Friday, June 21, 2019 Last Updated 12 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 06 Jan 2019 01.06 AM

സ്വപ്‌ന സാക്ഷാത്‌ക്കാരം

uploads/news/2019/01/278054/2.jpg

നേരം വെളുക്കും മുമ്പെ ഫാത്തിമ ഇനിയും നടക്കാന്‍ തുടങ്ങിയിട്ടില്ലാത്ത മകന്‍ ഫറീദിനെ തോളിലേറ്റിക്കൊണ്ട്‌ പുലരാന്‍ നേരത്തെ സുഖനിദ്രയില്‍ ആണ്ടു കിടക്കുന്ന അഞ്ചു വയസ്സുകാരി ഫറീദയെ ഉണര്‍ത്താനാരംഭിച്ചു. ഹും... എന്ന്‌ മൂളിക്കൊണ്ട്‌ തിരിഞ്ഞുകിടന്ന മകളുടെ മുഖത്ത്‌ വെള്ളം തെറിപ്പിച്ച്‌ എഴുന്നേല്‍പ്പിച്ചിരുത്തി. ആരോ ദാനം ചെയ്‌ത ഒരു പഴയ ഉടുപ്പെടുത്ത്‌ ധരിപ്പിച്ചു. മകളുടെ കൈപിടിച്ച്‌ വെളിയിലിറങ്ങി. കുടില്‍ ഒരു കൊച്ചു താഴിട്ട്‌ പൂട്ടി. കുടിലിന്റെ മുമ്പിലുള്ള വയലിന്റെ വരമ്പിലൂടെ നടന്നു തുടങ്ങി. ഉറക്കച്ചടവില്‍ നടന്ന മകള്‍ വീണു. 'ഉമ്മാ ഇത്ര സൊബീക്ക്‌ ഞമ്മൊ ഏടക്കാ പോന്നോ? 'എന്നു തിരക്കി. 'നിന്റെ ഉപ്പാനെ കുയിച്ചിട്ടേടത്ത്‌' എന്നായിരുന്നു ഫാത്തിമയുടെ മറുപടി. മകളുടെ കൈപിടിച്ചു വലിച്ചുകൊണ്ട്‌ ദേഷ്യത്തോടെ പറഞ്ഞു- 'ഒന്ന്‌ വേഗം നടക്കെടി ' മകള്‍ കരഞ്ഞുകൊണ്ട്‌ ഉമ്മയെ അനുഗമിച്ചു. നാട്ടിന്‍പുറത്തെ കുണ്ടുംകുഴിയും നിറഞ്ഞ വഴിയിലൂടെ രണ്ടുമൈല്‍ നടന്നശേഷം അവര്‍ രാജപാതയിലേക്കെത്തി. ഇനിയും ഉറക്കച്ചടവ്‌ വിട്ടുമാറിയിട്ടില്ലാത്ത ശഫീന ഒന്നു-രണ്ടു തവണ വീണു. കാലിന്റെ ചെറുവിരലില്‍ ഒരു മുറിവും വരുത്തി. അപ്പോഴേക്കും ആകാശത്തിന്റെ കിഴക്കുഭാഗത്ത്‌ സ്വര്‍ണ്ണവര്‍ണ്ണം കണ്ടുതുടങ്ങി.
'എനക്ക്‌ പയ്‌ക്കുന്നുമ്മാ' എന്നും പറഞ്ഞ്‌ ശഫീന കരഞ്ഞുകൊണ്ട്‌ നിലത്തിരുന്നു. മകന്‍ ഫരീദ്‌ മുലകുടിക്കാന്‍ വാശി പിടിച്ചു. ഫാത്തിമ അല്‌പം അകലെയുള്ള ഒരു മരച്ചുവട്ടില്‍ ഒരു കരിങ്കല്ലിലിരുന്നു. കരുതിവെച്ചിരുന്ന പൊതിയഴിച്ച്‌ മകളുടെ കയ്യില്‍ ഒരു ദോശ വെച്ചുകൊടുത്തു. മകനെ മുലയൂട്ടാനും തുടങ്ങി. മകളുടെ കാലില്‍ രക്‌തം കട്ടപിടിച്ചിരിക്കുന്നത്‌ അപ്പോഴാണ്‌ ഫാത്തിമയുടെ ശ്രദ്ധയില്‍പ്പെട്ടത്‌. ഉടനെ തന്നെ കരുതിയിരുന്ന വെള്ളംകൊണ്ട്‌ മുറിവ്‌ കഴുകി. സഞ്ചിയില്‍ നിന്നും പഴയൊരു സാരിയെടുത്ത്‌ ഒരു കഷണം കീറിയെടുത്ത്‌ മുറിവുകെട്ടി. കുടിക്കാന്‍ വെള്ളവും കൊടുത്തു. മകനെ മുലയൂട്ടുമ്പോള്‍ ഫാത്തിമയുടെ കണ്ണില്‍ നിന്നും മകന്റെ തലയില്‍ കണ്ണീര്‍ ഇറ്റിറ്റ്‌ വീഴുന്നുണ്ടായിരുന്നു.
തന്നെയും ഈ കൊച്ചുമക്കളെയും വഴിയാധാരമാക്കിയല്ലേ, ആ മനുഷ്യന്‍ പോയത്‌! പോയ സ്‌ഥലത്ത്‌ ഇനിയൊരു പെണ്ണിനെ കെട്ടിക്കാണും. ഇങ്ങിനെ ഉള്ളോര്‍ക്കും പെണ്ണുകൊടുക്കാന്‍ ഉപ്പമാര്‌ മത്സരിക്കുകയല്ലേ? ഇന്നുവരും, നാളെ വരും എന്നു കരുതി കാത്തു കുത്തിയിരിക്കുകയായിരുന്നല്ലോ, ഞാന്‍. വീട്ടിലുണ്ടായിരുന്ന അരിയും തീര്‍ന്നു. വിശന്നു കരയുന്ന മക്കളെയുംകൊണ്ട്‌ എത്ര ദിവസം കഴിയാം? ആ മനുഷ്യന്‍ ഇങ്ങനെ ചെയ്യുമെന്ന്‌ ആരാ നിരീച്ചേ? ഇനി നാടു വിടലെ ഗതി. ഇന്നെവരെ വീട്ടില്‍ നിന്നിറങ്ങി ജോലിചെയ്‌ത പരിചമില്ല. പുറം നാട്ടിലാണെങ്കില്‍ മക്കളെ പണിയെടുത്തു പോറ്റാമെന്ന വിശ്വാസത്തില്‍ ഇങ്ങ്‌ ഇറങ്ങുകയും ചെയ്‌തു. പട്ടണത്തിലേക്ക്‌ പത്തുമൈല്‍ ദൂരമുണ്ടെന്ന്‌ പറഞ്ഞുകേട്ടിരുന്നു. മക്കളെയുംകൂട്ടി ഇത്രയുംദൂരം നടക്കാന്‍ പറ്റുമോ എന്നൊന്നും ചിന്തിച്ചതെയില്ല. എന്തായാലും പുറപ്പെട്ടല്ലോ. ഇനി പിന്നോട്ടില്ല. ഫാത്തിമ ചിന്തിച്ചുകൊണ്ടേയിരുന്നു.
സൂര്യന്‍ പൊങ്ങിവരുന്നതു കണ്ടപ്പോള്‍ ഫാത്തിമ ധൃതിപിടിച്ച്‌ എഴുന്നേറ്റു. കുട്ടികള്‍ക്ക്‌ ഒരിക്കല്‍കൂടി വെള്ളം കൊടുത്തു. പടിഞ്ഞാറോട്ട്‌ നടന്നുതുടങ്ങി.
നടന്നാലും നടന്നാലും തീരാത്ത വഴി. ശഫീന കാലുവേദനയെന്നും പറഞ്ഞ്‌ കരയാന്‍ തുടങ്ങി. കുറച്ച്‌ വിശ്രമിച്ച ശേഷം നടത്തം തുടര്‍ന്നു.കുറച്ചുകൂടി നടന്നപ്പോള്‍ ശഫീന'ഞാന്‍ ബര്‌ന്നില്ല, ഉമ്മ പോയ്‌കൊ' എന്നും പറഞ്ഞ്‌ പിന്‍തിരിഞ്ഞ്‌ ഓടാന്‍ തുടങ്ങി. ഫാത്തിമ അവളെ പിടിച്ച്‌ രണ്ടടിയും കൊടുത്ത്‌, 'നടന്നത്ര ദൂരൊന്നും ഇല്ലടി, ഇനി നടക്കാന്‍' എന്ന്‌ സമാധാനിപ്പിച്ചു. അവളുടെ കയ്യും പിടിച്ച്‌ നടന്നു തുടങ്ങി. ആ വഴിയെ വല്ലപ്പോഴും ബസ്സുകള്‍ ഓടിയിരുന്നു. ബസ്സ്‌ കണ്ടപ്പോള്‍ ശഫീന പറഞ്ഞു- 'നമ്മക്ക്‌ അയില്‌ പോവ്വാ, ഉമ്മ. ' ഉമ്മ ദേഷ്യത്തോടെ പറഞ്ഞു- 'ബസ്സില്‌ പോവ്വാന്‍ നിന്റെ ഉപ്പ പണം തന്നിറ്റല്ലെ അയച്ചിന്‌?' ഇങ്ങിനെ ഭര്‍ത്താവിനെ ശപിച്ചുകൊണ്ടും മകളെ ശകാരിച്ചുകൊണ്ടും നടത്തം തുടര്‍ന്നു. ഉച്ചയായപ്പോഴേക്കും പട്ടണത്തില്‍ എത്തിച്ചേര്‍ന്നു.
ഈ പട്ടണത്തില്‍ വേണ്ടപ്പെട്ടവര്‍ ആരെങ്കിലും ഉള്ളതുകൊണ്ടൊന്നുമല്ല, വന്നത്‌. ഇപ്പോള്‍ ഉള്ളേടത്ത്‌ ജീവിക്കാന്‍ പറ്റില്ല എന്നതുകൊണ്ട്‌ ധൈര്യമവലംബിച്ച്‌ ഇറങ്ങിപ്പുറപ്പെട്ടതാണ്‌. കുടിലിന്ന്‌ വെളിയിലെ ലോകം അധികം കണ്ടിട്ടില്ലാത്ത ഫാത്തിമ നഗരത്തിലെ കാറും ബസ്സും ബഹളവും കണ്ട്‌ ഏറെ നേരം അന്തംവിട്ട്‌ നിന്നു. പിന്നെ അടുത്തു കണ്ട ഒരു വിട്ടിലേക്ക്‌ നടന്നു. അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ഭാഷയില്‍നിന്ന്‌ മുസ്ലീം കുടുംബമാണെന്ന്‌ മനസ്സിലാക്കി. വീടിന്റെ പിന്‍ഭാഗത്തു ചെന്നു.
അവിടെ മീന്‍മുറിക്കുകയായിരുന്ന സ്‌ത്രീ അമ്മയെയും മകളെയും കണ്ടപ്പോള്‍ ചോദ്യം ചെയ്യാനാരംഭിച്ചു. ആദ്യത്തെ ചോദ്യം മാപ്പള ഇല്ലേ എന്നായിരുന്നു. തുടര്‍ന്നുള്ള ചോദ്യങ്ങളിലൂടെ സ്‌ഥിതിഗതികളെല്ലാം മനസ്സിലാക്കിയപ്പോള്‍, വീട്ടുപണി ചെയ്യാമോ എന്നന്വേഷിച്ചു. ഫാത്തിമ സമ്മതം മൂളി തുടര്‍ന്നു ചോദിച്ചു. 'അപ്പൊ ഈ കുട്ടികളോ?' 'അതൊക്കെ പിന്നെ നോക്കാം. അകത്ത്‌ കയറിയിരിക്ക്‌. ഇത്രയും ദൂരെനിന്ന്‌ വന്നതല്ലെ' എന്ന സമാശ്വസ വാക്കുകളാണ്‌ കേട്ടത്‌. 'ഇത്രയും ദൂരം ഈ കുട്ടി നടന്നോ? കാലു വേദന കൊണ്ട്‌ നാളെ എണീക്കൂല്ല' എന്നും പറഞ്ഞ്‌ തന്റെ ജോലി തുടര്‍ന്നു. ഫാത്തിമയ്‌ക്ക് നിധി കിട്ടിയതുപോലെയായി. ശഫീന കാലുവേദനയെന്നും പറഞ്ഞ്‌ അവിടെത്തന്നെ കിടന്നു.
വൈകുന്നേരമായപ്പോള്‍ ഗൃഹനാഥനായ വക്കീല്‍ അഗ്‌സര്‍ അലി വീട്ടിലെത്തി. ആയിഷാ എന്നു വിളിച്ചു കൊണ്ട്‌ അടുക്കള ഭാഗത്തു വന്നു. അവിടെ അപരിചിതയായ ഒരു സ്‌ത്രീയെ കണ്ടപ്പോള്‍ വിളി ആവര്‍ത്തിച്ചു. ആയിഷ ഭര്‍ത്താവിന്‌ ചായയുണ്ടാക്കിക്കൊടുത്ത്‌ അടുത്തിരുന്ന്‌ ഫാത്തിമയുടെയും മക്കളുടെയും കഥ പറഞ്ഞു കേള്‍പ്പിച്ചു. 'അവളും ചെറിയ കുട്ടിയും ഇവിടെ ഇരുന്നോട്ടെ, വീട്ടുപണിക്ക്‌ ആളെ കിട്ടാത്ത കാലമാ. വീട്ടുപണി എടുത്തെടുത്ത്‌ എനിക്ക്‌ മതിയായി.' ആയിഷ തന്റെ നിര്‍ദ്ദേശം വെച്ചു.
'കണ്ടവഴിയെ പോകുന്നോരെയൊക്കെ വീട്ടില്‍ കയറ്റുന്നതെങ്ങിനെയാ? എന്തെങ്കിലും കളവു നടത്തി കടന്നു പോയാല്‍ ആരു ചോദിക്കും? 'അഗ്‌സര്‍ തന്റെ വക്കീല്‍ബുദ്ധി പ്രകടിപ്പിച്ചു.
'അവള്‍ അങ്ങിനെ ചെയ്യുമെന്ന്‌ തോന്നുന്നില്ല. നമുക്ക്‌ ആ പെണ്‍കുട്ടിയെ അനാഥാലയത്തില്‍ ചേര്‍ക്കാം. നിങ്ങള്‍ക്ക്‌ അനാഥാലയക്കാരെ നല്ല പരിചയമുണ്ടല്ലോ. അമ്മയും ചെറിയകുട്ടിയും ഇവിടെ ഇരുന്നോട്ടെ. ജോലി എങ്ങനെ ചെയ്യുന്നു എന്ന്‌ നോക്കാല്ലോ. അയിഷ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.
'നിന്റെ ഇഷ്‌ടംപോലെ ചെയ്യ്‌. എന്നാല്‍ ഒരു കാര്യം, എന്റെ ഭക്ഷണം നീ തന്നെ ഉണ്ടാക്കിയേക്കണ'ം എന്നും പറഞ്ഞ്‌ ചിരിച്ചുകൊണ്ട്‌ തന്റെ ഓഫീസ്‌ മുറിയിലേക്കു കടന്നു.
** ** **
അടുത്തദിവസം ആയിഷ ശഫീനയെയും ഉമ്മയെയുംകൂട്ടി അനാഥാലയത്തിലേക്ക്‌ സ്വന്തം കാറോടിച്ചു പോയി. ഒരു സാധാരണ കെട്ടിടം. നാട്ടുകാരുടെയും സര്‍ക്കാറിന്റെയും സഹായത്തോടെയാണ്‌ പെണ്‍ക്കുട്ടികള്‍ക്കായുള്ള ഈ അനാഥാലയം നടത്തുന്നത്‌. അനാഥരും ദരിദ്രരുമായ ഒട്ടേറെ കുട്ടികള്‍ക്ക്‌ അതൊരു അത്താണിയാണ്‌. രാവിലെ എഴുന്നേറ്റ്‌ ഖുര്‍ആന്‍ പഠനം. പ്രാതല്‍ കഴിച്ച്‌ അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പോകും. യൂണിഫോം ഏതെങ്കിലും ധനികരുടെ വകയായിരിക്കും. സ്‌കൂളില്‍ നിന്ന്‌ തിരിച്ചുവന്നാല്‍ നിസ്‌കാരം. പിന്നെ അവരുടെ വസ്‌ത്രങ്ങള്‍ സ്വയം അലക്കണം. പിന്നെ ഊഴം വെച്ച്‌ അടുക്കളക്കാരിയെ സഹായിക്കണം. ഇവരെയെല്ലാം ശ്രദ്ധിക്കാന്‍ മധ്യവയസ്‌കയായ ഒരു വാര്‍ഡനുണ്ട്‌. ചെറിയ കുട്ടികളെ നോക്കാന്‍ ഒരു ആയയും. അനാഥാലത്തിന്റെ നടത്തിപ്പിന്‌ ഒരു സമിതിയുണ്ട്‌. എല്ലാവരും പുരുഷന്മാര്‍. അവര്‍ ഇടയ്‌ക്കിടെ സന്ദര്‍ശനം നടത്തും. വിദേശത്തുനിന്നും സാമ്പത്തികസഹായം ലഭ്യമാകുന്നുണ്ട്‌.
ശഫീനയുടെ കയ്യും പിടിച്ച്‌ ആയിഷ അനാഥാലയത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ആയ അവരെ ആദരപൂര്‍വ്വം സ്വീകരിച്ചു. പേരുകേട്ട ഒരു വക്കീലിന്റെ ഭാര്യ അനാഥാലയത്തിലേക്ക്‌ ഒരു കുട്ടിയെയുംകൊണ്ടു വന്നപ്പോള്‍ ആയയ്‌ക്കു മാത്രമല്ല, അവിടുത്തെ അന്തേവാസികള്‍ക്കും ആകാംക്ഷ. ആയിഷ ശഫീനയുടെയും അവളുടെ ഉമ്മയുടെയും കഥ പറഞ്ഞു കേള്‍പ്പിച്ചു. ആവശ്യമായ കടലാസ്സുകള്‍ വക്കീല്‍ അഗ്‌സര്‍ അലി തയ്യാറാക്കിക്കൊടുത്തിരുന്നു. ശഫീനയുടെ പ്രവേശനത്തിന്‌ ബുദ്ധിമുട്ടുണ്ടായില്ല. തിരിച്ചുവരുമ്പോള്‍ ആയിഷ ശഫീനയുടെ പുറം തട്ടികൊണ്ടു പറഞ്ഞു- 'ഇവിടെ നിനക്ക്‌ നല്ല സുഖമായിരിക്കും. കൂട്ടുകാരികള്‍ കുറേപ്പേരുണ്ടാകും. നിന്റെ ഉമ്മാനെ ഞാന്‍ നാളെ ഇങ്ങോട്ടയക്കാം. സുഹറ ആന്റി പറയുന്നതുപോലെ അനുസരിച്ചാല്‍ മതി. നാളെ നിന്നെ സ്‌കൂളില്‍ ചേര്‍ക്കും.' ശഫീന ഒരു മൂലയിലേക്കു മാറി കരയാന്‍ തുടങ്ങി. 'അയ്യേ! പെണ്‍കുട്ടികള്‍ ഇങ്ങനെ കരഞ്ഞൂടല്ലോ. ഒന്നു രണ്ടു ദിവസം കഴിഞ്ഞോട്ടെ. നീ എങ്ങിനെ ആകുന്നൂന്ന്‌ കാണാല്ലോ.' ആയ സമാശ്വസിപ്പിച്ചു. അങ്ങിനെ ശഫീന അനാഥലയത്തിലെ അന്തേവാസിയായി.
ആദ്യത്തെ ഒന്നുരണ്ടു ദിവസം ശഫീന നനഞ്ഞ കോഴിയെപ്പോലെ ഒതുങ്ങിക്കൂടി. സുഹറ മുംതാസ്‌ എന്ന പെണ്‍കുട്ടിയെ വിളിച്ച്‌ ശഫീനയെ കൂടെ കൂട്ടാന്‍ പറഞ്ഞു. ശഫീനയെക്കാള്‍ രണ്ടു വയസ്സിന്‌ മൂത്ത ആ കുട്ടി അവളെ കൈ പിടിച്ച്‌ കൊണ്ടുപോയി. കൂട്ടത്തില്‍ കൂട്ടി കളിക്കാനും തുടങ്ങി. രണ്ടുദിവസം കൊണ്ട്‌ ശഫീന അനാഥാലയത്തിലെ അന്തേവാസികളുമായി ഇണങ്ങിച്ചേര്‍ന്നു. അപ്പോഴേക്കും ആയ അവള്‍ക്ക്‌ യൂണിഫോമും തയ്‌പിച്ചു. സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്‌തു. അടുത്ത ദിവസം മുതല്‍ ശഫീന സന്തോഷത്തോടെ പുസ്‌തകസഞ്ചിയുമായി മറ്റു കുട്ടികളോടൊപ്പം സ്‌കൂളില്‍ പോയിത്തുടങ്ങി. സ്‌കൂളിലേക്കു നടന്നുപോകുമ്പോള്‍ തന്റെ ഗ്രാമത്തില്‍ നിന്നും ഈ പട്ടണത്തിലേക്കുള്ള പതിനഞ്ചു മൈല്‍ദൂരം കാല്‍നടയായി വന്നതും, കാലില്‍ മുറിവേറ്റതും കാലുവേദനമൂലം വാശിപിടിച്ച്‌ വഴിയിലിരുന്നതുമൊക്കെ അവള്‍ ഓര്‍ക്കുമായിരുന്നു. പഠിച്ചു വലുതാകണമെന്ന തോന്നലുണ്ടാകാന്‍ ആ ഓര്‍മ്മ സഹായകമായി. തന്റെ ഉമ്മയ്‌ക്കും അനുജനും ഇനിയും അങ്ങിനെ ഒരനുഭവം ഉണ്ടായിക്കൂട. തന്റെ സ്‌കൂളിലെ അധ്യാപികമാരെപ്പോലെ തനിക്കും ഒരു ടീച്ചറാകണം. ഈ ലക്ഷ്യബോധം അവളെ നല്ലൊരു വിദ്യാര്‍ത്ഥിനിയാകാന്‍ സഹായിച്ചു.
** ** **
ശഫീന നല്ല മാര്‍ക്കു വാങ്ങി പത്താം ക്ലാസ്സ്‌ പൊതുപരീക്ഷ പാസ്സായി. തന്നെ കോളേജില്‍ ചേര്‍ക്കണമെന്ന്‌ ആയ സുഹറ ആന്റിയോട്‌ അപേക്ഷിച്ചു തുടങ്ങി. 'അനാഥാലയത്തിലെ പെണ്‍കുട്ടികള്‍ കോളേജില്‍ പഠിക്കാനുള്ള സ്വപ്‌നങ്ങളുമായി നടന്നുകൂട' എന്നും പറഞ്ഞ്‌ ആയ അവളെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ സുഹറ ആന്റിക്ക്‌ ശഫീനയുടെ കോളേജ്‌ സ്വപ്‌നത്തെ മായ്‌ച്ചുകളയാനായില്ല. സഹപാഠികളോട്‌ കോളേജില്‍ പോകുന്ന കാര്യം മറക്കാനായി ഉപദേശിക്കാന്‍ പറഞ്ഞു. ഫലമുണ്ടായില്ല. ശഫീനയുടെ വാശി സഹിക്കാനാകാത്തപ്പോള്‍ സുഹറ മുംതാസിനെ വിളിപ്പിച്ചു. കോളേജില്‍ പോകാന്‍ വാശിപിടിക്കേണ്ടെന്നും അനാഥാലയത്തില്‍ തന്നെയുള്ള ടെയ്‌ലറിംഗ്‌, എംബ്രോയ്‌ഡറി, പാചകം തുടങ്ങിയ ഏതെങ്കിലും കോഴ്‌നിനു ചേര്‍ന്നാല്‍ മതിയെന്നും ഉപദേശിച്ചു നോക്കി.
'ഇനി കോളേജില്‍ പഠിച്ചാല്‍ തന്നെ എന്തു കാര്യം? നിന്നെപ്പോലുള്ള ഒരനാഥന്‌ കെട്ടിച്ചു കൊടുക്കും. അത്ര തന്നെ 'എന്നും പറഞ്ഞ്‌ സ്‌ഥിതിഗതികള്‍ മനസ്സിലാക്കിക്കാന്‍ നോക്കി.
എന്നാല്‍ ശഫീന ഈ തടസ്സവാദങ്ങളെയൊന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. ഉമ്മ ഫാത്തിമ കാണാന്‍ വന്നപ്പോള്‍ തന്റെ മഹത്വാകാംക്ഷ അവതരിപ്പിച്ചുകൊണ്ട്‌ കരയാന്‍ തുടങ്ങി. അവര്‍ക്ക്‌ എന്തു ചെയ്യാന്‍ കഴിയും? വക്കീലിന്റെ ഭാര്യ ആയിഷ മാത്രമാണ്‌ ശഫീനയുടെ സഹായത്തിനെത്തിയത്‌. അവര്‍ അനാഥാലയത്തിലെത്തി ആയയോടു പറഞ്ഞു- 'ഈ കുട്ടി കോളജില്‍ ചേര്‍ന്നോട്ടെ. അനാഥാലയത്തിന്‌ വലിയ സാമ്പത്തിക ബാധ്യതയൊന്നും വരില്ല. സ്‌കോളര്‍ഷിപ്പ്‌ കിട്ടാനും നോക്കാം. ഇവളൊരു ഗ്രജ്വേറ്റായാല്‍ അനാഥാലയത്തിനും നല്ല പേരുണ്ടാകും.' വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഇക്കാര്യം സമിതിയുടെ പരിഗണനയ്‌ക്ക് വെക്കാമെന്ന്‌ ആയ സമ്മതിച്ചു. സമിതിയില്‍ പ്രശ്‌നം അവതരിപ്പിച്ചപ്പോള്‍ അനാഥാലയത്തിലെ കുട്ടികള്‍ക്ക്‌ കോളേജ്‌ പഠിത്തമൊന്നും വേണ്ട എന്നായിരുന്നു അധികം പേരുടെയും അഭിപ്രായം. കോളേജില്‍ അയയ്‌ക്കാന്‍ പറഞ്ഞത്‌ വക്കീലിന്റെ ഭാര്യയാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും സമ്മതം മൂളി. ശഫീനയെ കോളേജില്‍ ചേര്‍ക്കാന്‍ തീരുമാനമായി.
ഫാത്തിമ വക്കീലിന്റെ ഭാര്യ ആയിഷയുടെ സഹായത്തോടെ ഒരു ഒറ്റമുറി വീട്‌ തരപ്പെടുത്തി. വക്കീലിന്റെ വീട്ടിലെ ജോലി കഴിഞ്ഞാല്‍ ഒന്നു രണ്ടു വീടുകളില്‍ കൂടി ജോലിക്കുപൊകാന്‍ തുടങ്ങി. മകനെ സ്‌കൂളില്‍ ചേര്‍ത്തു. അലട്ടില്ലാത്ത ജീവിതം.
ശഫീന ഇപ്പോള്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ ക്ലാസ്സിലാണ്‌. തനിക്കൊരു ഡിഗ്രിയെടുക്കണം. മോശമല്ലാത്ത ഒരു ജോലിയും നേടണം. ഉമ്മാന്റെയും അനുജന്റെയും സ്‌ഥിതി മെച്ചപ്പെടുത്തണം. അവള്‍ കൂട്ടുകാരികളോടു പറയുമായിരുന്നു. കൂട്ടുകാരികള്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ അവളുടെ ആത്മവിശ്വാസം കൂടി. തെണ്ടി നടക്കുന്നവര്‍ക്കും ആനപ്പുറത്ത്‌ സവാരി ചെയ്യുന്നതായി സ്വപ്‌നം കാണാന്‍ പ്രയാസമില്ലല്ലോ. ശഫീനയ്‌ക്കും സ്വപ്‌നങ്ങള്‍ക്ക്‌ പഞ്ഞമില്ലായിരുന്നു. തന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിനു വേണ്ടി അവള്‍ അധ്വാനിച്ച്‌ പഠിച്ചു. വിഷമമുള്ള വിഷയങ്ങള്‍ക്ക്‌ ട്യൂഷനെടുക്കാമെന്നുവെച്ചാല്‍ അവള്‍ കുടുംബത്തില്‍ കഴിയുന്നവളൊന്നുമല്ലല്ലോ. അനാഥാലയത്തിലെ അന്തേവാസിക്ക്‌ എന്ത്‌ ട്യൂഷന്‍! (തുടരും)

ഡോ. സാറാ അബൂബക്കര്‍

Ads by Google
Sunday 06 Jan 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW