Friday, June 21, 2019 Last Updated 12 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 06 Jan 2019 01.04 AM

പാഠം ഒന്ന;്‌ അനുകമ്പ

uploads/news/2019/01/278053/1.jpg

''സ്‌നേഹത്തോടും ആര്‍ദ്രതയോടും അനുകമ്പയോടും ചെയ്യുന്ന ചെറിയ കാര്യങ്ങള്‍പോലും അമൂല്യവും ശ്രേഷ്‌ഠവുമായി രൂപാന്തരപ്പെടും.''
- മദര്‍ തെരേസ

മറ്റൊരാളെ സഹായിക്കാനും സാന്ത്വനം പകരാനും പണമല്ല ആവശ്യം, മനസ്സാണ്‌. ധനികരായവര്‍ക്കുപോലും അസാധ്യമെന്നുതോന്നും വിധം, പലകാര്യങ്ങള്‍ ചെയ്യാന്‍ ഹൃദയത്തില്‍ നന്മനിറഞ്ഞവര്‍ക്ക്‌ സാധിക്കും. സ്വന്തം ജീവിതംകൊണ്ട്‌ അതുതെളിയിക്കുന്ന ബിജുമോന്‍.ആര്‍, ആലപ്പുഴയിലെ ഹരിപ്പാട്‌ നിന്ന്‌ മൂലമറ്റത്ത്‌ പവര്‍ഹൗസ്‌ നിര്‍മ്മാണജോലിക്കായി കുടിയേറിയ കുടുംബത്തിലെ അംഗമാണ്‌. സംഭവബഹുലവും മാതൃകാപരവുമായ ജീവിതകഥ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...

കാഴ്‌ചമങ്ങിയ ബാല്യം
ഇതുവരെ കേട്ടുശീലിച്ച കഥകളേക്കാള്‍ സങ്കീര്‍ണമാണ്‌ എന്റെ ജീവിതം. ദുരിതങ്ങളുടെ ഘോഷയാത്ര എന്നുതന്നെ പറയാം. വിശപ്പായിരുന്നു ബാല്യത്തിലെ ഏറ്റവും വലിയ ദുഃഖം. ഞാനും പെങ്ങന്മാരും സ്‌കൂളില്‍ പോകാന്‍ ഉത്സാഹിച്ചിരുന്നതുതന്നെ അവിടെനിന്ന്‌ കിട്ടുന്ന ഉപ്പുമാവിനും കഞ്ഞിക്കും പയറിനും വേണ്ടിയാണ്‌. ആരെങ്കിലും ഇട്ടുപഴകിയതല്ലാതെ സ്വന്തമായൊരു വസ്‌ത്രത്തിന്‌ കുഞ്ഞുനാളില്‍ കൊതിച്ചിട്ടുണ്ട്‌. നടക്കാതെ വരുമ്പോള്‍ ശീലങ്ങളോട്‌ പൊരുത്തപ്പെടുമെന്ന പാഠം അങ്ങനായിരിക്കാം പഠിച്ചത്‌. സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തിയപ്പോള്‍ പരിശോധിച്ച ഡോക്‌ടര്‍ പറഞ്ഞാണ്‌, എന്റെ വലത്തേ കണ്ണിന്‌ കാഴ്‌ചയില്ലെന്നറിയുന്നത്‌. അന്നത്‌ ചികിത്സയിലൂടെ മാറ്റാമായിരുന്നെങ്കിലും, സാമ്പത്തിക പരാധീനതകൊണ്ട്‌ വീട്ടുകാര്‍ക്കതിന്‌ സാധിച്ചില്ല. ഇലപ്പിള്ളി ദേവാലയത്തിന്റെ നിര്‍മ്മാണത്തിനിടയില്‍ പാറപൊട്ടിക്കുമ്പോള്‍ വെടിമരുന്നപകടത്തില്‍ അച്‌ഛന്‌ സാരമായി പൊള്ളലേറ്റു. അമ്മ കൂലിപ്പണിക്കുപോകുന്നതുകൊണ്ട്‌ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ വന്നു. പത്താം ക്ലാസ്‌ പൂര്‍ത്തിയാക്കാതെ ഞാന്‍ ഹോട്ടലില്‍ പാത്രംകഴുകിയും സൈക്കിള്‍ വര്‍ക്‌ ഷോപ്പില്‍ ദിവസക്കൂലിക്ക്‌ ചേര്‍ന്നും സ്‌ഥാപനങ്ങളില്‍ സഹായിയായി നിന്നുമൊക്കെ പണം കണ്ടെത്തി. ചെറുപ്രായത്തില്‍ തന്നെ മൂന്ന്‌ പെങ്ങന്മാരും അമ്മയും എന്റെ മാത്രം ഉത്തരവാദിത്തമായി. മൂത്ത രണ്ടുപേരെയും കടംവാങ്ങിയും സഹായം ചോദിച്ചുമൊക്കെ വിവാഹം കഴിപ്പിച്ചയച്ചു. മൂത്തസഹോദരിക്ക്‌ രണ്ടുമക്കളായപ്പോള്‍, മദ്യപനായ ഭര്‍ത്താവ്‌ രോഗംവന്ന്‌ മരിച്ചു. അവര്‍ വീണ്ടുമെന്റെ ബാധ്യതയായി. 2012ല്‍ അച്‌ഛന്‍ മരിച്ചു.

രോഗം വീണ്ടും വില്ലനായെത്തി
മൂത്തസഹോദരിയുടെ മകന്‍ കണ്ണന്റെ കവിളില്‍ ഒരു തടിപ്പ്‌ കണ്ടാണ്‌ അവനെ ആശുപത്രിയില്‍ കൊണ്ടുപോയത്‌. മരുന്ന്‌ കഴിച്ചപ്പോള്‍ അതങ്ങ്‌ ഭേദമായതോടെ ആശ്വാസമായി. ഒരുമാസം കഴിഞ്ഞ്‌ കാലില്‍ അതുപോലെ മുഴച്ചുനില്‍ക്കുന്നതു ശ്രദ്ധയില്‍പെട്ടു. പരിശോധനയില്‍ ലുക്കീമിയ ആണെന്ന്‌ സ്‌ഥിരീകരിച്ചു. ബ്ലഡ്‌ കാന്‍സറാണ്‌ രോഗമെന്ന്‌ അന്ന്‌ മനസിലായില്ല. എണ്‍പതിനായിരം രൂപ ചെലവായ ശേഷം, അന്‍പത്തി അയ്യായിരം രൂപയുടെ ഇഞ്ചക്ഷന്‍ വേണ്ടിവരുമെന്നറിഞ്ഞു. ആരില്‍നിന്നും കടം വാങ്ങാന്‍ ബാക്കിയില്ല. അങ്ങനെ വിവാഹം ഉറപ്പിച്ച്‌ സ്‌ത്രീധനത്തുക ചികിത്സയ്‌ക്കെടുക്കാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു. ആദ്യം കണ്ടപെണ്ണിന്‌ വിദ്യാഭ്യാസമുണ്ട്‌. പക്ഷെ, സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു അവര്‍. രണ്ടാമതുകണ്ട പത്താംക്ലാസ്‌ തോറ്റ പെണ്‍കുട്ടിയെ കല്യാണം കഴിക്കാമെന്ന്‌ കരുതി. എത്രയും വേഗം പണം ലഭിക്കുന്നതായിരുന്നു ആ നേരത്തെ ആവശ്യം. സൈക്കിള്‍ വര്‍ക്‌ഷോപ്പിലെ ആശാനോട്‌ ഇതിനെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ ഉപദേശം എന്റെ ജീവിതം വഴിതിരിച്ചുവിട്ടു. പണത്തിന്റെ പേരില്‍ ആദ്യം കണ്ട പെണ്‍കുട്ടിയെ വേണ്ടെന്ന്‌ വയ്‌ക്കുന്നത്‌ ദൈവത്തിനുമുന്നില്‍ തെറ്റാണെന്ന്‌ ബോധ്യപ്പെട്ടു. അങ്ങനെ ഗിരിജ എന്റെ ഭാര്യയായി. ബുദ്ധിമുട്ട്‌ മനസ്സിലാക്കി അവളുടെ വീട്ടുകാര്‍ കുറച്ച്‌ പണം നല്‍കിയെങ്കിലും കണ്ണനെ ആ നേരം രോഗം കീഴ്‌പ്പെടുത്തി. ഉപയോഗിക്കാതെ ആ പണം ഭാര്യവീട്ടില്‍ തിരികെ നല്‍കി. മൂത്തസഹോദരിയും കാന്‍സര്‍ വന്ന്‌ മരണപ്പെട്ടപ്പോള്‍, മകളെ ഞാന്‍ വളര്‍ത്തി. ജീവിതപങ്കാളിയായി ഗിരിജയെ ലഭിച്ചത്‌ എന്റെ ഭാഗ്യമായാണ്‌ കാണുന്നത്‌. റവന്യു വകുപ്പിലെ പ്യൂണ്‍ തസ്‌തികയിലേക്ക്‌ നിയമനം ലഭിച്ചതോടെ യാതനകള്‍ക്ക്‌ തെല്ലൊരു ആശ്വാസമായി. അംഗപരിമിത ക്വാട്ടയില്‍ നിയമനത്തിനായി ഇടുക്കി കലക്‌ടര്‍ നടത്തിയ പരീക്ഷ വിജയിച്ചാണ്‌ ഓഫീസ്‌ അറ്റന്ററായി 2004 ല്‍ സര്‍വീസില്‍ പ്രവേശിച്ചത്‌. പിന്നീട്‌ നഷ്‌ടപ്പെട്ട പഠനം പുനഃരാരംഭിച്ച്‌ 10-ാം ക്ലാസ്‌ ജയിച്ചു. ഇളയ സഹോദരിയുടെയും മൂത്ത പെങ്ങളുടെ മകളുടെയും വിവാഹം നടത്തി.

തൊഴിലെനിക്ക്‌ ദൈവം
കഷ്‌ടപ്പെട്ടും ആഗ്രഹിച്ചും ലഭിച്ച തൊഴിലിനോടെനിക്ക്‌ ആത്മാര്‍ത്ഥമായ സ്‌നേഹമാണ്‌. സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ നിസാര കാര്യങ്ങള്‍ക്കുപോലും ഒരുപാട്‌ തവണ നടക്കേണ്ടി വരുന്നതായി കണ്ടതോടെ, നമ്മുടെ ഭാഗത്തെ വീഴ്‌ചകൊണ്ട്‌ ഒരാളുടെ സമയം നഷ്‌ടമാകരുതെന്ന്‌ മനസ്സില്‍ കുറിച്ചിരുന്നു. ഉദ്ദേശിച്ച സമയത്ത്‌ ഒരുകാര്യം സാധിക്കാതെ വരുമ്പോള്‍ ഉണ്ടാകാവുന്ന ക്ലേശങ്ങള്‍ അറിയാവുന്നതുകൊണ്ട്‌, എന്റെ ജോലിയുടെ ഭാഗമല്ലാത്ത സഹായങ്ങളും ആളുകള്‍ക്ക്‌ ചെയ്‌തുകൊടുക്കാന്‍ തുടങ്ങി. അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുന്ന ഓരോ വ്യക്‌തിയിലും അമ്മയെയോ പെങ്ങളെയോ എന്നെത്തന്നെയോ ഞാന്‍ കണ്ടു. അവരുടെ വേദന എന്റേതുകൂടിയാണെന്ന്‌ തോന്നി. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ എക്കാലത്തും വലിയ ആഗ്രഹമായിരുന്നു. സ്വന്തം പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ട്‌ ഒരുകാലവും അത്‌ സാധ്യമാവില്ലെന്നറിയാവുന്നതുകൊണ്ട്‌ കഴിയുന്ന വഴികളൊക്കെ ആലോചിച്ചു. അശരണരും നിത്യരോഗികളുമായവര്‍ക്ക്‌ ചികിത്സാ സഹായം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അങ്ങനെയാണ്‌ ഏര്‍പ്പെടുന്നത്‌. റവന്യു വകുപ്പില്‍ സഹായംതേടുന്നവരില്‍ ഏറിയപങ്കും തീരെ പാവപ്പെട്ടവരാണ്‌. കാര്യവിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ രോഗിയായ കുടുംബാംഗങ്ങളുടെയും കടക്കെണിയുടെയും വഴിമുട്ടിയ ചികിത്സയുടെയും കഥകള്‍ ആയിരിക്കും കേള്‍ക്കുന്നത്‌. സര്‍ക്കാരിന്റെ 'കാരുണ്യാ' പദ്ധതിയില്‍ നിന്ന്‌ എങ്ങനെ പണംലഭിക്കുമെന്നൊന്നും മിക്കവര്‍ക്കും അറിവുണ്ടാകില്ല. അതിനുള്ള അപേക്ഷ എവിടെ എങ്ങനെ സമര്‍പ്പിക്കണമെന്ന ധാരണയും കാണില്ല. ഇതുമനസിലാക്കിയാണ്‌, രോഗവിവരങ്ങള്‍ അന്വേഷിച്ച്‌ ബോധ്യപ്പെട്ട്‌ ഞാന്‍ തന്നെ മുന്‍കൈ എടുത്ത്‌ അപേക്ഷ സമര്‍പ്പിച്ച്‌ ആനുകൂല്യങ്ങള്‍ അവരുടെ വീട്ടില്‍ എത്തിച്ചുകൊടുക്കാന്‍ തുടങ്ങിയത്‌. ഇത്‌ കേട്ടറിഞ്ഞ്‌ ആളുകള്‍ എന്നെത്തേടി വന്നു. ഇതിനോടകം രണ്ടായിരത്തിലധികം ക്യാന്‍സര്‍ രോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും എന്നിലൂടെ സഹായം ലഭ്യമായതോര്‍ക്കുമ്പോള്‍ ജീവിതത്തിനൊരു അര്‍ത്ഥംതോന്നുന്നുണ്ട്‌. അതാണ്‌ ഏറ്റവും വലിയ സന്തോഷവും. ഒരാവശ്യം വന്നപ്പോള്‍ ബിജുമോന്റെ മുഖമാണ്‌ മനസ്സില്‍ ഓടിയെത്തിയതെന്ന്‌ പലരും പറഞ്ഞിട്ടുണ്ട്‌. അതാണ്‌ കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും വലിയ അവാര്‍ഡ്‌. ഏത്‌ പാതിരാത്രി ആയാലും 'ബിജുമോനേ എ-നെഗറ്റീവ്‌ ബ്ലഡ്‌ അത്യാവശ്യമായി വേണമല്ലോ' എന്ന്‌ ആളുകള്‍ വിളിച്ചുപറയുന്നത്‌, എന്നെ ഏല്‍പ്പിച്ചാല്‍ അത്‌ നടക്കുമെന്ന വിശ്വാസംകൊണ്ടാണ്‌. അവയവം മാറ്റിവച്ചാല്‍ മാത്രം രക്ഷപ്പെടുന്ന രോഗികള്‍ക്ക്‌ അവയവം ലഭ്യമാക്കാനും ദാതാക്കളുടെ ബന്ധുക്കളെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാനും ശ്രമിച്ച്‌ വിജയിച്ചിട്ടുണ്ട്‌. മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രിയില്‍ കൂട്ടുനില്‍ക്കാറുണ്ട്‌. കുവൈറ്റ്‌ ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാന്ത്വനം ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ സഹായത്തോടെയും ആയിരക്കണക്കിനാളുകള്‍ക്ക്‌ പതിനയ്യായിരം മുതല്‍ ഇരുപത്തയ്യായിരം രൂപയുടെ വരെ ചികിത്സാസഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇതൊക്കെയാണെന്റെ സന്തോഷം.

എപ്പോഴും ഗുഡ്‌ബുക്കില്‍
തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ പ്രകടിപ്പിച്ച മികവിന്‌ രണ്ടു തവണ ജില്ലാ കലക്‌ടര്‍ ഗുഡ്‌ സര്‍വീസ്‌ നല്‍കിയിരുന്നു. ശബരിമല പുല്ലുമേട്‌ ദുരന്തം, തേക്കടി ബോട്ടപകടം എന്നീ സന്ദര്‍ഭങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്നതിന്‌ വീണ്ടും കലക്‌ടറുടെ ഗുഡ്‌ സര്‍വീസ്‌ റെക്കോര്‍ഡ്‌ എന്നെ തേടിയെത്തി. 2012 ല്‍ ഭിന്നശേഷിയുള്ള ജീവനക്കാരുടെ വിഭാഗത്തില്‍ നിന്നും സംസ്‌ഥാന അവാര്‍ഡും ലഭിച്ചു. അവാര്‍ഡിന്റെ കൂടെ പ്രോത്സാഹനമായി ലഭിച്ച 15,000 രൂപ നിരാലംബരായ രണ്ട്‌ ക്യാന്‍സര്‍ രോഗികള്‍ക്കാണ്‌ നല്‍കിയത്‌. അംഗപരിമിതര്‍ക്കായുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ ജീവചരിത്രം വിഭാഗത്തിലെ സാഹിത്യപുരസ്‌കാരം നേടാന്‍ കഴിഞ്ഞത്‌ അനുഭവങ്ങളുടെ കരുത്തു കൊണ്ടാണെന്നാണ്‌ വിശ്വസിക്കുന്നത്‌.

ആ ഡിസംബര്‍
അംഗപരിമിത വിഭാഗത്തില്‍ 2017 ലെ മികച്ച ജീവനക്കാരനുള്ള ദേശീയ അവാര്‍ഡ്‌ എനിക്കാണെന്നും ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്നും വിവരം ലഭിക്കുന്നത്‌ നവംബറിലാണ്‌. അവാര്‍ഡ്‌ തുകയായ അന്‍പതിനായിരം രൂപ ചികിത്സാനിധിയിലേക്ക്‌ കൊടുക്കണമെന്ന്‌ ആദ്യംതന്നെ തീരുമാനിച്ചു. അമ്മ തീരെ കിടപ്പിലായിരുന്നതുകൊണ്ട്‌ എന്ത്‌ ചെയ്യണമെന്നറിയില്ലായിരുന്നു. മറ്റാര്‍ക്കും കിട്ടാത്തൊരു അവസരം നഷ്‌ടപ്പെടുത്തരുതെന്ന്‌ പറഞ്ഞ്‌ കൂട്ടുകാര്‍ നിര്‍ബന്ധിച്ചാണെന്നെ അവാര്‍ഡ്‌ വാങ്ങാന്‍ അയച്ചത്‌. മക്കളായ ആദിത്യനെയും അഭിരാമിയെയും അവര്‍ക്കൊപ്പം നിര്‍ത്തി, ഭാര്യ മാത്രമാണ്‌ കൂടെ വന്നത്‌. രാഷ്‌്രടപതിയില്‍ നിന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്‌ റിഹേഴ്‌സല്‍ നടക്കുമ്പോഴും എന്റെ മനസ്സില്‍ അമ്മ മാത്രമായിരുന്നു. സ്യൂട്ടും കോട്ടുമൊക്കെ ഇട്ടാണ്‌ മറ്റുള്ളവര്‍ എത്തിയത്‌. ഡിസംബര്‍ മൂന്നിന്‌ ഡല്‍ഹി വിജ്‌ഞാന്‍ ഭവനില്‍വച്ച്‌ അടുത്തതായി രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദ്‌ ബിജുമോന്‌ അവാര്‍ഡ്‌ സമ്മാനിക്കുന്നു എന്ന്‌ അനൗണ്‍സ്‌ ചെയ്‌തപ്പോള്‍ മുഴുവന്‍ മലയാളികളുടെയും പേരില്‍ ഞാന്‍ അഭിമാനംകൊണ്ടു. ഗവണ്‍മെന്റിന്റെ അതിഥികളായി താജ്‌മഹലും രാഷ്‌ട്രപതി ഭവനുമൊക്കെ ചുറ്റിക്കാണാനുള്ള അവസരംവച്ചുനീട്ടിയപ്പോള്‍ ഞാനത്‌ സ്‌നേഹപൂര്‍വ്വം നിരസിച്ച്‌ അമ്മയ്‌ക്കരികില്‍ ഓടിയെത്തി. ഐസിയു വില്‍ ആയിരുന്ന അമ്മയെ ഞാന്‍ പ്രശസ്‌തിപത്രം കാണിച്ചുകൊടുത്തു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരു നിമിഷാര്‍ദ്ധത്തില്‍ അമ്മയുടെ മരണം ഞാന്‍ കണ്ടു.

ബാക്കിയുള്ള ആഗ്രഹം
കലാരംഗത്തും കായികരംഗത്തും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ജീവനക്കാര്‍ക്ക്‌ പ്ര?മോഷന്‍ ലഭിക്കാറുണ്ട്‌. പ്രവര്‍ത്തന കാലയളവിലെ സേവനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നേടിയ പുരസ്‌കാരങ്ങളും കണക്കിലെടുത്ത്‌ എനിക്കതിന്‌ അര്‍ഹതയുണ്ടെന്ന്‌ ജില്ലാ കളക്‌ടര്‍ സാക്ഷ്യപ്പെടുത്തിയതാണ്‌. ഇടുക്കി റവന്യു വകുപ്പിന്‌ കീഴില്‍ മുട്ടം ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ പ്രോസിക്യൂഷന്റെ കാര്യാലയത്തില്‍ ഓഫിസ്‌ അസിസ്‌റ്റന്റായുള്ള ഇപ്പോഴത്തെ ജോലിയില്‍ സംതൃപ്‌തന്‍ അല്ലാത്തതുകൊണ്ടല്ല. ജോലി അല്‌പം കൂടിമെച്ചപ്പെട്ടാല്‍ ഒരാളെക്കൂടി സഹായിക്കാന്‍ കഴിയുമെന്ന വിശ്വാസംകൊണ്ടാണങ്ങനെ ആഗ്രഹിക്കുന്നത്‌.

മീട്ടു റഹ്‌മത്ത്‌ കലാം

Ads by Google
Sunday 06 Jan 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW