്‍ക്കാന്‍ എന്നും മോഹം തോന്നിയത്‌ വേരറ്റ്‌ പോവാത്ത ഒരു കാലം ആഗ്രഹിച്ചിട്ടായിരുന്നു...ഫോണ്‍ നഷ്‌ടമായി അങ്ങനെ ഫോണ്‍ വഴി ഉണ്ടായിരുന്ന ബന്ധങ്ങളും പോയി...കരുതലോടെയുള്ള പ്രണയമാണ്‌ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമ്പാദ്യമെന്ന്‌ തിരിച്ചറിഞ്ഞ നിമിഷം... ഇങ്ങിനെ എത്രയെത്ര വാചകങ്ങള്‍ ചിന്തയെ ഉദ്ദീപിച്ച്‌ കൊണ്ടും മനസ്സിനെ അസ്വസ്‌ഥമാക്കികൊണ്ടും നോവല്‍ വായിച്ചവസാനിപ്പിച്ച്‌ കഴിഞ്ഞാലും നമ്മെ പിന്തുടര്‍ന്ന്‌ കൊണ്ടിരിക്കും.
ഇതാ മലയാള സാഹിത്യത്തിന്റെ ഉമ്മറപ്പടിയില്‍ ഞാനെത്തി ക്കഴിഞ്ഞു, എന്നെ അവഗണിക്കാനാവില്ല എന്ന്‌ തന്റെ പ്രഥമ നോവലിലൂടെ ഷഹാനാസ്‌ അനുവാചകരോട്‌ മൃദു ശബ്‌ദത്തില്‍ വിനയത്തോടെ പറഞ്ഞു കഴിഞ്ഞു എന്നാണ്‌ കലിഡോസ്‌കോപ്പ്‌ ഒറ്റയിരുപ്പില്‍ വായിച്ച്‌ തീര്‍ന്നപ്പോള്‍ എനിക്ക്‌ തോന്നിയത്‌.

കലിഡോസ്‌കോപ്പ്‌
(നോവല്‍)
ഷഹനാസ്‌ എം.എ
ബാഷോ ബുക്‌സ്
വില 140 രൂപ

Ads by Google
Sunday 06 Jan 2019 10.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW